നിര്‍ബന്ധ ചിന്തകളുടെ തടവറ (ഓരോObsessive compulsive Disorder (OCD)
നിര്‍ബന്ധ ചിന്തകളുടെ തടവറ
നിക്കിനെ കുളിക്കാന്‍ മടിയാണ്. എത്ര വഴക്ക് പറഞ്ഞിട്ടും കാര്യമില്ല. തീരെ അനുസരണയില്ല. ഇവന് അഹങ്കാരമല്ലാതെ പിന്നെന്താ? മനുഷ്യന് വൃത്തിയും വെടിപ്പും വേണ്ടേ. പട്ടികളും പൂച്ചകളും പക്ഷികളും എത്ര ഭംഗിയായാണ് ദേഹശുദ്ധി വരുത്തുന്നത്. വിയര്‍പ്പ് മണം അസഹനീയമായിരിക്കുന്നു. നിക്കിന്റെ പപ്പ മകനെ ശകാരിച്ചുനോക്കി, അടികൊടുത്തു. പട്ടിണിക്കിട്ടു. അവന്റെ കൂട്ടുകാരെക്കൊണ്ട് പറയിപ്പിച്ചു. പക്ഷെ ഒരു കുലുക്കവുമില്ല. നിക്കിന് 17 വയസ്സാണിപ്പോള്‍. +2 കഴിഞ്ഞശേഷം അവന് യാതൊന്നിനും താല്പര്യമില്ല. അവനെ പറഞ്ഞുമനസ്സിലാക്കി അനുസരണയും വൃത്തിയുമുള്ളവനാക്കി തുടര്‍ പഠനത്തിന് പ്രേരിപ്പിക്കണം. അതിനായാണ് മാതാപിതാക്കള്‍ അവനെ കൗണ്‍സലിംഗിന് കൊണ്ടുവന്നിട്ടുള്ളത്.
അത്രയൊന്നും പ്രശ്നമുള്ള കേസ്സല്ല ഇതെന്ന ധാരണയിലാണ് അവന്റെ മാതാപിതാക്കളോട് സംസാരിച്ചപ്പോള്‍ തോന്നിയത്. പക്ഷെ അവര്‍ പറയുന്നത് പോലുള്ള പ്രശ്നമല്ല നിക്കിന്റേതെന്ന് അവനോട് സംസാരിച്ചുതുടങ്ങിയപ്പോഴെ മനസ്സിലായി. നിക്കിന്റെ മടി കൊണ്ടൊ അഹങ്കാരം കൊണ്ടൊ അല്ല അവന്‍ കുളിക്കാത്തത്. കുളിക്കാന്‍ തുടങ്ങിയാല്‍ പിന്നെ തലച്ചോറ് അവനെ ശാസിക്കാന്‍ തുടങ്ങും. പലവട്ടം കുളിച്ചാലും തൃപ്തിവരില്ല. പിന്നെയും അവന് തോന്നും ശരീരം വൃത്തിയായില്ല. വീണ്ടും കുളിക്കും. അങ്ങനെ അവന്റെ കുളി ഒന്നൊന്നര മണിക്കൂര്‍ നീളും. കുളിക്കുമ്പോഴുണ്ടാകുന്ന നിര്‍ബന്ധചിന്തകളുടെ തള്ളല്‍ അവന് കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. തൃപ്തിവരുന്നത് വരെ തലച്ചോര്‍ നിരന്തരം ഒരേ കാര്യം ആവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. ആവര്‍ത്തിക്കാതെയിരിക്കാനാകുകയുമില്ല. കുളിക്കുന്ന സമയത്തെ ഈ മനോവിഷമം അനുഭവിക്കാനാകാത്തത്കൊണ്ടാണ് അവന് കുളിക്കാന്‍ മനസ്സുവരാത്തത്. കുളിക്കുമ്പോഴുണ്ടാകുന്ന