മനുഷ്യനിലെ പ്രകൃതി ( Biophilia )
മനുഷ്യനിലെ പ്രകൃതി ( Biophilia)
കൃഷിതോട്ടം, അടുക്കളത്തോട്ടം, പൂന്തോട്ടം, പൂക്കളും പച്ചക്കറികളും, എന്റെ തോട്ടം, വാഴത്തോട്ടം, മുറ്റത്തെ കൃഷി, പ്രകൃതിയുടെ കൂട്ടുകാര്‍ തുടങ്ങി നിരവധി കൃഷിയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളും മൃഗസ്‌നേഹികളുടെ ഗ്രൂപ്പുകളും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ സജീവമാണിന്ന്.
കോവിഡിന്റെ ഭീഷണി തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണമൊന്നും കാണുന്നില്ലാത്തതിനാലാകാം നമ്മില്‍ പലരുടേയും നേരംപോക്കുകളുടെ മാര്‍ഗ്ഗം ഇപ്പോള്‍ ചെന്നെത്തി നില്‍ക്കുന്നത് ഇത്തരം തോട്ടങ്ങളിലാണ്. എവിടെ ചെടികള്‍ നടും, മണ്ണ് എങ്ങനെ കണ്ടെത്തും എന്നെല്ലാമാണിപ്പോള്‍ നഗരവാസികളുടെ ചിന്ത. മുമ്പ് റിക്രിയേഷന് വേണ്ടി അവലംബിച്ചിരുന്ന പലതിന്റേയും സ്ഥാനം ഇന്ന് ചെടികളും പൂക്കളും വിത്തുകളും, വളര്‍ത്തുമൃഗങ്ങളും ഏറ്റെടുത്തു. ഇത് എത്രത്തോളം മനുഷ്യന്റെ മാനസീക-ശാരീരിക ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ടെന്നത് ചിന്തനീയമാണ്.
Eric Fromm എന്ന അമേരിക്കന്‍ സൈക്കോ അനലിസ്റ്റ് ആണ് ആദ്യമായി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിക്കുന്ന Biophilia യെ ക്കുറിച്ച് അദ്ദേഹത്തിന്റെ പുസ്തകമായ The anatomy of Human Destructiveness (1973)-ല്‍ പ്രതിപാദിച്ചത്.
അനുഭവങ്ങള്‍ക്കൊണ്ടും പരീക്ഷണ നിരീക്ഷണങ്ങള്‍കൊണ്ടും മനുഷ്യനും പ്രകൃതിയിലെ മറ്റു ജീവിജാലങ്ങളും തമ്മിലുള്ള പൊക്കിള്‍ കൊടി ബന്ധത്തെക്കുറിച്ച് പിന്നീട് പല പഠനങ്ങളും നടത്തിയിട്ടുണ്ട്. പ്രകൃതിയുടെ മനോഹാരിത, നിറവൈവിധ്യങ്ങള്‍, ജീവന്റെ തുടിപ്പുകള്‍ എല്ലാം എത്ര വലീയ നഗരവാസിക്കും ഇഷ്ടമുള്ള കാര്യമാണ്. ഏറെ ഉയരമുള്ള ബുര്‍ജ് ഖലീഫ പോലുള്ള മണിമാളികകളില്‍ താമസിക്കുന്നവരും തങ്ങളുടെ വീടും, ഓഫീസ് റൂമും അലങ്കരിക്കാന്‍ പൂച്ചെടികളെയും അലങ്കാരചെടികളേയും ആശ്രയിക്കുന്നത് ഒരു സാങ്കേതികവിദ്യക്കും മനുഷ്യന്റെ പ്രകൃതിയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധത്തെ തടുക്കാനാകില്ല എന്നതിന്റെ തെളിവാണ്.
വൃത്തിയുള്ള വീടും, ഓഫീസും, കാറും എല്ലാ മായി പ്രകൃതിയോട് കലഹിച്ചു കഴിയുന്ന മനുഷ്യരില്‍ മാനസീക-ശാരീര അസുഖങ്ങള്‍ അതിഥികളായെത്തുന്നു എന്നത് അംഗീകരിച്ചെ മതിയാവൂ. പ്രകൃതിയെതന്നെ പേടിക്കുന്ന (Biophobia) അവസ്ഥയും സംജാതമായേക്കാം. വൃക്ഷങ്ങളേയും, ജീവികളേയും, പറവകളേയും കാറ്റിനേയും മഴയേയും ഇടിമിന്നലിനേയുമെല്ലാം അമിതമായ ഭയക്കുന്ന ഒരു മനുഷ്യന് ജീവിതം എത്ര ദുഃസ്സഹമായിരിക്കും എന്ന് ഊഹീക്കാവുന്നതേയുള്ളും. ഓരോ സൈക്കോതെറാപ്പി സെന്ററുകളിലും ഇത്തരം ഭയവുമായെത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.
