ഇന്റര്‍നെറ്റിന്റെ ഇരകള്‍

ഇന്റര്‍നെറ്റിന്റെ ഇരകള്‍ 




ഇന്റര്‍നെറ്റ് എന്നാല്‍ ഗൂഗിളും, ഫേസ്ബുക്കും, വാട്‌സ്ആപ്പും, വിക്കിപീഡിയയും ആമസോണും എല്ലാം ചേര്‍ന്ന് ഒരു സേര്‍ച്ച് എന്‍ജിന്‍ കൊണ്ടുവന്നു തരുന്നതെല്ലാമാണ്. വാസ്തവത്തില്‍ ഇന്റര്‍നെറ്റിന്റെ ചെറിയ ഒരു അംശം മാത്രമായ ഇത് മൊത്തം  ഇന്റര്‍നെറ്റിന്റെ വെറും 4 % മാത്രമുള്ള Surface Web ആണ്.

ഇന്റര്‍നെറ്റിന്റെ 90% വുമുള്ളത് Deep Web ലാണ്. നമ്മുടെ പാസ്‌വേഡുകള്‍, ബാങ്ക് ഇടപാടുകള്‍, ഇ-മെയിലുകള്‍, ചാറ്റ് മെസ്സേജുകള്‍  ബ്ലോഗ് ഡ്രാഫ്റ്റുകള്‍  ഇതെല്ലാം അതില്‍ പെടും. സേര്‍ച്ച് എന്‍ജില്‍ വഴി സേര്‍ച്ച് ചെയ്താല്‍ കിട്ടാത്തവയാണ് ഇത്തരം ഡാറ്റ. 

ബാക്കിയുള്ള 6% ഇന്റര്‍നെറ്റ് ഡാറ്റയും ഉള്ളത് Dark Web എന്നറിയപ്പെടുന്ന ഇരുണ്ട അറകളിലാണ്. ഗ്യാംപ്ലിംഗ്, പാസ്സ്‌വേഡ് ഹാക്ക്, നിരോധിക്കപ്പെട്ട മയക്കുമരുന്ന് വ്യാപാരത്തിന്റെ നിരവധി നിഗൂഡ വഴികള്‍, തോക്ക് വ്യാപാരം, ഹാക്ക് ചെയ്യപ്പെട്ട ബാങ്ക് കാര്‍ഡുകള്‍, കൊലപാതകം, ലൈഗിക അതിക്രമങ്ങള്‍ തുടങ്ങി വിഭ്രാന്തി ജനിപ്പിക്കുന്ന അവിശ്വസനീയവും നിയമവിരുദ്ധവും ക്രൂരവുമായ നിരവധി ഇടപാടുകളുടെ ഒരു മായികലോകമാണ് ഡാര്‍ക്ക് വെബ് എന്നറിയപ്പെടുന്ന 6% വരുന്ന ഈ മായികപ്രപഞ്ചം.  ഈ ഇരുണ്ട വലയില്‍ കുടുങ്ങി കുറ്റവാളികളാകുന്നവര്‍ നിരവധിയാണ്. 

