നെറ്റില്‍ കുരുങ്ങിയ ഇര

നമ്മുടെ സമൂഹത്തില്‍ നടമാടുന്ന മൂല്യച്ച്യൂതികള്‍ക്ക്


ചുക്കാന്‍പിടിക്കുകയോ, അവയെ പരിപോക്ഷിപ്പിക്കുകയോ ചെയ്യുന്നതില്‍ സുപ്രധാനപങ്കു വഹിക്കുന്നതില്‍ മാദ്ധ്യമങ്ങള്‍, സിനിമ, സീരിയല്‍ തുടങ്ങി സോഷ്യല്‍ മീഡിയകള്‍വരെയുള്ള നവവികസനത്തിന്റെതെന്നു നാം കരുതുന്ന ഉപകരണങ്ങള്‍ വിജയിക്കുന്നത് നോക്കിക്കാണേണ്ടുന്ന ഒന്നാണ്.  ഇങ്ങനെ അവര്‍ അവരുടെ പ്രശസ്തിക്കും, സര്‍ക്കുലേഷനും, പണസമ്പാദനത്തിനും വേണ്ടി ഒരുക്കുന്ന ഹോമകുന്ഡത്തില്‍ വീണു വെന്തെരിഞ്ഞു വെണ്ണീറാകുന്നത് നാം കണ്ണിലെണ്ണയൊഴിച്ച് കാത്തുസൂക്ഷിക്കുന്ന നമ്മുടെ കുഞ്ഞുമക്കളാണ്.  അങ്ങനെയുള്ള നിരവധിസംഭവങ്ങള്‍ എന്റെ മുന്നില്‍ മിക്കവാറും എത്താറുമുണ്ട്.  അത്തരം ഒരനുഭവം ഞാനിവിടെ കുറിക്കാം.

 

ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ രണ്ടു മക്കളില്‍ ഇളയവളാണ് അശ്വതി.  നഗരത്തിലെ സമ്പന്നരുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ പ്ലസ് വണ്ണിലാണ് അവള്‍ പഠിക്കുന്നത്. സോഷ്യല്‍ മീഡിയായില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതില്‍ ആയിരുന്നു അവള്‍ ആഹ്‌ളാദം കണ്ടെത്തിയിരുന്നത്. തന്റെ മറ്റു സഹപാഠികളുമായി നിരന്തരം വാട്സ്സപ്പ്ഫെയിസ്ബുക്ക് തുടങ്ങിയവവഴി തനിക്കു കിട്ടുന്ന ഒഴിവുസമയങ്ങളിലെല്ലാം അവള്‍ സംമ്പര്‍ക്കം വെച്ചുപുലര്‍ത്തിയിരുന്നു.  സോഷ്യല്‍ മീഡിയായെ ദുരുപയോഗം ചെയ്യുന്നതില്‍ മാത്രം മിടുക്ക് കണ്ടെത്തിയിരുന്ന ഒരു കൂട്ടം സാമുഹികദ്രോഹികള്‍ നിര്‍മ്മിച്ച ചതിക്കുഴികള്‍ നിറഞ്ഞ എട്ടുകാലിവലയില്‍ ഇന്നത്തെ തലമുറയിലെ കുട്ടികളും യുവതികളും വീണുപോകുന്നത് ഒരു പുതിയ വാര്‍ത്തയല്ല. അതുപോലെ ഏതോ കിരാതന്‍ നെയ്‌തെടുത്ത വലയില്‍ നമ്മുടെ അശ്വതിയും കുരുക്കപ്പെട്ടു.  അങ്ങനെയുള്ള ഒരു അവസ്ഥയിലാണ് അവളുടെ മാതാപിതാക്കള്‍ അവളുമായി എന്നെ കാണുവാന്‍ വേണ്ടി വന്നെത്തിയത്.

