The girl who forgot to sing! (Yukthirekha)

പാടാന്‍ മറന്ന പാട്ടുകാരി



സ്വാഭാവികവും, പ്രകൃതിദത്തവുമായ ഒരു കഴിവിനെ ഉന്മൂലനം ചെയ്യുവാൻ അച്ചടക്കവും, നിയന്ത്രണങ്ങളും ഏർപ്പെടുത്തുമ്പോൾ, അവിടെ നാശോന്മുഖമാകുന്നത് വ്യക്തികളിൽ അടങ്ങിയിരിക്കുന്ന സ്വത്വ ബോധമാണ്.  സ്വത്വം നശിച്ചാൽ അവിടെ കയറിക്കൂടുന്ന ആർജ്ജിതഭാവങ്ങളെ ഉൾക്കൊള്ളുവാൻ മനസ്സ് വിസമ്മതിക്കുകയും, അതിൻ  പ്രകാരം വ്യക്തി കുറ്റവാസനകളിലേക്കോ, ഒറ്റപ്പെടീലുകളിലേക്കോ വഴിമാറുകയോ ചെയ്യും.  അങ്ങനെ വ്യക്തിത്വം നഷ്ടപ്പെട്ട ആൾ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുകയോ, അല്ലെങ്കിൽ അയാളിൽ വന്ന മാറ്റം കണ്ടുകൊണ്ടു സമൂഹം അയാളെ ഒറ്റപ്പെടുത്തുകയോ ചെയ്യും. അങ്ങനെ ജീവിതത്തെ നേരിടുവാൻ കഴിയാതെ അയാൾ ജീവിതത്തിൽ  നിന്നും ഒളിച്ചോടുവാൻ തയ്യാറെടുക്കും. അങ്ങനെ ജീവിതത്തിൽ നിന്നും ഒറ്റപ്പെടീലുകളുടെ ലോകത്തിലേക്ക് കടന്നുവന്ന ഒരു യുവതിയുടെ അനുഭവമാണ് ഞാൻ ഇവിടെ കുറിക്കുവാൻ പോകുന്നത്.
എല്ലാവരെയുംപോലെ വിവാഹത്തിന്റെ ആദ്യനാളുകളിൽ ഉന്മേഷവതിയായിരുന്നു രേണുക. സംഗീതത്തിനോട് അതിയായ അഭിനിവേശം ഉണ്ടായിരുന്ന അവൾക്കു ശാസ്ത്രീയമായി സംഗീതം അഭ്യസിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. അത് തന്റെ പ്രിയതമനോട് അവൾ അവതരിപ്പിക്കുകയും, അയാൾ അതിനുവേണ്ട ഏർപ്പാടുകൾ ചെയ്തുകൊടുക്കുകയും ചെയ്തു. അതിനായി അവൾ നഗര സിരാകേന്ദ്രത്തിൽ ഉള്ള സർക്കാർ സംഗീത കോളേജിൽ സംഗീത പഠനത്തിനായി ചേർന്നു.
നാടൻ പാട്ടുകളും, ശീലുകളും, പ്രകൃതിയിലെ സംഗീതവും അനുഭവിച്ചു പരിചയിച്ച കര്ഷകകുടുംബത്തിലെ രേണുകയ്ക്കു സംഗീതത്തിനെ  കെട്ടിവരിഞ്ഞു  അതിന്റെ സത്തയെ ഊറ്റിയെടുത്ത അച്ചടക്കം വഴങ്ങുന്നതായിരുന്നില്ല.  സ്വാഭാവികമായ ഈണങ്ങൾ താലോലിച്ചുകൊണ്ടു അവൾ സംഗീതപഠനം മുന്നോട്ടുകൊണ്ടുപോയി. അവളുടെ സഹപാഠി കൾക്കു അവൾ എന്നും ഒരത്ഭുതമായിരുന്നു. കാരണം തങ്ങൾ അടുക്കോടെ ചിട്ടപ്പെടുത്തി ആലപിക്കുന്ന പാട്ടുകളെ എത്ര ആയാസരഹിതമായി അതിനേക്കാൾ ഭംഗിയായി, സ്വതന്ത്രമായി രാഗങ്ങളെ  കോർത്തിണക്കി അവൾ പുതിയൊരു രീതിയിൽ അവതരിപ്പിക്കുന്നു. മാമൂലുകൾക്കു കോട്ടം വരാതെ സംഗീതം പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക്  രേണുകയെ അത്രകണ്ട് ഉൾക്കൊള്ളുവാനായില്ല. അവർ അവൾക്കു പരിഹാസശരങ്ങളുടെ പൂച്ചെണ്ടാണ്  