ഏകദേശം ഒരു വര്‍ഷം മുമ്പാണ് ഭാനുമതിയമ്മ എന്നെ ഫോണില്‍ വിളിച്ചത്.  പേടിച്ച് പേടിച്ച് ആണ്  ആദ്യം സംസാരിച്ചു തുടങ്ങിയത്.  വയസ്സ് 70 ആയി. തന്റെ മകളുടെ മകനായ സുമേഷിനൊപ്പമാണ് താമസിക്കുന്നത്. മകളും മരുമകനും ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. 10-ാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ആണ് സുമേഷ് ഭാനുമതിയമ്മയോടൊപ്പം വന്നു താമസിക്കാന്‍ തുടങ്ങിയത്. ഭര്‍ത്താവ് മരിച്ചതിന് ശേഷം ഭാനുമതിയമ്മ വളരെ കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്. തനിച്ചെങ്കിലും സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഭാനുമതിയമ്മയുടെ കൂടെ കൊച്ചുമകന്‍ വന്നു താമസിക്കാന്‍ തുടങ്ങിയതോടെ പ്രശ്‌നങ്ങളായി.  +1 ക്ലാസ്സിലായിരുന്നപ്പോള്‍ പയ്യന്‍ ക്ലാസ്സില്‍ കയറാതെയായി. പരാതികള്‍ ഭാനുമതിയമ്മയെ തേടിയെത്തിത്തുടങ്ങി.  ഭാനുമതിയമ്മയ്ക്ക് തീരെ പരിചിതമല്ലാത്ത മൊബൈല്‍ ഫോണിന്റെ ലോകവും  അതിലെ ഇരുണ്ട വഴികളിലൂടെ സഞ്ചരിക്കുന്ന കൊച്ചുമോനും  തലവേദനയായി.  അതോടൊപ്പം തന്നെ കൊച്ചു പെണ്‍കുട്ടികളുമായുള്ള കറങ്ങലുകളും അതില്‍ ചിലരുടെ കിടപ്പറയില്‍ നിന്നും പിടികൂടുന്ന അവസ്ഥ കൂടി ആയപ്പോള്‍ നാട്ടുകാര്‍ക്ക് മുന്നില്‍ ഭാനുമതിയമ്മ ഒരു കുറ്റവാളിയായി.

ഭാനുമതിയമ്മയ്ക്ക് താന്തോന്നിയായ തന്റെ കൊച്ചുമകനെ കൗണ്‍സലിംഗിന് വിളിച്ചുകൊണ്ടുവരാന്‍ പറ്റുമായിരുന്നില്ല.  ആരെങ്കിലും പറഞ്ഞാല്‍ കേള്‍ക്കുന്ന സ്വഭാവമല്ല അവന്റേത്. വീട്ടിലെ വസ്തുക്കള്‍ തല്ലിപ്പൊട്ടിക്കുക, വിവസ്ത്രനായി നടക്കുക, അട്ടഹസിക്കുക അങ്ങനെ പറയാന്‍ പറ്റാത്തവിധത്തിലുള്ള പെരുമാറ്റവൈകൃതങ്ങള്‍ ആണ് സുമേഷില്‍.  താന്‍ കൊല്ലപ്പെടും എന്ന ഭയം ഭാനുമതിയമ്മയുടെ ഉറക്കം കെടുത്തി. സുമേഷിന്റെ സ്വഭാവവൈകല്യങ്ങളെ കുറിച്ച് ഭാനുമതിയമ്മ മകളോടും മരുമകനോടും പറഞ്ഞാല്‍ അവര്‍ക്ക് അത് മനസ്സിലാകുമായിരുന്നില്ല. മകനാണോ അതോ അമ്മയ്‌ക്കോ പ്രശ്‌നം എന്നവര്‍ സംശയിച്ചു. കാരണം വളരെ വിദഗ്ദമായി അവന്‍ തന്റെ യഥാര്‍ത്ഥമുഖം അവരില്‍ നിന്നും ഒളിച്ചുവെച്ചു.

ഒരു ദിവസം രാത്രിസഞ്ചാരം കഴിഞ്ഞെത്തിയ സുമേഷിന്റെ വസ്ത്രത്തില്‍ രക്തത്തിന്റെ പാടുകള്‍ കണ്ടപ്പോള്‍ ഭാനുമതിയമ്മയുടെ സര്‍വ്വ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു.  കയര്‍ത്തു സംസാരിച്ച അവരെ സുമേഷ് അതിക്രൂരമായി ഉപദ്രവിച്ചു.  എങ്ങനെയോ സംഭവം  അറിഞ്ഞെത്തിയ നാട്ടുകാര്‍ തീര്‍ത്തും അവശയായ അവരെ ആശുപത്രിയിലാക്കി. സുമേഷിനെ പിടിച്ചുകെട്ടി ഡി അഡിക്ഷന്‍ സെന്ററിലുമാക്കി.  ഒരു മാസത്തെ ഡി അഡിക്ഷന്‍ സെന്ററിലെ വാസത്തിനൊടുവില്‍ സുമേഷ്  വീട്ടില്‍ തിരികെയെത്തി.  തിരികെയെത്തിയ ദിവസം തന്നെ ഭാനുമതിയമ്മ കൊച്ചുമോനെയും കൂട്ടി ക്ലിനിക്കിലെത്തി. 