 

താന്‍ ലോകം വെട്ടിപ്പിടിച്ച ഒരു മുഖഭാവത്തോടെയായിരുന്നു അവള്‍ എന്നെ സമീപിച്ചത്.  ആര്‍ക്കും പ്രാപ്യമാക്കുവാന്‍ പറ്റാത്ത ഏതോ ഒരു വലിയ വിഷയം സ്വന്തം കഴിവും മിടുക്കും കൊണ്ട് കരഗതമാക്കിയ ഒരു യോദ്ധാവിന്റെ മുഖഭാവവുമായി എനിക്കെതിരെ അവള്‍ വന്നിരുന്നു.  പരമപുച്ഛത്തോടുകൂടി എന്റെ ചോദ്യങ്ങള്‍ക്ക് അവള്‍ അലസതയില്‍ മുക്കിയെടുത്ത മറുപടികളാണ് തന്നുകൊണ്ടിരുന്നത്.  അവളുടെ മുഖത്തു വിരിഞ്ഞ ഭാവത്തില്‍നിന്ന് അവള്‍ ഇങ്ങനെ പറയുന്നതായി എനിക്കു തോന്നി.  ''നിനക്കെന്നല്ല ലോകത്തെ ഏറ്റവും മുന്തിയ മനഃശ്ശാസ്ത്രജ്ഞനുപോലും എന്റെ മനസ്സിനെ മാറ്റുവാനുള്ള കഴിവില്ല''.  അപ്പോള്‍ എന്റെ മനസ്സിലോടിയെത്തിയ ചിത്രം അവള്‍ ജനിച്ചുവീണ അന്നുമുതല്‍ അവളെ കൈകളില്‍ കോരിയെടുത്ത് മാറോടമര്‍ത്തിപ്പിടിച്ച് സ്‌നേഹവാത്സല്യങ്ങള്‍ ചൊരിഞ്ഞ് 'കാക്കയ്ക്കും പൂച്ചയ്ക്കുംപോലും തൊടാന്‍ അവസരം നല്കാതെ വളര്‍ത്തിയെടുത്ത ആ മാതാവിന്റെ കണ്ണുനീര്‍ കണങ്ങളായിരുന്നു.   തന്റെ നെഞ്ചില്‍ സൂക്ഷിച്ചിരുന്ന അമൃത് അത്രയും ആ കുഞ്ഞു ചുണ്ടുകളില്‍ ചൊരിഞ്ഞ് അവളുടെ ജീവന്‍ നിലനിര്‍ത്തുമ്പോള്‍ ഒരു പക്ഷെ തന്റെ കുഞ്ഞ് ജീവിതത്തില്‍ ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോകുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും കണ്ടിരുന്നില്ലായിരിക്കാം. 

