പെണ്ണാകാന്‍ ആഗ്രഹിച്ച മോഹിനി ആട്ടക്കാരന്‍.(Yukthirekha April 2021)
ഒരു കൊച്ചു പെണ്‍കുട്ടി
കല്ലുകള്‍ പെറുക്കി കളിക്കുന്നതിനി
ടയില്‍ കല്ലുകള്‍ക്ക് മുല്ലപൂവിന്റെ ഗന്ധം അനുഭവപ്പെട്ടു. അതെങ്ങനെ സംഭവിച്ചു എന്ന് കുട്ടി കല്ലുകളോട് ചോദിച്ചു. കല്ലുകള്‍ പറഞ്ഞു ഇന്നലെ ഒരു കുട്ടി ഞങ്ങളുടെ സമീപത്ത് കുറേ മുല്ല പൂക്കള്‍ കൊണ്ടുവന്നിട്ടു. ആ സുഗന്ധമാണ് ഞങ്ങള്‍ക്ക് കിട്ടിയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ക്ക് ചീഞ്ഞ മുട്ടയുടെ ദുര്‍ഗ്ഗന്ധമായിരുന്നു. ആരോ ചീഞ്ഞ മുട്ടകള്‍ ഞങ്ങള്‍ക്കരുകില്‍ കൊണ്ടിട്ടിരുന്നു. (ഈസോപ്പുകഥ)
കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് റിട്ടയേഡ് അദ്ധ്യാപകരായ നമ്പതികള്‍ എന്നെ കാണാനെത്തി. അവര്‍ക്ക് ഒരു മകനാണുള്ളത്. കോളേജ് അദ്ധ്യാപകനായ സോമന്‍. പക്ഷെ വിവാഹം ചെയ്യാന്‍ ആള്‍ക്ക് താല്പര്യമില്ല. എങ്ങനെയെങ്കിലും മോനെകൊണ്ട് വിവാഹം കഴിപ്പിക്കാനായാണ് നാട്ടിലെ ദേവാലയങ്ങളിലെ നേര്‍ച്ചകാഴ്ചകള്‍ക്കെല്ലാം ഒടുവില്‍ എന്നെ തേടിയെത്തിയിരിക്കുന്നത്. വിവരവും പക്വതയുമുള്ള ഒരു കോളേജ് അദ്ധ്യാപകനെകൊണ്ട് വിവാഹം കഴിപ്പിക്കക എന്ന ഹെര്‍ക്കുലീന്‍ റ്റാസ്‌ക് ആണ് ഇവര്‍ എനിക്കായി കൊണ്ടുവന്നിരിക്കുന്നത്. പ്രായത്തോടൊപ്പം ശാരീരിക അസ്വസ്തതകള്‍ അവരെ പിടികൂടിയിരിക്കുന്നു. തങ്ങളുടെ എല്ലാ പ്രതീക്ഷകളും അവരുടെ മകനിലാണ്. പക്ഷെ മകന്‍ അച്ഛനമ്മമാരുടെ ആവലാതികള്‍ക്കൊന്നും ചെവി കൊടുക്കുന്നതെയില്ല.
രണ്ട് 'സമുദായ'യില്‍ പെട്ടവരാണ് ഈ വൃദ്ധദമ്പതിമാര്‍. രണ്ടുപേരുടേയും വീട്ടുകാരെ എതിര്‍ത്ത് വിവാഹം ചെയ്തത്‌കൊണ്ട് ഇന്നും ബന്ധുജനങ്ങളുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ ഒറ്റപ്പെടലിന്റേയും ഏകാന്തതയുടേയും നെമ്പരം അവര്‍ ഇപ്പോള്‍ നന്നായി അറിയുന്നുണ്ട്. പ്രത്യേകിച്ചും ഈ അമ്മ. മനസ്സ് എത്തുന്നിടത്ത് കൈ എത്തുനില്ലാത്തതിനാല്‍ ഒരു പെണ്‍കുട്ടിയെ തന്റെ മരുമകളായി ലഭിച്ചിരുന്നുവെങ്കില്‍ എന്ന അവരുടെ ആഗ്രഹം സ്വാഭാവികം മാത്രം.