ഇന്ത്യയും സുമേഷ് ജനിച്ച് വളര്‍ന്ന കുവൈറ്റും തമ്മിലുള്ള വ്യത്യാസമെന്തെന്ന എന്റെ ചോദ്യം സുമേഷിനെ വാചാലനാക്കി.  തന്റെ കൂട്ടുകാരെക്കുറിച്ച്, സ്‌കൂളിനെക്കുറിച്ച്, അദ്ധ്യാപകരെക്കുറിച്ച് എല്ലാം സുമേഷ് സംസാരിച്ചുകൊണ്ടെയിരുന്നു.  സംസാരം ഇന്റെര്‍നെറ്റിനെക്കുറിച്ചും ഏറ്റവും ഇഷ്ടപ്പെടുന്ന ഗെയിമുകളെക്കുറിച്ചുമായപ്പോള്‍ സുമേഷ് പൂര്‍ണ്ണമായും മനസ്സുതുറന്നുപോയി.  

പത്താം ക്ലാസ്സ് വരെ പഠിക്കാന്‍ ബഹുമുടുക്കനായിരുന്നു. എന്‍ജിനീയറായ തന്റെ അച്ഛനെക്കാള്‍ നല്ല എന്‍ജിനീയറാവണം. വാസ്തുവിദ്യയില്‍ തന്റതായ കൈയ്യൊപ്പു പതിപ്പിക്കണം തുടങ്ങി ആഗ്രഹങ്ങളുടെ രമ്യഹര്‍മ്മ്യങ്ങള്‍ പലതും സുമേഷ് കെട്ടിപ്പൊക്കിയിരുന്നു. നാട്ടിലെ സ്‌കൂളില്‍ അഡ്മിഷന്‍ എടുത്തുകഴിഞ്ഞാണ് സുമേഷിന് സ്വന്തമായി മാതാപിതാക്കള്‍ സെല്‍ഫോണ്‍ വാങ്ങിക്കൊടുത്തത്.  അതോടെ സുമേഷ് ഇന്റര്‍നെറ്റിലെ പരീക്ഷണനിരീക്ഷണങ്ങള്‍ തുടങ്ങുകയായി.  മറ്റുകുട്ടികളെപ്പോലെ സുമേഷും MMORPG ഗ്രൂപ്പില്‍പ്പെട്ട ഏറ്റവും ചലഞ്ചിംഗ് ഗെയിമുകള്‍ കളിക്കാന്‍ തുടങ്ങി.  സുമേഷിന് അങ്ങനെ വര്‍ച്ച്വല്‍ ലോകത്ത് വിസ്മയങ്ങളുടെ പുതിയ വാതായനങ്ങള്‍ തുറന്നുകിട്ടി. ബിറ്റ്‌കോയില്‍ നിരന്തരം ഉപയോഗിച്ച് ഗെയിം ക്യാരക്ടറിന് വേണ്ട ഗണ്ണുകള്‍ക്കും വസ്ത്രങ്ങള്‍ക്കും വേണ്ടി ആദ്യമായി തന്റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു. കൊലപാതകങ്ങളുടെ, ക്രൂരമായ ലൈംഗികഅധിക്രമങ്ങളുടെ  മറ്റു പീഢനങ്ങളുടെ വീഡിയോകള്‍ സുമേഷിന് ഹരമായി.  Dark net ലെ Silk Road ല്‍ ആരെന്നോ ഏതെന്നോ അറിയാത്ത മയക്കുമരുന്ന് വ്യാപാരത്തിന്റെ കണ്ണിയാകാനും സാത്താന്‍ ആരാധകരുടെ ചങ്ങലയില്‍ കയറികൂടാനും സുമേഷിന് രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല.  ഭാനുമതിയമ്മയുടെ വീട്ടിലെ ദൈവവിഗ്രഹങ്ങളെ വലിച്ചെറിഞ്ഞ് അവിടെ ചെകുത്താന്റെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരുന്നു.   തങ്ങളുടെ ഗ്യാംഗിലെ ഒരാള്‍ കരാര്‍ തെറ്റിച്ചപ്പോള്‍ ആ പയ്യന്റെ കൈയ്യില്‍ ബ്ലേഡുകൊണ്ട് കോറിയപ്പോള്‍ തെറിച്ച രക്തമാണ് സുമേഷിന്റെ വസ്ത്രത്തില്‍ മുമ്പ് തെറിച്ചുവീണത്. 

