കുടുംബം തകര്‍ത്ത ചാനല്‍

കുടുംബം തകര്‍ത്ത ചാനല്‍



വിശ്വാസങ്ങള്‍ക്കും, ആചാര അനുഷ്ടാനങ്ങള്‍ക്കും മനുഷ്യകുലങ്ങളോളം തന്നെ പഴക്കമുണ്ട്. അവയ്ക്ക് ദേശങ്ങള്‍, വര്‍ഗ്ഗങ്ങള്‍, സംസ്കാരങ്ങള്‍ എന്നിങ്ങനെ വേര്‍തിരിവുകളുമുണ്ട്. അതുകൊണ്ടുതന്നെ അവയോരോന്നും നിലനില്‍പ്പിനുവേണ്ടി ശാശ്ത്രീയമോ, അശാസ്ത്രീയമോ ആയ കഥകളെ മെനയുകയും, ആ കഥകള്‍ ഈശ്വര പരിവേഷം നല്‍കി ബിംബങ്ങളെ സൃഷ്ടിക്കുകയും, ആ ബിംബങ്ങള്‍ ശക്തിസ്വരൂപങ്ങളായി ദേവാലയങ്ങളില്‍ പ്രതിഷിച്ചു മാനവമനസ്സുകളെ ഭീദിതമാക്കി ഭരിക്കുകയും ചെയ്യ്തുപോകുന്നു.

അപരിഷ്കൃതമായ കാലഘട്ടങ്ങളില്‍നിന്നും , പരിഷ്കൃതമായ ആധുനിക കാലഘട്ടത്തിലേക്ക് മനുഷ്യന്‍ യുഗങ്ങള്‍ നീണ്ട യാത്രകളില്‍ കൂടി എത്തിച്ചേര്‍ന്നപ്പോള്‍, അവന്‍ ആര്‍ജ്ജിച്ച അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍ അന്ധമായ പല വിശ്വാസപ്രമാണങ്ങളും, ആചാരങ്ങളും അവന്റെ ചിന്തയുടെയും, യുക്തിയുടെയും മലവെള്ളപ്പാച്ചിലില്‍ കടപുഴകി വീണുപോയ ചരിത്രം നമുക്ക് നിഷേധിക്കുവാന്‍ ആകുന്നതല്ല.

എന്നാല്‍ ഭാരതം പോലുള്ള ചിലരാജ്യങ്ങളില്‍ രാഷ്ട്രീയവും, മതാന്ധതയും കൈകോര്‍ക്കുമ്പോള്‍ കാലഹരണപ്പെട്ട ചിന്തകളും, വിശ്വാസങ്ങളും, ആചാരങ്ങളും ശവപ്പറമ്പുകളില്‍നിന്നും ഉയര്‍ത്തെഴുന്നേറ്റു മനുഷ്യമനസ്സുകളില്‍ പുഴുക്കളായി നുരയ്ക്കുന്നു. ആള്‍ദൈവങ്ങള്‍ക്കും, മതരാഷ്ട്രീയ കക്ഷികള്‍ക്കും വോട്ടു ബാങ്കായി മാറുന്ന കേവലം നരജന്മങ്ങളില്‍ എത്രയേറെ ആഘാതങ്ങള്‍ സൃഷ്ടിക്കുവാന്‍ ഇവയ്ക്കു കഴിയുന്നു എന്നുള്ളതോ, എത്ര കുടുംബങ്ങള്‍, കുടുംബ ബന്ധങ്ങള്‍ തകരുന്നതോ ഒന്നും ഒരിക്കലും ഒരു ചര്‍ച്ചാവിഷയമായി സമൂഹത്തില്‍ ഉയര്‍ന്നുവന്നതായി നാം കണ്ടിട്ടില്ല. ഇവിടെ അങ്ങനെ തകര്‍ന്നടിഞ്ഞുപോകുവാന്‍ ആരംഭിച്ച ഒരു കുടുംബത്തെ കൈപിടിച്ചുയര്‍ത്തുവാന്‍ കഴിഞ്ഞ ഒരു അനുഭവം വിവരിക്കാം.