സമ്മാനിച്ചത്. പരീക്ഷകളിൽ അവളുടെ ഗ്രേഡ് അവർ കുറച്ചു കളഞ്ഞു. സംഗീത പാരമ്പര്യത്തെ, അവരുടെ അറിവിനെ ചോദ്യംചെയ്യുന്നത് അവർക്കു സഹിക്കുന്നതിലും അപ്പുറത്തുള്ള കാര്യമായിരുന്നു. ഇതോടെ രേണുക മൂകയായി. അവളിൽനിന്നും മൂളിപ്പാട്ടുപോലും അകന്നുപോയി. അവളുടെ മുഖത്തുനിന്നും ചിരി മാഞ്ഞു . സുഹൃത്തുക്കളോടുള്ള അടുപ്പം കുറഞ്ഞു .  അവസാനം പഠനം അവസാനിപ്പിച്ച് അവൾ തന്റെ ഗ്രാമത്തിലേക്ക് തിരികെ വന്നു.
പഴയ രേണുകയായിരുന്നില്ല തിരികെ നാട്ടിൽ എത്തിയത്. ആരോടും എപ്പോളും എന്തിനും ശണ്ഠ കൂടുന്ന ഒരു രേണുക,  ചില നേരങ്ങളിൽ ചെറിയ കാര്യങ്ങൾക്കുപോലും അക്രമാസക്തയാകുന്ന രേണുക, മറ്റുചിലപ്പോൾ താൻ ചെയ്തതോർത്തു പൊട്ടിക്കരഞ്ഞു മാപ്പിരക്കുന്ന രേണുക. അവളിലെ ഭാവഭേദങ്ങൾ കണ്ടു ഭയന്ന് അവളുടെ ഭർത്താവും, അമ്മയുംകൂടി എന്നെ കാണുവാൻ വന്നു. യഥാർത്ഥത്തിൽ അവർക്കറിയില്ലായിരുന്നു അവളിലെ മാറ്റത്തിന്റെ കാരണം. സംഗീതപഠനകാലത്തു  നടന്നതൊന്നും അവൾ അവരെ അറിയിച്ചിരുന്നില്ല. ദിവസങ്ങൾ എടുത്തു ഞാൻ അവളുടെ ബാല്യം മുതലുള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അവളെ അവളുടെ ബാല്യകാലത്തിലേക്കു ഞാൻ കൂട്ടിക്കൊണ്ടുപോയി. അവിടെ ഞാൻ കണ്ടത് പൂമ്പാറ്റകളോടും, തുമ്പികളോടും സല്ലപിക്കുന്ന കുഞ്ഞു രേണുകയെയാണ്. കൊയ്തുനടക്കുന്ന  പാടങ്ങളിലെ കൊയ്തുപാട്ടിന്റെ താളത്തിനോട് ഒത്തുചെർന്നു നൃത്തം വയ്ക്കുകയും, ഈരടികൾ ചൊല്ലുകയും ചെയ്യുന്ന രേണുകയെയാണ്. തൊടിയിൽ ഇരുന്നു കുയിലിന്റെ പാട്ടിനു പിൻവിളി കേട്ട് മറുപാട്ട് പാടുന്ന രരേണുകയെയാണ്.  നിലാവുള്ള രാത്രികാലങ്ങളിൽ മുറ്റത്തുലാത്തുന്ന അച്ഛന്റെ തോളിൽ കിടന്നുകൊണ്ട് ചന്ദ്രനെ നോക്കി കൊഞ്ചിപ്പാടുന്ന രേണുകയെയാണ്. അമ്മയുടെ മടിയിൽ തലയുംവച്ചു  'അമ്മ പാടുന്ന താരാട്ടിന്റെ ഈണത്തിനനുസരിച്ചു മുടിയിഴകളിൽ വിരല്ചുറ്റി നിദ്രയെ വരവേൽക്കുന്ന കുഞ്ഞു രേണുകയെയാണ്. അവളിലെ അവളെ കണ്ടെത്തിക്കൊടുക്കുവാൻ എനിക്ക് സാധിച്ചു. അത് വളരെ ഫലപ്രദവുമായ തീർന്നു.
അങ്ങനെ വളരെക്കാലത്തിനുശേഷം രേണുക തന്റെ ഉള്ളിൽ ഉറക്കികിടത്തിയിരുന്ന സംഗീതത്തെ അതിന്റെ സ്വതന്ത്രമായ എല്ലാ ചാരുതയോടും കൂടി വിളിച്ചുണർത്തി എന്റെ മുന്നിൽ അവതരിപ്പിച്ചു. അതിൽ ഒരു താരാട്ടു പാട്ടിന്റെ മർമ്മരമുണ്ടായിരുന്നു, വേദനയുടെ, വേർപാടിന്റെ നോവുണ്ടായിരുന്നു, പ്രണയത്തിന്റെ ഊർവ്വരതയുണ്ടായിരുന്നു. അവൾ കണ്ണടച്ചിരുന്നു സ്വതസിദ്ധമായ ശൈലിയിൽ ഗാനങ്ങൾ  ആലപിച്ചുകൊണ്ടേയിരുന്നു.