അടുത്തവട്ടം ആ അമ്മ മകനേയും കൊണ്ടാണ് ക്ലിനിക്കിലെത്തിയത്. ഈ വട്ടം ഞാന്‍ മകനെക്കുറിച്ച് കൂടുതല്‍ അവരോട് ചോദിച്ചു മനസ്സിലാക്കി. വളരെ കുഞ്ഞു നാളുമുതല്‍ മാതാപിതാക്കളോടും സുഹൃത്തുക്കളോടുമെല്ലാം വളരെ അധികം സ്‌നേഹമായിരുന്നു മോന് എന്ന് പറയുമ്പോള്‍ അവരുടെ മുഖത്ത് അഭിമാനത്തിന്റെ പ്രഭ വിടര്‍ന്നു. പഠിച്ചതിനെല്ലാം ഒന്നാം സ്ഥാനം വാങ്ങികൊണ്ടു വരുമായിരുന്നു. പഠനേതര വിഷയങ്ങളിലും സ്ഥിതി അതുതന്നെയായിരുന്നു. ഡാന്‍സ് ചെയ്യാന്‍ ഇഷ്ടമായിരുന്ന സോമനെ അവര്‍ സ്ഥലത്തെ അറിയപ്പെടുന്ന ഡാന്‍സ് ടീച്ചറിന്റെ അടുത്തയച്ച് ഡാന്‍സ് പഠിപ്പിച്ചു. സ്‌കൂള്‍ കലോത്സവങ്ങളിലും കോളേജ് ഡെകളിലുമെല്ലാം നിരവധി സമ്മാനങ്ങള്‍ അവന്‍ വാരിക്കൂട്ടി. സഹപ്രവര്‍ത്തകരുടെ ഇടയില്‍ തങ്ങളുടെ മകനെക്കുറിച്ചുള്ള കഥകള്‍ പറയാനെ അവര്‍ക്ക് സമയമുണ്ടായിരുന്നുള്ളു. വിവാഹത്തോടെ നഷ്ടമായ ബന്ധുജനങ്ങളെക്കുറിച്ച് അവര്‍ ഓര്‍ത്തതേയില്ല. ആരിലും അസൂയയുണ്ടാക്കുന്ന വിധം ആഹ്ലാദകരമായിരുന്നു അവരുടെ കുടുംബജീവിതം.
പഠനം കഴിഞ്ഞ ഉടനെതന്നെ അവന് നാട്ടിലെ നല്ലൊരു കോളേജില്‍ ജോലിയും കിട്ടി. കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന മകന് നിരവധി ആരാധകരുണ്ടായിരുന്നെങ്കിലും ആണ്‍കുട്ടികളോടായിരുന്നു അവന് കൂടുതല്‍ അടുപ്പം. അതില്‍ മാതാപിതാക്കള്‍ക്ക് അസ്വാഭാവികത തോന്നിയിരുന്നില്ലെന്ന് മാത്രമല്ല തങ്ങളുടെ മകന്‍ പെണ്‍കുട്ടികളോട് കൂട്ടുകൂടി പേരുദോഷം വരുത്തില്ലല്ലൊ എന്ന ആശ്വാസവുമുണ്ടായിരുന്നു അവര്‍ക്ക്.
അമ്മയുടെ ഉറക്കമില്ലായ്മയ്ക്കാണ് കൗണ്‍സലിംഗ് നടത്തുന്നത് എന്ന വ്യാജേനയായിരുന്നു മകനെ കൂട്ടുവിളിച്ചത്. പല കേസ്സുകളിലും ഒരു സൈക്കോളജിസ്റ്റിന് ഇങ്ങനെ അഭിനയിക്കേണ്ടതായി വരും. അഭിനയം പൊളിഞ്ഞാല്‍ വിഷയം എന്താണെന്ന് പോലും മനസ്സിലായെന്ന് വരില്ല. ഏതായാലും ഞാന്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളുടെ ഏടുകള്‍ പതുക്കെ മറിച്ചു നോക്കാന്‍ പ്രേരിപ്പിച്ചുകെണ്ടേയിരുന്നു.
ഓര്‍മ്മ വച്ച നാള്‍ മുതല്‍ തന്റെ മനസ്സിന്റേയും ശരീരത്തിന്റേയും ഭാഗമായി മാറിയ രാഗ താള ലയങ്ങളെക്കുറിച്ചും, നവരസങ്ങളെക്കുറിച്ചും ഒക്കെ അദ്ദേഹം സംസാരിച്ചു തുടങ്ങി. നവരസങ്ങള്‍ തന്റെ ശരീരത്തില്‍ വിരിയുമ്പോള്‍ അഭിനയമേതുമില്ലാതെ സ്വാഭാവികമായി ആ രസങ്ങളില്‍ ലയിച്ചാടുന്നതാണ് തന്റെ രീതിയെന്നും അതുകൊണ്ടാണ് തനിക്ക് ഡാന്‍സിലും പാട്ടിലുമെല്ലാം എപ്പോഴും ഒന്നാം സ്ഥാനം ലഭിച്ചിരുന്നതെന്നും അദ്ദേഹം പറയുമ്പോള്‍ ശരീരത്തില്‍ പ്രകടമായ ഭാവങ്ങള്‍ ഞാന്‍ സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു. നവരസങ്ങളില്‍ ഏറ്റവും ഇഷ്ടം പ്രധാനരസമായ ശൃംഗാരമാണ്. യൗവനയുക്തകളായ സ്ത്രീകള്‍ ശരീരത്തിലും മുഖത്തും വികാരങ്ങള്‍ സ്ഫുരിക്കുന്നവിധത്തില്‍ രതിക്രിയകളിലെ എല്ലാ ഭാവഭേതങ്ങളും പ്രകടമാക്കുന്ന തരത്തിലുള്ള നൃത്തരൂപങ്ങളോടായിരുന്നു നമ്മുടെ കഥാപാത്രത്തിന് താല്പര്യം. അതില്‍ ലാസ്യപ്രധാനമായ മോഹിനിയാട്ടമാണ് ഏറെ പ്രിയം. കാമുകന് തന്നോടുള്ള അനുരാഗത്തെക്കുറിച്ച് ചിന്തിക്കുമ്പോഴുണ്ടാകുന്ന വികാരപ്രകടനങ്ങളും, കാമുകന്‍ തന്റെ കേശസ്തനാദികള്‍ ഗ്രഹിക്കുമ്പോഴുണ്ടാകുന്ന വികാരപ്രകടനങ്ങളുമെല്ലാം ചേര്‍ന്ന ശൃംഗാരചേഷ്ടകളും, അംഗചലനങ്ങളും രതിക്രീഡയിലേയ്ക്കും അതിന് ശേഷവുമുള്ള ഒരു സ്‌ത്രൈണകഥാപാത്രത്തിന്റെ ഓരോ ഭാവങ്ങളും തന്റെ ഡാന്‍സില്‍ സന്നിവേശിപ്പിച്ച് അരങ്ങില്‍ നിറഞ്ഞാടുമ്പോള്‍ സോമന്‍ അറിയാതെ തന്നെ സോമിയായി മാറുകയായിരുന്നു. നിരന്തരം സ്‌ത്രൈണഭാവങ്ങള്‍ ആവാഹിച്ച് ഡാന്‍സ് ചെയ്ത സോമന് ജനനം തന്നില്‍ ഏല്പിച്ച പുരഷന്റെ രൂപം ഭാരമായി തോന്നാന്‍ തുടങ്ങിയിരുന്നു. തനിക്ക് സ്ത്രീയായി ജീവിക്കണമെന്ന ആഗ്രഹം എങ്ങനെ അച്ഛനമ്മമാരെ പറഞ്ഞു മനസ്സിലാക്കുമെന്ന ചിന്താകുഴപ്പത്തിലായിരുന്ന സോമന്‍. തനിക്ക് തന്റെ ഏറ്റവും ഇഷ്ടപ്പെട്ട boyfriend നെ വിവാഹം കഴിക്കണമെന്നും അതിന് വഴിയെന്തെന്ന് ചിന്തിക്കുന്നതിനിടയിലാണ് ഇങ്ങനെ അമ്മയുടെ കൂടേ കൗണ്‍സലിംഗിനായി വരേണ്ടി വന്നതെന്നും പറഞ്ഞപ്പോള്‍ എന്റെ ഉത്തരവാദിത്തം കൂടി എന്നെനിക്ക് മനസ്സിലായി. പ്രകൃതി പുരഷനായി ജനിപ്പിച്ചുവെങ്കിലും നിരന്തരം സ്‌ത്രൈണ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചില കോമഡിഷോകളിലെ കഥാപാത്രങ്ങളിലും ഇത്തരം ഭാവപകര്‍ച്ച മുമ്പ് കണ്ടിട്ടുണ്ട്. സോമന്റെ കാര്യത്തില്‍ മാതാവിന്റെ ആവശ്യമെന്തെന്നും അതിനനുസരിച്ച് സ്വഭാവരൂപീകരണം സാധ്യമാക്കാമോ എന്നൊക്കെയുള്ള സാമാന്യ രീതിയിലുള്ള ചോദ്യങ്ങള്‍ പോലും തികച്ചും അപ്രസക്തമാണ്.
ഇവിടെ ഒരേയൊരു വഴി ആ വൃദ്ധദമ്പതികളെ സാവധാനം പറഞ്ഞു മനസ്സിലാക്കുകമാത്രമാണ്. പെട്ടെന്നുള്ള ഇത്തരം ഒരു വെളിപ്പെടുത്തല്‍ ചിലപ്പോള്‍ അവരുടെ മാനസീകനില തകരാറിലാക്കിയേക്കാം. മനുഷ്യനിലെ അബോധതലങ്ങളില്‍ നിലകൊള്ളുന്ന സ്ത്രീയിലെ പുരുഷ(Anima) ഭാഗത്തെപ്പറ്റിയും, പുരുഷനിലെ സ്‌ത്രൈണ(Animus) ഭാഗത്തെപ്പറ്റിയും, ഇതെല്ലാം നിയന്ത്രിക്കുന്ന ഈസ്ട്രജന്‍, ടെസ്റ്റ്സ്സ്‌ട്രോണ്‍ എന്നീ ഹോര്‍മോണുകളെപ്പറ്റിയുമെല്ലാം വിശദമായി സംസാരിച്ചു. നിരവധി സെഷനുകള്‍ക്കൊടുവില്‍ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കുന്ന തരത്തില്‍ അവരുടെ ചിന്താഗതിയില്‍ മാറ്റമുണ്ടായി. തന്നെ ഒരിക്കലും തന്റെ മാതാപിതാക്കള്‍ അംഗീകരിക്കില്ല എന്ന് കരുതിയിരുന്ന സോമന് തന്റെ പ്രിയപ്പെട്ട അച്ഛനും അമ്മയും മോന്റെ ഇഷ്ടംപോലെ ആകട്ടെ എന്ന തീരുമാനം കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്.
Thressia N John
Comments
Post a Comment