ഈ അടുത്തകാലത്ത്‌ കേരളത്തിലെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ആചാരത്തിന്റെ അലയൊലികള്‍ കേരളമാകെ പടര്‍ന്നുപിടിച്ച ദിവസങ്ങളില്‍ ഒരു ദിനം എന്നെ കാണുവാന്‍വേണ്ടി ഒരു ചെറുപ്പക്കാരന്‍ അയാളുടെ ഭാര്യയുമായി എന്‍റെ അടുക്കലെത്തി. അയാളെ നമുക്ക് ഗിരീഷ്‌ എന്ന് വിളിക്കാം. ഈശ്വരവിശ്വാസവും, ആചാരഅനുഷ്ടാനങ്ങളും പാലിച്ചുപോന്ന ഒരു സാധാരണ കുടുംബമായിരുന്നു അവരുടേത്. അങ്ങനെയിരിക്കെ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു കോടതിവിധി വന്നപ്പോള്‍ ഗിരീഷിന്റെ അമ്മ ഒരു ജാതീയ ചാനലില്‍ നിരന്തരമായി വന്ന കപട വാര്‍ത്തകളെ വിശ്വസിക്കുകയും , അതില്‍ നടന്ന ചര്‍ച്ചകള്‍ കേള്‍ക്കുകയും അവ ധ്വനിപ്പിച്ച മതാന്ധത അവരുടെ ചിന്തകളെ കീഴ്മേലായി മറിക്കുകയും ചെയ്തു. അവര്‍ നിരന്തരം ആ ചാനലില്‍ തന്നെ ദൃഷ്ടികള്‍ പായിച്ചു ഊണും, ഉറക്കവും ഉപേക്ഷിച്ചു കോടതിവിധിയെ അനുകൂലിക്കുന്നവരെ ശാപവാക്കുകള്‍ കൊണ്ടു പൊതിയുകയും ചെയ്തുകൊണ്ട് ദിനങ്ങള്‍ കഴിച്ചുകൂട്ടി.
അങ്ങനെയിരിക്കെ ഒരുദിനം ഗിരീഷിന്റെ ഭാര്യ തമാശരൂപേണ ആയമ്മയോടു ''ആര്‍ത്തവം'' ഇത്രവലിയ ഒരു വിഷയമാണോ അമ്മേ എന്ന് ചോദിച്ചു. അതുമാത്രമല്ല സ്ത്രീകളെ ദര്‍ശിച്ചാല്‍ പോകുന്ന ബ്രഹ്മചര്യമാണോ ഭഗവാന്‍റെതും എന്നുകൂടി ഭംഗ്യന്തരേണ ചോദിക്കയുണ്ടായി. ഇത് അവരുടെ മനസ്സിനെ കലുക്ഷിതമാക്കുകയും, തന്റെ മരുമകള്‍ ആര്‍ത്തവസമയങ്ങളില്‍ പോലും തന്‍റെ മകനുമായി ദമ്പതീക്രിയകള്‍ നടത്താറുണ്ടെന്നും, പൂജാമുറിയില്‍ വിളക്ക് കൊളുത്തല്‍ നടത്തുകയും, ആ ദിവസങ്ങളില്‍ ക്ഷേത്രദര്‍ശനം നടത്താറുണ്ടെന്നും സ്വയം കല്‍പ്പിച്ചു കൂട്ടുകയും ചെയ്തു. ഇതോടെ ആ അമ്മയുടെ മാനസികനില തകരാരിലാകുകയും, തന്റെ മകനൊപ്പം മരുമകളെ കഴിയുവാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന കാര്യങ്ങളിലേക്ക് സംഗതികള്‍ എത്തിച്ചേര്‍ന്നു. അങ്ങനെ ഗിരീഷിനു തത്കാലത്തേക്കെങ്കിലും തന്റെ ഭാര്യയെയും കുട്ടികളെയും അവരുടെ വീട്ടില്‍ കൊണ്ടുചെന്നു വിടെണ്ടാതായും വന്നു. സംഗതിയുടെ ഗൌരവം മനസ്സിലായ ഗിരീഷ്‌ എന്നേ സമീപിക്കയായിരുന്നു.

