തടിയന്‍ ഷിബുവിന്റെ Thinspiration
തടിയന്‍ ഷിബുവിന്റെ Thinspiration
Bulimia (അമിതവണ്ണം) എന്നത് ഇക്കാലത്ത് ലോകം അഭിമുഖീകരിക്കുന്ന ഒരു വലിയ ആരോഗ്യപ്രശ്‌നമാണ്. Bulimia (അത്യാര്‍ത്തി) മൂലം അമിതവണ്ണം വയ്ക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ ആസുഖങ്ങളും, പ്രമേഹവും, പ്രഷറും, ക്യാന്‍സറുമെല്ലാം വരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. അതുപോലെതന്നെ ഗൗരവമായെടുക്കേണ്ട ഒരു പ്രശ്‌നമാണ് Anorexia Nervosa (വിശപ്പില്ലായ്മ). Pro Ana, Pro mia, Thinspiration (Pro Ana-Pro Anorexia, Promia- Pro Bulimia) വെബ്‌സൈറ്റുകളില്‍ തങ്ങളുടെ ശരീരഘടനയെക്കുറിച്ച് ചിന്തിക്കാനും അതിനനുസരിച്ച് സ്വശരീരത്തെ രൂപപ്പെടുത്താനും ശ്രമിക്കുന്നവരാണ്. ഇതില്‍ മെലിഞ്ഞ ശരീരത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ് കൂടുതലും. തന്റെ ശരീരഘടനക്കുറിച്ചുള്ള അമിതചിന്ത ഒട്ടുമിക്ക സെലബ്രറ്റികളേയും പിടികൂടാറുണ്ടെങ്കിലും അത്തരം ചിന്തകള്‍ വ്യക്തിജീവിതത്തില്‍ കടന്നുകയറ്റം നടത്തുമ്പോള്‍ ആണ് അത് രോഗമാകുന്നത്.
Body Shaming (ശരീരപ്രകൃതിയുടെ പേരിലുള്ള കളിയാക്കലുകള്‍) ഒരു ക്രൂരമായ പ്രവര്‍ത്തിയാണ്. തടിച്ച ശരീരപ്രകൃതിയുള്ളത് സൗന്ദര്യസങ്കല്പങ്ങള്‍ക്ക് വിരുദ്ധമാണ് എന്നാണ് ആധുനിക Netizens(സൈബര്‍ പൗരന്മാര്‍) കരുതുന്നത്.
ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്തിന് ന്യൂനതയുണ്ടെന്ന ചിന്ത അമിതമായി നിത്യ ജീവിതത്തില്‍ മനോവിഷമം ഉണ്ടാക്കാറുണ്ട് പലരിലും. കണ്ണോ, മൂക്കോ, മുടിയോ, മാറിടമോ, ആകാരമോ, ശരീരഭാരമോ, നിറമോ ഒക്കെ ന്യൂനതകള്‍ നിറഞ്ഞതാണെന്ന് സ്വയം സങ്കല്പിച്ച് സമൂഹത്തില്‍ താന്‍ അനഭിമതരാണെന്നാണ് ഇത്തരക്കാര്‍ ചിന്തിക്കുക. പലപ്പോഴും അത്തരം ഒരു ന്യൂനതതന്നെ ഉണ്ടായിക്കൊള്ളണമെന്നില്ല. അഥവാ ഉണ്ടെങ്കില്‍തന്നെ അത്ര ഗൗരവമുള്ളതുമായിരിക്കണമെന്നില്ല.
വളരെ ചെറുപ്രായം മുതല്‍തന്നെ സ്വശരീരത്തെക്കുറിച്ചുള്ള ഒരു അവബോധമുണ്ടാകും ഒട്ടുമിക്കവര്‍ക്കും. സെലിബ്രിറ്റികളോട് തുലനം ചെയ്താണ് പലരും ഈ മാനസീകാവസ്ഥയില്‍ എത്തിപ്പെടുക.