 എന്തായിരുന്നു അവളുടെ കാതലായ പ്രശ്‌നം?   ഇന്നത്തെ സമൂഹവും, മാദ്ധ്യമങ്ങളും ദൃശ്യകലാസംവിധാനങ്ങളും പ്രത്യക്ഷമായുംപരോക്ഷമായും ആസ്വദിക്കുന്ന കച്ചവടപ്രാധാന്യമുള്ള പ്രതിനായക വേഷങ്ങളെ നെഞ്ചിലേറ്റുന്ന ഒരു യുവജനതയുടെ ഭാഗമായി അവളും മാറിയിരിക്കുന്നു.  അതിന്റെ ഫലമായി നാട്ടിലെ ഒരു ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവായ ഒരു കിരാതന്റെ കൈപ്പിടിയില്‍ അവള്‍ അമര്‍ന്നു കഴിഞ്ഞിരിക്കുന്നു.  വേഷഭൂഷാതികളിലും രൂപഭാവങ്ങളിലും അവരുടേതായിട്ടുള്ള ആ ചണ്ഡാളശൈലിയെ അവള്‍ മനസ്സുകൊണ്ട് വരിച്ചുകഴിഞ്ഞിരുന്നു. അവനോടുള്ള അവളുടെ വീരാരാധന ജാതിമതരാഷ്ട്രീയദേശ ഭേദമന്യേ വലുതായിരുന്നു.  പലപ്പോഴും പരിഷ്‌ക്കാര സമൂഹം ഇതിനെ സ്വാതന്ത്ര്യത്തിന്റെയും സോഷ്യലിസത്തിന്റെയും ഉന്നതീഭാവങ്ങളാണെന്നും  ജാതിമതചിന്തകളുടെ അതിര്‍വരമ്പുകളെ പിഴുതെറിഞ്ഞ് പ്രണയത്തിന്റെ അതിമനോഹരമായ ലോകത്തേക്ക് പറന്നുയരുന്ന ഇണപ്രാവുകളാണ് അവരെന്നും ഒക്കെ പറയുമ്പോഴും  തന്റെ ഇണയോടൊപ്പം പറന്നുയരുന്ന ആ പെണ്‍പക്ഷിയ്ക്ക് പിന്നീട് എന്താണ് സംഭവിച്ചത് എന്ന് അവരെ വാനോളം പുകഴ്ത്തിയ മാധ്യമങ്ങളോ സമൂഹമോ മനഃപ്പൂര്‍വ്വമോ അല്ലാതെയോ അന്വേഷിക്കാറുമില്ല.  ഇവിടെ നാം കാണേണ്ടുന്ന പരമമായ സത്യം കാണാതെപോകുന്നു എന്നുള്ളതാണ്.  ഇവിടെ രണ്ടുമതങ്ങള്‍ തമ്മിലുള്ളഅല്ലെങ്കില്‍ ഉന്നത ജാതിയും കീഴാളനും തമ്മിലുള്ള അന്തരത്തിനെക്കാള്‍ ഉപരിയായി ഈ അനുഭവങ്ങളില്‍കൂടി കടന്നുപോകുന്ന ഓരോ മാതാപിതാക്കളും വേദനിക്കുന്നത് പരസ്പരം ഒത്തൊരുമിച്ചു പോകുവാന്‍ പറ്റാത്ത രണ്ടു സംസ്‌കാരങ്ങള്‍ തമ്മിലുള്ളവയെ കൂട്ടിയോജിപ്പിച്ചാല്‍ ഉണ്ടാകാവുന്ന ഭാവിഭവിഷ്യത്തുകളെക്കുറിച്ചാണ്.   പലപ്പോഴും ഇങ്ങനെയുള്ളവരുമായി എനിക്കു സംസാരിക്കേണ്ടിവന്നപ്പോള്‍ അവര്‍ ജാതിയുടെ അന്തരങ്ങളെക്കുറിച്ച് പലപ്പോഴും കടുംപിടുത്തം പിടിക്കാറില്ലായിരുന്നു.  പക്ഷെ തങ്ങളുടെ മക്കളുടെ ജീവിതപങ്കാളികളായി കടന്നുവരുന്ന വ്യക്തികളുടെ  വൈശിഷ്ട്യങ്ങളും വിദ്യാഭ്യാസവും ആയിരുന്നു അവരുടെ മുമ്പിലുള്ള ഏക വിഷയം.  ഇവിടെ നമ്മുടെ അശ്വതിക്ക് സംഭവിച്ചത് സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളുവാന്‍ കഴിയാത്തത് ഒരു കൊടും ക്രിമിനല്‍ സംഘത്തിന്റെ തലവനെ ആരാധിച്ചു എന്നുള്ളതാണ്.  അവളുമായി സ്വകാര്യനിമിഷങ്ങള്‍ പങ്കിട്ട നിമിഷങ്ങളില്‍ അവന്‍ ബോധപൂര്‍വ്വം പകര്‍ത്തിയ ചിത്രങ്ങള്‍ അവളെ ഒരിക്കലും നല്ല വഴിയെ തിരിഞ്ഞു നടക്കുവാന്‍ പ്രേരിപ്പിക്കുന്നതായിരുന്നില്ല. 