ആയമ്മയെ എന്റെ അടുക്കല്‍ കൊണ്ടുവരുവാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയ ഞാന്‍ ആയുര്‍വേദവിധിപ്രകാരമുള്ള ഒരു ചികിത്സാ രീതിയില്‍കൂടി അവരുടെ മനോനിലയും, ഉറക്കവും തിരികെകൊണ്ടുവരുവാനുള്ള മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുകയും, അതിന്‍പ്രകാരം ഗിരീഷ്‌ ഏതോ ക്ഷേത്രത്തിലെ പ്രസാദം ആണെന്നു ധരിപ്പിച്ചു ആ മരുന്ന് അവര്‍ക്ക് നല്‍കുകയും ചെയ്തു. അതിനോടൊപ്പം കുറച്ചുകാലം വീട്ടിലെ ടെലിവിഷന്‍ കേബിള്‍ കണക്ഷന്‍ ഞാന്‍ ആവശ്യപ്പെട്ടപ്രകാരം വിഛെദിക്കുകയും ചെയ്തു. ആഴ്ചകള്‍ക്ക്ശേഷം അവരുടെ മനോനില തിരികെ കൈവരുകയും, ഗിരീഷ്‌ അമ്മയുമായി എന്നേ കാണുവാന്‍ എത്തുകയും ചെയ്തു. അപ്പോഴും അവരുടെ ഉള്ളില്‍ സ്ത്രീവര്‍ഗ്ഗം ആശുധരാണു എന്നുള്ള ചിന്ത അതിശക്തിയായിതന്നെ നിലനിന്നിരുന്നു. അതുകൊണ്ട് എന്നെയും ആ കണ്ണുകളില്‍കൂടി മാത്രമേ അവര്‍ക്ക് ദര്‍ശിക്കുവാന്‍ സാധിക്കയുള്ളൂ എന്നറിയാമായിരുന്നതുകൊണ്ട് ഞാന്‍ ദൈവീകപരിവേഷം ചാര്‍ത്തി ഒരു നാടകംപോലും കളിയ്ക്കേണ്ടിവന്നു. അത് വിജയിച്ചു. അവര്‍ എന്നില്‍ വിശ്വാസം അര്‍പ്പിച്ചു. അവരുടെ ഉള്ളില്‍ ആഴത്തില്‍ വേരൂന്നിയിരുന്ന ഓരോ അന്ധവിശ്വാസങ്ങളേയും അതീവ ജാഗ്രതയോടെ പിഴുതെറിഞ്ഞു. തന്റെ തെറ്റുകള്‍ തിരിച്ചറിഞ്ഞ ആയമ്മ എന്റെ മുന്നില്‍ കൈകള്‍കൂപ്പി പൊട്ടിക്കരഞ്ഞു. ആ മനസ്സിലെ വേദനയത്രയും കണ്ണുനീരാല്‍ അവര്‍ കഴുകിയിറക്കി.

തൊട്ടടുത്തദിവസംതന്നെ ആയമ്മ തന്‍റെ പെരക്കുട്ടികളെയും, മരുമകളെയും കൂട്ടി എന്നേ കാണുവാന്‍ വന്നു. അപ്പോഴും കുറ്റബോധത്താല്‍ ആ മുഖം വിളറിയിരുന്നു. താന്‍ തന്‍റെ കുഞ്ഞുകുട്ടികളെപ്പോലും അകറ്റിനിറുത്തിയത് ഓര്‍ത്തു ആ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു. എന്റെ ആശ്വാസവചനം അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു അപ്പോഴേക്കും. അവര്‍ കൈകള്‍വീശി യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ഒരു കുടുംബം രക്ഷപെട്ടതില്‍ ഉള്ള ചാരിതാര്ത്യത്തോടെ ഞാന്‍ അകത്തേക്കുനടന്നു.

ആചാരങ്ങളെക്കാളും, അവയെ വില്‍പ്പനചരക്കാക്കുന്ന വര്‍ഗ്ഗീയ ഭീഭത്സതയും, കപടവാര്‍ത്തകള്‍ രചിക്കുന്ന വിഷംതുപ്പുന്ന മാധ്യമങ്ങളും നമ്മുടെ നാട്ടില്‍ വാഴുന്ന കാലം നമുക്ക് ഈ ഭീകരതയില്‍ നിന്നും രക്ഷനേടാനാവില്ല. നാം നമ്മുടെ രക്ഷയ്ക്കായി സൃഷ്ടിച്ച ഈശ്വരന്മാര്‍ക്ക് നമ്മെ രക്ഷിക്കാനാവില്ല, അവരെയും.....


Sahaya's Therapeutic Counselling Centre,
Mulamkadakam , SMRA:122
KOLLAM-12/ 
8547243223
Madathil clinic, Kayamkulam

0474 3797223

Comments

Popular posts from this blog

മനസ്സ് പ്രണയം കൈവിട്ടപ്പോള്‍

bullying

അമ്മയുടെ ആര്‍ത്തവവിരാമം