''മ്യാവൂ '' കൂട്ടഭ്രാന്തു
കൗൺസിലിംഗ് അനുഭവങ്ങൾ
മാനസികമായ ആരോഗ്യം എന്നത് ഏതൊരു സമൂഹത്തിന്റെയും അഭിവാജ്യഘടകമാണ്. ചരിത്രത്തിലൂടെ ഒന്ന് പുറകോട്ടു നോക്കിയാൽ നമുക്ക് കാണാനാകുന്ന ചിന്തനീയമായ ഒരു വിഷയവും, നിരാകരിക്കുവാനാകാത്ത ഒരു സത്യവുമാണ് ''മാനസിക ആരോഗ്യം '' ഇല്ലാത്ത ഒരു ജനതയെ സൃഷ്ടിക്കുക, എന്നിട്ടു ആ അടിമത്വത്തിൽ അവരെ തളച്ചിട്ടുകൊണ്ടു രാഷ്ട്രീയം, ഭരണം, മതം എന്നീ വിഷയം കയ്യാളുന്നവർ ഒരു ജനതയെ എങ്ങനെ അവരുടെ താല്പര്യങ്ങൾക്കുവേണ്ടി വിനിയോഗിക്കുന്നു എന്നുള്ളത്. ഇവിടെ അവർ അതിനായി പ്രയോജനപ്പെടുത്തുന്ന ഒരു തന്ത്രമാണ് ''MASS HYSTERIA '' അഥവാ ''ജനക്കൂട്ടങ്ങളുടെ കൂട്ട അപസ്മാരബാധ '' .ഇതിന്റെ ഇരകളാണ് ഒട്ടു മിക്ക രാഷ്ട്രങ്ങളിലെയും ജനവിഭാഗങ്ങൾ. ജനത്തെ ഭിന്നിപ്പിച്ചു നിറുത്തിയാൽ മാത്രമേ തങ്ങളുടെ പദ്ധതികൾ നടപ്പിൽ വരൂ എന്നറിയാവുന്ന ഭരണവർഗ്ഗം ഈ പദത്തെ പരമാവധി പ്രയോജനപ്പെടുത്തുന്നു. സമൂഹത്തിനും, വ്യക്തിക്കും ഏറ്റവും അപകടം ക്ഷണിച്ചു വരുത്തുന്ന ഒരു പ്രക്രിയയാണ് ''MASS HYSTERIA ''
മദ്ധ്യ കാലഘട്ടങ്ങളിൽ ഇതിനെ പരമാവധി പ്രയോജനപ്പെടുത്തിയതും, പരീക്ഷിച്ചു വിജയിച്ചതും മതങ്ങളാണ്.1844 ,1784 എന്നീ കാലഘട്ടങ്ങളിൽ ജർമ്മനിയിലെയും , ഫ്രാൻസിലേയും കന്യാസ്ത്രീ മഠങ്ങളിൽ ഇത്തരത്തിലുള്ള പല സംഭവങ്ങളും അവലോകനം ചെയ്തിട്ടുണ്ട്. അതിലൊന്ന് ഫ്രാൻസിലെ ഒരു മഠത്തിലെ ഒരു കന്യാസ്ത്രീ ഒരു സുപ്രഭാതത്തിൽ കർത്താവിന്റെ അരുളിപ്പാടാൽ പൂച്ച കരയുമ്പോലെ ''മ്യാവൂ '' എന്ന് പറയുവാനും , ഇത് കണ്ടു മറ്റു അന്തേവാസികൾ എല്ലാവരും ''മ്യാവൂ '' എന്ന് പറഞ്ഞു പറയുവാനും തുടങ്ങി. ഈ കൂട്ടഭ്രാന്തു 2019 ആഗസ്റ്റ് മാസം മലേഷ്യയിലെ ഒരു സ്കൂളിൽവരെ എത്തിനിൽക്കുന്നു. അവിടെ പഠിക്കുന്ന ഒരു പെൺകുട്ടി ഒരുദിവസം ഭീകരരൂപിയായ ഒരു സത്വത്തെ കാണുകയും, നിലവിളിക്കുകയും ചെയ്തു. അതോടെ ആ സ്കൂളിലെ മറ്റു പെണ്കുട്ടികളെയെല്ലാം ആ ബാധ ബാധിക്കുകയും ആ സ്കൂൾ അടച്ചിടേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തു. ഇതുമാത്രമല്ല അവിടെ സംഭവിച്ചത്. സ്കൂൾ അധികൃതർ സ്കൂളിനു ചുറ്റും തണലേകി നിന്നിരുന്ന വൻവൃക്ഷങ്ങളെല്ലാം വെട്ടിമുറിച്ചു കളഞ്ഞു, എന്തെന്നാൽ ആ വൃക്ഷങ്ങളിലാണ് ഭീകര സ്വത്വങ്ങൾ കുടികൊള്ളുന്നത് എന്നുള്ള ധാരണയാൽ .
