ഭയത്തിന്റെ കാരണമെന്ത്?
ഭയത്തിന്റെ കാരണമെന്ത്?
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ മുതല്‍ അതിന്റെ തലച്ചോറില്‍ നമ്മള്‍ നിറക്കുന്നത് ഭയമാണ്. പ്രകൃതിയിലെ പ്രതിഭാസങ്ങളെ മനസ്സിലാകാത്ത കുഞ്ഞുമനസ്സ് ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങുമ്പോള്‍ ഭയം നിറഞ്ഞ മാതാപിതാക്കളും സമൂഹവും കുഞ്ഞിന് മനസ്സിലാകാത്ത കാരണങ്ങള്‍ ആയിരിക്കും പറഞ്ഞുകൊടുക്കുക. അത്തരം ഉത്തരങ്ങളൊന്നും യുക്തിസഹമായി ചിന്തിക്കാനോ മനസ്സിലാക്കാനോ, പാകമാകാത്ത കുഞ്ഞുമനസ്സിന് അംഗീകരിക്കേണ്ടി വരും.
മനസ്സ് നിറയെ ജീവിതത്തെക്കുറിച്ചും, മരണത്തെക്കുറിച്ചും, രോഗങ്ങളെക്കുറിച്ചുമെല്ലാം ഭീതിയുമായി ജീവിക്കുന്ന മുതിര്‍ന്നവര്‍ അവരുടെ ഭയം മാറ്റാനായി ആശ്രയിക്കുന്ന ദൈവങ്ങളേയും, വേദപുസ്തകങ്ങളേയും, ദൈവങ്ങളെ പ്രസാദിപ്പിക്കാനായി അവലംബിക്കുന്ന പൂജാവിധികളെയുമെല്ലാം ഇളം തലമുറയ്ക്ക് പറഞ്ഞുകൊടുക്കുകയും ഇത്തരം കാര്യങ്ങളിലൊന്നും ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് അനുശാസിക്കുകയും ചെയ്യും. ചോദ്യങ്ങള്‍ക്ക് പകരം അനുസരണയുടെ വിത്ത് പാകിയ കുഞ്ഞുമനസ്സുകളില്‍ ആചാരങ്ങള്‍ക്കനുസരിച്ച് മാത്രം ജീവിക്കുക എന്ന ഒരു വഴിയെ ജീവിതത്തിലുള്ളു എന്ന മിത്യാധാരണ ജന്മമെടുക്കും.
സമൂഹത്തിലെ അധികാരവര്‍ഗ്ഗം, അധികാരം സ്ഥാപിക്കാനും നിലനിര്‍ത്താനുമായി സഹജീവികളില്‍ ഭീതിയുടെ വിത്തുപാകുന്നു. അതുവഴി അനുസരണയും, അധികാരിവര്‍ഗ്ഗത്തെ ചോദ്യം ചെയ്യാന്‍ പാടില്ലയെന്നുമുള്ള ബോധ്യവും അനുയായികള്‍ക്ക് അധികാരവും, പ്രബോധനവും വഴി നല്കിക്കൊണ്ടെയിരിക്കുക. അങ്ങനെ തങ്ങളുടെ അധികാരസ്ഥാനങ്ങള്‍ എന്നും നിലനിര്‍ത്തുക. അതിനായി എത്ര കുത്സിതരീതിയും അവലംബിക്കുക. മനുഷ്യ മനസ്സുകളെ കീഴടക്കാനും അടക്കി ഭരിക്കാനും ഭീതിയോളം വിജയകരമായ മറ്റൊരു മാര്‍ഗ്ഗമില്ല.
അനുസരണ ചിന്താശക്തിയെ നഷ്ടപ്പെടുത്തുന്നു. ഭയഗ്രസ്ഥമായ ഒരു മനസ്സ് യാന്ത്രികമായി മാറുന്നു. അധികാരിവര്‍ഗ്ഗം പറയുന്നതെന്തും അനുസരിക്കുന്നത് ശീലമായി മാറും. ആ ശീലം മരണം വരെയുണ്ടാവുകയും ചെയ്യും.