മനുഷ്യനിലെ ആന്തരീകസൗന്ദര്യത്തിന് പകരം ശാരീരകസൗന്ദര്യത്തിന് അമിതപ്രാധാന്യം നല്കുന്ന ചിന്ത രോഗഗ്രസ്ഥമായ ഒരു സമൂഹത്തിന്റെ ഉപോത്പന്നം മാത്രമാണ്.
ഈ കോവിഡ് ലോക്ഡൗണിനിടയിലാണ് 9-ാം ക്ലാസ്സുകാരന്‍ ഷിബുവിനെയും കൊണ്ട് സഹോദരനും അമ്മയും കൗണ്‍സലിംഗിനെത്തിയത്. ഒറ്റനോട്ടത്തില്‍ ആരും പേടിച്ചുപോകുംവിധം എല്ലും തോലുമായ ശരീരം, കുഴിഞ്ഞ കണ്ണുകള്‍. മുഖത്ത് തീരെ മാംസമില്ലാത്തതിനാല്‍ പല്ലുകള്‍ ഉയര്‍ന്നിരുന്നു. ആരോടൊക്കെയോയുള്ള ദേഷ്യമെല്ലാം വാരികൂട്ടിവെച്ചപോലുള്ള മുഖഭാവം. തലവേദന എന്ന് പരാതിപറയുന്ന ഷിബുവിനെയും കൊണ്ട് സഹോദരനും അമ്മയും നിരവധി ആശുപത്രികളില്‍ കയറിയിറങ്ങി. മാനസീകപ്രശ്‌നങ്ങളാവാം കാരണമെന്ന ചിന്തയാണ് അവരെ എന്റെ അടുത്തെത്തിച്ചത്.
വളരെ ശാന്തനും സത്‌സ്വഭാവിയുമായിരുന്ന് ഷിബു ് എന്തു കഴിച്ചാലും വിശപ്പ് മാറാത്ത രീതിയായിരുന്നത് കൊണ്ടുതന്നെ നന്നെ ഭാരിച്ച ശരീരപ്രകൃതിക്കാരനായിരുന്നു. പക്ഷെ കോവിഡിനു നടുവില്‍ ഒരിക്കല്‍ സ്‌കൂളില്‍ പോയ ഷിബുവിനെ കൂട്ടുകാര്‍ നിഷ്‌ക്കരുണം തേജോവധം ചെയ്തു. തന്റെ ശരീരത്തിന്റെ രൂപത്തിന് ഭയങ്കരമായ ന്യൂനതയുണ്ടെന്നും എങ്ങനെയും ശരീരഭാരം കുറക്കണമെന്നുമുള്ള ചിന്ത ഷിബുവിനെ അലോസരപ്പെടുത്തി. അത് തലക്കകത്ത് പ്രകമ്പനമായി. ഉറക്കം നഷ്ടപ്പെട്ടു, ഷിബുവിന് ഭക്ഷണത്തോട് വിരക്തിയായി. ദേഷ്യം നിയന്ത്രിക്കാന്‍ പറ്റാതായി. കണ്ണാടിയ്ക്ക് മുന്നില്‍ നിരന്തരം തന്റെ രൂപത്തെ തിരിഞ്ഞും മറിഞ്ഞു വീക്ഷിക്കുന്നത് പതിവായി. രാവിലെ ഒരു ദോശ, ഉച്ചക്ക് ഒരു സ്പൂണ്‍ ചോറ്, കൂടിവന്നാല്‍ ഒരു ഗ്ലാസ്സ് വെള്ളം. ഇത്രയൊക്കെയാണ് ഷിബുവിന്റെ ഭക്ഷണക്രമം. പാലോ, മുട്ടയോ, മത്സ്യ-മാംസാദികളൊ തൊടില്ല. ദിവസത്തില്‍ പലവട്ടം കഠിനമായ വ്യായാമം. ഓരോ ദിവസവും തന്റെ ഭാരം എത്രമാത്രം കുറയുന്നുണ്ട് എന്ന് നിരീക്ഷിക്കും.
