വര്‍ണ്ണവിവേചനം കുടുംബത്തിലും (Racial Discrimination of mother )

 



സോജന് പ്രമിതയുടെ നീട്ടിവളര്‍ത്തിയ നഖങ്ങളെ ഭയമാണ്. അവന്റെ സ്വപ്നങ്ങളിലെല്ലാം പ്രമിതയുടെ കട്ടികൂടിയ നഖങ്ങള്‍ മാരകായുധമായി രൂപാന്തരം പ്രാവിച്ചു അവനെ ആക്രമിക്കാറുണ്ട്. സോജന്‍ അവധിക്കാലം ചെലവിടാനായാണ് വീട്ടിലെത്തിയത്. രാത്രിയില്‍ സ്വപ്നം കണ്ട് ഭയന്ന്  ഉറക്കംമുണര്‍ന്ന അവന്‍ സഹോദരനെ വിളിച്ച് വെള്ളം ആവശ്യപ്പെടുകയായിരുന്നു.  എവിടെയൊ എന്തോ അക്ഷരത്തെറ്റുണ്ടെന്ന് തോന്നിയ സഹോദരനാണ് അവനോട് ഭാര്യയേയും കൂട്ടി കൗണ്‍സലിംഗിന് പോകാന്‍ നിര്‍ബന്ധിച്ചത്.  

സോജന്‍ എം.ടെക്ക് ഐ.ഐ.ടിയിലാണ്  ചെയ്തത്. പഠനശേഷം ദുബായിലുള്ള ഒരു നല്ല കമ്പനിയില്‍ ജോലിയും കിട്ടി.  പ്രമിതയെ പരിചയപ്പെട്ടത് ഒരു ഫ്ളൈറ്റ് യാത്രയിലാണ്. അവള്‍ മറ്റൊരു കമ്പനിയിലെ എച്ച്.ആര്‍ മാനേജര്‍ ആയിരുന്നു. സൗഹൃദം വളര്‍ന്ന് ഇരുവരും ജീവിതപങ്കാളികളായി.  

പ്രമിതയ്ക്ക് അനിഷ്ടമുള്ള എന്തെങ്കിലും വാക്കോ പ്രവര്‍ത്തിയോ ഭര്‍ത്താവായ സോജനില്‍നിന്നുണ്ടായാല്‍ അപ്പോള്‍ അവള്‍ ആവശ്യപ്പെടുക ഒരു തുറന്ന സംസാരമാണ്.  വളരെ ബുദ്ധിപൂര്‍വ്വമായ ഇടപെടലാണെന്നെ ആര്‍ക്കും തോന്നു. വളരെ ചെറിയ കാര്യങ്ങളില്‍ ആണ് സംസാരം തുടങ്ങുക. പിന്നെ താളം കൊഴുക്കുകയും ദേഷ്യം കൂടുകയും,  ആ അപതാളത്തില്‍ എല്ലാ സംഹാരതാണ്ഠവങ്ങളും നടക്കുകയും ചെയ്യും. 

സോജന് എന്തു ചെയ്യണമെന്ന് അറിയാതെ പ്രമിതയുടെ പീഡനങ്ങളത്രയും ഏറ്റുവാങ്ങുകയാണ് പതിവ്. തന്റെ കോപത്തിനും നിയന്ത്രണം നഷ്ടപ്പെടുന്നതിനുമൊക്കെ കാരണം സോജനാണെന്നാണ് പ്രമിതയുടെ പക്ഷം.  അയാള്‍ക്ക് സ്നേഹമില്ല. താന്‍ അര്‍ഹിക്കുന്ന പരിഗണന നല്കുന്നില്ല, തന്നെ ശ്രദ്ധിക്കുന്നില്ല. തുടങ്ങി പരാതികളുടെ പട്ടികയ്ക്ക് അന്തമില്ല. പ്രമിത പറയുന്നതൊന്നുമായിരിക്കില്ല യഥാര്‍ത്ഥ കാരണമെന്നെനിക്ക് തോന്നി. 

