പ്രണയ ഭ്രാന്തോ പ്രതികാരമോ?
പ്രണയ ഭ്രാന്തോ പ്രതികാരമോ?
ജീനയ്ക്ക് തീരെ വിശപ്പില്ല. വിശക്കാതെ എങ്ങനെ ഭക്ഷണം കഴിക്കും. ദിവസം മുഴുവന്‍ കിടന്നുറങ്ങാനാണിഷ്ടം. മുഖം ആകെ വീങ്ങിയിരിക്കുന്നു. അവളുടെ നിര്‍ജ്ജീവമായ കണ്ണുകള്‍ കരയാന്‍ മറന്നു. നിര്‍വ്വികാര മുഖം അവളിലെ മരവിപ്പ് വിളിച്ചുപറയുന്നുണ്ട്. തലച്ചോറില്‍ വികാരവിചാരങ്ങളെല്ലാം നിശ്ചലമായപോലെ
അമ്മ ജീനയെക്കാള്‍ പേടിച്ച മട്ടുണ്ട്. അവരോട് പുറത്ത് കാത്തിരിക്കാന്‍ പറഞ്ഞിട്ട് ജീനയോട് സംസാരിച്ചു. ജീന ഒരു ആര്‍ക്കിടെക്ട് ആണ്. ചെറുപ്പം മുതലെ അവള്‍ നല്ല മിടുക്കിയായിരുന്നു പഠിക്കാനും കളിക്കാനും എല്ലാം. എന്ത് കൈയ്യില്‍ കിട്ടിയാലും അതുകൊണ്ട് ഒരു മനോഹര കലാരൂപം സൃഷ്ടിക്കുമവള്‍. കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അവള്‍ ഒരു അത്ഭുതമായിരുന്നു. സുഹൃത്തുക്കളുടെയും അദ്ധ്യാപകരുടെയും ജന്മദിനങ്ങള്‍ വന്നാല്‍ ഒരു മനോഹര കലാരൂപമായിരിക്കും അവര്‍ക്ക് അവള്‍ സമ്മാനിക്കുക. ജീനയുടെ പ്രിയപ്പെട്ട കൂട്ടുകാരുടെയെല്ലാം വീടുകളിലെ ഷോക്കേസ്സുകളില്‍ അവളുടെ കലാസൃഷ്ടികള്‍ കയറിക്കൂടി.
കോളേജിലെത്തിയപ്പോള്‍ അവളുടെ പ്രോജക്ട് വര്‍ക്കുകള്‍ കണ്ട് സഹപാഠികള്‍ക്കെല്ലാം അസൂയയും അരാധനയുമെല്ലാം വേണ്ടതിലേറെയുണ്ടായിരുന്നു. പലരും അസൂയ പലരൂപത്തില്‍ തീര്‍ക്കാന്‍ തുനിഞ്ഞെങ്കിലും അതെല്ലാം തന്റെ സ്വതസിദ്ധമായ പുഞ്ചിരികൊണ്ട് അതിജീവിച്ചു അവള്‍. വയസ്സ് 26 കഴിഞ്ഞപ്പോഴാണ് അവള്‍ക്ക് ജോലി കിട്ടിയത്. ജോലി കിട്ടിയതും സ്‌കൂള്‍ കാലം മുതല്‍ അവളോട് പ്രണയാഭ്യര്‍ത്ഥന നടത്തി പരാജിതനായ പ്രവീണ്‍ അവന്റെ സുഹൃത്തിനോടൊപ്പം അച്ഛന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെത്തി മകളെ വിവാഹം കഴിച്ചുതരണമെന്ന് അഭ്യര്‍ത്ഥിച്ചു. യാതൊരു മുഖവുരയുമില്ലാതെ ഒരു ചെറുപ്പക്കാരന്‍ വന്ന് തന്റെ മകളെ വിവാഹം കഴിപ്പിച്ചു കൊടുക്കണമെന്ന് പറഞ്ഞത് അയാള്‍ക്ക് അത്ര രസിച്ചില്ല. കുറെ അസുഖകരമായ ചോദ്യങ്ങള്‍ ചോദിച്ച് അവരെ ആലോചിക്കാമെന്ന ഒഴുക്കന്‍ മറുപടിയാണ് അയാള്‍ കൊടുത്തത്.
ആ മറുപടി പ്രവീണിനും രസിച്ചില്ല. അയാള്‍ പിന്നെ ജീനയുടെ അമ്മയുടെ ഓഫീസിലെത്തി. പ്രവീണിന്റെ ശരീരഭാഷയും സംസാരരീതിയും അവര്‍ക്കും അത്ര മതിപ്പുണ്ടാക്കിയില്ല.