മുകളിൽ സൂചിപ്പിച്ചവയെല്ലാം മതത്തിന്റെ മനഃശാത്രപരമായ കച്ചവടത്തിന്റെ ഏടുകൾ മാത്രമാണ്. എന്നാൽ മതവും, രാഷ്ട്രീയവും കൂടി കൈകോർക്കുമ്പോൾ ഈ ഭീകരതയുടെ ശക്തി പതിന്മടങ്ങായി മാറും. അതിന്റെ ഏറ്റവും ഉത്തമോദാഹരണമാണ് കേരളത്തിലെ ''ശബരിമല '' എന്ന വിഷയം. അതിനെ എത്ര മനോഹരമായിട്ടാണ് മത-രാഷ്ട്രീയ ശക്തികൾ ദുരുപയോഗം ചെയ്തത്. ആ വിഷയത്തിലെ കൂട്ട ഭ്രാന്തിന്റെ ഒരു ഇരയായ ചെറുപ്പക്കാരന്റെ അനുഭവത്തിൽകൂടി നമുക്കൊന്ന് കടന്നുപോകാം .
''ശശി '' എന്ന് നമുക്കയാളെ വിളിക്കാം. ഒരു ചെറിയ കുടുംബത്തിന്റെ താങ്ങും തണലും ആയിരുന്നു കൂലിപ്പണിക്കാരനായ ശശി.. ദിവസ വേതനക്കാരൻ. അന്നന്ന് കിട്ടുന്ന തുകകൊണ്ട് ജീവിതം സുന്ദരമായി മുന്നോട്ടു കൊണ്ട് പോകുന്നവൻ. ശരിയായ ഒരു ഈശ്വരഭക്തൻ കൂടിയായിരുന്നു ശശി. എന്നാൽ വ്യക്തമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടുകൾ അയാൾക്കില്ലായിരുന്നു. ജോലിസ്ഥലങ്ങളിൽ മറ്റു കൂട്ടുകാരുടെ മാർഗ്ഗദർശി കൂടിയായിരുന്നു ശശി. അങ്ങനെയിരിക്കെയാണ് ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി വരികയും. വിധി തിടുക്കപ്പെട്ടു നടപ്പിലാക്കുവാൻ സർക്കാർ തീരുമാനിക്കുകയും ചെയ്‌തത്. ഇതോടെ നാട്ടിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുവാൻ വേണ്ടി കാത്തിരുന്ന ചെന്നായ്ക്കൾ ജനങ്ങളെ തമ്മിലടിപ്പിച്ചു ചോര കുടിക്കുവാനുള്ള ശ്രമം തുടങ്ങി. വ്യക്തമായ രാഷ്ട്രീയ ബോധം ഇല്ലാതിരുന്ന സ്ത്രീകളെയും, യുവാക്കളെയും ലക്ഷ്യമിട്ടുകൊണ്ട് അവർ പദ്ധതികൾ ആസൂത്രണം ചെയ്തു തുടങ്ങി. അതിനായി ''വിശ്വാസത്തെ '' രാഷ്ട്രീയ മേലങ്കി ചാർത്തി ജനത്തിന്റെ മുന്നിൽ അവതരിപ്പിച്ചു. അങ്ങനെ ''വിശ്വാസ രാഷ്ട്രീയം '' എന്ന MASS HYSTERIA എന്ന വിഷം വളരെ വേഗം ഒരു ജനസമൂഹത്തിനിടയിലേക്കു ഒഴുകിയിറങ്ങി.
