അമ്മൂമ്മയും ആട്ടിന്‍കുട്ടിയും വിനയയും


അമ്മൂമ്മയും ആട്ടിന്‍കുട്ടിയും വിനയയും



ആ കൊച്ചുകൂട്ടുകാരിയെ നമുക്ക് ''വിനയ'' എന്ന് വിളിക്കാം. സമൂഹത്തില്‍ മാന്യമായ സ്ഥാനവും, ഉയര്‍ന്ന ഉദ്യോഗവും, സാമ്പത്തികമായി ഉയര്‍ച്ചയും ഉള്ള അച്ഛനമ്മമാരുടെ ഏക മകള്‍. എന്‍ജിനീയര്‍ ആയ അച്ഛനും, അധ്യാപികയായ അമ്മയ്ക്കും ഒപ്പമാണ് അവള്‍ എന്റെ ക്ലിനിക്കില്‍ എത്തിച്ചേര്‍ന്നത്. ആരെയോ, എന്തിനെയോ തിരയുന്ന അവളുടെ കണ്ണുകളില്‍ ശോകഭാവം കളിയാടിയിരുന്നു. അവയുടെ ദ്രുതഗതിയിലുള്ള ചലനം കണ്ടപ്പോള്‍തന്നെ കാര്യം അത്ര പന്തിയല്ല എന്നെനിക്കു തോന്നി.
ചിലപ്പോള്‍ ഏതോ ഗാഡമായ ചിന്തകളില്‍ മുഴുകി കുറച്ചു സമയം ഇരിക്കുന്നതും കാണാം. വിനയയുടെ മാതാപിതാക്കള്‍ എന്നോട് സംസാരിക്കുമ്പോള്‍ ആ വിഷയങ്ങളില്‍ ഒന്നും താല്പര്യം കാണിക്കുവാനോ, അതു ശ്രദ്ധിക്കുവാനോ അവള്‍ കൂട്ടാക്കിയതുമില്ല. എല്ലാത്തിനോടും ഒരുതരം ദൈന്യം കലര്‍ന്ന നിസ്സംഗതയായിരുന്നു അവള്‍ക്കു . വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ് അതെന്നു ആ ആറുവയസ്സുകാരിയുടെ പ്രകൃതത്തില്‍നിന്നും എനിക്ക് മനസ്സിലായി. ഏകദേശം സൈക്കാട്രിക് ലെവല്‍ വരെ എത്തിനില്‍ക്കുന്ന ഒരു അവസ്ഥാവിശേഷം എനിക്ക് അവളില്‍ ദര്‍ശിക്കുവാന്‍ സാധിച്ചു.
അക്കഴിഞ്ഞ ക്രിസ്തുമസ് പരീക്ഷവരെ എല്ലാവരോടും വളരെ അടുപ്പവും, സ്നേഹവും , ചുറുചുറുക്കോടെ പ്രകടിപ്പിച്ചിരുന്ന അവളില്‍ വളരെ പെട്ടന്നാണ് മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. ആദ്യമാദ്യം ഉള്‍വലിയുകയും, മൂകയായി ഏകാന്തതയെ പുല്കുകയും ചെയ്തിരുന്ന അവളില്‍, പിന്നീടു സൌമ്യഭാവം കൈവിടുകയും ആ സ്ഥാനം രൂക്ഷഭാവം കയ്യടക്കുകയും ചെയ്തു. ക്ലാസ്സില്‍ ശ്രദ്ധിക്കാതെയായി. പഠനവിഷയങ്ങളില്‍ പിന്നോക്കം പോയി. എല്ലാവരോടും കയര്‍ത്തു സംസാരിക്കുവാന്‍ തുടങ്ങി. അവസാനം മറ്റൊരു വിദ്യാലയത്തിലേക്ക്‌ വിനയയെ മാറ്റുന്നതുവരെയായി കാര്യങ്ങള്‍. എന്നിട്ടും ഫലം കാണാത്തത്കൊണ്ടാണ് അവര്‍ എന്നെ സമീപിക്കുവാന്‍ ഇടയായത്. ഇപ്പോഴത്തെ സമൂഹം ഒരു വിഷയത്തിന്റെ യഥാര്‍ത്ഥകാരണം അറിയുവാന്‍ ശ്രമിക്കാറില്ലല്ലോ. കയ്യക്ഷരം നന്നാവാത്തത്തിനു പേനയെ പഴിചാരുന്ന ശീലം, അതുകൊണ്ടായിരുന്നു വിനയയുടെ വിദ്യാലയമാറ്റം പോലും.