ജീനയുടെ മാതാപിതാക്കള്‍ എത്രയും വേഗം മകളെ വിവാഹം കഴിപ്പിക്കാനുള്ള തത്രപ്പാടില്‍ പല ആലോചനകളും നടത്തുന്നുണ്ടെങ്കിലും പ്രവീണ്‍ നിരന്തരം അവരെ ശല്യം ചെയ്തുകൊണ്ടെയിരുന്നു.
ജീന ഓഫീസില്‍ പോകാനായി പോകും വഴി അവളുടെ സ്‌കൂട്ടറിനെ പിന്തുടരുന്നത് പതിവായി. പ്രവീണിനോട് ദേഷ്യപ്പെടാനോ വഴക്കിടാനോ എന്തുകൊണ്ടോ അവള്‍ക്കായതുമില്ല. മനസ്സിലെവിടെയൊ അവനോട് അവള്‍ ഇഷ്ടം തോന്നിത്തുടങ്ങിയിരുന്നു എന്നതാണ് സത്യം.
പ്രവീണിന്റെ മാതാപിതാക്കള്‍ ചെറുപ്പത്തിലെ നഷ്ട
പ്പെട്ടതാണ്. അമ്മയുടെ സഹോദരിയാണ് അവനെ പഠിപ്പിച്ചത്. ജീവിതത്തിന്റെ ഭൂരിഭാഗവും ഹോസ്റ്റലുകളിലാണ് ചെലവഴിച്ചത്. എങ്ങനെയൊക്കെയോ പഠിച്ച് എം.ബി.എ എടുത്തു. അതിന് ശേഷം പലയിടത്തും ജോലിക്ക് കയറിയെങ്കിലും പല കാരണങ്ങളാല്‍ അതെല്ലാം വിട്ടു. ഇപ്പോള്‍ ഷെയര്‍ മാര്‍ക്കറ്റിംഗ് ബ്രോക്കറാണ്. കാര്യമായ വരുമാനമുണ്ടാക്കുന്നുമുണ്ട്. സ്വന്തമായി വീടും കാറുമെല്ലാം അവനുണ്ടാക്കിയിട്ടുണ്ട്.
ജീനയുടെ അച്ഛന് പക്ഷെ അവനെ എന്തുകൊണ്ടോ മകളുടെ ഭര്‍ത്താവായി സ്വീകരിക്കാന്‍ വിമുഖതതന്നെയാണ്. നടന്നു നടന്നു ജീനയുടെ ഹൃദയം കവരുന്നതില്‍ വിജയിച്ച അവന്‍ അടുത്ത അടവെടുത്തു. ജീന വേറെ ആരെയെങ്കിലും വിവാഹം കഴിക്കുകയാണെങ്കില്‍ അന്ന് താന്‍ ആത്മഹത്യ ചെയ്യും. ആ അടവ് ഏതായാലും ഫലിച്ചു. മനസ്സില്ലാമനസ്സോടെ അച്ഛന്‍ സമ്മതം മൂളി.
ആഘോഷമായി വിവാഹവും കഴിഞ്ഞു. ജീനയോട് പ്രവീണിന് തീവ്രമായ പ്രണയമാണ്. പക്ഷെ എന്തുകൊണ്ടോ അത് അതിരുകടന്നതാണെന്ന് ആദ്യരാത്രി തന്നെ അവള്‍ക്ക് തോന്നി. ചുമ്പനങ്ങള്‍ക്ക് നീളം കൂടുതല്‍. സദാ അരുകിലിരിക്കാന്‍ നിര്‍ബന്ധിക്കുന്നു. അച്ഛന്റെ കാര്യം പറയുന്നത് അവന് രസിക്കുന്നില്ല. എങ്ങനെയൊക്കെയോ ഇപ്പോള്‍ ആറു മാസം കഴിഞ്ഞിരിക്കുന്നു. ഇതിനിടയില്‍ രണ്ട് വട്ടം രാത്രിയില്‍ പ്രവീണിന്റെ കൈകള്‍ തന്റെ കഴുത്തില്‍ അമരുന്നത്പോലെ തോന്നി അവള്‍ക്ക്. പിടഞ്ഞുണര്‍ന്നപ്പോള്‍ ഒന്നും സംഭവിക്കാത്തപോലെയാണ് പ്രവീണ്‍ പെരുമാറിയത്. മറ്റൊരു ദിവസം തന്റെ മുകളില്‍ കയറിയിരുന്ന് തലയിണയിടുത്ത് മുഖത്ത് വെച്ചമര്‍ത്തി. അന്നും അങ്ങനെയൊ തന്റെ കാലുയര്‍ന്ന് തൊഴിക്കാന്‍ പറ്റിയത് കൊണ്ടാണ് അവന്‍ വിട്ടത്. പക്ഷെ അന്നും യാതൊന്നും സംഭവിക്കാത്തതുപോലെയാണ് പെരുമാറിയത്. ഉണര്‍ന്ന് കഴിഞ്ഞപ്പോള്‍ സ്നേഹപ്രകടനങ്ങള്‍. വീണ്ടു പഴയത്പോലെ തന്നെ കാര്യങ്ങള്‍ പൊയ്ക്കൊണ്ടിരുന്നു.
