ഹണി ട്രാപ്പ്
ഹണി ട്രാപ്പ്
അശ്വതി അച്ചു എന്നൊരു സ്ത്രീ കുറച്ചു കാലമായി കേരളത്തിലെ പല പുരുഷ പോലീസ് ഓഫീസര്‍മാരേയും രാഷ്ട്രീയക്കാരെയും പണക്കാരേയും വലയില്‍ വീഴ്ത്തിക്കൊണ്ടെയിരിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ സ്ത്രീയുമായി ബന്ധപ്പെട്ട ഹണി ട്രാപ്പ് വീഡിയോകള്‍ യുട്യൂബില്‍ ലഭ്യമാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലെ ആബാലവൃദ്ധത്തിനും ഈ കഥാപാത്രത്തെ ഇനിയും അറിയില്ല. ചിലര്‍ക്കെങ്കിലും ഇവരുടെ കേളീവിലാസങ്ങള്‍ അറിയാമെങ്കിലും കെണിയില്‍ പെട്ടുകഴിഞ്ഞാണ് ആളെ തിരിച്ചറിയുക.
എലീന കഴിഞ്ഞ രണ്ടു മാസമായി ദേവാലയങ്ങളിലാണ് സമയം ചെലവഴിക്കുന്നത്. മനസ്സമാധാനം പൂര്‍ണ്ണമായും നശിച്ച അവസ്ഥ. കയ്യിലുള്ള കൊന്തയുടെ മണികള്‍ സംസാരിക്കുന്നതിനിടയിലും ഉരുളുന്നുണ്ട്.
എലീനയും എല്‍ട്ടനും യെഎസ്സില്‍ നേഴ്സായി ജോലിചെയ്യുകയാണ്. നല്ല ഓജസ്സുള്ള രണ്ടു കുട്ടികളും അവരുടെ രണ്ടു പൂച്ചകളുമടങ്ങുന്നതാണ് കുടുംബം.
എലീനയുടേയും എല്‍ട്ടന്റേയും മാതാപിതാക്കളെ കാണാനായും നാടിനോടുള്ള ബന്ധം കുട്ടികള്‍ക്ക് അറ്റുപോകാതിരിക്കാനായും ഓരോ വര്‍ഷവും അവര്‍ നാട്ടിലെത്താറുണ്ട്. ഇരുവരുടേയും മാതാപിതാക്കളും കുഞ്ഞുങ്ങളുമായി അവര്‍ ബന്ധുജനങ്ങളെ സന്ദര്‍ശിക്കുകയും യാത്രപോകുകയും ചെയ്യും. പ്രായമായ മാതാപിതാക്കളുടെ ഓരോ സന്തോഷവും അവരിരുവരും സൂക്ഷമമായി ശ്രദ്ധിക്കും. പരസ്പരം നിന്റേതെന്നോ എന്റേതെന്നൊ വേര്‍തിരിവില്ലാതെ ഒരു കൊച്ചു സ്നേഹലോകം അവര്‍ എപ്പോഴും സൂക്ഷിച്ചിരുന്നു. പ്രശ്നങ്ങളെന്തെങ്കിലും അവര്‍ക്കിടയില്‍ ഉടലെടുത്താല്‍ അപ്പപ്പോള്‍ തന്നെ പറഞ്ഞുതീര്‍ക്കുന്ന നല്ല ദമ്പതിമാരായിരുന്നു അവര്‍.
പ്ലസ്സ് 2 കഴിഞ്ഞ് നേഴ്സിംഗ് പഠിക്കാനായാണ് എലീന ബാംഗ്ലീരിലെത്തിയത്. അന്ന് കൂടെ പഠിച്ചിരുന്ന എല്‍ട്ടണുമായി സൗഹൃദത്തിലായത് നാട്ടിലേയ്ക്കുള്ള യാത്രാവേളകളിലാണ്. എലീനയുടെ ആദ്യപ്രണയം. പഠനകാലം കഴിയുംവരെ ഇരുവരും അത് വീട്ടുകാരറിയാതെ മറച്ചുവെച്ചു.