 അവളുമായി ദീര്‍ഘനേരം സംസാരിച്ചു അവളുടെ വ്യക്തിത്വവും അവന്റെ വ്യക്തിത്വവും തമ്മിലുള്ള അന്തരത്തെ അവളുടെ ചിന്തകളില്‍ കൂടിതന്നെ അവളുടെ മുന്നിലേക്ക്  ഞാന്‍ തുറന്നിട്ടുകൊടുത്തു.  അത് ഏതാണ്ട് അവള്‍ ഉള്‍ക്കൊണ്ടതിനുശേഷമാണ് അവളുടെ പോയകാലങ്ങളിലെ സംസ്‌കാരസമ്പമായ ഏടുകളിലേയ്ക്കും വ്യക്തികളിലേയ്ക്കും ഞാന്‍ അവളെ കൊണ്ടുപോയത്.  ഒരു ചലചിത്രത്തിലെ ഫ്‌ളാഷ്ബാക്ക് കണക്കെ അവളുടെ സ്മൃതികളില്‍ നിന്ന് അവളെകൊണ്ടുതന്നെ ഞാന്‍ അവയെല്ലാം ചികഞ്ഞെടുപ്പിച്ച് വായിപ്പിച്ചു.  പിന്നീട് ഞാന്‍ കണ്ടത് ഹൃദയഭേദകമായ രീതിയില്‍ എന്റെ മുമ്പില്‍ ഇരുന്ന് വാവിട്ട് നിലവിളിക്കുന്ന അശ്വതിയെയാണ്.  അവള്‍ പശ്ചാത്താപവിവശയായിരുന്നു.  കണ്ണുനീരിനാല്‍ തന്റെ മനസ്സു കഴുകി ഇറക്കിയ അവള്‍ വിതുമ്പിക്കൊണ്ട് എന്റെ മുറിയില്‍ നിന്നും പുറത്തേയ്‌ക്കോടി അവളുടെ മാതാവിന്റെ മുന്നില്‍ മുട്ടുകുത്തിയിരുന്ന് ആ മടിയില്‍ തലവെച്ച് തന്റെ എല്ലാ പാപകറകളും മനസ്സിന്റെ ഭാരവും ഇറക്കിവെച്ചു.  തന്റെ മകളെ വാരിയെടുത്ത് നെഞ്ചോടമര്‍ത്തിപ്പിടിച്ച് ആ അമ്മ കരയുമ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് കൈക്കുഞ്ഞായിരുന്ന കാലത്ത് അവളെ മുലയൂട്ടിയിരുന്ന ആ അമ്മയെയാണ്. 

