Monday, June 20, 2022

ANXIETY AND ILLNESS

ഉത്ക്കണ്ഠ ആയുസ്സ് കുറക്കില്ലെ?


ഉത്ക്കണ്ഠ ജീവിതത്തിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാനായി നമ്മെ പ്രാപ്തമാക്കുന്ന വികാരമാണ്.  പക്ഷെ ഇതേ ഉത്ക്കണ്ഠ അമിതമാകുകയോ, നിരന്തരം ഉത്ക്കണ്ഠാകുലരാകുകയോ ചെയ്താല്‍ രോഗിയായി മാറാന്‍ വേറെ കാരണമേതുമാവശ്യമില്ല. 

നിരന്തരമായ ഉത്ക്കണ്ഠ മനഃക്ലേശം കൂട്ടിക്കൊണ്ടിരിക്കും. പ്രതിരോധശേഷികുറക്കും. തന്മൂലം ക്യാന്‍സര്‍, ആത്മ, വൈറല്‍ ഇന്‍ഫക്ഷന്‍സ്, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാകുകയോ, കൂടുകയോ ചെയ്യും. തീവ്രമായ മനഃക്ലേശം അനുഭവിക്കുന്നവര്‍ക്ക് ഓര്‍മ്മക്കുറവുണ്ടാകാനുള്ള സാദ്ധ്യതയും വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. 

ജലദോഷംപോലുള്ള പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാദ്ധ്യതയും  ഉത്ക്കണ്ഠാകുലര്‍ക്ക് കൂടുതലാണ്. 

സ്ഥിരമായി ഗാര്‍ഹീകകലഹമുള്ള ദമ്പതിമാരില്‍ നടത്തിയ പഠനപ്രകാരവും രോഗങ്ങള്‍ പിടിപെടാനുള്ള സാദ്ധ്യത വഴക്കാളികളില്‍ കൂടുതലാണെന്നാണ് കാണിക്കുന്നത്.  രോഗപ്രതിരോധശക്തി കുറയ്ക്കുക മാത്രമല്ല cardiovascular സിസ്റ്റത്തിനും ദോഷകരമാണ്. 


മാനസീകപിരിമുറുക്കവും പേടിയും ഉത്ക്കണ്ഠയും  മനസ്സമാധാനത്തോടൊപ്പം ആയുസും കുറക്കുമെന്നത്‌കൊണ്ട് ശാന്തശീലരായി ജീവിക്കാനുള്ള വഴികളാണ് മറ്റേതൊരു ജീവിതസൗകര്യത്തേക്കാള്‍ അത്യാവശ്യമായി കാണേണ്ടത്.  പകയും, സംശയവും, ശത്രുതയും, ദുരഭിമാനവും നമ്മുടെ കൊലയാളികളായി മാറാം. നമുക്ക് ശാന്തരാകാം. സ്വയം ശാന്തരാകാന്‍ പറ്റുന്നില്ലെങ്കില്‍ ഒരു നല്ല therapist ന്റെ സഹായം തേടുക. 


Sunday, June 12, 2022

ഡെന്നിസിന്റെ കൂട്ടുകാര്‍

 കേരളീയര്‍ വിദ്യാഭ്യാസത്തിനും, ജീവിതാവസ്ഥയ്ക്കും വളരെ വലിയ പ്രാധാന്യം കൊടുക്കുന്ന ഒരു ജനസമൂഹമാണ്.  പുറമേനിന്നും ലഭിക്കുന്ന എന്തിനെയും സ്വീകരിക്കുവാനും, അത് ജീവിതത്തില്‍ പകര്‍ത്തുവാനും ഉള്ള താല്പര്യം മറ്റാരേക്കാളും മലയാളികള്‍ക്കാണ് കൂടുതല്‍ ഉള്ളതും.  അതുകൊണ്ടുതന്നെ പലപ്പോഴും നമുക്ക് നമ്മളെ സ്വയം മനസ്സിലാക്കുവാനും, വിലയിരുത്തുവാനും കഴിയാറുമില്ല.  അതിനാല്‍ത്തന്നെ നമ്മളില്‍ അന്തര്‍ലീനമായിരിക്കുന്ന ആന്തരിക  ജ്ഞാനാം  , ബാഹ്യമായി ലഭിക്കുന്ന അറിവുകള്‍ കൊണ്ട് മറയപ്പെടുകയും, തന്മൂലം നമ്മള്‍ നമ്മളിലേക്ക് [ ഞാന്‍ എന്ന സ്വാര്‍ത്ഥമായ ചിന്തകളിലേക്ക്] ചുരുങ്ങുകയും, നമ്മള്‍ സൃഷ്ടിച്ച ഒരു ഇരുമ്പുമറയ്ക്കുള്ളില്‍ നമ്മളുടെ പ്രിയപ്പെട്ടവരെകൂടി തളച്ചിടുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു.  ആര്‍ജ്ജിതമായ ഇത്തരം ചിന്തകള്‍ നമ്മുടെയും, നമ്മുടെ കുഞ്ഞുങ്ങളുടെയും സ്മൃതികളില്‍ വിള്ളലുകള്‍ വീഴ്ത്തുകയും, അവരുടെ ജനിതികത്തില്‍ അതിശക്തമായ വിസ്‌ഫോടനങ്ങള്‍ സൃഷ്ട്ടിക്കുകയും ചെയ്യുന്നു.  ആ വിസ്‌ഫോടനങ്ങള്‍ പലപ്പോഴും നമ്മുടെ കുഞ്ഞുങ്ങളെ അവരുടെ സ്വത്വബോധത്തില്‍ നിന്നും അകറ്റുകയും, അവരുടെ പ്രതിഭ അല്ലെങ്കില്‍ ധിക്ഷണാപാടവം തിരിച്ചറിയുവാന്‍ കഴിയാതെ പോകുകയും, അവര്‍ സമൂഹത്തിന്റെ മൂല്യച്യുതികള്‍ നിറഞ്ഞ പൊതുധാരയുടെ കുത്തൊഴുക്കില്‍ അമരുകയും ചെയ്യും.  അങ്ങനെ തന്റെ സ്വത്വത്തെ തിരിച്ചറിയുവാനുള്ള വ്യഗ്രത തന്നില്‍ അവശേഷിച്ചിട്ടില്ല എന്ന് തിരിച്ചറിഞ്ഞ ഒരു ബാലന്റെ അനുഭവം ഞാന്‍ ഇവിടെ വിവരിക്കാം.