എലീനയ്ക്കാണ് ആദ്യം യുഎസ്സില്‍ ജോലി ലഭിച്ചത്. വീട്ടുകാരുടെ സഹകരണത്തോടെ അവര്‍ വിവാഹിതരായി. രണ്ടു പെണ്‍കുട്ടികളുമായി സന്തോഷകരമായിരുന്നു അവരുടെ ജീവിതം ഈ വെക്കേഷന് വരുന്നത് വരെ.
മാതാപിതാക്കളേയും കൂട്ടി എല്‍ട്ടന്‍ സ്ഥലത്തെ ഒരു പ്രധാന ദേവാലയത്തില്‍ പോയതാണ്. നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കുന്നിടത്തെ തിരക്കിനിടയിലാണ് ഒരു പെണ്‍കുട്ടി ചില്ലറ ഇരുനൂറു രൂപ തരാമോ എന്ന് ചോദിച്ചത്. 200 രൂപ എടുത്തുകൊടുത്തപ്പോള്‍ അവള്‍ മൊബൈല്‍ നമ്പര്‍ തരാമോ ഞാന്‍ Google pay ചെയ്യാമെന്നു പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞപ്പോള്‍ നിര്‍ബന്ധിച്ചു നമ്പര്‍ സംഘടിപ്പിച്ച് യാത്രയും പറഞ്ഞുപോയി. വീട്ടിലെത്തിയപ്പോള്‍ അവള്‍ മെസ്സേജ് അയച്ചു. അക്കൗണ്ടില്‍ പണമില്ല രണ്ടു ദിവസം കഴിഞ്ഞ് തിരികെ തരാമെന്ന് പറഞ്ഞു. പിറ്റേന്നായപ്പോള്‍ കുറച്ചേറെ മെസ്സേജയച്ചു. ജോലി എന്ത്? വീട് എവിടെ? തുടങ്ങിയ സര്‍വ്വകാര്യങ്ങളും ചോദിക്കാന്‍ തുടങ്ങി. സൗഹൃദപരമായ സന്ദേശങ്ങള്‍ക്ക് കുറച്ചുകൂടി അടുപ്പവും വികാരപ്രകടനങ്ങളും തുടങ്ങി. ഇഷ്ടവും അടുപ്പവും പ്രകടമായി. രണ്ടുദിവസം കഴിഞ്ഞപ്പോഴേയ്ക്കും അതിന്റെ ആഴം കൂടിത്തുടങ്ങി. ഭാര്യ അറിയാതെയിരിക്കാന്‍ അശ്വതിയും എല്‍ട്ടനും ശ്രദ്ധിച്ചു. നാലാം നാള്‍ അശ്വതി എല്‍ട്ടനോട് കാപ്പി കഴിക്കാന്‍ വരാമോ എന്ന് സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു. ഒഴികഴിവ് പറഞ്ഞപ്പോള്‍ ഇഷ്ടമുള്ളതുകൊണ്ടല്ലെ കാപ്പികുടിക്കാന്‍ വിളിക്കുന്നതെന്നവള്‍ പരിഭവിച്ചു. എല്‍ട്ടന് വരാമെന്ന് സമ്മതിക്കേണ്ടിവന്നു. അന്ന് എലീനയുടെ അമ്മാവന്റെ വീട്ടില്‍ കുട്ടികളുമായി പോകാമെന്നേറ്റിരുന്നെങ്കിലും കുട്ടികളും എലീനയും പോയാല്‍ മതിയെന്നും എല്‍ട്ടന് ഒരു സുഹൃത്തിനെ കാണാന്‍ പോകേണ്ടതുണ്ടെന്ന് പറഞ്ഞൊഴിഞ്ഞു.