വിഷമം മാത്രമായിരുന്നില്ല അവനെ അലട്ടിയിരുന്നത്. പല കാര്യങ്ങളും പല വട്ടം ആവര്‍ത്തിക്കണം. അല്ലെങ്കില്‍ വലീയ പ്രശ്നമാണ്. പ്രത്യേകരീതിയില്‍ മാത്രം കൈകഴുകുക, പാത്രങ്ങളും വസ്ത്രങ്ങളും പലവട്ടം കഴുകികൊണ്ടെയിരിക്കും. പൂട്ടിയ മുറിയും അലമാരയും തുറന്ന് മൂന്നുവട്ടം പൂട്ടുക. ഒല്‍പത് വട്ടം ബ്രഷ് കഴുക, അങ്ങനെ നിര്‍ബന്ധചിന്തകളുടേയും പ്രവര്‍ത്തികളുടേയും എണ്ണം നീളും. ഇതില്‍ ഒട്ടുമിക്കതിലും മതത്തിന്റെ സ്വാധീനവും കാണാം. ചിലകാര്യങ്ങള്‍ ദൈവത്തിന് ഇഷ്ടമാവില്ല എന്നത് അവന്റെ മനഃസമാധാനം കെടുത്തുന്നുണ്ട്. അവന് വളരെ നല്ല വ്യക്തിയായാണ് ജീവിക്കേണ്ടത്. അതങ്ങനെയല്ലെങ്കില്‍ നരകശിക്ഷ ലഭിക്കും. അതുകൊണ്ടുതന്നെ യാതൊരു തെറ്റും ചെയ്തുകൂടാ. ആരേയും ദ്രോഹിച്ചുകൂടാ എന്നൊക്കെ അമിതമായ വ്യവസ്ഥകള്‍ അവന്റെ കുട്ടിക്കാലത്തെ മതപഠനക്ലാസ്സുകളില്‍ നിന്നും അവന്റെ ചിന്തയുടെ ഭാഗമായി മാറിയിരുന്നു. അതിലൊന്നും യുക്തിയുടെ കണികപോലുമില്ലെങ്കിലും അവന് ചിലപ്പോള്‍ തോന്നുക അതേ ദൈവത്തെ ചീത്തവിളിക്കാനാണ്. അങ്ങനെ സംഭവിച്ചുകഴിഞ്ഞാലോ കുറ്റബോധമായി; ക്ഷമ ചോദിക്കലായി. ഒരു വട്ടമല്ല. പലവട്ടം. അത് ചിലപ്പോള്‍ അനന്തമായി നീളുകയും ചെയ്യും. ഈ ക്ഷമ ചോദിക്കുന്നത് വിചിത്രമായ ആഗ്യങ്ങളിലൂടെയാണ്.
ഇവന്റെ ചെയ്തികള്‍ പലതും കോപ്രായങ്ങളായാണ് മാതാപിതാക്കള്‍ക്ക് തോന്നിയത്. നിക്കിന്റെ മനസ്സിലെ സംഘര്‍ഷത്തിന്റെ തീക്ഷ്ണത അവര്‍ക്ക് മനസ്സിലായതെയില്ല. കൂട്ടുകാരുടെ മുന്നിലവനൊരു കോമാളിയായി. പലരും അവനെ മാനസീകരോഗിയെന്ന അര്‍ത്ഥത്തില്‍ പല പേരുകള്‍ ചൊല്ലി വിളിച്ചു. എത്ര ശരിയാക്കാന്‍ ശ്രമിച്ചാലും തൃപ്തിയാകാത്ത അവസ്ഥ. എല്ലാം ശരിയായ രീതിയിലാണ് ചെയ്യാന്‍ ശ്രമിക്കുന്നത്. അവന്റെ മനസ്സ് അവനോട് പറയുന്നത് ഒന്നും ശരിയാവുന്നില്ലെന്നാണ്. നിക്കിന്റെ മനഃസംഘര്‍ഷം അവന്‍ ആരോട് പറയും. നിക്കിനെ വിഷമിപ്പിക്കുന്നത് Obsessive compulsive Disorder (OCD)ആണ്.