ഏതായാലും നാട്ടിലെ ജ്യോത്സ്യപ്രമാണിമാരും, മന്ത്ര, തന്ത്രവിദ്യകള്‍ പയറ്റുന്നവരും ചേര്‍ന്നു സ്വന്തം കീശയും, ക്ഷേത്രങ്ങളിലെ ഭണ്ടാരവും നിറപ്പിക്കയുണ്ടായി. അതോടെ വിനയയുടെ ശരീരമാകെ ഏലസ്സുകള്‍ കൊണ്ട് നിറഞ്ഞു.
വിനയയുടെ മനസ്സുതുറക്കാനും വിനയയോട് അടുക്കാനും കുറച്ചു വാക്കുകളുടെ കളികള്‍ ആണ് ഞാന്‍ ഉപയോഗപ്പെടുത്തിയത്. വിനയയുടെ മനോനില സൈക്കോതെറാപ്പികൊണ്ട് മാറുന്ന നിലയില്‍ ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തുകയാണ് എന്റെ ആദ്യദൗത്യം. പൂര്‍ണ്ണമായും മനോനില തകരാറിലായിരുന്നില്ല വിനയയ്ക്ക്. സംസാരിച്ചുതുടങ്ങിയപ്പോള്‍ വിനയ തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പേടിയും ആശങ്കയുമെല്ലാം പങ്കുവെക്കാന്‍ തയ്യാറായി.
വിനയയുടെ വീടിന് അടുത്തായി ഒരു വൃദ്ധ താമസിച്ചിരുന്നു. വിനയ പലപ്പോഴും മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് ഈ വൃദ്ധയുടെ വീട്ടില്‍ പോകും. ആ വൃദ്ധമാതാവിന്റെ ഒരു ആട്ടിന്‍കുട്ടിയുമായും വിനയ നല്ല അടുപ്പത്തിലായി. ഇടയ്ക്ക് ഈ വൃദ്ധമാതാവ് വിനയയ്ക്ക് പലഹാരങ്ങള്‍ കരുതിവെക്കുകയും കൊച്ചുകൊച്ചു കഥകളും കളികളും പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഒരുനാള്‍ പതിവുപോലെ സ്‌കൂള്‍ വിട്ടുവന്ന വിനയയ്ക്ക് ആ അമ്മൂമ്മയുടെ വീട്ടിലെ ആള്‍കൂട്ടം കണ്ടപ്പോള്‍ അരുതാത്തത് എന്തോ സംഭവിച്ചു എന്നു മനസ്സിലായി. അത് തന്റെ അമ്മൂമ്മയുടെ വേര്‍പാടാണ് എന്ന വാര്‍ത്ത വിനയയുടെ കുഞ്ഞു മനസ്സിന് താങ്ങാന്‍ പറ്റുന്നതായിരുന്നില്ല. 
ആ മുത്തശ്ശിയുടെ വേര്‍പാടോടെ അവരുടെ ബന്ധുജനങ്ങള്‍ ആ ആട്ടിന്‍ക്കുട്ടിയേയും, മറ്റു ജംഗമ വസ്തുക്കളെയും അവിടെനിന്നും കൊണ്ടുപോകുകയും ചെയ്തു. വൈകിട്ട് സ്കൂള്‍ വിട്ടു വരുന്ന വിനയയുടെ കളിക്കൂട്ടുകാര്‍ ഒരു സുപ്രഭാതത്തില്‍ അവളെ വിട്ടുപോയിരിക്കുന്നു. അച്ഛനും അമ്മയും വരുന്നതു വരെ അവളെ കാത്തുസൂക്ഷിച്ചിരുന്ന ആ ചുളിവുവീണ കൈകളും, നിറപുഞ്ചിരിയോടെ കുഴിയിലാണ്ട കണ്ണുകള്‍കൊണ്ട് അവളെ നോക്കി കഥകള്‍ ചൊല്ലിയിരുന്ന ആ മുത്തശ്ശിയമ്മയും, കുഞ്ഞുമണി കഴുത്തില്‍ ചാഞ്ചാടിയാടുന്ന ആ മണിക്കുട്ടിയും ഓര്‍മ്മകളായി പെയ്തൊഴിഞ്ഞിരിക്കുന്നു. ആ കുഞ്ഞുമനസ്സിന് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മുത്തശ്ശിമാരും, സ്നേഹത്തില്‍ ചാലിച്ചെടുത്തു ചുട്ട പലഹാരങ്ങളും, സാരോപദേശങ്ങള്‍ നിറച്ചുവച്ച മുത്തശ്ശിക്കഥകളും അന്യംനിന്നുപോയ ഇക്കാലത്ത്, മരുഭൂവില്‍ വന്നുവീണ മഞ്ഞിന്‍കണം കണക്കെ വിനയയില്‍ വന്നുനിറഞ്ഞ ആ മുത്തശ്ശിയുടെ വേര്‍പാട്‌ അവളുടെ ബോധമണ്ഡലത്തെ ആകെ കീഴ്മേലായി മറിച്ചു.