ഭീതി നിറഞ്ഞ മനസ്സുകള്‍ക്ക് പുതിയ അറിവുകള്‍ തേടിപോകാനാകില്ല. പുസ്തകത്തിലുള്ളത് മനഃപാഠമാക്കി പരീക്ഷ എഴുതുക എന്നത് മാത്രമാണ് വിദ്യാഭ്യാസം കൊണ്ട് ഇന്ന് ഒട്ടുമിക്കവരും അര്‍ത്ഥമാക്കുന്നത്. പരീക്ഷാപേടിയും മറ്റും വരുന്നത് അനുസരണയോടെ മനഃപാഠമാക്കുന്നത് മൂലമാണ്. ചോദ്യങ്ങളും ഉത്തരങ്ങളും മാത്രം പഠിക്കുന്നു. അവിടെ സ്വബുദ്ധിയ്ക്ക്, ചിന്താശക്തിയ്ക്ക് വലിയ സ്ഥാനമൊന്നുമില്ല. ഇത്തരം അനുസരണയോടെയുള്ള പഠനം ശരിയായ വിഷയങ്ങളെ അറിയാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കും. ചോദ്യങ്ങള്‍ ചോദിക്കാതെ, അനുസരിക്കുന്ന ഒരു കുട്ടി എങ്ങനെ ഒരു നല്ല വിദ്യാര്‍ത്ഥിയാകാനാകും. അക്ഷരം പഠിക്കുന്നത് പുസ്തകത്തിലുള്ളത് (മാത്രം) പഠിക്കാനാണെന്നും, പഠിക്കുന്നത് പരീക്ഷ എഴുതാനാണെന്നും, പരീക്ഷ എഴുതുന്നത് ജോലി കിട്ടാനായിട്ടാണെന്നും ധരിച്ചുവശായ ഒരു ജനതയാണ് നമ്മുടേത്. അനുസരിക്കാന്‍ പഠിച്ച ജനത മറ്റെന്ത് ചെയ്യാന്‍.
അനുസരിക്കാന്‍ പഠിക്കുന്നതിലൂടെ നമ്മള്‍ അച്ഛനമ്മമാരെ പേടിക്കുന്നു, അദ്ധ്യാപകരെ പേടിക്കുന്നു, സുഹൃത്തുക്കളെ പേടിക്കുന്നു, സമൂഹത്തെ പേടിക്കുന്നു. മറ്റുള്ളവര്‍ എന്തു കരുതും എന്ന് നിരന്തരം ചിന്തിക്കും. ആ ചിന്തയില്‍ കൂടുതല്‍ കൂടുതല്‍ അനുകരിക്കാനും, മറ്റുള്ളവരെപോലെ തന്നെയാകാനും ശ്രമിച്ചുകൊണ്ടെയിരിക്കും. അതുകൊണ്ട് തലമുറകളിലൂടെ ജീനുകള്‍ വഴി പകര്‍ന്ന കിട്ടിയ ജനിതികപരമായ ആത്മജ്ഞാനം എന്തെന്നും, തനിക്കുള്ള ബുദ്ധിവൈഭവം എന്തിലെന്നും തിരിച്ചറിയാത്ത ഒരു മനുഷ്യജന്മമായി ജീവിച്ചുതീര്‍ക്കാനാണ് പലര്‍ക്കും യോഗം.
വാസ്തവത്തില്‍ ഈ ഭയം എന്നത് എന്താണ്. അതില്‍ വല്ല വസ്തുതയുമുണ്ടോ? എങ്ങിനെയാണ് ഭയത്തെ നേരിടുക. എന്തിനെയാണോ പേടിക്കുന്നത് അതിനെ നേരിടുക എന്ന ഒരു വഴിയെയുള്ളു ഭയം മാറാന്‍. ഡ്രൈവ് ചെയ്യാന്‍ പേടിയുള്ള ഒരാളോട് ഡ്രൈവിംഗ് പഠിക്കുന്നതിനെക്കുറിച്ച് പറഞ്ഞാല്‍ ഒരിക്കലും ഡ്രൈവിംഗ് പഠിച്ചുവെന്ന് വരില്ല. പക്ഷെ ആരെങ്കിലും പെട്ടെന്നൊരു നിമിഷം ഡ്രൈവിംഗ് സീറ്റിലിരുത്തി നിര്‍ദ്ദേശങ്ങള്‍ കൊടുത്താല്‍ വളരെ എളുപ്പം ഡ്രൈവിംഗ് പഠിച്ചുവെന്നു വരാം. ചിന്തിക്കാനുള്ള സമയം കൊടുത്താല്‍ ഭയമുണ്ടാവും. ഭയപ്പെടുത്തുന്ന എന്തിനോടും ചിന്തിക്കാതെ ഇടപെട്ടാല്‍ ഭയയുണ്ടാവുകയില്ല. മരിക്കുന്ന സമയത്തെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞാല്‍ ഭയം വരും. ഞാന്‍ എന്ന വ്യക്തിയുടെ ജീവന്റെ അവസാനത്തെക്കുറിച്ച് ചിന്തിക്കുന്നത് കൊണ്ടാണത്. എന്റെ പ്രിയപ്പെട്ട ജീവന്‍ നഷ്ടമാകുന്നത് മുന്‍കൂട്ടി അറിഞ്ഞാലുണ്ടാകുന്ന ചിന്തകള്‍ ആണ് ആ ഭയം ജനിപ്പിക്കുന്നത്. പക്ഷെ പെട്ടെന്നുള്ള മരണമാണെങ്കില്‍ ഭയം കാണുകയില്ല.
Comments
Post a Comment