ഓരോObsessive compulsive Disorder (OCD) ഉള്ള വ്യക്തിയും അനുഭവിക്കുന്ന മനോവിഷമം അവരുടെ പ്രിയപ്പെട്ടവര്‍ക്ക് ഗ്രഹിക്കാനായെന്നു വരില്ല. അതുകൊണ്ട് തന്നെ വേണ്ട സഹായവും ഇവര്‍ക്ക് ലഭിച്ചെന്ന് വരില്ല. OCD ഉള്ളവരില്‍ മിക്കവരും ഏതു കാര്യവും വളരെ Perfect ആയും ക്രമമായും ചെയ്യാനാഗ്രഹിക്കുന്നവരാണ്. എന്തിനും ഒരു നിയന്ത്രണം ഉണ്ടായിരിക്കണം എന്നതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇവര്‍ തയ്യാറായിരിക്കില്ല. സദാ മനസ്സിലേയ്ക്കെത്തുന്ന ചിന്തകളും അതുമൂലമുണ്ടാകുന്ന ഉത്ക്കണ്ഠയും അവരെ അലട്ടിക്കൊണ്ടേയിരിക്കും. ചിലര്‍ക്ക് ഏതെങ്കിലും ഒരു സംഖ്യ വളരെ പ്രിയപ്പെട്ടതാകുകയും അത്രയും വട്ടം കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യും. അല്ലെങ്കില്‍ ആര്‍ക്കെങ്കിലും അപകടം സംഭവിക്കാം എന്ന ചിന്ത വല്ലാതെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും.
നിക്കിനെപ്പോലെ തീവ്രമായ OCD യുള്ളവര്‍ക്ക് മരുന്നിന്റെ സഹായം ആവിശ്യമാണ്. അടുത്ത സെഷനെത്തിയത് മൂന്നാഴ്ചകള്‍ക്ക് ശേഷമാണ്. തുടര്‍ന്നുള്ള സെഷനുകളില്‍ അവന്റെ അയുക്ത ചിന്തകളും പ്രവര്‍ത്തികള്‍ക്കും കടിഞ്ഞാണിടുന്നതില്‍ ഏറകുറെ അവന്‍ വിജയിച്ചു. മനസ്സ് ശാന്തമായി, നിര്‍ബന്ധ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും വളരെയധികം നിയന്ത്രണം വന്നു. മനസ്സ് തുറന്ന് ചിരിച്ചുകൊണ്ടാണവന്‍ ഇപ്പോള്‍ തറാപ്പിക്കെത്തുന്നത്. തെറാപ്പിയോട് പ്രതികരിച്ചുതുടങ്ങയ അവന് വിദ്യാഭ്യാസം പുനരാരംഭിക്കാനായി. സമൂഹം മാനസീകരോഗങ്ങളെക്കുറിച്ച് കുറച്ചുകൂടി അവഗാഹം ഉള്ളവരായില്ലെങ്കില്‍ നമ്മുടെ പ്രിയപ്പെട്ടവരുടെ മനോവിഷമങ്ങള്‍ വേണ്ടവിധം മനസ്സിലാക്കാനും പ്രതിവിധി തേടാനും കഴിഞ്ഞെന്നുവരില്ല. (Published in Yukthirekha Sep 2024)
Hypnotherapist & Counselling Psychologist
tessionline@yahoo.com
'Sahaya's Therapeutic Counselling Centre, Kollam/ -8547243223
#learningissues, #tempertantrum, #childcounselling, #addictionsofchildren, #slealingofchildren, #depression, #anxiety, #suicidethoughts, #psychologist, #psychotherapist, #hypnotherapist
www.onlinesahaya.org
Comments
Post a Comment