ലഹരിയും ആസക്തിയും
ലഹരിയും ആസക്തിയും
ഇന്നത്തെക്കാലത്ത് ഏറ്റവും കൂടുതല് ചര്ച്ചകള്ക്കു വഴിമരുന്നിടുന്ന സമകാലിക വിഷയമായി ലഹരി എന്ന പദം മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിനെ ഒരു പുരുഷകേന്ദ്രീകൃത വിഷയമായാണ് പലപ്പോഴും തെറ്റിധരിക്കപ്പെട്ടിട്ടുള്ളതും, സ്ത്രീപക്ഷ കര്മ്മോകന്മുഖരായിട്ടുള്ളവരെല്ലാം തന്നെ മുന്വിധികളോടെ നോക്കിക്കാണുന്നതും.
നമ്മുടെ നാടിന്റെ ഉള്ളതോ, അതോ ഇല്ലാത്തതോ ആയ, അതോ ഉണ്ടെന്നു മേനിപറയുന്ന ഒരു സംസ്കാരവും, ജീവിതസാഹചര്യങ്ങളും വച്ചുകൊണ്ട്, സ്ത്രീകള്ക്ക് നമ്മള് ഉദ്ദേശിക്കുന്ന അല്ലെങ്കില് നിരന്തരം ചര്ച്ചകള്ക്കു വിധേയമാകുന്ന ''ലഹരിപദാര്ത്ഥങ്ങള്'' എന്ന വസ്തുവിനെ എളുപ്പത്തില് പ്രാപ്യമാകുന്ന ഒരു സാഹചര്യം ഇല്ലാത്തതിനാലാണ് ഈ വസ്തുക്കളെയും അവയുടെ ഉപഭോഗത്തെയും പുരുഷകേന്ദ്രീകൃതമായി ചിത്രീകരിച്ചു പോകുന്നതും.
അടുത്തകാലത്ത് ഇതിനു ചില മാറ്റങ്ങള് കണ്ടുതുടങ്ങിയിരിക്കുന്നു. സ്ത്രീ പുരുഷനോടൊപ്പം എത്തപ്പെടുവാന് വേണ്ടി കഠിനമായി പരിശ്രമിക്കുമ്പോള് അവള് തനിക്കുണ്ടായിരുന്ന സ്വാഭാവികമായ സ്വത്വത്തെ പലപ്പോഴും അവഗണിക്കുകയും ചെയ്യുമ്പോള്, അവള് ഈ സ്വയം ഒരു ഉപഭോഗ വസ്തുവായി മാറുകയും, ലഹരിവസ്തുക്കളുടെ ഉപഭോക്താവ് ആയി മാറുകയും ചെയ്യുന്നു. പുരുഷനോടൊപ്പം എത്തിപ്പെട്ടപ്പോള് അവള് വളരുകയായിരുന്നുവോ അതോ തളരുകയായിരുന്നുവോ എന്നത് ചിന്തനീയമായ ഒരു വിഷയം തന്നെയാണ്.
ഇവിടെ നമ്മള് മേല്പറഞ്ഞ ''ലഹരികള്'' ഇതില് പ്രധാനപങ്ക് വഹിക്കുന്നതായി കാണാം. പ്രത്യക്ഷത്തില് കാണുന്നവയും, കാണാത്തവയുമായി ലഹരിപദാര്ഥങ്ങളെ തരംതിരിക്കുന്നത് നന്നായിരിക്കും. അങ്ങനെ തരംതിരിച്ചാല് ലിംഗഭേദമെന്യേ, എല്ലാ വിഭാഗം മനുജരും ഈ ലഹരിയുടെ പരിധിയില് ഉള്പ്പെടുന്നതായി നമുക്ക് കാണാവുന്നതാണ്. ഒരുപക്ഷേ എല്ലാറ്റിന്റെയും ആധിക്യം അപകടങ്ങള് ക്ഷണിച്ചുവരുത്തുന്നവയുമാണ്. അവയുടെ സ്വഭാവംപോലെ തന്നെയായിരിക്കും അവയുടെ പ്രകൃതവും. എന്നുവച്ചാല് പ്രത്യക്ഷമായോ, പരോക്ഷമായോ അപകടങ്ങള് ക്ഷണിച്ചുവരുത്തുന്നവയായിരിക്കും ഇവയെല്ലാം തന്നെ.