ഉയര്‍ന്ന  വിദ്യാഭ്യാസവും, സമ്പത്തും, ജോലിയും , സമൂഹത്തില്‍ മാന്യമായ സ്ഥാനവും ഉള്ള ഒരു ദമ്പതി കുടുംബം   അവരുടെ ഇളയപുത്രനെയും കൊണ്ട് എന്നെ കാണുവാന്‍ വന്നു. മൂന്നാം തരത്തില്‍ പഠിക്കുന്ന ആ ചാരുത്വം നിറഞ്ഞ


കുട്ടിയെ നമുക്ക് ഡെന്നിസ് എന്ന് വിളിക്കാം. നല്ല പ്രസരിപ്പുള്ള കുട്ടി ആയിരുന്നു ഡെന്നിസ്.  അവന്റെ പെരുമാറ്റരീതികളില്‍ എനിക്ക് പ്രത്യേകതകള്‍ ഒന്നും ദര്‍ശിക്കുവാന്‍ കഴിഞ്ഞുമില്ല.  എന്നാല്‍ ഡെന്നീസിന്റെ മാതാപിതാക്കളില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞതു അടുക്കും ചിട്ടയും, പഠനകാര്യങ്ങളില്‍ തല്‍പരനും ആയിരുന്ന അവന്‍ ഇപ്പോള്‍ അതിനൊക്കെ മുഖം തിരിഞ്ഞു നില്‍ക്കുന്നു എന്നുള്ളതാണ്.  ഞാന്‍ ഡെന്നിസുമായി സംസാരിക്കുവാന്‍ തീരുമാനിച്ചു.

വളരെ ബുദ്ധിശാലിയും,  നിരീക്ഷണപാടവും ഉള്ള ഒരു കുട്ടിയായിരുന്നു ഡെന്നിസ്.  അവനില്‍ പ്രത്യേകിച്ചു ഒന്നും കണ്ടെത്തുവാന്‍ ആദ്യ ഘട്ടത്തില്‍ എനിക്ക് സാധിച്ചില്ല.  ഡെന്നിസുമായി കൂടുതല്‍ അടുക്കുവാന്‍ ഞാന്‍ തീരുമാനിച്ചു.  അവന്റെ താല്പര്യങ്ങള്‍ ഞാന്‍ ചോദിച്ചു മനസ്സിലാക്കി.  വായനയിലും, ചരിത്രത്തിലും, വാദ്യ കലകളിലും, പ്രകൃതിയിലും , സംഗീതത്തിലും അവന്റെ താല്‍പര്യങ്ങള്‍ പടര്‍ന്നു കിടന്നിരുന്നു.  ചരിത്ര പുരുഷന്മാര്‍ അവന്റെ  സ്മൃതികളില്‍ നിറം മങ്ങാതെ പുത്തന്‍ കഥകള്‍ രചിച്ചുകൊണ്ടിരുന്നു.  മേവോറിലെ റാണാപ്രതാപനും, തുക്കാറാമും, ബീഥോവനും, പിക്കാസോയും, മോസ്സാര്‍ട്ടും,  എബ്രഹാം ലിങ്കണും, ചാണക്യനും, വേര്‍ഡ്‌സ് വര്‍ത്തും, ഷേക്ക്സ്പിയറും, ബെഞ്ചമിന്‍ ഫ്രാങ്കിളിനും,  വാലന്റിന തെരഷ്‌കോവയും എല്ലാം എന്റെ മുന്നില്‍ കഥാപാത്രങ്ങളായി അവനിലൂടെ പുനര്‍ജ്ജനിച്ചു. ഈ ചെറിയ കാലയളവില്‍ ലോകത്തെ അറിയാനും, തന്റെ ജ്ഞാനത്തിനു മുതല്‍ക്കൂട്ടാക്കുവാനും ഉള്ള അവന്റെ അടങ്ങാത്ത വ്യഗ്രത ഞാന്‍ തിരിച്ചറിഞ്ഞു.  അതിനു എവിടെയോ ഒരു മുറിപ്പാട് സംഭവിച്ചിരിക്കുന്നു.  ആ മുറിപ്പാട് അവനില്‍ ഏല്‍പ്പിച്ച ആഘാതത്തിന്റെ പരിണിതഫലമായിരുന്നു അവനിലെ മാറ്റത്തിനു കാരണം എന്നും എനിക്ക് മനസ്സിലാക്കുവാന്‍ സാധിച്ചു.  എവിടെയോ ആ ചങ്ങലക്കണ്ണികള്‍ മുറിഞ്ഞിരിക്കുന്നു. ആ ചങ്ങലക്കണ്ണികളെ ഓരോന്നായി പുറകിലോട്ടു എണ്ണുവാന്‍  ഞാന്‍ അവനോടു ആവശ്യപ്പെട്ടു. ഞങ്ങള്‍ ഒന്നിച്ചു ഡെന്നിസിന്റെ പോയകാലങ്ങളിലേക്ക് ഒരു യാത്ര ആരംഭിച്ചു.

അപ്പനും, അമ്മയും,വല്യപ്പച്ചനും,  വല്യമ്മച്ചിയും, ഇച്ചാച്ചന്മാരും ഒക്കെയായി ഒന്നിച്ചു കഴിഞ്ഞിരുന്ന ഒരു ബാല്യം അവനുണ്ടായിരുന്നു.  അവനു പ്രകൃതിയില്‍ കാണുന്നതെല്ലാം കൌതുകം ജനിപ്പിക്കുന്ന കാര്യങ്ങള്‍ ആയിരുന്നു.  അവന്റെ സംശയങ്ങള്‍ക്ക് ക്ഷമയോടെ മറുപടി നല്‍കുവാന്‍ മുതിര്‍ന്നവര്‍ എല്ലാവരും മത്സരിച്ചിരുന്നു എന്ന് വേണം കരുതാന്‍.  വൈകിട്ട് ഓഫീസ് വിട്ടുവരുന്ന അപ്പന്‍ അവനുവേണ്ടി ബാലകഥാപുസ്തകങ്ങളും,  പൊതുവിജ്ഞാനം പകരുന്ന പുസ്തകങ്ങളും കൊണ്ടുവരാരുണ്ടായിരുന്നു.  അതുകൊണ്ടുതന്നെ അവന്റെ പ്രായത്തില്‍ ഉള്ള മറ്റു കുട്ടികള്‍ അക്ഷരം പഠിക്കുന്നതിനു മുന്‍പുതന്നെ അവന്‍ അക്ഷരങ്ങളോട് സല്ലപിച്ചു തുടങ്ങി.  തങ്ങളുടെ മകനുവേണ്ടി ആ മാതാപിതാക്കള്‍ അറിവിന്റെ ഉറവിടങ്ങള്‍ തേടി സഞ്ചരിച്ചു തുടങ്ങി.

