സ്വയം നിസ്സഹായനായ ഭര്‍ത്താവ്

 





പ്രകാശ് ആകെ നിര്‍വ്വികാരനാണ്. ഭാര്യ ഉരുള്‍പ്പൊട്ടിയപോലെ സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്.  കുറ്റപ്പെടുത്തലുകളുടെ കല്ലും ചരലും ചേര്‍ന്ന കലക്കവെള്ളം പ്രകാശിനെ തകര്‍ക്കാനുള്ള സര്‍വ്വ പരിശ്രമവും നടത്തുന്നുണ്ട്.  ഇനിയും തകരാനൊന്നും അവശേഷിക്കുന്നില്ലെന്ന മുഖഭാവമാണവന്. ഭാര്യയുടെ വാക്കുകള്‍ക്ക് ഒരു അര്‍ദ്ധവിരാമം വീണപ്പോള്‍ അയാള്‍ പിറുപിറുത്തു. 'I can't help myself'.

എനിക്കും തോന്നി അയാള്‍ കരകയറാന്‍ പറ്റാതെ വീണുപോയിരിക്കുന്നു. ഒരു കച്ചിത്തുരമ്പും കിട്ടിയില്ല.  പലവട്ടം പറഞ്ഞു എനിക്ക് ആരുടെയെങ്കിലും സഹായം വേണമെന്ന്.  ഭാര്യ അവഗണിച്ചു. പകരം കുറെയേറെ ഉപദേശിച്ചു.  വീണ്ടും ആവര്‍ത്തിച്ചാല്‍ ഇങ്ങനെ ആയിരിക്കുകയില്ല പ്രതികരണം എന്ന് താക്കീത് നല്കി. അയാള്‍ സ്വയം ആരുടേയും സഹായം തേടാന്‍ മുതിര്‍ന്നില്ല.  ഭാര്യയുടെ വാക്കുകളോ താക്കീതുകളോ  അയാളുടെ ഹൃദയസ്പന്ദനങ്ങളെ മാറ്റിയതുമില്ല.  അവിടെ താളവും സ്വരവും സ്പന്ദനങ്ങളും മാറിയിട്ടിപ്പോള്‍ നീണ്ട 5 വര്‍ഷമായിരിക്കുന്നു. 

പ്രകാശും വീണയും പോസ്റ്റ് ഗ്രാജ്വേഷന്‍ ഒരേ കോളേജിലായിരുന്നു.  തുടര്‍ന്ന് ഇരുവരും ജോലിതേടലായി. രണ്ടു വര്‍ഷത്തെ നിരന്തര പരിശ്രമത്തിനൊടുവില്‍ പ്രകാശിനാദ്യം ജോലികിട്ടി. പിന്നീട് വീണയ്ക്കും. ഇരവരുടേയും ജാതകവും ജാതിയും ഇടങ്കോലിട്ടെങ്കിലും കണ്ണീരും മൗനവൃദവും പട്ടിണികിടക്കലുംകൊണ്ട് വീണയാണ് എല്ലാത്തിനും പരിഹാരം കണ്ടെത്തിയത്. ഒടുവില്‍ ഇരുകുടുംബങ്ങളുടേയും അനുവാദത്തോടെ വിവാഹിതരായി. 


 പ്രണയനദിയിലൂടെ നീന്തിത്തുടിച്ച് അവരുടെ ജീവിതം മുന്നോടു പോകുന്നതിനിടയില്‍ അവര്‍ക്ക് രണ്ടു കുഞ്ഞുങ്ങളും ജനിച്ചു.  കുഞ്ഞുങ്ങളുടെ രംഗപ്രവേശം അവരുടെ ബന്ധത്തെ കൂടുതല്‍ ഊട്ടിയുറപ്പിച്ചു.  കുഞ്ഞുങ്ങളുടെ ചെറിയ ചെറിയ ചെയ്തികള്‍ അവര്‍ നന്നായി ആസ്വദിച്ചു. 