അന്ന് എല്‍ട്ടന്‍ അശ്വതിയെക്കാണാനായി അശ്വതിപറഞ്ഞിടത്തെത്തി. ചെറിയൊരു ചായക്കട. അവിടിവിടെ ചിലരെല്ലാമുണ്ടായിരുന്നെങ്കിലും വലീയ തിരക്കൊന്നും ഉള്ള കടയായിരുന്നില്ല. 'ഇവിടിരുന്നു മനസ്സ് തുറന്ന് സംസാരിക്കാനാവില്ല, നമുക്കൊരു റൂമെടുക്കാ'മെന്നായി അശ്വതി. എല്‍ട്ടണ്‍ പ്രതികരിക്കും മുമ്പെ അവള്‍ ഫോണെടുത്ത് വിളിച്ചു റൂം റെഡിയാക്കി. കാപ്പിക്കടയോട് ചേര്‍ന്നുണ്ടായിരുന്ന ഒരു ലോഡ്ജ് ആയിരുന്നു അത്. അവിടെ ഗസ്റ്റിന്റെ പേര് രജിസ്റ്റര്‍ ചെയ്തപ്പോള്‍ രണ്ടുപേരുടേയും ആധാര്‍ കാര്‍ഡ് കൊടുത്തു.
അന്ന് വീട്ടിലെത്തിയപ്പോള്‍ എല്‍ട്ടന്റെ പരിഭ്രമം കണ്ട് എലീന പലവട്ടം ചോദിച്ചു എന്തുപറ്റിയെന്ന്. വിശ്വസനീയമായ ഉത്തരമൊന്നും കൊടുക്കാന്‍ പറ്റിയില്ല എല്‍ട്ടന്. അശ്വതി നിര്‍ത്താതെ ഫോണില്‍ വിളിക്കാന്‍ തുടങ്ങി. പലവട്ടം എല്‍ട്ടന്‍ പറഞ്ഞു വീട്ടിലാണ്. ഭാര്യയുണ്ട് എന്ന്. പക്ഷെ അശ്വതിക്ക് ഭാര്യയെ അറിയിക്കുകയായിരുന്നു വേണ്ടത്. എല്‍ട്ടന്റെ കൈയ്യില്‍നിന്നും ഫോണ്‍വാങ്ങി സംസാരിച്ച എലീന അശ്വതിയുടെ വാക്കുകളത്ര കാര്യമാക്കിയില്ല.
പക്ഷെ പിന്നങ്ങോട്ട് അശ്വതി എന്‍ട്ടന്റെ പല സുഹൃത്തുക്കളേയും വിളിച്ചു. FBയില്‍ നിന്നാണ് ഓരോരുത്തരുടേയും നമ്പരുകള്‍ സംഘടിപ്പിച്ചത്. അശ്വതിയും എല്‍ട്ടനും തീവ്രപ്രണയത്തിലായിരുന്നുവെന്നും അവര്‍ ശാരീരബന്ധം പുലര്‍ത്തിയെന്നും ആണ് അവളുടെ ഭാഷ്യം.
അടുത്ത നീക്കം വക്കീലെന്ന് പരിചയപ്പെടുത്തിയൊരാള്‍ വിളിച്ചതാണ്. എല്ലാം ഒതുക്കി തീര്‍ക്കാം. അല്ലെങ്കില്‍ പീഡനത്തിന് കേസ്സ് കൊടുക്കും. 10 ലക്ഷം വേണം. നിരവധിയായ ഫോണ്‍ വിളികള്‍. പല കോണുകളില്‍ നിന്നും. റൂമെടുത്തപ്പോള്‍ കൊടുത്ത ആധാര്‍ കാര്‍ഡാണ് അവളുടെ തുറുപ്പുചീട്ട്. അഭിമാനം പോകും, പോലീസ് കേസ്സാകും. ജയിലില്‍ കിടക്കേണ്ടി വന്നേക്കാം. ചിലപ്പോഴത് ചാനലുകള്‍ക്ക് ചൂടുവാര്‍ത്തയുമായേക്കാം. ഒരുമാസത്തെ ലീവിനു വന്നവര്‍ക്ക് തിരികെ പോകാന്‍ പറ്റാതെ വന്നേക്കാം. ഒരു