ഉദ്യോഗാര്‍ത്ഥം ഡെന്നിസിന്റെ പിതാവിന് അകലെയുള്ള പട്ടണത്തിലേക്ക് പോകേണ്ടതായി വരുകയും, അവര്‍ നാട്ടില്‍നിന്നും പറിച്ചുനടപ്പെടുകയും ചെയ്തു.  പുത്തന്‍ സാഹചര്യങ്ങളിലും ഡെന്നിസിന്റെ അപ്പന്‍ തന്റെ മകന്റെ അറിവിന്റെ വികാസത്തിനുവേണ്ട എല്ലാകാര്യങ്ങളും ചെയ്തുകൊണ്ടേയിരുന്നു.  ദിവസങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു.  ഡെന്നിസ് ഒന്നാംതരവും പിന്നിട്ടു രണ്ടാംതരത്തില്‍ എത്തി.  പരമ്പരാഗതമായ നാട്ടറിവുകള്‍, മുത്തശ്ശിക്കഥകള്‍ , വീര പുരുഷന്മാരെകുറിച്ച് പൊടിപ്പും തൊങ്ങലും വച്ചു അമ്മാവന്മാര്‍ പറഞ്ഞുതന്നിരുന്ന കഥകള്‍,  മുത്തശ്ശന്‍ പഠിപ്പിച്ച ബൈബിള്‍ പുരാണ കഥകള്‍ എന്നിവയെല്ലാം അവനു അന്യമായി തീര്‍ന്നു.  മാര്‍ക്കുകള്‍ വാങ്ങിക്കൂട്ടുവാന്‍ വേണ്ടുന്ന പുസ്തകങ്ങള്‍ അവനെ നോക്കി പല്ലിളിച്ചു കാണിച്ചു. ഗണിതവും, അന്യഭാക്ഷയും, ഭൗതികശാസ്ത്രവുമെല്ലാം അവന്‍ ഇഷ്ടപ്പെട്ടിരുന്ന ചരിത്രകഥകളിലെ ദുഷ്ടകഥാപാത്രങ്ങളായി അവന്റെ മുന്നില്‍ വന്നു ഗോഗ്വാ വിളിച്ചു.  അവന്റെ അച്ഛന് പുത്തന്‍ സുഹൃത്ത്വലയം ഉണ്ടായി. അവരെല്ലാംതന്നെ ആന്തരികജ്ഞാനത്തിനെ പരിപോക്ഷിപ്പിക്കുവാന്‍ തയ്യാറുള്ളവര്‍ ആയിരുന്നില്ല.  അവര്‍ അക്കാഡമിക് ബുക്കുകളുടെ പ്രചാരകന്മാര്‍ ആയിരുന്നു.   ടാന്‍സനും, താന്ത്യാതോപ്പയും,  കാരമസോവ് സഹോദരന്മാരും, ചുക്കും ഗെക്കും, പ്ലേറ്റോയും, ഡാവിഞ്ചിയും എല്ലാം ചില്ലലമാരികളില്‍ ബന്ധിതരായി കണ്ണീര്‍തൂകി അവനെ നോക്കി നിന്നു.  മാതാപിതാക്കള്‍ അവനു വേണ്ടുന്നതെന്ന് ധരിച്ചു വിലകൂടിയ ഭക്ഷണവും, വസ്ത്രങ്ങളും നല്‍കി , മുന്തിയ ആളുകള്‍ പങ്കെടുക്കുന്ന സദസ്സുകളിലും,  ആര്‍പ്പുവിളികളിലും അവനെ കൂടെചേര്‍ത്തു.  അവന്റെ സംശയങ്ങള്‍ അവനില്‍ പൊടിപിടിച്ചു കിടക്കുവാന്‍ തുടങ്ങി.  അവനില്‍ ഒരു ആത്മസംഘര്‍ഷം മുളപൊട്ടിതുടങ്ങിയത് അവിടെ നിന്നായിരുന്നു.  അതുവരെ അവനില്‍ ഉണ്ടായിരുന്ന അടുക്കും ചിട്ടയും, പഠിക്കുവാനുള്ള കൌതുകവും നശിച്ചു.  കൂടുതല്‍ ഊര്‍ജ്ജസ്വലാത്ത കായികമായി പ്രകടിപ്പിച്ചു തുടങ്ങി. അവന്റെ സ്വത്വവും, ജനിതികവും വഴിയില്‍ എവിടെയോ ഉപേക്ഷിക്കപ്പെട്ടു.  ഇതാ ഞാന്‍ അവനെ തിരിച്ചറിഞ്ഞിരിക്കുന്നു, ഒപ്പം അവനു വഴിയില്‍ കൈമോശം വന്ന അവന്റെ സ്വത്വവും, സ്മൃതികളും, പാരമ്പര്യജനിതികവും വീണ്ടെടുത്തു കൊടുക്കുകയും ചെയ്തു.

അത് തിരിച്ചറിഞ്ഞ അവന്‍ എന്റെ മുന്നില്‍ ഇരുന്നു വാവിട്ടു നിലവിളിച്ചു. ആ കവിളില്‍ കൂടി അത്രയും കാലം അവന്‍ അടക്കിപ്പിടിച്ചിരുന്ന ആത്മസംഘര്‍ഷം ഒഴുകിയിറങ്ങി.  അവന്റെ ഓരോ അശ്രുകണത്തിലും ഞാന്‍ നല്ലശമര്യക്കാരനെ,  ഷെല്ലിയെ, കീറ്റ്‌സിനെ, നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനെ, സോക്രട്ടിസിനെ, ക്രിസ്തുവിനെ, ഗാന്ധിജിയെ, ബുദ്ധനെ അങ്ങനെ ചരിത്രത്തില്‍ തങ്ങളുടെ സ്ഥാനം കോറിയിട്ട വ്യക്തികളെയും, കഥാപാത്രങ്ങളെയും ദര്‍ശിച്ചു.

അവന്റെ മാതാപിതാക്കളോട് ഞാന്‍ വിസ്തരിച്ചു കാര്യങ്ങള്‍ അവതരിപ്പിച്ചു. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടത് എന്താണെന്നു നമ്മള്‍ ആയിരിക്കരുത് തീരുമാനിക്കുന്നത്.  അവരുടെ താല്പര്യങ്ങള്‍ കണ്ടറിഞ്ഞു, നമ്മുടെ താല്‍ക്കാലികമായുള്ള ലൌകിക സുഖങ്ങള്‍ പോലും ചില നേരങ്ങളില്‍ അവഗണിച്ചു അവര്‍ക്കുവേണ്ടി അല്‍പസമയം കണ്ടെത്തുക.  നമ്മള്‍ നേടുന്ന സൌഹൃദങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളുടെ വ്യക്തിവികാസത്തിന് ഉതകുന്നവയും ആയിരിക്കണം എന്നും ഞാന്‍ അവരെ ഓര്‍മ്മിപ്പിച്ചു.  ഡെന്നിസ് എന്ന കുറ്റവാളിയെ എന്റെ മുന്‍പില്‍ കൊണ്ടുവന്നപ്പോള്‍ ഉള്ള അഹന്ത നിറഞ്ഞ മുഖം അവരില്‍ നിന്നും മാഞ്ഞുപോയിരിക്കുന്നു. ഇപ്പോള്‍ കുറ്റവാളികളെപോലെ അവര്‍ എന്റെ മുന്നില്‍ തലയും താഴ്ത്തിയിരിക്കുന്നു. ഇതൊന്നും അറിയാതെ ഡെന്നിസ് എന്റെ പുസ്തകഷെല്‍ഫില്‍ അവന്‍ കേട്ടറിയാത്ത ചരിത്രപുരുഷന്മാരെ തിരയുകയായിരുന്നു.  ഇനിയും എത്രയോ ഡെന്നിസുമാര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നു.  എത്രയോപേര്‍ ഈ ചക്രവ്യൂഹത്തില്‍പെട്ട് വഴിയറിയാതെ നശിച്ചുപോയിരിക്കുന്നു.  നമുക്ക് ഇനിയെങ്കിലും കരുതലോടെ ചിന്തിക്കാം, പ്രവൃത്തിക്കാം...