ഷിബുവിനോട് പഠനത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും സംസാരിച്ചുതുടങ്ങി. സന്തോഷത്തോടെ സംസാരിച്ചുതുടങ്ങിയ ഷിബു പിന്നെ വാവിട്ടു നിലവിളിക്കാന്‍ തുടങ്ങി. പൊണ്ണതടിയന്‍ എന്ന് വിളിച്ച ചങ്ങാതിമാരോടുള്ളതിനെക്കാള്‍ കടുത്ത ദേഷ്യം ഷിബുവിന് ഇപ്പോള്‍ തന്നോട് തന്നെയാണ്. ശരീരം നന്നെ ക്ഷീണിച്ചുവെന്നും ഇനിയും ഇങ്ങനെ തുടര്‍ന്നാല്‍ ആന്തരീക അവയവങ്ങള്‍ക്ക് ക്ഷതം ഏല്ക്കും എന്നും ഒക്കെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രിമിക്കുന്നത് വെറുതെയാണെന്ന് മനസ്സിലായി. അനറക്‌സിയ നര്‍വോസ എന്ന ഈറ്റിംഗ് ഡിസ്ഓര്‍ഡറിന്റെ ഇരയായി മാറിയിരുന്നു ഷിബു. കടുത്ത വിഷാദവും കൂടിയായപ്പോള്‍ ഷിബു പൂര്‍ണ്ണമായും രോഗാവസ്ഥയിലേയ്ക്ക് കൂപ്പുകുത്തി.
സ്വശരീരത്തില്‍ എല്ലും തൊലിയും മാത്രമേയുള്ളുവെന്ന് ഈ രോഗത്തിന്റെ പിടിയിലമര്‍ന്നവര്‍ക്ക് മനസ്സിലാവില്ല. ഭക്ഷണം കഴിക്കാതെ ഏതുവിധേനയും ശരീരഭാരം കുറക്കുക എന്ന ഒരു ലക്ഷ്യമാണ് ഈ രോഗത്തിന്റെ കാരണമായ ചിന്തയെങ്കിലും സ്വശരീരം കണ്ണാടിയില്‍ വളരെ തടിച്ചശരീരമായിട്ടാണ് ഇവര്‍ക്ക് കാണപ്പെടുക. വളരെ കുറച്ചുമാത്രം ഭക്ഷണം കഴിക്കുക, കഴിച്ച ഭക്ഷണം ശര്‍ദ്ദിച്ചുകളയുക, വളരെ കഠിനമായി വ്യായാമം ചെയ്തുകൊണ്ടിരിക്കുക, തൂക്കം നോക്കിക്കൊണ്ടിരിക്കുക, ശരീരഭാരത്തെ തന്റെ വ്യക്തിത്വത്തിന്റെ മൂല്യമായി തുലനം ചെയ്യുക ഒക്കെ Anorexia Nervosa യുടെ ലക്ഷണങ്ങളാണ്.
ഭക്ഷണം കുറയുന്നത് മൂലം ശോഷിച്ച ശരീരവും, ഉറക്കമില്ലായ്മ, തലകറക്കം, രക്തത്തിന്റെ അളവ് കുറയുക, മുടിയും, നഖവും കൊഴിയുക, പെണ്‍കുട്ടികളില്‍ ആര്‍ത്തവം വരാതിരിക്കുക, ശരീരത്തില്‍ ജലാംശം കുറയുക, രക്തസമ്മര്‍ദ്ദം കുറയുക അങ്ങനെ നിരവധി ലക്ഷണങ്ങള്‍ പ്രകടമാകും.
