ജാതീയതയുടെ വികൃതമുഖം (The ugly face of casteism)
ജാതീയതയുടെ വികൃതമുഖം
അഞ്ചു വര്‍ഷങ്ങളായി കണ്ണനും സുമയും വിവാഹിതരായിട്ട്. ഇരുവരും കേന്ദ്രസര്‍ക്കാര്‍ ഉദ്ദോഗസ്ഥരാണ്. സ്‌ക്കൂള്‍ സമയം മുതലെ തമ്മിലറിയുന്നവര്‍. പഠിച്ചത് എന്‍ജിനീയറിംഗ്. കണ്ണനാണ് ആദ്യം ജോലി ലഭിച്ചത്. നീണ്ട എട്ടു വര്‍ഷത്തെ പ്രണയം തുടങ്ങിയത് മുതല്‍ കണ്ണന്റെ അമ്മ സുമയുമായി നല്ല സൗഹൃദത്തിലായിരുന്നു. കണ്ണന് എന്‍ജിനീയറിംഗിന്റെ പേപ്പറുകള്‍ പലതും പാസ്സാകാതെയായപ്പോഴെല്ലാം സുമയുടെ സഹായം തേടാനായി കണ്ണന്റെ അമ്മ വിളിക്കുമായിരുന്നു. അവരില്‍ നല്ലൊരു അമ്മായിയമ്മയെ അവള്‍ കണ്ടിരുന്നു.
സുമയുടെ സുന്ദരസ്വപ്നങ്ങളില്‍ കാര്‍മേഘം വീണത് കണ്ണന് ജോലി ലഭിച്ചതുമുതലാണ്. കണ്ണനുമായുള്ള ബന്ധം അറിയാമായിരുന്നിട്ടും കണ്ണന്റെ അമ്മ വിവാഹാലോചനകളുമായി മുന്നോട്ട് പോയി.
ജാതിവ്യവസ്ഥയില്‍ താന്‍ വളരെ താഴ്ന്ന ശ്രേണിയിലായതുകൊണ്ടായിരിക്കാം തന്നെ തഴയാന്‍ ശ്രമിക്കുന്നതെന്നവള്‍ക്ക് തോന്നിത്തുടങ്ങി. അവസാനം കണ്ണന്‍ സുമയെ വിട്ടുപിരിയുകയാണെങ്കില്‍ അവള്‍ ജീവിതത്തോട് യാത്ര പറഞ്ഞേക്കുമെന്ന അവസ്ഥ വന്നപ്പോഴാണയാള്‍ തന്റെ അമ്മയോട് വിഷയം അവതരിപ്പിച്ചത്. ഒന്നും അറിയാത്തത് പോലെ അവര്‍ അഭിനയിച്ചു. പിന്നെ ജാതകം നോക്കലായി മറ്റു ചടങ്ങുകളായി. കല്യാണത്തിന് മുമ്പെതന്നെ ഓരോ ദിവസവും ഓരോ പ്രശ്നങ്ങള്‍ അവര്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു.
എങ്ങനെയെങ്കിലും കണ്ണനെ വിവാഹം കഴിക്കണം എന്ന ചിന്തയെ അന്നവള്‍ക്കുണ്ടായിരുന്നുള്ളു. ഇന്നിപ്പോള്‍ രണ്ടുപേരും ബാംഗ്ലൂരിലാണ്. രണ്ടു സ്ഥാപനങ്ങളിലായാണ് ജോലി. കൂടെ കണ്ണന്റെ അമ്മയുമുണ്ട്. പുറമെ നിന്നും നോക്കുന്നവര്‍ക്ക് രണ്ടു കേന്ദ്രസര്‍ക്കാര്‍ ഉദ്ദ്യാഗസ്ഥര്‍ അവര്‍ക്ക് രണ്ടു കുട്ടികളും. അമ്മയുമൊത്ത് സന്തോഷകരമായിരിക്കും ജീവിതം എന്നെ ഏതൊരാളും വിലയിരുത്തു.