ത്രേസ്യ എൻ ജോൺ

Hypnotherapist & Counselling Psychologist

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam 

Sunday, June 5, 2022

Mobile Phone Addiction -victims മൊബൈല്‍ ഫോണുകള്‍ നമ്മുടെ കുട്ടികളുടെ ജീവന്‍ എടുത്തുകൊണ്ടേയിരിക്കുന്നു. കോവിഡുകാലത്തെ Online clssa കളെ നമ്മള്‍ കുറ്റം പറയുമെങ്കിലും യാതൊരുതരത്തിലുമുള്ള നിയന്ത്രണവും പരിശോധനകളും ഇല്ലാത്തവിധം രാവും പകലുമില്ലാതെയുള്ള അനിയന്ത്രിതമായ ഉപയോഗം ഓരോ കുട്ടികളേയും ഓരോ ഗര്‍ത്തത്തിലേയ്ക്കാണ് തള്ളിയിട്ടത്. ചിലര്‍ മൊബൈല്‍ ഗെയിമിന്റെ മാസ്മര ലോകത്ത് വീണുപോയെങ്കില്‍ മറ്റുചിലര്‍ നീലചിത്രങ്ങളുടെ മായികലോകത്താണ് അകപ്പെട്ടത്.  ചിലര്‍ പ്രണയം നടിച്ച ഹൃദയ ഇമോജികളുടെ ആലിംഗനത്തിലമര്‍ന്നപ്പോള്‍ അവര്‍ക്ക് രാത്രികള്‍ പകലുകളായി, ശരീരത്തിന്റെ circadian rhythm താളം തെറ്റി.  പെണ്‍കുട്ടികളില്‍ കൂടുതലും ചെന്നു ചാടിയത് BTS എന്ന music group ന്റെ ആരാധനാകൂട്ടത്തിലാണ്. അതില്‍ നല്ലൊരു ശതമാനം കൊറിയന്‍ ഡ്രാമകളുടെയും ജീവിതരീതികളുടേയും ആരാധകരായി.  ആരാധന മൂത്ത് അവരില്‍ പലരും തങ്ങളുടെ മാതാപിതാക്കളെ തള്ളിപ്പറയാനും തങ്ങള്‍ ഇവിടൊന്നും ജനിക്കേണ്ടവരല്ലെന്നും തങ്ങള്‍ക്ക് എങ്ങനെയും കൊറിയലില്‍ എത്തിയാല്‍ മതിയെന്നും ചിന്തിച്ച് വശായി ജീവിതം നരകമാക്കിക്കൊണ്ടിരിക്കുകയാണ്. ചിലര്‍ക്ക് തങ്ങളുടെ മാതാപിതാക്കളുടെ ഇരുണ്ട നിറത്തിനോടാണ് കലഹം.  തങ്ങളുടെ നിറമില്ലായ്മയ്ക്ക് കാരണം മാതാപിതാക്കളുടെ നിറമില്ലായ്മയാണെന്നും കുറ്റപ്പെടുത്തുന്നു.  ഇവരില്‍ നല്ലൊരു ശതമാനം നല്ല ബുദ്ധിശക്തിയും കഴിവുകളുമുള്ളവരായിട്ടും online മായിക ലോകത്തിലെ സ്വപ്‌നരാജകുമാരിമാരായി വിലസുന്നു. കൊറിയന്‍ വസ്ത്രങ്ങള്‍ കൂടി നമ്മുടെ കമ്പോളത്തില്‍ ലഭ്യമായതോടെ അവരെല്ലാം കരുതുന്നത് എങ്ങനെയെങ്കിലും ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ടാല്‍ മതിയെന്നാണ്. 

ഇവിടെ BTS സംഗീതത്തിലെ യാതൊരു സന്ദേശങ്ങളും യഥാര്‍ത്ഥത്തില്‍ ഇവര്‍ ഗ്രഹിക്കുന്നില്ല എന്ന് മാത്രമല്ല കൊറിയന്‍ ജനത എത്രമാത്രം ഏഷ്യന്‍ വംശജരെ സ്വീകരിക്കുന്നവരാണെന്നോ അവരുടെ വൈകാരികജ്ഞാനം എന്തെന്നോ ഇവര്‍ ചിന്തിക്കുന്നതേയില്ല.  ഇനി ഇപ്പോള്‍ ഇത്തരക്കാരെ സ്വാധീനിക്കണമെങ്കില്‍ ഒരു വഴിയെയുള്ള ആരാധന മൂത്ത ഇത്തരം ഒരു കഥാപാത്രത്തിന്റെ കഥതന്നെ കൊറിയന്‍ ഡ്രാമയില്‍ വിഷയമായി വരുകയെ തരമുള്ളു. 


ഇടവേളകളില്ലാതെയുളള Earphone ന്റെ ഉപയോഗം കൂടിയാകുമ്പോള്‍ ജീവിതം കൈവിട്ടുപോകുന്നു പലര്‍ക്കും. ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും നിരാശയും വിഷാദവും കോപവും ഉറക്കമില്ലായ്മയും ആത്മഹത്യാപ്രവണതയും കൂടി ആകുമ്പോള്‍ പലരും ജീവിതം അവസാനിപ്പച്ചുപോകും.  മൊബൈല്‍ ഫോണിന്റെ ഉപയോഗത്തില്‍ മാതാപിതാക്കളും കുട്ടികളും ഒരുപോലെ നിയന്ത്രണം കൊണ്ടുവരേണ്ടിയിരിക്കുന്നു. കുട്ടികളോട് മാത്രം മൊബൈല്‍ ഉപയോഗിക്കരുത് എന്ന് പറഞ്ഞാല്‍ അവര്‍ അംഗീകരിക്കില്ല. ഉറങ്ങാന്‍ പോകുമ്പോള്‍ നിര്‍ബന്ധമായും ഫോണ്‍ പൊതുവായ ഒരിടത്ത് വെക്കുന്ന ഒരു രീതി നന്നായിരിക്കും.  അമിതമായ ഫോണ്‍ ഉപയോഗിക്കുന്ന ഒരാളെ കൗണ്‍സലിംഗിന് വിധോയമാക്കിയതിന് ശേഷം അവരുടെ നിര്‍ദ്ദേശപ്രകാരം മാത്രം മൊബൈല്‍ ഫോണ്‍ മാറ്റുന്നതായിരിക്കും ഉചിതം. 