നഷ്ടപ്പെട്ടുപോയ  ഗതകാലത്തിൻറെ  , വസന്തത്തിന്റെ , ഗ്രീഷ്മത്തിന്റെ, ശരത് കാലത്തിന്റെ, ശിശിരത്തിന്റെ ,ഹേമന്തത്തിന്റെയെല്ലാം ഒരു നോവ് ഒരു വര്ഷം പോലെ അവളുടെ കണ്ണുകളിൽനിന്നും പെയ്തിറങ്ങി. ഒരു കുഞ്ഞിനെപ്പോലെ അവൾ വിതുമ്പി. അവൾ പഴയ രേണുകയായി മാറി.  ഞാൻ അവളുടെ പ്രിയതമനെ അകത്തേക്ക് വിളിച്ചുവരുത്തി, അവന്റെ കൈകളിലേക്ക് രേണുകയെ ഏൽപ്പിച്ചു. അവന്റെ കണ്ണുകളും നിറഞ്ഞുതുളുമ്പിയിരുന്നു.
ഒരു വ്യക്തിയെ പരിഹസിക്കുമ്പോൾ, എഴുതിത്തള്ളുമ്പോൾ, അവരിൽ ഉള്ള സ്വതസിദ്ധമായ കഴിവുകളെ നാം ജീവനോപാധിക്കുവേണ്ടി ശ്രമകരമായി  അഭ്യസിച്ചെടുത്ത അറിവിന്റെ അളവുകോലുവച്ചു അളന്നു നോക്കുമ്പോൾ, എത്ര വലിയ തെറ്റാണു  നാം സമൂഹത്തോടും  ആ വ്യക്തിയോടും ചെയ്യുന്നത്  എന്നോർക്കുക.  ആന്തരികമായ സ്വാതന്ത്ര്യം നഷ്ടപ്പെട്ട നമുക്ക് എങ്ങനെ ഒരാളെ, ഒരു സ്വതന്ത്രമായ ചിന്തയെ, ഒരു സ്വതസിദ്ധമായ കഴിവിനെ അംഗീകരിക്കുവാൻ കഴിയും.   നമ്മുടെ മനസ്സുകളും, ചിന്തകളും ആർജ്ജിതമായി ലഭിച്ച അറിവിൽ കെട്ടുപിണഞ്ഞു കിടക്കയാണ്. എന്തെന്നാൽ നാം അവയെ ഉപേക്ഷിക്കുവാൻ തയ്യാറല്ല, കാരണം നാം ആ അറിവ് ലഭിക്കുവാൻ  നടത്തിയ ശ്രമങ്ങൾ കഠിനമാണ്, അതിനു നാം ചിലവഴിച്ച പണത്തിനു മൂല്യവും വളരെ വലുതാണ് . അതുകൊണ്ടു ആ അറിവുകൾ സത്യമാണോ എന്ന് ഇഴകീറി പരിശോധിക്കുവാൻ നാം  മിനക്കെടാറില്ല. എന്തെന്നാൽ ആ അറിവുകൾ തെറ്റാണു എന്ന് നാം തിരിച്ചറിഞ്ഞാൽ നാം നടത്തിയ ശ്രമങ്ങൾ എല്ലാം പാഴാണ് എന്ന് തെളിയും. അത് നമ്മളിൽ സംഘർഷങ്ങൾ  സൃഷ്ടിക്കും. അത് നമ്മുടെ മനോനില തകർക്കും, നാം ആ അറിവിൽ കെട്ടിയുയർത്തിയ ബിംബങ്ങൾ തകർന്നു വീഴുന്നത് നമുക്ക് പ്രിയങ്കരമാകില്ല.  അതുകൊണ്ടു നമ്മുക്ക് എല്ലായ്പ്പോഴും രേണുകമാരെ സൃഷ്ട്ടിക്കാൻ കഴിയും, ശരിയായി പറഞ്ഞാൽ  അങ്ങനെ സമൂഹത്തിനു നാം ദോഷജീവികളായി മാറും. ഇനി അതുണ്ടാക്കാൻ പാടില്ല. നാം ഓരോരുത്തരം ഒന്ന് ശ്രദ്ധിച്ചാൽ എത്ര മനുഷ്യ ജീവനുകളെ നമുക്ക് കൈപിടിച്ചുയർത്തുവാൻ കഴിയും. അങ്ങനെയാകട്ടെ വരും  ദിനങ്ങൾ.

Sahaya's Therapeutic Counselling Centre,

Kollam/Kayamkulam
8547243223
0474 2797223

Comments

Post a Comment

Popular posts from this blog

റയാനയുടെ ദുഃഖം

Depression

Affective Realism