നമ്മുടെ ശശി തന്റെ ജോലിസ്ഥലത്തുനിന്നും ഉരുത്തിരിഞ്ഞുവരുന്ന ചർച്ചയിൽ കേട്ടതെല്ലാം രാത്രികാലങ്ങളിൽ തന്റെ മനസ്സിന്റെ ഉള്ളറകളിൽ നിന്നും പുറത്തെടുത്തു വിശകലനം ചെയ്തു നോക്കി. അതെ താനും സമരമുഖത്തേക്കു പോയേ തീരൂ. തന്റെ ഭഗവാന്റെ ചാരിത്ര്യം നഷ്ടപ്പെടുത്തുവാൻ ഒരു ശക്തിയെയും അനുവദിച്ചുകൂടാ. രാഷ്ട്രീയം ഇല്ലാതിരുന്ന അവന്റെ മനസ്സിൽ മതവും, വിശ്വാസവും കുത്തിവച്ച രാഷ്ട്രീയം പടർന്നുകയറി. അവന്റെ ചിന്തകളും, രക്തധമനികളും ചൂടുപിടിച്ചു. പൊതുവെ ശാന്തനായ ശശി മറ്റൊരാളായി മാറുകയായിരുന്നു. അയാൾ വീടുവിട്ടിറങ്ങിയിട്ടു ദിവസങ്ങൾ കഴിഞ്ഞു. വിശ്വാസവും, കൂട്ട അപസ്മാരവും ശശിയുടെ വീടിനെ പട്ടിണിയിലാക്കി. അയാളുടെ പേരിൽ പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തു. ശശി ജയിലിലായി. അപ്പോഴൊക്കെയും അയാൾ ചിന്തിച്ചത് എല്ലാം ഭഗവാന്റെ ചാരിത്ര്യം സംരക്ഷിക്കുക എന്നുള്ള മഹനീയമായ ഒരു പ്രവൃത്തിക്ക് വേണ്ടി മാത്രമാണാല്ലോ എന്നുള്ളതാണ്. ജയിൽ മോചിതനായി വീട്ടിൽ തിരികെ എത്തിയ ശശിയെ കാത്തിരുന്നത് കോടതി വരാന്തകൾ ആയിരുന്നു. മിക്കവാറും ദിവസങ്ങളിൽ ശശിക്ക് ജോലിക്കു പോകുവാൻ കഴിയാതെയായി. വീട്ടുകാർ അയാളെ ശപിച്ചു തുടങ്ങി. ജോലിസ്ഥലത്തെ കോൺട്രാക്ടർ അയാളെ പറഞ്ഞുവിടുന്ന ഒരവസ്ഥയുംകൂടി സംജാതമായതോടെ എല്ലാം ഒരു പൂർണ്ണതയിൽ എത്തിച്ചേർന്നു. വിശ്വാസം സംരക്ഷിക്കുവാൻ ഇറങ്ങിത്തിരിച്ച ശശിയേയും കുടുംബത്തെയും സംരക്ഷിക്കുവാൻ ഒരു വിശ്വാസത്തിനും,പ്രസ്ഥാനത്തിനും കഴിഞ്ഞില്ല. അതോടെ അയാൾ മാനസിക പിരിമുറുക്കത്തിന് അടിമയായി. എല്ലാത്തിൽനിന്നും ഉൾവലിഞ്ഞു മുറിക്കുള്ളിൽ ഏകാന്തതയെ ശരണം പ്രാപിച്ചു. ഉറക്കം നഷ്ടപ്പെട്ടുതുടങ്ങി. രാത്രികാലങ്ങളിൽ പരസ്പര വിരുദ്ധമായി എന്തൊക്കെയോ പുലമ്പുവാൻ തുടങ്ങി. അത്രമേൽ ആഘാതമായിരുന്നു വിശ്വാസം എന്ന MASS HYSTERIA അയാളിൽ പതിപ്പിച്ചത്. അങ്ങനെയാണ് ശശി എന്റെ മുന്നിൽ എത്തപ്പെട്ടത്.
ഞാൻ ശശിയെ അയാളുടെ ജീവിതയാത്രയിൽ പഴയ ഏടുകൾ മറിച്ചു നോക്കുവാൻ ആവശ്യപ്പെടുകയും, ആ നല്ല കാലത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. നല്ലൊരു ആത്മാർത്ഥതയും, കഴിവും ഉള്ള ഒരു പണിക്കാരനെയും, അയാളുടെ സ്നേഹമുള്ള കൊച്ചു കുടുംബത്തെയും ഞാൻ അവിടെ അയാൾക്ക് കാട്ടിക്കൊടുത്തു. ദിവസങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കു ഒടുവിൽ അത് താനാണ് എന്ന് ശശി തിരിച്ചറിയുകയും അയാൾ അയാളിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.. രാഷ്ട്രീയവും, മതവും അയാളിൽ ഏൽപ്പിച്ച ബിംബങ്ങളായ കവിചാരടുകൾ അയാൾ സ്വയം വലിച്ചെറിഞ്ഞു അയാൾ തന്നിലേക്ക് തന്റെ കുടുംബത്തോടൊപ്പം മടങ്ങുകയും ചെയ്തു.
ത്രേസ്യ എൻ ജോൺ
കൗൺസലിങ് സൈകോളജിസ്ട്
tessionline@yahoo.com
8547243223
'Sahaya's Therapeutic Counselling Centre
Kollam/ Kayamkulam
Comments
Post a Comment