നിഗൂഢതകളുടെ, കുറ്റകൃത്യങ്ങളുടെ ലോകത്ത് കണ്ണിയാവുന്ന ഏതൊരു വ്യക്തിയും ആദ്യമെടുക്കുന്ന ശപതം; ഒറ്റുകൊടുക്കരുത് എന്നതാണ്.  ഭാനുമതിയമ്മയോടൊപ്പം എന്റെ മുമ്പിലെത്തിയ സുമേഷ് അത് ഓര്‍ക്കാതെയാണ് തനിക്ക് എന്താണ് സംഭവിച്ചതെന്ന് വിവരിച്ചത്.  പക്ഷെ പറഞ്ഞുകഴിഞ്ഞപ്പോള്‍  ഒരു അദൃശ്യന്‍ തന്നെ വധിക്കും എന്ന് സുമേഷിന് പേടിയായി.  ഇന്റെര്‍നെറ്റിന്റെ ഇരുണ്ട അറകളില്‍ Murder for Hire സാധാരണ നടക്കുന്ന സംഭവമാണ്. ഏതൊരാളെയും വധിക്കാനും ഏതൊരു കുറ്റകൃത്യവും ചെയ്യാനുമുള്ള  മനോനിലയിലേയ്ക്ക് എത്തപ്പെട്ട സുമേഷിനെ ഭയം ഗ്രസിച്ചു്തുടങ്ങി. 

നിരവധി മാസങ്ങളെടെ കഠിമപ്രയക്തം വേണ്ടിവന്നു സുമേഷിന് ഒരിക്കല്‍ നഷ്ടപ്പെട്ട തന്റെ വ്യക്തിത്വം വീണ്ടെടുക്കാന്‍. കൗണ്‍സലിംഗിലുടനീളം  സുമേഷിന്റെ മാതാപിതാക്കളുടേയും, ഭാനുമതിയമ്മയുടേയും, അദ്ധ്യാപകരുടേയും കൂട്ടായ സഹകരണം ഏറെ ഗുണം ചെയ്തു.  

അറിഞ്ഞോ അറിയാതെയോ നിയമവിരുദ്ധമായ ജീവിതരീതിയില്‍ എത്തപ്പെടുന്നവരുടെയും അങ്ങനെ പ്രകൃതിവിരുദ്ധരും, കുറ്റവാളികളും ആകുന്നവരുടെയും എണ്ണം സമൂഹത്തില്‍ കൂടിവരികയാണ്.  ഒരിക്കല്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയ്ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ട ഇന്റര്‍നെറ്റിന്റെ ഇരുണ്ട അറകളില്‍ ഇന്ന് കുരുതികൊടുക്കപ്പെടുന്ന ജീവിതങ്ങള്‍ നിരവധിയാണ്.  മൊബൈല്‍ഫോണ്‍ എന്ന സുന്ദരവസ്തുവില്ലെങ്കില്‍ ജീവിതം ഇന്ന് ദുഃസഹമാണ്. പക്ഷെ ഇതിന്റെ ആരോഗ്യകരമായ ഉപയോഗത്തെക്കുറിച്ച് ഓരോ ഉപഭോക്താവും അറിഞ്ഞിരിക്കേണ്ട അത്യാവശ്യകാര്യങ്ങള്‍ ഗോപ്യമായി വെക്കുന്നതോ അതോ വെളിപ്പെടുത്തുന്നതോ നല്ലതെന്ന് നമ്മള്‍ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.  



Thressia N John
Counselling Psychologist
Sahaya's Therapeutic Counselling Centre,
Kayamkulam/ Kollam
8547243223, 0474 2797223 

Comments

Popular posts from this blog

മനസ്സ് പ്രണയം കൈവിട്ടപ്പോള്‍

Active Entertainment and Passive Entertainment

bullying