പ്രകൃതിയോടുള്ള ജൈവബന്ധങ്ങള്‍ അറ്റുപോകുമ്പോള്‍ മനുഷ്യന് പ്രകൃതിയെ സംരക്ഷിക്കേണ്ട കടമയും അറ്റുപേകും. പിന്നെ പരിസ്ഥിതി നാശം വരുത്താനുള്ള മനസ്സ് തേടി നമ്മള്‍ അലയേണ്ടതില്ല.
പ്രകൃതിയുമായുള്ള സഹവാസം മാനസീക-ശാരീരിക ആരോഗ്യത്തിന് ഏറ്റവും നല്ല ഔഷധമാണെന്ന തിരിച്ചറിവ് ആണോ നമ്മുടെ സൈബര്‍ കൃഷി കൂട്ടായ്മകളുടെ രഹസ്യമെന്നറിയില്ല. പക്ഷെ ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ഈ ഭൂമിയിലെ നമ്മുടെ സഹജീവജാലങ്ങളോടൊപ്പം കഴിയുന്നത് മനുഷ്യനിലെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഏറ്റവും ഉത്തമമാണെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു.
ഈ സാങ്കേതികയുഗത്തില്‍ തന്നിലെ ആന്തരീകവും ബാഹ്യവുമായ പ്രകൃതിയെ സ്‌നേഹിക്കാന്‍ കഴിയാത്ത മനുഷ്യര്‍ സ്വയം അന്യവത്ക്കരിക്കപ്പെടുകയും, സ്വന്തം ജനിതികത്തില്‍ നിന്നും വിച്ഛേദിക്കപ്പെടുകയുമാണ് ചെയ്യുന്നത്. സര്‍ഗ്ഗവൈഭവത്തെ പരിപോഷിപ്പിക്കാനും, മാനസീകപിരിമുറുക്കം കുറക്കാനും, ചിന്താശക്തിയെ പരിപോഷിപ്പിക്കാനുമെല്ലാം പച്ചപ്പും, പൂക്കളും, തെളിഞ്ഞ അന്തരീക്ഷവും പക്ഷിമൃഗാതികളും എല്ലാം വളരെയധികം സഹായകരമാണ്. അമേരിക്കയിലെ അമീഷ് എന്നറിയപ്പെടുന്ന ഒരു കൂട്ടം ജനങ്ങള്‍ ഇന്നും ആധുനികതയുടെ യാതൊരു ഉത്പന്നങ്ങളും ഉപയോഗിക്കാതെ പ്രകൃതിദത്തമായ സാഹചര്യത്തില്‍ ജീവിക്കുന്നവരാണ്. അവരുടെ ഇടയില്‍ മാനസീക-ശാരീരക ആരോഗ്യപ്രശ്‌നങ്ങള്‍ തുലോം കുറവാണ്. ഇതിനര്‍ത്ഥം നമ്മള്‍ എത്രമാത്രം പ്രകൃതിയില്‍ നിന്നും വിട്ടു നില്ക്കുന്നുവോ അത്രമാത്രം രോഗികളാകും എന്നാണ്. അമീഷുകളെപോലെ നമുക്കാകാന്‍ കഴിഞ്ഞില്ലെങ്കിലും സാങ്കേതികവിദ്യയുടെ ഈ യുഗത്തില്‍ നമ്മുടെ മാനസീകവും ശാരീരികവുമായ 'പ്രകൃതി' യെ നഷ്ടപ്പെടാതെ എങ്ങനെ ജീവിക്കാം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സ്വയം നട്ടുവളര്‍ത്തിയ ഒരു ചെടിയില്‍ ഒരു പൂവ് വിരിയുമ്പോള്‍ നമ്മള്‍ വളരെയധികം സന്തോഷിക്കും. ആ സന്തോഷം നമ്മുടെ സഹജീവികളിലേയ്ക്ക് പടരുക തന്നെ ചെയ്യും. നമുക്ക് കൂടുതല്‍ കൂടുതല്‍ ഊര്‍ജ്ജ്വസ്വലരായി പച്ചക്കറിതേട്ടങ്ങളും പൂന്തോട്ടങ്ങളും വളര്‍ത്താം. അങ്ങനെ നന്മ നിറഞ്ഞ, സന്തോഷം നിറഞ്ഞ മനസ്സുകളുണ്ടാകട്ടെ നമുക്കും നമ്മുടെ ചുറ്റുമുള്ളവര്‍ക്കും.
Thressia N John
Comments
Post a Comment