ഭയത്തിന്റെ കാരണമെന്ത്?
ഭയത്തിന്റെ കാരണമെന്ത്? ഒരു കുഞ്ഞു ജനിക്കുമ്പോള്‍ മുതല്‍ അതിന്റെ തലച്ചോറില്‍ നമ്മള്‍ നിറക്കുന്നത് ഭയമാണ്. പ്രകൃതിയിലെ പ്രതിഭാസങ്ങളെ മനസ്സിലാകാത്ത കുഞ്ഞുമനസ്സ് ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങുമ്പോള്‍ ഭയം നിറഞ്ഞ മാതാപിതാക്കളും സമൂഹവും കുഞ്ഞിന് മനസ്സിലാകാത്ത കാരണങ്ങള്‍ ആയിരിക്കും പറഞ്ഞുകൊടുക്കുക. അത്തരം ഉത്തരങ്ങളൊന്നും യുക്തിസഹമായി ചിന്തിക്കാനോ മനസ്സിലാക്കാനോ, പാകമാകാത്ത കുഞ്ഞുമനസ്സിന് അംഗീകരിക്കേണ്ടി വരും. മനസ്സ് നിറയെ ജീവിതത്തെക്കുറിച്ചും, മരണത്തെക്കുറിച്ചും, രോഗങ്ങളെക്കുറിച്ചുമെല്ലാം ഭീതിയുമായി ജീവിക്കുന്ന മുതിര്‍ന്നവര്‍ അവരുടെ ഭയം മാറ്റാനായി ആശ്രയിക്കുന്ന ദൈവങ്ങളേയും, വേദപുസ്തകങ്ങളേയും, ദൈവങ്ങളെ പ്രസാദിപ്പിക്കാനായി അവലംബിക്കുന്ന പൂജാവിധികളെയുമെല്ലാം ഇളം തലമുറയ്ക്ക് പറഞ്ഞുകൊടുക്കുകയും ഇത്തരം കാര്യങ്ങളിലൊന്നും ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് അനുശാസിക്കുകയും ചെയ്യും. ചോദ്യങ്ങള്‍ക്ക് പകരം അനുസരണയുടെ വിത്ത് പാകിയ കുഞ്ഞുമനസ്സുകളില്‍ ആചാരങ്ങള്‍ക്കനുസരിച്ച് മാത്രം ജീവിക്കുക എന്ന ഒരു വഴിയെ ജീവിതത്തിലുള്ളു എന്ന മിത്യാധാരണ ജന്മമെടുക്കും. സമൂഹത്തിലെ അധികാരവര്‍ഗ്ഗം, അധികാര...