അവരുടെ ഊഷ്മളബന്ധത്തിന്റെ നടുവില്‍ ഒരു ആഗാധ ഗര്‍ത്തം രൂപംകൊണ്ടത്  അഭിചാരിതമായാണ്. പ്രകാശിന്റെ മൊബൈലില്‍ വന്ന ഒരു മെസ്സേജ് വീണയുടെ കണ്ണില്‍പെട്ടു.   അത് അവരിരുവര്‍ക്കും അറിയുന്ന ഒരു അയല്‍വാസിയുടേതായിരുന്നു.  വളരെ പ്രായമുള്ള ഒരു സ്ത്രീ. വീണ വീണ്ടും വീണ്ടും ആ മെസ്സേജ് അവര്‍ തന്നെ അയച്ചതാണൊ എന്ന് ചെക്ക് ചെയ്തു.  അവിശ്വസനീയമായ പലതും പ്രകാശിന്റെ സ്വഭാവത്തിലുണ്ടെന്ന അറിവ് അവളിലെ പ്രണയത്തെ കെടുത്തി പകരം അവജ്ഞയും വെറുപ്പും കൈയ്യടക്കി. തന്റേയും കുഞ്ഞുങ്ങളുടേയും ജീവിതം പൊട്ടിത്തകര്‍ന്ന് പോയിരിക്കുന്നു. ഒരു മാതൃസ്ഥാനീയയായ സ്ത്രീയും തന്റേതെന്ന് മാത്രം കരുതിയിരുന്ന തന്റെ ഭര്‍ത്താവും വളരെ കാലമായിട്ട് ശാരീരികബന്ധം പുലര്‍ത്തുക. പ്രകാശ് വിവാഹിതനാണെന്നതൊന്നും അതിന് തടയായില്ല ഇരുവര്‍ക്കും.  അന്ന് വീണ വീട്ടില്‍ നിന്നും ഇറങ്ങി. പക്ഷെ പ്രകാശിന്റെ കുറ്റസമ്മതവും തുടര്‍ച്ചയായുള്ള മാപ്പപേക്ഷകളും വീണയെ മാറ്റിചിന്തിപ്പിച്ചു.  തിരികെയെത്തിയ വീണ തന്റെ ഭര്‍ത്താവിനെ വീണ്ടും സ്നേഹിക്കാന്‍ തുടങ്ങി.  തെറ്റുകള്‍ ആര്‍ക്കും പറ്റാമെന്നും താന്‍ അതു ക്ഷമിക്കണമെന്നും സ്വയം തിരിച്ചറിവുകള്‍ കണ്ടെത്തി. കളിയും ചിരിയും തിരികെയെത്തിയെങ്കിലും പ്രകാശ് ഇടയ്ക്കിടയ്ക്ക് സ്ഥലകാലബോധമില്ലാതെയിരിക്കുന്നത് വീണയില്‍ വീണ്ടും സംശയം ജനിപ്പിക്കാതെയിരുന്നില്ല.  എല്ലാം ഒരുപക്ഷെ തന്റെ തോന്നലായിരിക്കാം എന്നവള്‍ വീണ്ടും സ്വയം തിരുത്തി. 

രണ്ടു ദിവസം മുമ്പ് പ്രകാശ് കുളിമുറിയിലായിരിക്കുമ്പോള്‍ മേശമേലിരുന്ന മൊബൈലില്‍ മെസ്സേജ് വന്നപ്പോള്‍ വീണ ചുമ്മാ എത്തി നോക്കിയതാണ്. തലേദിവസത്തെ അവരുടെ രതിക്രീഡയെ സൂചിപ്പിക്കുന്നതായിരുന്നു ആ സന്ദേശം. വീണയുടെ സര്‍വ്വ നിയന്ത്രണവും നഷ്ടപ്പെട്ടു. കൈയ്യില്‍ കിട്ടിയതെല്ലാം എടുത്തെറിഞ്ഞു. കുട്ടികളെ പിടിച്ച് ഒരു റൂമിനുള്ളിലിട്ടു പൂട്ടി.  രാവിലെ തനിക്കും പ്രകാശിനും ഓഫീസ്സില്‍ പോകണം. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകണം.  ഒന്നും അവള്‍ക്ക് പ്രശ്നമല്ലാതെയായി.  താന്‍ പല ആവര്‍ത്തി താക്കീത് നല്കി. ക്ഷമിച്ചു. വീണ്ടു വീണ്ടും കൂടുതല്‍ സ്നേഹിച്ചു.  ഈ വ്യക്തിയ്ക്ക് വേണ്ടിയാണല്ലോ താന്‍ വീട്ടുകാരോട് പൊരുതി വിവാഹിതയായതെന്നവള്‍ പരിതപിച്ചു.  സ്വയം അപമാനിതയും നിന്ദിതയുമായി തോന്നി അവള്‍ക്ക്.  തന്നെത്തന്നെ അവള്‍ വെറുത്തു.  നിന്നു കത്തുന്ന വീണയ്ക്ക് മുന്നില്‍ പരാജിതനെപ്പോലെ അയാള്‍ നിര്‍വ്വികാരനായി തലകുനിച്ചു നിന്നു. അവളുടെ ഭത്സനപ്രവാഹത്തിന് ഒരു അര്‍ദ്ധവിരാമം വീണപ്പോള്‍ അയാള്‍ താഴ്ന്ന സ്വരത്തില്‍ പറഞ്ഞു.  പറ്റുന്നില്ല.  ഞാന്‍ പല ആവര്‍ത്തി പരിശ്രമിച്ചു.  പക്ഷെ എന്റെ പ്രവര്‍ത്തികള്‍ നിയന്ത്രണത്തിലില്ല. 