ജീവിതത്തിലെ സന്തോഷങ്ങളേയും സങ്കടങ്ങളേയും കുറിച്ച് സംസാരിക്കാമോ എന്ന എന്റെ ചോദ്യംകേട്ടതും അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.  എന്നെ കാണാന്‍ കൊള്ളില്ല മാം. എനിക്ക് നിറമില്ല. കണ്ണുനീര്‍ തുടക്കുന്നതിനിടയില്‍ പിന്നെ അവള്‍ പറഞ്ഞതത്രയും അവളുടെ ഭംഗിയില്ലായ്മയെക്കുറിച്ചാണ്.  അവളുടെ അമ്മ തന്നെയാണ് ഈ അബന്ധ ധാരണ അവളില്‍ കുത്തിവച്ചത്. അമ്മയ്ക്ക് പെണ്‍കുട്ടികളെ ഇഷ്ടമല്ലായിരുന്നു. തന്റെ ഭര്‍ത്തൃവീട്ടുകാര്‍ക്ക് പെണ്‍കുഞ്ഞിനെ ഇഷ്ടമല്ലായിരുന്നു എന്ന കാരണമാണ് ആ അമ്മ പറയുന്നതെങ്കിലും യഥാര്‍ത്ഥകാരണം അവരുടെ കുട്ടിക്കാലത്ത് അനുഭവിച്ച വിവേചനങ്ങള്‍തന്നെയായിരുന്നു. ഭക്ഷണസാധനങ്ങള്‍ നല്കാതയിരിക്കുക മുതല്‍ കിടന്നുറങ്ങുന്ന ഇടം വരെ എപ്പോഴും മുന്‍ഗണന അവരുടെ ആങ്ങളമാര്‍ക്കായിരുന്നു.  സ്വഅനുഭവമാകാം പെണ്‍കുഞ്ഞുവേണ്ടെന്ന് ചിന്തിപ്പിച്ചത്.  പക്ഷെ അവര്‍ക്ക് പെണ്‍കുഞ്ഞു ജനിച്ചപ്പോള്‍ കൂടുതല്‍ ക്രൂരഹൃദയാകുകയാണുണ്ടായത്.  പ്രമിതയുടെ ഇരുണ്ട നിറവും അവര്‍ക്ക് അംഗീകരിക്കാനാവുമായിരുന്നില്ല.  എങ്ങനെയെങ്കിലും അവളൊന്ന് ഇല്ലാതെയായാല്‍ മതിയെന്ന് വരെ അവരാഗ്രഹിച്ചു.  അതിനായി പല അമ്പലങ്ങളിലും പോയി പൂജയും പ്രാര്‍ത്ഥനകളും നടത്തി. 

അവളുടെ അച്ഛന്റെ സ്നേഹവും സംരക്ഷണവും മാത്രമായിരുന്നു പ്രമിതയുടെ ബലം.  സഹപാഠികള്‍ക്കും അദ്ധ്യാപകര്‍ക്കും തന്റെ നിറമിഷ്ടമായിരിക്കില്ല എന്നവള്‍ സംശയിച്ചു. അവരുടെ വാക്കുകള്‍ക്കിടയിലെ വര്‍ണ്ണവിവേചനം എപ്പോഴും അവള്‍ തപ്പിക്കണ്ടെടുത്തു. അതിനെച്ചൊല്ലി നിരന്തരം നിലവിളിച്ചു. അവളുടെ സ്‌ക്കൂള്‍, കോളേജ് ദിനങ്ങളില്‍ പലവട്ടം ഇത്തരം വര്‍ണ്ണവെറികള്‍ അദ്ധ്യാപകരുടെ പക്ഷത്തുനിന്നും സഹപാഠികളുടെ പക്ഷത്തുനിന്നും അവളുടെ തലച്ചോറില്‍ തുളച്ചുകയറി, വ്രണമായി പൊട്ടിയൊലിച്ചുകൊണ്ടിരുന്നു. മനോവേദനയും, അവളോടുതന്നെയുള്ള വെറുപ്പും തീര്‍ത്തത്  വാശിയോടെ പഠിച്ചിട്ടായിരുന്നു.  പകരം വീട്ടാന്‍ അവള്‍ക്കറിയുന്ന ഒരേയൊരു വഴി നല്ലവണ്ണം അവള്‍ പ്രയോജനപ്പെടുത്തി.   ജോലിയും ലഭിച്ചു. ഇപ്പോള്‍ വിവാഹവും കഴിഞ്ഞു.  