Anorexia nervosa എന്ന രോഗത്തിന് സാധാരണഗതിയില്‍ ഇരയാകുന്നത് പൊതുവെ സ്ത്രീകളാണ്. പക്ഷെ വളരെ കൂടുതല്‍ ഭക്ഷണം കഴിക്കുന്ന Anorexia Bulimia എന്ന രോഗത്തിന്റെ ഇരകള്‍ സാധാരണ പുരഷന്മാരുമാണ്. ഇവിടെ നമ്മുടെ ഷിബുവിനെ മുമ്പ് വളരെയധികം ഭക്ഷണം കഴിക്കുന്ന പ്രകൃതം ആയിരുന്നുവെങ്കില്‍ ഇപ്പോഴത് Anorexia Nervosa ആയി മാറിയിരിക്കുന്നു. വളരെയധികം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഷിബു കൂട്ടുകാരുടെ ക്രൂരവാക്കുകള്‍ മുറിവേല്പിച്ച മനസ്സുമായി തന്റെ ഭാരം കുറക്കാനായി ഗൂഗിളില്‍ വഴികള്‍ തിരഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് വളരെ മെലിഞ്ഞവരുടെ ഗ്രൂപ്പുകളില്‍ എത്തിപ്പെട്ടത്. അവിടെ നിരവധി ചലഞ്ചുകളാണ് ഷിബുവിനെ വരവേറ്റത്. അതില്‍ ഒന്ന് A4 പേപ്പര്‍ ചലഞ്ച് ആണ്. A4 പേപ്പറിന്റെ വീതി 21 CM ആണ്. ഒരു A4 പേപ്പര്‍ പിടിച്ചാല്‍ വയര്‍ മറഞ്ഞിരിക്കുന്ന ഫോട്ടോ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയാണ് A4 പേപ്പര്‍ ചലഞ്ച്. അതുപോലെ കുട്ടികളുടെ Baby Dress ചലഞ്ച് (തീരെ ചെറിയ കുട്ടികളുടെ വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്). Belly Button ചലഞ്ച് (ഒരു കൈ പിന്നിലൂടെ ചുറ്റി പൊക്കിള്‍ കുഴിയില്‍ തൊടുക) Shoulder Born ചലഞ്ച് (കഴുത്തില്‍ നാണയങ്ങള്‍ അടുക്കി വെക്കാന്‍ മാത്രം എല്ലുകള്‍ പൊങ്ങിയിരിക്കണം.) ഇങ്ങനെ നിരവധി ചലഞ്ചുകളാണ് നമ്മുടെ സൈബര്‍ ഇടങ്ങള്‍ കൈയ്യടക്കുന്നത്. ഏത് ചലഞ്ചും ലോകത്തെവിടെയെങ്കിലും തുടങ്ങിയാല്‍ പിന്നെ നമ്മുടെ കുട്ടികള്‍ ഏറ്റു പിടിക്കുകയായി.
ഷിബുവിന് ജീവന്‍തന്നെ അപകടത്തിലാകുംവിധം ശരീരം ശോഷിച്ച അവസ്ഥയായതിനാല്‍ ഹോസ്പിറ്റലൈസേഷന്‍ റെക്കമെന്റ് ചെയ്യേണ്ടതായി വന്നു. മരുന്നുകള്‍ പോലും കഴിക്കാന്‍ വിമുഖതപ്രകടിപ്പിച്ച ഷിബുവിനെ നിര്‍ബന്ധിച്ച് ഫീഡ് ചെയ്യേണ്ടതായി വന്നുവെങ്കിലും പതുക്കെ പതുക്കെ ജീവിതം തിരിച്ചുപിടിക്കാനും മാനസീകവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കാനും സാധിച്ചുവെന്നത് എന്നെ ഏറെ സന്തോഷിപ്പിച്ചു. ഇത്തരം രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ ത്തന്നെ പ്രതിവിധി തേടുന്നതാണ് ഏറ്റവും ഉത്തമം. അല്ലെങ്കില്‍ ഒരുപക്ഷെ രക്ഷപ്പെടുത്താന്‍ പറ്റിയെന്നുവരില്ല. രോഗിയ്ക്ക് അതിന്റെ തീവ്രത മനസ്സിലാകുകയില്ല എന്നതുകൊണ്ട്തന്നെ പലപ്പോഴും ബന്ധുജനങ്ങള്‍ നീറുന്ന മനസ്സോടെ നിസ്സഹായരായിപോകുകയും ചെയ്യും.
ത്രേസ്യ എൻ ജോൺ
കൗൺസലിങ് സൈകോളജിസ്ട്
tessionline@yahoo.com
8547243223
'Sahaya's Therapeutic Counselling Centre
Kollam/ Kayamkulam
Comments
Post a Comment