അല്ലിയുടെ ശരീരത്തിലെ താക്കോല്‍ക്കൂട്ടം
ഒരു മദ്ധ്യവേനലവധിക്കാലം. തട്ടമിട്ട ഒരു മൊഞ്ചത്തിക്കുട്ടി അവളുടെ മാതാപിതാക്കളുമായി എന്നെ കാണുവാന്‍ എത്തി. ആ പന്ത്രണ്ടുകാരിയുടെ സുന്ദരമായ മുഖത്തുനിന്നും ഞാന്‍ ആഗ്രഹിച്ചപോലെയുള്ള കുട്ടിത്തവും, നിറഞ്ഞ പുഞ്ചിരിയും എനിക്ക് കാണുവാന്‍ ആയില്ല. ആ സുന്ദര മുഖം വളരെ ഗൌരവതരം ആയിരുന്നു. ചോദിച്ചാല്‍ മാത്രം എന്തെങ്കിലും മൊഴിയുന്ന ചുണ്ടുകള്‍. ചുറ്റിലും ആകാംഷ കലര്‍ന്ന ഭയത്തോടെ എന്തിനെയോ തിരയുന്ന കണ്ണുകള്‍. എന്തായാലും എനിക്ക് എന്തോ പന്തികേട് തോന്നിയിരുന്നു അവളെ കണ്ട മാത്രയില്‍. അവളെ നമുക്ക് ''അല്ലി'' എന്ന് വിളിക്കാം.[ശരിയായ പേര്‍ അതല്ല]
അല്ലിയുടെ മാതാപിതാക്കളുമായി ആയിരുന്നു ആദ്യ സെഷന്‍ തുടങ്ങിയത്. വളരെ പ്രസരിപ്പും, പഠനത്തില്‍ നല്ല താല്‍പര്യവും ഉള്ള കുട്ടിയായിരുന്നു അവളെന്ന് അവളുടെ മാതാപിതാക്കള്‍ പറഞ്ഞു. പക്ഷെ വളരെ തീവ്രമായ ഈശ്വരവിശ്വാസവും, ആചാരവും, മതചിന്തകളാലും മനസ്സ് ബന്ധിക്കപ്പെട്ടിരിക്കുന്ന ഒരു കുടുംബമായിരുന്നു അവരുടേത്. മറ്റു മതത്തിലുള്ള കുട്ടികളുമായി കൂട്ടുകൂടാനോ, അന്യമതങ്ങളെയോ അവരുടെ ആചാരങ്ങളേയോ ബഹുമാനിക്കുവാന്‍ കഴിയാത്തവണ്ണം അവളുടെ മാതാപിതാക്കളും, പൗരോഹിത്യസമൂഹവും അവളിലെ ബാല്യത്തെ കെട്ടിവരിഞ്ഞുകഴിഞ്ഞിരുന്നു. വളരെ സാവധാനം അവള്‍ ഭയമെന്ന വികാരത്തിന് അടിമയായി തീര്‍ന്നു. അവളുടെ സുഹൃത്തുക്കളെ അവള്‍ മതത്തിന്‍റെ പേരില്‍ അകറ്റിനിറുത്തി. സ്വസമൂഹത്തില്‍ നിന്നും മാത്രം സുഹൃത്തുക്കളെ കണ്ടെത്തുവാന്‍ അവളുടെ മതം അവളെ പഠിപ്പിച്ചു. പിന്നീടുള്ള ദിവസങ്ങള്‍ അല്ലിക്ക് സംഘര്‍ഷത്തിന്റെതായിരുന്നു.
പഠനത്തിലുള്ള അല്ലിയുടെ ശ്രദ്ധ കുറഞ്ഞുവന്നു. ആ ദിവസങ്ങളില്‍ ഒരു ദിവസം ഹൈന്ദവ വിശ്വാസിയായ അവളുടെ ഒരു സുഹൃത്ത് മൂകംബികയിലോ മറ്റോ പോയിവന്നിട്ടു അവിടുത്തെ പ്രസാദം അല്ലിക്കും മറ്റുകൂട്ടുകാര്‍ക്കും കഴിക്കുവാന്‍ കൊടുത്തു. ആദ്യം അല്ലി അത് നിരസിച്ചെങ്കിലും അതിന്റെ സ്വാദിനേയും, അത് ഭക്ഷിച്ചാല്‍ ബുദ്ധി വളരും എന്നുള്ള മറ്റു കൂട്ടുകാരുടെയും വര്‍ണ്ണനകള്‍ കേട്ടപ്പോള്‍ അല്ലി അതില്‍ ഒരല്‍പം ഭക്ഷിക്കുകയും ചെയ്തു. അത് ഭക്ഷിച്ചതില്‍ അവള്‍ക്കു വലിയ അപാകത ഒന്നും തോന്നിയും ഇല്ലായിരുന്നു. അതിനാല്‍ തന്നെ അവള്‍ ഇക്കാര്യം അവളുടെ ഉമ്മയോട് പറയുകയും ചെയ്തു. ഇത് അവളുടെ വീട്ടില്‍ അതിഭയങ്കരമായ പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ചു. അവര്‍ നേരെ അവളേയുംകൊണ്ട് ഒരു ഉസ്താദിന്റെ അടുക്കല്‍ എത്തുകയും അയാള്‍ എന്തൊക്കെയോ മന്ത്രങ്ങള്‍ ഒതിക്കൊണ്ട് ഒരു പൊതി അവരെ ഏല്‍പ്പിച്ചു. അത് ഒരുതരം ഭസ്മം ആയിരുന്നു. വീട്ടില്‍ എത്തിയപാടെ അവളുടെ മാതാപിതാക്കള്‍ അവളില്‍ ബാധിച്ചിരിക്കുന്ന ജിന്നിനെ പുറത്തുകളയുവാന്‍ വേണ്ടി അവള്‍ക്കു അത് പാലില്‍ കലക്കി കൊടുക്കുകയും, അല്ലി അത് കഴിച്ചു ചര്‍ദ്ദിച്ചു അവശയാകുകയും ചെയ്തു.