ത്രേസ്യ എൻ ജോൺ

Hypnotherapist & Counselling Psychologist

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam 

Monday, May 30, 2022

Emotion- വികാരങ്ങള്‍

 


മനുഷ്യജീവിതം വികാരങ്ങളുടെ ഞാണിന്മേല്‍ കളികള്‍ക്കൊണ്ട് നിയന്ത്രിതമാണെന്ന് പറയാം. Emotion  എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ചലിപ്പിക്കുകയെന്നതാണ്. ഓരോ വികാരങ്ങളും മനുഷ്യനെക്കൊണ്ട് പലതരം പ്രവര്‍ത്തി ചെയ്യിക്കും. 

ദേഷ്യം വന്നാല്‍ അഡ്രീനാലിന്റെ അളവ് കൂടുകയും ശരീരത്തില്‍ രക്തപ്രവാഹം അതികരിക്കുകയും തന്മൂലം ഊര്‍ജ്ജംകൂടുകയും വൈകാരികചിന്തകള്‍ക്ക് സമയം കൊടുക്കാതെ ആയുധങ്ങള്‍ കൈവശപ്പെടുത്തി ധ്രതഗതിയില്‍ പ്രതികരിക്കുകയും ചെയ്യും. 

ഭയം പിടികൂടുമ്പോള്‍ കാലുകളിലെ വലീയ എല്ലുകളിലേക്ക് രക്തപ്രവാഹം കൂടുകയും ഓടിരക്ഷപ്പെടാനുള്ള പ്രവണതയുണ്ടാവുകയും ചെയ്യും. മുഖത്തെ രക്തമെല്ലാം ചോര്‍ന്നുപോയി കാലുകള്‍ ഒളിച്ചിരിക്കുന്നതിനുള്ള സാദ്ധ്യത തേടാനുതകുംവിധം ഒരു നിമിഷം മരവിച്ചുപോകുകയും ചെയ്‌തേക്കാം. തലച്ചോറിലെ വൈകാരികസ്ഥാനങ്ങളില്‍ ഹോര്‍മോണുകളുടെ ഉത്പാദനം കൂടുകയും നേരിടുന്ന പ്രശ്‌നത്തെ കൈകാര്യം ചെയ്യാന്‍ പാകത്തിന് ശരീരം വളരെ ജാഗ്രതാവസ്ഥയിലാകുകയും ചെയ്യും. 

സന്തോഷം തലച്ചോറിലെ നെഗറ്റീവ് വികാരങ്ങളുടെ ഭാഗത്ത് പ്രവര്‍ത്തനം കൂട്ടുകയും അവിടെ ലഭ്യമാകുന്ന ഊര്‍ജ്ജത്തിന്റെ അളവിനെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. തന്മൂലം മനോവിഷമം ഉണ്ടാക്കുന്ന തരത്തിലുള്ള ചിന്തകള്‍ ശാന്തമാകുകയും ചെയ്യും. തന്മൂലം വിഷാദാത്മകമായ വിരാങ്ങളില്‍ നിന്നും കരകയറാനും സഹായകരമാകും. പിന്നീട് ജീവിതം കൂടുതല്‍ ലക്ഷ്യബോധത്തോടെ  മുന്നോട്ടുകൊണ്ടുപോകാനും ജീവിതം ആസ്വാദ്യകരമാക്കാനും സഹായിക്കും.

സ്‌നേഹം: ഇത് തരളഭാവമാണ്. ജീവിതത്തെയും രതിയേയും  ആസ്വദിക്കാനും സംതൃപ്ത ജീവിതം നയിക്കാനുമായി പാരാസിബതറ്റിക് ഉത്തേജനം നടക്കുന്നു. ശാന്തതയും ആസ്വാദനവും സാദ്ധ്യമാകുന്നു. ബന്ധങ്ങള്‍ ആസ്വാദ്യകരമാകുന്നു.

ആശ്ചര്യം: കണ്ണുകള്‍ വിടരുകയും കൂടുതല്‍ പ്രകാശം റെക്ടീനയില്‍ കൂടി പ്രവേശിക്കാനും കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കി സാഹചര്യങ്ങള്‍ക്കനുസരണമായി പ്രവര്‍ത്തിക്കാനും സാദ്ധ്യമാകുന്നു. 

സങ്കടം: ജീവിതത്തില്‍ വന്നുപെടുന്ന വേര്‍പാടുകളും നഷ്ടങ്ങളുമായി സമചിത്തതയോടെ നേരിടാന്‍ സഹായിക്കുന്നു. ശരീരത്തിന്റെ metabolsim ത്തെ കുറക്കുകയും സന്തോഷകരമായ കാര്യങ്ങളില്‍ ഇടപെടാന്‍ വിമുഖത പ്രകടിപ്പിക്കയും ചെയ്യും. തന്മൂലം തനിക്കുണ്ടായ നഷ്ടത്തെക്കുറിച്ച് വേണ്ടത്ര സങ്കടപ്പെടാനും കഴിയുന്നു. ഊര്‍ജ്ജം വീണ്ടെടുത്താല്‍ കൂടുതല്‍ ചിന്തിക്കാനും അത് മറികടക്കാനുമുള്ള മാര്‍ഗ്ഗങ്ങളും ആരായാന്‍ ഉപകരിക്കും.


ത്രേസ്യ എൻ ജോൺ

Hypnotherapist & Counselling Psychologist

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam 


Thursday, May 26, 2022

Happy Life

 


നല്ല മാനസീകാരോഗ്യമുള്ളൊരാള്‍ക്കെ ജീവിതം ആസ്വദിക്കാനാവൂ. 

പഠിക്കുന്നൊരാള്‍ പഠനാനന്തരം ജോലി നേടുമ്പോഴാണ് സന്തോഷമെന്ന് കരുതുന്നു. 

ജോലി ചെയ്യുന്നൊരാള്‍ ശബളമാണ് സന്തോഷമെന്ന് കരുതുന്നു.

ജീവിതത്തേയും ജീവിതാനന്തര ജീവിതത്തേയും പേടിയോടെ കാണുന്നൊരാള്‍ക്ക് ജീവിതം ആസ്വദിക്കാനാവില്ല. അത്തരക്കാര്‍ മരണാനന്തരമാണ് നല്ല ജീവിതം എന്ന പ്രതീക്ഷയില്‍ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതാക്കും.