പ്രമിതയുടെ മനസ്സിന്റെ ഉള്ളറകളില്‍ ഇപ്പോഴും വീര്‍പ്പുമുട്ടുന്ന അവളുടെ കുട്ടിക്കാലം നെരിപ്പോടായി ആളികത്താനുള്ള കാരണങ്ങളാണ് പലപ്പോഴും സോജനിന്റെ വാക്കുകളിലും പ്രവര്‍ത്തിയിലും തിരഞ്ഞിരുന്നത്. ഒരിക്കല്‍പോലും അവളുടെ നിറത്തെക്കുറിച്ച് ഇകഴ്ത്തിയിട്ടില്ലെങ്കിലും ലോകത്തെല്ലാവരും അത്തരക്കാരാണെന്ന അവളുടെ മനസ്സിന്റെ അഘാതതലങ്ങളിലെ ചിത്രംതന്നെ സോജനിലും അവള്‍ ആരോപിക്കുകയായിരുന്നു.  എഴുതാപ്പുറങ്ങള്‍ വായിച്ച് വായിച്ച് അവള്‍ കുഴപ്പങ്ങളില്‍ നിന്നും വലീയ കുഴപ്പങ്ങളിലേയ്ക്ക് ഊളിയിട്ടുകൊണ്ടേയിരുന്നു. 

കാരണം കണ്ടെത്താനായത് പ്രമിതയുടെ മുന്നോട്ടുള്ള കൗണ്‍സലിംഗ് സെഷനുകളില്‍ സഹായകമായി.  താന്‍ കൊണ്ടുനടന്നത്പോലെ തെലിയുടെ നിറം എത്രമാത്രം ജീവനുകള്‍ ചുറ്റുവട്ടവും ഹോമിക്കപ്പെടുന്നുണ്ടെന്ന അവളുടെ തിരിച്ചറിവ് അവളുടെ സ്വത്വബോധത്തെ തിരിച്ചറിവിന്റെ വഴികളിലൂടെ തിരിച്ചുവിടാന്‍ സഹായകമായി. ജന്മനാട്ടിന്റെ വര്‍ണ്ണവിവേചനവും ജാത്യാധിക്ഷേപത്തിനും സമൂഹത്തിലെ പേരുകേട്ട കലാകാരന്മാരും പൊതുപ്രവര്‍ത്തകരും പോലും ഇരകളാകുമ്പോള്‍ തനിക്ക് തന്റെ ജന്മനാടിന്റെ ഇത്തരം ചിന്താഗതികളെ മാറ്റേണ്ടുന്ന ഉത്തരവാദിത്വംകൂടിയുണ്ടെന്നവള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. ഇനിയങ്ങോട്ട് ഇത്തരം മനോഭാവങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നവള്‍ തിരിച്ചറിഞ്ഞത് അവളുടെ തെറാപ്പിയ്ക്ക് സഹായകമായി.  ഇനി സോജനും പ്രമിതയും പ്രണയബന്ധിതരായി ജീവിക്കട്ടെ. 

പ്രമിതയെപ്പോലെ വര്‍ണ്ണവെറിയ്ക്ക് ഇരകളാകുന്നവര്‍ നിരവധിയാണ്. ജാതിയും മതവും മനസ്സിലൂട്ടിയുറപ്പിച്ചു ജീവിക്കുന്ന ഏതൊരാളും ഇത്തരം ദുഷ്‌കൃത്യങ്ങള്‍ ചെയതേക്കാം. നമ്മുടെ സാമൂഹ്യവ്യവസ്ഥയുടെ ഓരോ അണുവിലും ജാതി-വര്‍ണ്ണ-മതചിന്തകളാല്‍ നിയന്ത്രിതമാണ് എന്ന ബോധ്യമുണ്ടായാല്‍ ത്തന്നെ ഇത്തരം അധിക്ഷേപങ്ങളാല്‍ മുറിപ്പെടാതെ ജീവിക്കാനാകും. 

Hypnotherapist & Counselling Psychologist

tessionline@yahoo.com

'Sahaya's Therapeutic Counselling Centre, Kollam/   -8547243223

#learningissues, #tempertantrum, #childcounselling, #addictionsofchildren, #slealingofchildren, #depression, #anxiety, #suicidethoughts, #psychologist, #psychotherapist, #hypnotherapist

www.onlinesahaya.org

Comments

Popular posts from this blog

Depression

റയാനയുടെ ദുഃഖം

bullying