ഈ സംഭവത്തിന് ശേഷം അവള്‍ അശേഷം അന്യമതസ്ഥരുമായി വ്യക്തമായ ഒരു അകലം പാലിച്ചു. അതുമാത്രമല്ല അന്നുമുതല്‍ അവളുടെ ഉള്ളില്‍ കയറിക്കൂടിയ ജിന്നെന്ന സമുദായ പ്രേതം നാള്‍ക്കുനാള്‍ അവളുടെ തലച്ചോറിനെ കാര്‍ന്നുതിന്നുതുടങ്ങി. അതോടെ ഭയം, പഠിത്തത്തില്‍ ഉള്ള താല്പര്യമില്ലായ്മ, ഉറക്കമില്ലായ്മ എന്നിവ അവളുടെ സുഹൃത്തുക്കളായി മാറിക്കഴിഞ്ഞു. പിന്നീടങ്ങോട്ട് നേര്‍ച്ചയും, വഴിപാടുകളുമായി അവര്‍ മുട്ടാത്ത പള്ളിവാതിലുകളില്ല, ദക്ഷിണവച്ചു നമസ്കരിക്കാത്ത ഉസ്താദുമാരും, ആഭിചാരകര്‍മ്മം ചെയ്യുന്ന മന്ത്രവാദികളും ഇല്ല. അവസാനം ജാതിയും, മതവും നോക്കാതെ എന്നെ തേടിവരുമ്പോള്‍ അവള്‍ ഏതാണ്ടു സൈക്കിക്ക് ആയിമാറുവാനുള്ള എല്ലാം തികഞ്ഞിരുന്നു.
ഏതാണ്ട് നല്ല ശ്രമകരമായിരുന്നു അവളുടെ ശ്രദ്ധയെ പിടിച്ചു പറ്റുവാനും, അവളുടെ മനസ്സിനെ ഏകാഗ്രമാക്കുവാനും. അവസാനം മണിക്കൂറുകള്‍ തന്നെ വേണ്ടിവന്നു അവളിലെ ഏകാഗ്രതയെ പുറത്തുകൊണ്ടുവരുവാന്‍. ഇനി കാര്യങ്ങള്‍ അത്ര ശ്രമകരം ആകില്ല എന്ന് മനസ്സിലായി. ഇനി അവളെ അവളുടെ നല്ല നാളുകളിലേക്ക് തിരികെ കൊണ്ടുപോകണം. സംഘര്‍ഷമില്ലാത്ത, പ്രകൃതിയെ, ജീവജാലങ്ങളെ സ്നേഹത്തോടെ കണ്ടിരുന്ന ആ കുഞ്ഞുന്നാളിലേക്കു, മതത്തിന്‍റെ വിഷം നിറയാത്ത ശുദ്ധവായൂ ശ്വസിച്ചിരുന്ന ആ സുന്ദരമായ കാലത്തെക്കുറിച്ച് അവളെ ഓര്‍മ്മിപ്പിക്കുകയും, അവളെകൊണ്ട്‌തന്നെ അതെല്ലാം പറയിപ്പിക്കുകയും ചെയ്യുക എന്ന കര്‍മ്മം എനിക്ക് നിറവേറ്റെണ്ടിവന്നു. അതില്‍ ഞാന്‍ വിജയിച്ചു. ഏകദേശം മൂന്നാഴ്ചയോളമുള്ള നിരന്തരമായ ശ്രമം ഒടുവില്‍ വിജയം കണ്ടെത്തി.
ത്രേസ്യ എൻ ജോൺ
കൗൺസലിങ് സൈകോളജിസ്ട്
tessionline@yahoo.com
8547243223
'Sahaya's Therapeutic Counselling Centre
Kollam/ Kayamkulam
Comments
Post a Comment