അപ്പോള്‍ നമ്മള്‍ സന്തോഷത്തോടെ എപ്പോള്‍ ജീവിക്കും? 

ഇപ്പോള്‍ നമുക്ക് സന്തോഷത്തോടെ ജീവിക്കണമെങ്കില്‍ ഈ നിമിഷം നമ്മള്‍ എന്തു ചെയ്യുന്നോ അത് ആസ്വദിക്കുക. ഇഷ്ടത്തോടെ ചെയ്യുക. അങ്ങനെയെങ്കില്‍ ജീവിതം മനോഹരമായിരിക്കും. നമുക്കും. നമ്മുടെ കൂടെയുള്ളവര്‍ക്കും.

Saturday, April 23, 2022

കൗമാരക്കാരും സെറ്റ് ചെയ്ത്‌കൊടുക്കപ്പെടുന്ന ദുരന്തങ്ങളും by THRESSIA N JOHN, HYPNOTHERAPIST AND COUNSELLING PSYCHOLOGIST
 നമ്മുടെ ഇളം തലമുറയുടെ ''പ്രണയബന്ധങ്ങ''ളുടെ കുഴപ്പം ഇവരില്‍ ഒട്ടുമിക്കവരും പ്രണയത്തിലാവുന്നതല്ല. പകരം ആക്കപ്പെടുന്നതാണെന്നതാണ എന്നതാണ്.  ആകാരത്തിലൊ, കഴിവുകളിലൊ, ഇടപെടലുകളിലൊ, പ്രവര്‍ത്തികളിലൊ ആകൃഷ്ടരായി പ്രണയബന്ധത്തിലായവര്‍ തുലോം കുറവാണ്. പകരം സുഹൃത്തുക്കളാലോ സുഹൃത്തുക്കളല്ലാത്തവരാലോ ''സെറ്റ്'' ചെയ്തു കൊടുക്കുന്ന ബന്ധങ്ങള്‍ മറ്റൊരു തരത്തില്‍ Arranged Marriage നെക്കാള്‍ കുഴപ്പങ്ങള്‍ നിറഞ്ഞതാണ്. Arranged Marriage ല്‍ ചുരുങ്ങിയ പക്ഷം മാതാപിതാക്കളൊ ബന്ധുജനങ്ങളോ കുറച്ചൊങ്കിലും പിന്നാമ്പുറക്കഥകള്‍ തിരക്കിയെന്നിരിക്കും.  അല്ലെങ്കില്‍ പ്രഫഷണല്‍ കല്ല്യാണം മുടക്കികള്‍ ഉള്ളതും അതിനപ്പുറവും നാട്ടിലും വീട്ടിലും വിതരണം ചെയ്യുകയും ചെയ്യും.  തന്റെ വരാനിരിക്കുന്ന ജീവിതപങ്കാളിയെക്കുറിച്ച് ഭാഗ്യമായ ഒരു ചെറുവിവരണമെങ്കിലും കിട്ടിയെന്നിരിക്കും.  

സെറ്റ് ചെയ്യപ്പെടുന്ന ബന്ധങ്ങള്‍ക്ക് ഒരു നിബന്ധനയെയുള്ളു.  ആരെങ്കിലുമായി Affair ല്‍ ആണോ. തീരെ ഇളം പ്രായത്തിലുള്ള ഈ കൂട്ടിക്കൊടുപ്പുകാര്‍ക്ക് ഈ നേരമ്പോക്കു സെറ്റ് ചെയ്യല്‍ വഴി എത്ര വലീയ ദുരന്തമാണ് ഒരു വ്യക്തിയുടെ ജീവിതത്തില്‍ വരുത്തിവെക്കുന്നതെന്ന് യാതൊരൂഹവും കാണില്ല. അമൂര്‍ത്ത ചിന്തകള്‍ക്ക് അപക്വമായ മനസ്സുമായി പലപ്പോഴും ഗൗരവമുള്ളവിഷയങ്ങളില്‍ തീരുമാനങ്ങള്‍ വരെ എടുത്തുകളയും ഈ കുട്ടിക്കൂട്ടം. ഒരു ഡോസ് ബ്രൗണ്‍ ഷുഗറോ MDMA യോ ഉപയോഗിക്കുന്ന ഫലമാണ് മിക്കവാറും കേസ്സുകളില്‍ ഈ പ്രണയബന്ധത്തിലുമുണ്ടാവുക. കേവലം 8 വയസ്സുകാരിക്ക് തോന്നുന്നത് തനിക്ക് ''ലൈന്‍'' ഇല്ലയെങ്കില്‍ എന്തോ അപാകതയുണ്ടെന്നാണ്. 

ലൈന്‍ വീണുകഴിഞ്ഞാല്‍ പിന്നെ .....ആഹാ.... പാറിപ്പറന്നു വരുന്ന ഹൃദയ ഇമോജികള്‍ക്കൊണ്ട് മൂടുകയായി മെസ്സേജുബോക്‌സുകള്‍.... വീട്ടുകാര്‍ക്കറിയാത്ത മെസ്സെന്‍ജര്‍ ആപ്പുകള്‍ വഴി വര്‍ണ്ണശബളമായ Caring, loving, listening partner ന്റെ അടുത്ത് മറയേതുമില്ലാതെ എല്ലാം വെളിപ്പെടുത്തുകയായി. പരീക്ഷണ-നിരീക്ഷണ സാഹസകൃത്യങ്ങള്‍ അരങ്ങേറുകയായി. തലച്ചോറിന്റെ ആകെമൊത്തം ഊര്‍ജ്ജവും ഈ പരീക്ഷണശാലകള്‍ക്കായി മാറ്റിവെക്കപ്പെടും.

കുഞ്ഞു തമാശകള്‍ ഭീകരരൂപികളായിമാറുന്നത് ആളൊഴിഞ്ഞ വീടുകളിലും കാടുകളിലും ചങ്ങാതിക്കൂട്ടങ്ങളോടൊപ്പം പങ്കുവെക്കപ്പെടുമ്പോഴായിരിക്കും. ജീവിതം ഏറ്റവും വര്‍ണ്ണശബളവും മുനോഹരമായ ഈ ഇളം പ്രായത്തില്‍ത്തന്നെ ആത്മഹത്യാപരമായ പ്രവര്‍ത്തനങ്ങളിലേക്കാണ് ഓരോ ഇളം തലമുറയും എടുത്തെറിയപ്പെടുന്നത്.  നിലതെറ്റി കയത്തില്‍ വീഴുന്ന ഈ കുഞ്ഞുങ്ങളില്‍ ഒട്ടുമിക്കവരും വിഷാദരോഗത്തിനും മാനസീക അനാരോഗ്യത്തിനും അടിമപ്പെടുകയാണ് ചെയ്യുന്നത്. ജീവിതത്തിലുടനീളം മനസില്‍ മായാത്ത കുറ്റബോധവും രോഷവും കെണ്ട് നിറമറ്റ ജീവിതം നയിക്കേണ്ടി വരുന്നവരുടെ എണ്ണം വളരെ കൂടുതലാണിന്ന്. എല്ലാ അര്‍ത്ഥത്തിലും ആനന്ദാപൂര്‍ണ്ണമാകേണ്ട കോളേജ് ദിനങ്ങള്‍ ആസ്വദിക്കാന്‍ കഴിയാത്ത സങ്കടകരമാണ്. 