പ ക്ഷെ വിനയ തന്റെ മനസ്സിലെ വേദനകള്‍ ആരോടും പറയാതെ സ്വകാര്യമായി നിരന്തരം അമ്മൂമ്മയോട് തിരികെ വരാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അമ്മൂമ്മയുടെ മരണം അംഗീകരിക്കാന്‍ തയ്യാറാകാതെയിരുന്ന ആ കുഞ്ഞുമനസ്സ് പിന്നീടങ്ങോട്ട് സ്‌കൂളില്‍ കൂട്ടുകാരോടൊത്ത് സംസാരിക്കുമ്പോഴും അയല്‍വാസികളോട് സംസാരിക്കുമ്പോഴും മരിച്ചുപോയവരുടെ ആത്മാക്കളെക്കുറിച്ചുള്ള കഥകള്‍ ചോദിച്ചറിയാന്‍ തുടങ്ങി. പതിയെ പതിയെ വിനയയുടെ മനസ്സ് നിറയെ ആത്മാക്കള്‍ കുടിയേറി. പഠിക്കുന്ന ബുക്കുകളോടുണ്ടായിരുന്ന ഇഷ്ടം നഷ്ടമായി. ക്ലാസ്സില്‍ പഠിപ്പിക്കുന്നതൊന്നും കേള്‍ക്കാതെയായി. സ്വയം സംസാരിക്കുന്നത് കൂടി വന്നു.
അയലത്തെ അമ്മൂമ്മയുടെ മരണം സ്വീകരിക്കാന്‍ തയ്യാറാകാത്ത മനസ്സിന്റെ ഒളിച്ചുകളി മാറ്റാന്‍ വലിയ ബുദ്ധിമുട്ടൊന്നും വേണ്ടിവന്നില്ല. നമുക്കു ചുറ്റും ജീവിക്കുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും മത്സ്യങ്ങളുടെയും ആത്മാവുകളെക്കുറിച്ചുള്ള കൊച്ചു കൊച്ചു ചോദ്യങ്ങള്‍ മതിയായി വിനയയുടെ കൊച്ചുമനസ്സിനെക്കൊണ്ട് ചിന്തിപ്പിക്കാനും, മരണമടഞ്ഞ മനുഷ്യരുടെ ആത്മാക്കള്‍ മനുഷ്യസൃഷ്ടിയാണെന്ന് മനസ്സിലാക്കാനും, സ്വയം സന്തോഷത്തോടെ അമ്മൂമ്മയുടെ ആത്മാവിനോട് പ്രതീകാത്മകമായി വിടപറയാനും. വിനയയുടെ മുഖത്ത് പ്രസരിപ്പ് പടരുന്നത് നിറഞ്ഞ ആത്മഹര്‍ഷത്തോടെയാണ് ഞാന്‍ നിരീക്ഷിച്ചത്.
കൗണ്‍സലിംഗ് മുറിയില്‍ നിന്നും വിടര്‍ന്ന മുഖത്തോടെ പുറത്തുവന്ന തങ്ങളുടെ പൊന്നോമനയെ കണ്ടപ്പോള്‍ മാതാപിതാക്കളുടെ കണ്ണുകള്‍ സന്തോഷം കൊണ്ടാവാം നിറഞ്ഞുതുളുമ്പി. അയുക്തികരമായ ചിന്തകള്‍ ഈ കുഞ്ഞുമനസ്സില്‍ കടന്നുകൂടിയതും അയലത്തെ അമ്മൂമ്മയോടുണ്ടായിരുന്ന ആത്മബന്ധവും അടുപ്പവുമൊന്നും മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നില്ല. പലപ്പോഴും കുഞ്ഞുങ്ങളിലെ ചിന്തകളുടെ ഒഴുക്കും അവരുടെ കൂട്ടുകാര്‍ പങ്കുവെയ്ക്കുന്ന പൊടിപ്പും തൊങ്ങലുമുള്ള കഥകളും ഒക്കെ അവരുടെ മനസികാരോഗ്യത്തെ ഹനിക്കുന്നതും യഥാസമയം ചികിത്സിച്ചിട്ടില്ലെങ്കില്‍ അവരുടെ സ്വഭാവികമായുണ്ടാകേണ്ട സ്വഭാവരൂപീകരണം വികലമാക്കപ്പെടുകയും ചെയ്യുന്നത് മാതാപിതാക്കളും സമൂഹവും ശ്രദ്ധിച്ചുയെന്നു വരികയില്ല. അവരുടെ കുഞ്ഞുമനസ്സുകളില്‍ 'ആവാഹിക്കപ്പെടുന്ന' ആത്മാവുകള്‍ ജീവിതാവസാനം വരെ കൊണ്ടുനടന്നുവെന്നുവരാം. അതിനു മേമ്പൊടിയായി സ്വര്‍ഗ്ഗവും നരകവും ഒക്കെ സൃഷ്ടിക്കപ്പെടാം. അങ്ങിനെ ഒരു കുഴിയില്‍ നിന്നും പടുകുഴിയിലേക്ക് പതിക്കുന്നവര്‍ നമുക്കിടയില്‍ ജനിക്കപ്പെടാം. മനസ്സിലാക്കുക നമ്മുടെ കുഞ്ഞുങ്ങളുടെ ചിന്തകളെ.

Thressia N John
Counselling Psychologist
Sahaya's Therapeutic Counselling Centre,
Mulamkadakam, Kollam -12

(M): 8547243223
(L): 04742797223

Comments

Popular posts from this blog

മനസ്സ് പ്രണയം കൈവിട്ടപ്പോള്‍

bullying

അമ്മയുടെ ആര്‍ത്തവവിരാമം