ജാതിചിന്ത ഒരു വ്യക്തിയുടെ സര്‍വ്വചിന്തകളേയും പ്രവര്‍ത്തികളേയും നിരന്തരം സ്വാധീനിക്കും. സുമയുടെ ഓരോ പ്രവര്‍ത്തികള്‍ക്ക് പിന്നിലും നീചജാതിചിന്തകൊണ്ടാണ് എന്നാണ് കണ്ണന്റെ അമ്മയുടെ കണ്ടുപിടുത്തം.
രാവിലെ പാചകം ചെയ്യാന്‍ അനുവദിക്കുകയില്ല. സ്റ്റൗവിന്റെ ചുറ്റിലും നിന്ന് കറങ്ങും. ഓഫീസില്‍ നേരത്തെ എത്തിയിട്ടില്ലെങ്കില്‍ വലീയ കുഴപ്പങ്ങള്‍ നടക്കും. കീഴ് ജീവനക്കാര്‍ വല്ലാതെ തിരിമറികളും കള്ളപ്പണികളും ചെയ്യും. എന്തെങ്കിലും കുഴപ്പം പറ്റിയാല്‍ തന്നെയായിരിക്കും പിടികൂടുക. അല്ലെങ്കില്‍ത്തന്നെ സ്ത്രീകള്‍ അത്രയൊന്നും ഏറ്റെടുക്കാത്ത ഹൈവെ കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ പൊരി വെയിലില്‍ നില്ക്കണം. രാത്രി തളര്‍ന്ന് വീട്ടിലെത്തുമ്പോള്‍ അമ്മായിഅമ്മയുടെ തരം താഴ്ത്തലുകള്‍. തന്നെ കാണുമ്പോള്‍ ബഹളം വെക്കുന്ന കുഞ്ഞുങ്ങള്‍. രണ്ടുപേരെയും എടുക്കണം.
കണ്ണന്റെ ജോലി തന്റെ ജോലിയെക്കാള്‍ ഗ്രേഡ് കുറഞ്ഞായിട്ട് പോലും അതൊന്നും എന്തുകൊണ്ട് ആ അമ്മ പരിഗണിക്കുന്നില്ലെന്ന ചിന്തയൊന്നും വിലപ്പോവില്ല. എത്ര ശബളം വാങ്ങിയിട്ടും കാര്യമില്ല. തന്റെ ജാതി മാറ്റാനാവില്ലല്ലൊ.
സുമയെ ഏറെ സങ്കടപ്പെടുത്തിയത് തന്റെ മാതാപിതാക്കളോടും നീചജാതി എന്ന പദം എടുത്തുപയോഗിച്ചപ്പോഴാണ്. താന്‍ ജോലി കഴിഞ്ഞെത്തിയപ്പോള്‍ അവര്‍ വഴിയില്‍ തന്നെക്കാത്തു നില്ക്കുകയായിരുന്നു. കുഞ്ഞു മക്കളെ കാണാനെത്തിയ അവരോട് ആ സ്ത്രീ തന്റെ വീടിനെ അശുദ്ധയാക്കാനായെത്തിയെവരോടെന്നപോലെയാണ് പെരുമാറിയത്.
ജാതിവ്യവസ്ഥയില്‍ ഏറ്റവും താഴെ നിന്നും സ്വപ്രയത്നം കൊണ്ടുമാത്രം എന്‍ജിനീയറിംഗ് പി.ജി കഴിഞ്ഞ് മത്സരപരീക്ഷയിലും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ സുമയ്ക്ക് താന്‍ നേടിയതെല്ലാം വൃഥാവിലാണെന്ന തോന്നല്‍ വന്നു. ജോതീയത ഒരു പരീക്ഷ അല്ലല്ലൊ. ഒരു മത്സരപരീക്ഷയ്ക്കും അതിനെ തുടച്ചുനീക്കാനാവില്ലല്ലൊ. തന്റെ വീടിനുള്ളില്‍ ജീവിക്കുന്ന പങ്കാളിയുടെ അമ്മയോട് മാന്യമായി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നതിന് പകരം നിരന്തരം താന്‍ വെറും ഒരു നീചജാതിക്കാരിയാണ് എന്ന് ചിന്തിച്ച് കരഞ്ഞുകൊണ്ടിരുന്നാല്‍ എങ്ങനെ കാര്യങ്ങള്‍ മുന്നോട്ട് പോകും എന്നൊന്നും ചിന്താക്കാനാകുമായിരുന്നില്ല അവള്‍ക്ക്.