സംസാരത്തിനിടയില്‍ ജീന തന്റെ കഴുത്തിലെ ഷാള്‍ മാറ്റി. നല്ലൊരു മുറിപാടുണ്ട് അവിടെ. ഡ്രസ്സിങ്ങ് ചെയ്തിട്ടുണ്ട്. തലേ രാത്രിയില്‍ പ്രവീണ്‍ കത്രിക കൊണ്ട് കുത്തിയതാണ്. കുതറി മാറി വാതില്‍ തുറന്നോടിയത് കൊണ്ട് മാത്രം രക്ഷപ്പെട്ടു.
പക്ഷെ തലെരാത്രിയില്‍ അത്താഴത്തിന് ശേഷം സംസാരം ജീനയുടെ കുട്ടിക്കാലത്തെക്കുറിച്ചായി. ജീനയും മാതാപിതാക്കളുംകൂടി പലയിടത്തും ടൂര്‍ പോയതും മറ്റും അവര്‍ മൂവരും കൂടി ആസ്വദിച്ചു സംസാരിച്ചുതുടങ്ങിയതോടെ പ്രവീണ്‍ എഴുന്നേറ്റ് പോയി. കുറച്ച് കഴിഞ്ഞ് ജീനയും ഉറങ്ങാന്‍ കിടന്നു. ഉറക്കത്തിനിടയില്‍ ആണ് പ്രവീണ്‍ ജീനയെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത്. പകല്‍ സമയങ്ങളില്‍ കുഴപ്പമൊന്നും പ്രകടിപ്പിക്കാറില്ല. എന്നാണൊ അച്ഛനെക്കുറിച്ച് നന്നായി സംസാരിക്കുന്നത്, അല്ലെങ്കില്‍ അച്ഛന്‍ കൂടുതല്‍ സ്നേഹപ്രകടനം നടത്തുന്നത് അന്ന് രാത്രി പ്രവീണ്‍ ഉപദ്രവിച്ചിരിക്കും.
ജീനയ്ക്ക് അറിയേണ്ടത് എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. ഇനിയും തന്റെ ഭര്‍ത്താവിന്‍രെ കൂടെ ജീവിക്കേണ്ടതുണ്ടൊ എന്നൊക്കെയാണ്. ആദ്യത്തെ ചോദ്യത്തിന് ഉത്തരം കണ്ടെത്തണമെങ്കില്‍ പ്രവീണിനോട് സംസാരിക്കണം. അത് നടക്കുമെന്ന് തോന്നുന്നില്ല. ഒരുപക്ഷെ അച്ഛന്‍ എന്ന 'പുരുഷനോടുള്ള' അസൂയ ആകാനാണ് സാദ്ധ്യത കൂടുതല്‍. ഇനിയും അയാളോടൊപ്പം ജീവിക്കേണ്ടതുണ്ടൊ എന്ന ചോദ്യത്തിന് ജീനക്ക് തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായുമില്ല. പ്രവീണ്‍ കൗണ്‍സലിംഗിന് തയ്യാറല്ലായിരുന്നു. കാരണം എന്തെന്നറിയാതെ തന്റെ ജീവന്‍ ഏത് നിമിഷവും നഷ്ടപ്പെട്ടേക്കാം എന്ന അവസ്ഥയില്‍ മുന്നോട്ട് പോകേണ്ടതില്ല എന്നവള്‍ തീരുമാനിച്ചു. ജീനതന്നെയാണ് അവളുടെ മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കിയതും. തന്റെ ജീവിതത്തിന്റെ തച്ചുശാസ്ത്രം നിയന്ത്രിക്കാന്‍ തനിക്കാകും എന്നവള്‍ തെളിയിച്ചു.
Thressia N John
Hypnotherapist & Counselling Psychologist
tessionline@yahoo.com
8547243223
'Sahaya's Therapeutic Counselling Centre
Kollam/ -8547243223
#learningissues, #tempertantrum, #childcounselling, #addictionsofchildren, #slealingofchildren, #depression, #anxiety, #suicidethoughts, #psychologist, #psychotherapist, #hypnotherapist
www.onlinesahaya.org
https://www.youtube.com/watch?v=OUpcuyOSPXc&t=17s
Comments
Post a Comment