പ്രകാശ് പ്രായപൂര്‍ത്തിയാകും മുമ്പെ ആണ് ആ മുതിര്‍ന്ന സ്ത്രീയുമായി അടുത്തത്.  ആദ്യമാദ്യം അവര്‍ നല്ല സ്നഹസമ്പന്നയായിട്ടാണ് തോന്നിയത്.  പക്ഷെ പതുക്കെ പതുക്കെ അവര്‍ തന്നെ ശരീരത്തില്‍ കൈവെക്കാന്‍ തുടങ്ങി. പിന്നെ അതു ശാരീരിക ബന്ധത്തിലേയ്ക്ക് അവര്‍ നിര്‍ബന്ധിച്ചു കൊണ്ടുപോകുകയായിരുന്നു. സ്ത്രീപുരുഷ ശരീരക ബന്ധത്തെക്കുറിച്ചോ രതിക്രീഡയെക്കുറിച്ചോ യാതൊരറിവും അന്നുണ്ടായിരുന്നില്ല.  നിരന്തരം അവരുടെ വികാരശമനത്തിന് അവനെ ഉപയോഗിച്ചുക്കൊണ്ടിരുന്നു.  അതില്‍ എന്തെങ്കിലും അപാകതയുള്ളതായി അവനും ചിന്തിച്ചില്ല.  വീണയുമായുള്ള വിവാഹം ഉറപ്പിച്ചതുമുതലാണ് പ്രകാശിന് കുറ്റബോധം പിടികൂടിയത്.  പക്ഷെ 'Loss Aversion' തിയറിപോലെ  എന്തുകൊണ്ടൊ പ്രകാശ് ആ സ്ത്രീയെ നഷ്ടപ്പെടാന്‍ ആഗ്രഹിച്ചില്ല. (ലഭിക്കാനുള്ളത് കൂടുതല്‍ മെച്ചമായതാണെങ്കിലും കൈവശമുള്ളത് നഷ്ടപ്പെടാന്‍ ഇഷ്ടപ്പെടാത്ത അവസ്ഥയാണ് Loss Aversion.)


വീണയുമായുള്ള ബന്ധ ആത്മാര്‍ത്ഥമായിരിക്കുകയില്ല എന്ന്  അയാളുടെ മനസാക്ഷി ആര്‍ത്തുവിളിക്കുന്നുണ്ടെങ്കിലും നിരന്തരം പരാജിതനായിക്കൊണ്ടിരുന്നു. 

ഇപ്പോള്‍ വീണയുടെ ക്ഷമയുടെ നെല്ലിപ്പടിയും കടന്നിരിക്കുന്നു.  ഇനിയും ഇതുമായി മുന്നോട്ടുപോകേണ്ടതില്ല. പ്രകാശിന് തന്റേയും കുഞ്ഞുങ്ങളുടേയും ജീവിതത്തില്‍ നിന്നും പോകാം എന്ന ഉറച്ച നിലപാടിലാണവള്‍ ഇപ്പോള്‍

വീണയേയും കുഞ്ഞുങ്ങളേയും നഷ്ടപ്പെടുന്നത് താങ്ങാനാവില്ല.  പ്രകാശിന് പശ്ചാത്താപമുണ്ടെങ്കിലും സ്വയം നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു.  മാറണം എന്ന ആഗ്രഹമുണ്ടെങ്കില്‍ കൗണ്‍സിലര്‍ക്ക് ജോലി എളുപ്പമായിരിക്കും.  ഇവിടെ പ്രകാശിന്റെ Locus of Control വീണ്ടെടുക്കാനും വീണയോടൊപ്പം വീണ്ടു സന്തോഷത്തോടെ ജീവിക്കാനുമുള്ള ആഗ്രഹം അവനെ സന്തോഷത്തിന്റെ പൊന്‍പുലരിയിലേയ്ക്ക് സൈക്കോതെറാപ്പിയിലൂടെ കൈപിടിച്ചുനടത്താനെന്നെ സഹായിച്ചു. അവന്റെ മുഖത്ത് പ്രകാശം നിറഞ്ഞു. വീണയെ കെട്ടിപ്പിടിച്ച് ക്ഷമാപണം നടത്തി. സന്തോഷം കൊണ്ടവളുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി.

 പ്രകാശും വീണയും കുഞ്ഞുങ്ങളും സന്തോഷത്തോടെ  ഇനിയുള്ളകാലം ജീവിക്കട്ടെ!


Thressia N John

Hypnotherapist & Counselling Psychologist

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/   -8547243223

#learningissues, #tempertantrum, #childcounselling, #addictionsofchildren, #slealingofchildren, #depression, #anxiety, #suicidethoughts, #psychologist, #psychotherapist, #hypnotherapist

www.onlinesahaya.org

https://www.youtube.com/watch?v=OUpcuyOSPXc&t=17s


Comments

Popular posts from this blog

റയാനയുടെ ദുഃഖം

Depression

Affective Realism