പ്രത്യക്ഷത്തില് ദര്ശിക്കുന്നവയായ മദ്യം, മയക്കമരുന്ന്, സിഗരറ്റ്, പാന്മയസാല തുടങ്ങിയവയും മറ്റു അനുബന്ധ വസ്തുക്കളും ഇവയുടെ ഉപഭോഗവും താരതമ്യേന ക്ഷിപ്രകോപങ്ങള്ക്കും, അബോധമായ മനസ്സുകളാല് പ്രകടിപ്പിക്കുന്ന അപകടങ്ങള്ക്കും പ്രധാനമായി കാരണമാകുന്നു. ഈവക വസ്തുക്കള് പുരുഷനുമാത്രം കൈപ്പിടിയില് ഒതുക്കുവാന് പറ്റുന്ന ഒരു സാഹചര്യം നമ്മുടെ നാട്ടില് ഉള്ളതിനാല് പാശ്ചാത്യരാഷ്ട്രങ്ങളെ അപേക്ഷിച്ചു ഇതിന്റെ ഉപഭോഗം നമ്മുടെനാട്ടില് സ്ത്രീകളില് തുലോം കുറവായാണ് കാണപ്പെടുന്നതു. അതുകൊണ്ടുതന്നെ ഇവിടെ നടക്കുന്ന ചര്ച്ചകള് ഒരുവിഭാഗത്തെമാത്രം കേന്ദ്രീകരിച്ചുള്ളവയും ആയി മാറുന്നതും.
ഏറ്റവുംകൂടുതല് ചര്ച്ചചെയ്യപ്പെടേണ്ട വിഷയമായ പരോക്ഷലഹരി പദാര്ത്ഥങ്ങളുടെ അമിതമായ ഉപഭോഗത്തെക്കുറിച്ചുള്ള പഠനവും, അവ വരുത്തിവയ്ക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും നിരന്തരം നമ്മള് അവഗണിച്ചുപോകുന്നു. അതിനു കാരണം പ്രത്യക്ഷ ലഹരിയുടെ വ്യാപാര മാഫിയയെക്കാള് വളരെ വലിയ ശൃംഗലയാണ് പരോക്ഷലഹരിയുടെ വ്യാപാരികളുടേതു. നിയമനിര്മ്മാ ണസഭകളും, ഭരണച്ചക്രങ്ങളും ഇവരുടെ കൈകളിലാണ് എത്തപ്പെട്ടിരിക്കുന്നത് , അതുകൊണ്ടുതന്നെ നിയമംകൊണ്ട് ഇവരെ നിയന്ത്രിക്കുവാന് ആര്ക്കും സാധ്യമല്ല.
ഏതാണ് പരോക്ഷലഹരി പദാര്ത്ഥങ്ങള് എന്നിവയെന്നു നമുക്ക് ഒന്ന് നോക്കാം. മൊബൈല്ഫോണ്, കമ്പ്യൂട്ടര്, ടെലിവിഷന് അങ്ങനെ നീളുന്ന ഇലക്ട്രോണിക്ക് വസ്തുക്കളോടുള്ള അമിതമായ പ്രണയം. രാഷ്ട്രീയപ്രസ്ഥാനങ്ങളോടുള്ള അമിതമായ വിധേയത്വം. ചില ആശയങ്ങളോടുള്ള അതിതീവ്രമായ ആരാധന. അധികാരങ്ങളോടുള്ള അടങ്ങാത്ത ലഹരി. മതങ്ങള് സ്വര്ണ്ണ തളികകളില് വച്ചുനീട്ടുന്ന ലഹരിനിറഞ്ഞ , പ്രബോധനങ്ങളോടും,ബിംബങ്ങളോടും, അവ ധരിക്കുവാന് പ്രേരിപ്പിക്കുന്ന മനസ്സുകള് സൃഷ്ടിക്കുന്ന അവസ്ഥയെ പുണരുന്നവരായി മാറുകയെന്ന ലഹരി . രാഷ്ട്രീയ -- ചലച്ചിത്ര മേഖലകളില് വിരാജിക്കുന്ന കപടവ്യക്തിത്വങ്ങളെ ആരാധിക്കുന്ന മനസ്സുകളുടെ ഉടമകളായി തീരുക എന്ന വിധേയത്വം. ആത്മീയ ആചാര്യരെന്നു സ്വയം പുകഴ്ത്തി കപട ഭക്തിയുടെ ഉറവിടങ്ങള് തീര്ത്ത് കൂണുകള്പോലെ മുളച്ചുപൊന്തിയ അശാന്തിയുടെ കൂടാരങ്ങളില് ജീവിതം ഹോമിക്കുവാന് വെമ്പല് കൊള്ളുന്ന മനസ്സിന്റെ ലഹരി. ഇവയൊക്കെയാണ് പ്രത്യക്ഷ ലഹരികളേക്കാള് അപകടകാരികളായി പലപ്പോഴും മാറുന്നത്.
ഏറ്റവും വിനാശകാരികള് ആയി മാറുന്നത് മേല്പ്പറഞ്ഞ ഈ ലഹരികളെ പ്രണയിക്കുന്നവരാണ്. ലോകചരിത്രമെടുത്താല് നമുക്ക് ബോധ്യമാകുന്ന ഒരുവസ്തുത ലോകമഹായുദ്ധങ്ങള്ക്കു കാരണഭൂതരായവര് മുതല് സ്വന്തം മാതാപിതാകളെ ചുട്ടുകൊല്ലുന്ന നവ അസുരന്മാര് വരെ ഈ ലഹരിയുടെ അടിമകള് ആണെന്നുള്ളതാണ്.
Thressia N John
Psychotherapist
Kayamkulam/Kollam
8547243223/0474 2797223
Comments
Post a Comment