നൂറായിരം ആശങ്കകള്‍, ഭയം, നാട്ടുകാരറിഞ്ഞാലുള്ള അവസ്ഥ, കുട്ടികളും മാതാപിതാക്കളും അറിയാതെ ഇതെങ്ങനെ അവസാനിപ്പിക്കും! അശ്വതി നിരന്തരം വിളിക്കുന്നു. ഫോണ്‍ കട്ട് ചെയ്യാന്‍ പോലും അനുവദിക്കുന്നില്ല. ചോദിക്കുന്നത് ഒന്നു മാത്രം. നിനക്ക് എന്നോട് ഒന്നുമുണ്ടായിരുന്നില്ലെന്ന് പറയാനാകുമോ? നീ അപ്പോഴാലോചിക്കണമായിരുന്നു തുടങ്ങിയ വാഗ്ധോരണികളാണ്. തങ്ങളുടെ മുഖം ഒളിപ്പിക്കാനായി അവര്‍ പള്ളിയില്‍ പോയിരിക്കാന്‍ തുടങ്ങി. എത്രവട്ടം എലീന കൊന്ത ചൊല്ലിയെന്നറിയില്ല. ഇടയ്ക്ക് യൂട്യൂബ് തുറന്ന് ആരോ ഇട്ടുകൊടുത്തൊരു വീഡിയോ നോക്കി. അതിന്റെ പിന്നാലെ വന്ന വീഡിയോ അശ്വതി അച്ചുവിനെക്കുറിച്ചുള്ളതായിരുന്നു. സംഭവങ്ങളുടെ ശരിയായ ഗതി അങ്ങനെയാണ് അവരുടെ തലച്ചോറില്‍ പ്രകമ്പനമായത്. താഴെയ്ക്കുള്ള ഓരോ വീഡിയോയിലും അശ്വതി തന്നെ വിഷയം. ഒരുപക്ഷെ ഫോണില്‍ സേവ് ചെയ്തിരുന്ന അശ്വതിയുടെ ഫോണ്‍നമ്പരാകാം നിര്‍മ്മിതബുദ്ധിയ്ക്ക് ഇങ്ങനെ വീഡിയോ കാണിക്കാനിടയാക്കിയത്. 'ഹണി ട്രാപ്പ്', ജീവിതത്തില്‍ ഒരിക്കല്‍ ഇത്തരം ഒരു ട്രാപ്പിലാകുമെന്ന് കരുതിയിരുന്നില്ല.
അശ്വതിയുടെ മേല്‍വിലാസം കണ്ടെത്തിയ എല്‍ട്ടനും എലീനയും അന്ന്തന്നെ ഒരു വക്കീലിനെ കണ്ടു. വക്കീലിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് കേസ്സ് കൊടുത്തു. കേസ് ഫയല്‍ ചെയ്തു എന്നറിഞ്ഞ നിമിഷം തന്നെ അവളുടെ പരുതിയിലുള്ള പോലീസ് സ്റ്റേഷനില്‍ അശ്വതിയും കേസ്സ് ഫയല്‍ ചെയ്തു. പിറ്റേന്ന് പോലീസ് സ്റ്റേഷനില്‍ എത്തിയ അശ്വതിയുടെ മൊബൈലിലെ കോള്‍ റിക്കോര്‍ഡ് എല്‍ട്ടനെ കുടുക്കാനുള്ള പദ്ധതികളും ഉണ്ടായിരുന്നുവെന്നതുകൊണ്ട് അശ്വതിയുടെ പദ്ധതികള്‍ പാളി. അതേ പോലീസ് സ്റ്റേഷന്‍ പരിസരത്തുനിന്നുതന്നെ പലരോടും അവള്‍ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നുവെന്നതാണ് ഗൗരവമായെടുക്കേണ്ടത്. സ്ത്രീപുരുഷ ആകര്‍ഷണം എന്ന പ്രകൃതിപ്രതിഭാസം മുതലെടുത്ത് ചതിയിലാക്കുന്ന തന്ത്രം.
പോലീസ് സ്റ്റേഷനില്‍ നിന്നും തിരികെ വീട്ടിലെത്തിയ എലീനയാണ് പിന്നെ എല്‍ട്ടന് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. താന്‍ ജീവനെപ്പോലെ കണ്ടിരുന്ന എല്‍ട്ടന്‍ എന്തുകൊണ്ട് അശ്വതിയുടെ വലയില്‍ വീണു. എന്തുകൊണ്ടിത് ഒളിച്ചുവെക്കാന്‍ നോക്കി. എന്തുകൊണ്ടാണ് തന്നെ ഓര്‍ക്കാതെയിരുന്നത്. പലവട്ടം ക്ഷമ ചേദിച്ചിട്ടും ക്ഷമിക്കാനവള്‍ക്കാകുമായിരുന്നില്ല.
തനിക്ക് വിവാഹമോചനം വേണം എന്ന ആവശ്വവുമായാണ് എലീന ക്ലിനിക്കിലെത്തിയത്. എന്തുകൊണ്ട് എല്‍ട്ടന്‍ ഇങ്ങനെ ചെയ്തു. ജീവിതത്തില്‍ ഇത്തരം ഒരു അദ്ധ്യായം വരുമെന്ന് പ്രതീക്ഷിച്ചില്ല. . ഉരുട്ടിയ കൊന്തമണികള്‍ക്കൊന്നും അവളെ ശാന്തയാക്കാനായില്ല. തന്റെ കുട്ടികള്‍ ഇല്ലായിരുന്നുവെങ്കില്‍ ജീവിതം കളയുമായിരുന്നു. ചിരിക്കാന്‍ പറ്റുന്നില്ല. തലക്കകത്ത് വല്ലാത്തൊരു ഭാരം കയറ്റിവെച്ചപോലെ അനുഭവപ്പെടുന്നു.
നിരവധി ദിവസത്തെ കഠിനപ്രയത്നത്തിനൊടുവില്‍ നീണ്ട തെറാപ്പി സെഷനുകളിലൂടെ പതീയെ അവള്‍ തന്റെ ജീവിതത്തില്‍ വന്നുഭവിച്ച കറുത്ത പേജുകളെ പറിച്ചുകളയാമെന്ന മാനസീകാവസ്ഥയിലേയ്ക്ക് വന്നു. മനസ്സിലലയടിച്ച ഭീകരാനുഭവങ്ങളെ മറവിയുടെ കയങ്ങളിലേയ്ക്ക് തള്ളാതെ ജീവിതം മുന്നോട്ടുപോവില്ല എന്നവള്‍ തിരിച്ചറിഞ്ഞു. സ്വതസിദ്ധമായ നര്‍മ്മരസത്തോടെ എല്‍ട്ടനെ ചേര്‍ത്തുപിടിച്ച് ഞാനിവനെ ആര്‍ക്കും കൊടുക്കുകയില്ല. എന്റെ കുട്ടികളുടെ അച്ഛനാണ് എന്നവള്‍ പറഞ്ഞപ്പോള്‍ എല്‍ട്ടന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. പൊട്ടിത്തകരുമായിരുന്ന ഒരു കുടുംബത്തില്‍ വീണ്ടും സന്തോഷതെന്നല്‍ വീശിത്തുടങ്ങി.
(അശ്വതിയുടെ വലയില്‍ ഇനിയും ആളുകള്‍ കുടുങ്ങാതെയിരിക്കാനായി എന്തെങ്കിലും ചെയ്യു മാം എന്ന് പറഞ്ഞതനുസരിച്ചാണ് ഇതിവിടെ കുറിച്ചത്. പേരുകള്‍ തിരുത്തിയിട്ടുണ്ട്)
Published in Yukthirekha Nov 2024
Hypnotherapist & Counselling Psychologist
tessionline@yahoo.com
'Sahaya's Therapeutic Counselling Centre, Kollam/ -8547243223
#learningissues, #tempertantrum, #childcounselling, #addictionsofchildren, #slealingofchildren, #depression, #anxiety, #suicidethoughts, #psychologist, #psychotherapist, #hypnotherapist
#depressiontherapy,#traumatherapy,#familycounselling,
www.onlinesahaya.org
Comments
Post a Comment