മനസ്സിലെ കുത്തിനോവുക്കുന്ന കഠിനമായ ഹൃദയവ്യഥകളില്‍ നിന്നും സ്വയം കരകയറാന്‍ കഴിയാത്തവര്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടതാണ്.
ത്രേസ്യ എൻ ജോൺ

Hypnotherapist & Counselling Psychologist

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam 


Monday, April 11, 2022

ഷനീജയെ പേടിപ്പിച്ച ബുര്‍ക്ക -Published on Yukthirekha April 2022

 

ഷനീജയ്ക്ക് IT പാര്‍ക്കിലാണ് ജോലി. നാട്ടിലെ ഒരു അറിയപ്പെടുന്ന  ബിസിനസ്സ് കുടുംബമാണ് ഷനീജയുടേത്.  മോളെ കൗണ്‍സലിംഗ് ചെയ്ത് കല്യാണം കഴിപ്പിക്കണമെന്നതാണ് ഉമ്മയുടെ ആവശ്യം.  ഡിഗ്രി പാസ്സാവട്ടെ, ജോലി ആവട്ടെ എന്നൊക്കെ പറഞ്ഞൊഴിഞ്ഞ ഷനീജ,  ഇപ്പോഴിപ്പോള്‍ വരുന്ന ആലോചനകള്‍ എല്ലാം ഓരോ കാരണങ്ങള്‍ കണ്ടെത്തി നിരസിക്കുന്നു. 

 ഷനീജയുടെ അമ്മ ബിരുദധാരിയായിട്ടും ജോലി ലഭിച്ചിട്ടും ഭര്‍ത്താവ് ജോലിയ്ക്ക് പറഞ്ഞയച്ചില്ല.   തങ്ങള്‍ക്ക് ആവശ്യത്തിന് പണമുണ്ട് എന്നും സ്ത്രീകള്‍ ജോലി ചെയ്യേണ്ടതില്ലെന്നും ആയിരുന്നു ഷനീജയുടെ ഉപ്പയുടെ നിലപാട്. 

നന്നായി ചിത്രം വരക്കാന്‍ കഴിവുണ്ടായിരുന്ന ഉമ്മ നല്ലൊരും മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു. ഉമ്മയുടെ കലാപ്രകടനങ്ങല്‍ സ്വന്തം ശരീരത്തിലും ഷനീജയുടെ ശരീരത്തിലും പലപ്പോഴും പരീക്ഷണങ്ങള്‍ നടത്തി.  നിലക്കണ്ണാടിയില്‍ വീഴുന്ന സ്വന്തം രൂപം ഷനീജയെ അത്ഭുതപ്പെടുത്തിയിരുന്നു.  പക്ഷെ അവളുടെ ചുറ്റിലുമുളള സാമുദായിക വേലിക്കെട്ടുകള്‍ എത്രമാത്രം ദൃഢമാണെന്ന തിരിച്ചറിവ് തന്റെ ജീവിതവും ഇങ്ങനെതന്നെ ഹോമിക്കപ്പെടും എന്ന ഭീതി ഷനീജയില്‍ വളര്‍ത്തിക്കൊണ്ടേയിരുന്നു.    കുഞ്ഞുകവിതകളും കഥകളും എല്ലാം എഴുതുന്ന തന്റെ ഉമ്മയുടെ ലോകം സ്വാതന്ത്ര്യത്തിന്റേതായിരുന്നുവെങ്കില്‍ ഉമ്മയുടെ സര്‍ഗ്ഗവാസനകള്‍ ലോകം അറിയുമായിരുന്നുവെന്ന് ഷനീജയ്ക്ക് നല്ല ബോധ്യമുണ്ട്.  ഇത്രയൊക്കെ കഴിവുകളുള്ള തന്റെ ഉമ്മ വീടിന്റെ, ഉപ്പയുടെ, ബന്ധുജനങ്ങളുടെ, സമൂദായത്തിന്റെ നിയന്ത്രിതരേഖയ്ക്കുള്ളില്‍ വിമ്മിഷ്ടപ്പെടുന്നു എന്ന തിരിച്ചറിവ് വന്ന നാള്‍ മുതല്‍ ഷനീജ അന്വേഷിക്കുകയായിരുന്നു എന്താണ് ഒരു വഴി.  ഒരു സ്ത്രീയാണെന്നും ഒരു സ്ത്രീയക്ക് താന്‍ ജനിച്ച സമുദായത്തില്‍ സ്വതന്ത്രജീവിതമില്ലെന്നുമുള്ള തിരിച്ചറിവ് അവളെ വേട്ടയാടാന്‍ തുടങ്ങി.    കുഞ്ഞായിരിക്കുമ്പോള്‍ വലുതാകാന്‍ മോഹിച്ചു. പക്ഷെ വലുതായപ്പോള്‍ ഓരോ ജന്മദിനങ്ങളോടും ഷനീജ കലഹിച്ചു. വിവാഹപ്രായം ആവാതെയിരിക്കട്ടെ എന്ന്  ഷനീജ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. വിവാഹം കഴിക്കുന്നതോടുകൂടി തന്റെ ഉമ്മയേപോലെ താനും ഇല്ലാതായാലോ എന്ന പേടി ഉറക്കം കെടുത്തി. 

അടുത്തകാലത്തായി ഉമ്മയും വല്ലാതെ മാറിപ്പോയെന്ന് ഷനീജ സംശയിക്കുന്നു.  വീട്ടില്‍ നിരന്തരം വിവാഹ ഇടനിലക്കാരും ഉസ്ദാതുമാരും കയറി ഇറങ്ങുന്നു.  പെണ്ണിനെ നിക്കാഹ് കഴിച്ചയച്ചില്ലെങ്കില്‍ നാണക്കേടാണ്, തന്റെ മകളുടെ പ്രായമുള്ള പെണ്‍കുട്ടികളെല്ലാം വിവാഹം കഴിച്ച് ഒന്നും രണ്ടും കുട്ടികളായി എന്നൊക്കെയാണ് ഇപ്പോഴിപ്പോള്‍ ഉമ്മയുടെ വാദം.  ഉമ്മയ്ക്ക് വന്നുപെട്ട മാറ്റം ഷനീജയുടെ ഉറക്കം കെടുത്തി.   എന്തിനും ഏതിനും സപ്പോര്‍ട്ട് ചെയ്തിരുന്ന  ഉമ്മ കൂടി തനിക്ക് നഷ്ടപ്പെടുന്നുവെന്ന തിരിച്ചറിവ് ഷനീജയെ തളര്‍ത്തി.  