ജീവിതവിജയം നേടിയവളാണ് സമൂഹത്തിന്റെ മുമ്പില്‍ സുമ. പക്ഷെ അതൊക്കെ റദ്ദുചെയ്യുന്ന രീതിയിലാണ് അവള്‍ ഭര്‍ത്തൃമാതാവിന്റെ ഓരോ പെരുമാറ്റങ്ങളും
കോളെജ് പഠനകാലത്തൊന്നും നാട്ടിലെ സാമൂഹ്യവ്യവസ്ഥയെക്കുറിച്ചോ, സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളെക്കുറിച്ചോ അറിയാനവള്‍ ശ്രമിച്ചില്ല. ഇവിടെ ജാതിചിന്തയുള്ളവര്‍ നേടിക്കൊടുത്തതല്ല മാനുഷീക അവകാശങ്ങള്‍. അത് പിടിച്ചു വാങ്ങിയതാണ്. താന്‍ നീചജാതിയില്‍ പെട്ടതാണെന്ന ചിന്ത വലിച്ചെറിയുന്നവര്‍ക്ക് മാത്രമെ ശരിയായ സ്വാതന്ത്ര്യം ആസ്വദിക്കാനാവു എന്നതൊന്നും സുമ ഒരിക്കലും ചിന്തിച്ചിരുന്നില്ല. പാഠഭാഗങ്ങളില്‍ അല്പമാത്രമായി കടന്നുവന്ന സഹോദരനയ്യപ്പനും അയ്യന്‍ങ്കാളിയുമെല്ലാം പരീക്ഷകള്‍ക്കപ്പുറം തലച്ചോറില്‍ സ്ഥാനം നേടിയിരുന്നില്ല. ജീവിതം ഒരു ജാതിഭൂതത്തോടൊപ്പം ജീവിക്കാനാണ് അവസരം ഉണ്ടാക്കിയതെങ്കില്‍ ആ ജാതിചിന്ത തിരുത്തപ്പെടണം എന്ന തിരിച്ചറിവ് അവളില്‍ പതുക്കെ നാമ്പടുത്തു. തന്റെ കുഞ്ഞുങ്ങളില്‍ അത്തരം ചിന്തകള്‍ ജന്മമെടുക്കാനനുവദിച്ചുകൂടാ എന്ന അവളുടെ തീവ്രമായ ആഗ്രഹം മാത്രം മതിയായിരുന്നു അവളുടെ ശോകം മാറി ധൈര്യശാലിയാകാന്‍.
രണ്ടു നാളത്തെ തെറാപ്പി കഴിഞ്ഞപ്പോള്‍, നിരാലംബയായ ഒരു ബലഹീന സ്ത്രീയില്‍ നിന്നും ധൈര്യശാലിയായ, കാര്യങ്ങള്‍ വ്യക്തമായി സംസാരിക്കുന്ന തരത്തില്‍ സുമ മാറിയിരുന്നു. ജാതീയതയുടെയും മതത്തിന്റെ കരാളഹസ്തം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്ന സമയത്ത് ഓരോരുത്തരം ഓരോ പോരാളികളായാലെ സമൂഹത്തില്‍ ശ്രേഷ്ട മാനവീകചിന്തകള്‍ നിലനില്കൂ.
tessionline@yahoo.com
'Sahaya's Therapeutic Counselling Centre, Kollam/ -8547243223
#learningissues, #tempertantrum, #childcounselling, #addictionsofchildren, #slealingofchildren, #depression, #anxiety, #suicidethoughts, #psychologist, #psychotherapist, #hypnotherapist
#depressiontherapy,#traumatherapy,#familycounselling,
Comments
Post a Comment