 അടുത്ത കുറച്ചു ദിവസങ്ങള്‍ കൂടി വേണ്ടി വന്നു ആ പ്രക്രിയ പൂര്‍ത്തീകരിക്കുവാന്‍.  അവള്‍ വീണ ആ ചതിക്കുഴിയുടെ കാരണം കണ്ടെത്തുവാനും അതിനു ഹേതുവായ സാഹചര്യങ്ങളെ അവള്‍ക്ക് ചൂണ്ടിക്കാണിച്ചുകൊടുക്കുവാനും കഴിഞ്ഞാല്‍ മാത്രമെ എന്റെ ജോലി പൂര്‍ത്തിയാകുകയുള്ളായിരുന്നു.  അവിടെയാണ് നാം നേരത്തെ സൂചിപ്പിച്ച മാധ്യമങ്ങളുടേയും മറ്റും പങ്ക് വ്യക്തമാകുന്നത്.  പണ്ട് കാലത്ത് മാധ്യമസംസ്‌കാരം എന്നൊന്നുണ്ടായിരുന്നു.  ഇന്നത് അധമസംസ്‌കാരമായിമാറിയിരിക്കുന്നു.  പൊതുധാരാമാധ്യമങ്ങള്‍ ഹര്‍ഷത് മേത്തയേയുംശോഭരാജിനേയുംഎസ്സ്‌കോബാറിനേയും തുടങ്ങി മദനിസരിത മുതലായുള്ളവരെയെല്ലാം വീരാരാധനാപരിവേഷം നല്കി ചിത്രീകരിക്കുമ്പോള്‍, ചലചിത്രമേഖല ദാവൂദ് ഇബ്രാഹിം മുതല്‍ ബണ്ടിച്ചോര്‍ വരെയുള്ളവരെ വീരപുരുഷന്മാരായി ചിത്രീകരിക്കുകയും അവരുടെ പ്രതിനായക വേഷത്തെ നായകപദവിയിലേയ്ക്ക് ഉയര്‍ത്തുമ്പോഴും നമ്മുടെ യുവമനഃസ്സുകളില്‍ സംഭവിക്കുന്ന അനാരോഗ്യകരമായ മാറ്റങ്ങള്‍ എത്ര വലീയ കുറ്റവാളികളെയാണ് സൃഷ്ടിക്കുന്നത് എന്ന് നാം തിരിച്ചറിഞ്ഞെ തീരൂ. നമ്മുടെ അഭിരുചികളെ മാറ്റിമറിച്ച് അവര്‍ സൃഷ്ടിക്കുന്ന അധമമായ രുചിഭേദങ്ങള്‍ നമ്മളില്‍ അടിച്ചേല്പിക്കുമ്പോള്‍ ഇവിടെ നശിക്കുന്നത് ഓരോ യുവജനങ്ങളിലുമുള്ള സമ്പന്നമായ കോശങ്ങളാണ്.  ആ കോശസമ്പന്നതെ നശിപ്പിച്ച് പുത്തന്‍ നശീകരണകോശങ്ങള്‍ ഉടലെടുക്കുമ്പോള്‍ അവരുടെ മനസ്സുകള്‍ അര്‍ബുദത്തിന് തുല്യമായ മാഹാമാരിയായി നശിക്കപ്പെടുന്നു. ഇതിനെതിരെ നാം എന്നും ജാഗരൂഗരായിരിക്കണം.

 നമ്മുടെ പ്രിയങ്കരിയായ അശ്വതിക്കുട്ടി എന്നോട്  യാത്രപറഞ്ഞ് അമ്മയുടെ ചിറകിനടിയില്‍ ഒരു കുഞ്ഞാറ്റകിളിയെപ്പോലെ പോകുന്നത് കണ്ട് അറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി.  നമ്മള്‍ അറിയാത്ത എത്രയോ അശ്വതിമാര്‍ ഈ ജഡിലമായ സമൂഹം ഒരുക്കിവെച്ചിരിക്കുന്ന ഹോമാഗ്നിയില്‍ ദൈനംദിനം ഇയ്യാംപാറ്റകളെപോലെ കരിഞ്ഞുവീഴുന്നു.  നമ്മുടെ കുഞ്ഞുങ്ങളുമായി അവരുടെ പ്രശ്‌നങ്ങളുമായി നാം നിരന്തരം സംവദിച്ചാല്‍, അവര്‍ക്ക് വേണ്ടി ഒരല്പം സമയം നാം കണ്ടെത്തിയാല്‍ അവരില്‍ വരുന്ന മാറ്റങ്ങള്‍ നമുക്ക് ദര്‍ശിക്കാനാകും. നമ്മുടെ കുഞ്ഞുങ്ങളുടെ ഉയര്‍ച്ചയില്‍ നാം ഊറ്റം കൊള്ളുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്. അവര്‍ക്ക് വരുന്ന മൂല്യശോഷണത്തിലും നമുക്ക് നമ്മുടേതായിട്ടുള്ള പങ്ക് ഉണ്ടെന്നുള്ളത്.  ഇനിയും അശ്വതിമാര്‍ സമൂഹത്തില്‍ ഉണ്ടാകാതെയിരിക്കുവാന്‍ നമുക്ക് ഒന്നായി പരിശ്രമിക്കാം. 

ത്രേസ്യ എൻ ജോൺ

കൗൺസലിങ് സൈകോളജിസ്ട്

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam

Comments

Popular posts from this blog

റയാനയുടെ ദുഃഖം

Depression

Affective Realism