തൂക്കുകയര്‍ വിധിക്കപ്പെട്ട കുറ്റവാളിയുടെ മനോനിലപോലെ സര്‍വ്വ പ്രതീക്ഷകളും നഷ്ടപ്പെട്ട് ജീവിതം അവസാനിക്കാന്‍ പോകുന്നപോലെയുള്ള ഭാവങ്ങളോടും ചേഷ്ടകളോടും കൂടി എന്റെ മുന്നിലിരിക്കുന്ന ഷനീജയെ യഥാര്‍ത്ഥത്തില്‍ എന്താണ് പേടിപ്പിക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടി സ്വയം അടിമയാകാന്‍ താല്പര്യമില്ലാത്ത ഒരു സ്ത്രീമനസ്സിന്റേതായിരുന്നു.  തന്നെ നിക്കാഹ് കഴിക്കുന്നവന്‍ തനിക്ക് യാതൊരു സ്വാതന്ത്ര്യവും തരില്ലെന്നും തന്നെ ബുര്‍ക്ക ധരിപ്പിക്കുമെന്നും ഷനീജ ഭയപ്പെടുന്നു.  തനിക്ക് ആ വേഷം ധരിക്കാന്‍ ആവില്ല. താന്‍ വായിച്ചിട്ടുള്ള നോവലുകളിലെ സ്ത്രീകഥാപാത്രമായി സര്‍വ്വതന്ത്രസ്വതന്ത്രയായി, തന്നെ ബഹുമാനിക്കുന്ന, തന്റെ അഭിരുചികളെ അംഗീകരിക്കുന്ന, തന്നെ ഒരു വ്യക്തിയായി പരിഹണിക്കുന്ന ഒരു ജീവിതപങ്കാളിയേയാണ് ഷനീജയ്ക്ക് ആവശ്യം. തന്റെ   സമുദായത്തിലുള്ളവര്‍ അത്രമാത്രം സ്വാതന്ത്ര്യം തനിക്ക് നല്കുമെന്ന പ്രതീക്ഷ തീരെ ഇല്ല.  ചിന്തകളുടെ ചക്രവ്യൂഹത്തിലകപ്പെട്ട ഷനീജ ഒരു തീരുമാനത്തില്ലെത്തി. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി നിക്കാഹ് ചെയ്യുന്നതിലും ഭേദം മരണമാണ്.  ഷനീജ വിവാഹം കഴിച്ചിട്ടില്ലെങ്കില്‍ മരിക്കുമെന്ന് ഉമ്മയും തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചാല്‍ മരിക്കുമെന്ന് ഷനീജയും നിലപാട് വ്യക്തിമാക്കി. 

പ്രായപൂര്‍ത്തിയായ ഒരു വ്യക്തി തനിക്കുതകുമെന്ന് തോന്നുന്ന ഒരു ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്ന ഒരു സമ്പ്രദായം നമ്മുടെ നാട്ടില്‍ എന്നു വരും. അതിനിടയില്‍ വിവാഹം കഴിപ്പിക്കല്‍ എന്ന നാട്ടുനടപ്പില്‍പ്പെട്ട് ബഹുഭൂരിപക്ഷം പേരുടേയും ജീവിത ഹോമിക്കപ്പെടും. ഉസ്താദുമാരുടെയും മൗലവിമാരുടേയും ഉപദേശങ്ങള്‍ ഉമ്മയുടെ ചിന്തകളെ തടങ്കലിലാക്കിയിരുന്നു.

 അത്യാവശ്യം പഠിപ്പും ഭാവനയും ഒക്കെയുള്ള അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ വളരെയധികം കഷ്ടപ്പെട്ടു  അതിന് അവരുടെതന്നെ ജീവിതത്തെക്കുറിച്ച് കൂലംങ്കുഷമായി സംസാരിക്കേണ്ടിവന്നു.  അവര്‍ വരക്കാതെപോയ ചിത്രങ്ങളെക്കുറിച്ചു എഴുതാതെ പോയെ കവിതകളെക്കുറിച്ചും ജീവന്‍ വെക്കാത്ത കഥാപാത്രങ്ങളെക്കുറിച്ചും ഏറെ നേരം സംസാരിച്ചു.    ഒരുപാട് ജനിതികഗുണങ്ങളുമായി പിറന്ന അവരുടെ മകളെക്കുറിച്ചും. അവരുടെ ഭാവി ജീവിതം ദുരന്തമായേക്കാമെന്ന് പേടിക്കുന്ന  മനോവ്യാപരങ്ങളെക്കുറിച്ചും സംസാരിച്ചപ്പോള്‍ അവര്‍തന്നെ ഷനീജയെ അവള്‍ക്കിഷ്ടമുള്ളതുപോലെ സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം നല്കുന്ന രാഷ്ട്രമായ സൗത്ത് കൊറിയയില്‍ അയക്കാമെന്നും അവളുടെ ജീവിതപങ്കാളിയെ അവള്‍തന്നെ തിരഞ്ഞെടുത്തുകൊള്ളട്ടെ എന്നുമുള്ള തീരുമാനത്തിലെത്തി.  പിടിവാശിക്കും മതപാരമ്പര്യങ്ങള്‍ക്കും പിന്നാലെ പോയാല്‍ ഒരുപക്ഷെ തന്റെ മകളുടെ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടേക്കാമെന്നും. ഒരാള്‍ക്ക് ആവശ്യമില്ലാത്ത ജീവിതം അയാളില്‍ ബലമായി അടിച്ചേല്പിക്കാന്‍ പാടുള്ളതല്ലെന്നും ആ മാതാവ് സ്വയം വെളിപ്പെടുത്തിയപ്പോള്‍ എനിക്ക് ആശ്വാസമായി.  നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം സ്ത്രീകളും വിവാഹമെന്ന ആചാരത്തില്‍ സ്വയം കുരുതികഴിക്കുന്നവരാണ്. നാട്ടുകാരെന്ത് പറയും, വീട്ടുകാരെന്ത് പറയുമെന്നതാണ് പ്രധാനപ്പെട്ട നിയന്ത്രിത ചരടുകള്‍. ഇത്തരം ചരടുകള്‍ പെട്ടിച്ചെറിഞ്ഞെ മതിയാകൂ. 

ത്രേസ്യ എൻ ജോൺ

Hypnotherapist & Counselling Psychologist

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam