കുഞ്ഞുങ്ങളെ കൂടെ ഉറക്കിയാല്‍

കുഞ്ഞുങ്ങളെ കൂടെ ഉറക്കിയാല്‍
സുമുത്രയ്ക്ക് ഇടക്കിടയ്ക്ക് തലകറക്കവും ശര്‍ദ്ദിയും. സര്‍വ്വവിധ മെഡിക്കല്‍ ചെക്ക് അപ്പുകളും കഴിഞ്ഞു. ശാരീരികമായ കാരണങ്ങള്‍ ഒന്നും തന്നെ കണ്ടെത്താനായില്ല. അങ്ങനെ ഒരു ഡോക്ടറുടെ നിര്‍ദ്ദശപ്രകാരമാണ് എന്റെ ക്ലിനിക്കിലെത്തിയത്. സുമിത്രയുടേത് ഒരു യാഥാസ്ഥിതിക കുടുംബമായിരുന്നു. നിരന്തരം പൂജയും ജ്യോതിഷവും തുമ്പിതുള്ളലും പാമ്പാട്ടവും എല്ലാം അരങ്ങേറുന്ന തറവാട്. പഠിക്കാന്‍ അതിസമര്‍ത്ഥയായ സുമിത്ര എന്‍ജിനീയറിംഗിന് പഠിക്കുമ്പോഴാണ് മെല്‍ബിനെ പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. സൗഹൃദം വളര്‍ന്ന് പ്രണയമായി. സ്വാഭാവികമായിത്തന്നെ സുമിത്രയുടെ ബന്ധുജനങ്ങള്‍ അത് അംഗീകരിച്ചില്ല എന്ന് മാത്രമല്ല സുമിത്രയ്ക്കുള്ള സര്‍വ്വ സ്വാതന്ത്ര്യവും നിക്ഷേധിക്കുകയും ചെയ്തു. മാത്രമല്ല സുമിത്ര അന്യജാതിക്കാരനെ വിവാഹം കഴിക്കുന്ന പക്ഷം കുടുംബത്തില്‍ ദുര്‍മ്മരണം നടക്കും എന്ന് കുടുംബജ്യോതിഷി വിധിക്കുകയും ചെയ്തു. പക്ഷെ മെല്‍ബിന്റെ സൗഹാര്‍ദ്ദം സുമുത്രയില്‍ ഒരുപാട് മാറ്റങ്ങള്‍ സൃഷ്ടിച്ചിരുന്നു. ജ്യോതിഷിയുടെ പ്രവചനമൊന്നും സുമിത്രയ്ക്ക് വിശ്വാസമായില്ല. സുമിത്ര ഒരു രാത്രിയില്‍ വീട്ടില്‍ നിന്നും രക്ഷപ്പെട്ടു മെല്‍ബിനെ വിവാഹം കഴിച്ചു. അതിനോടകം മെല്‍ബിന് നല്ലൊരു കമ്പനിയില്‍ ജോലിയും തരമായിരുന്നു. രണ്ടുപേരും മെല്‍ബിന്റെ ജോലിസ്ഥലമായ പൂനയില്‍ താമസമാക്കി. അവിടെ വെച്ച് അവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചു. കുഞ്ഞിന്റെ ജനനം അവരുടെ ജീവിതത്തില്‍ കൂടുതല്‍ നിറക്കൂട്ട് നല്കി. ഒപ്പം വെല്ലുവിളികളും. കുഞ്ഞ് പലവട്ടം രാത്രി ഉറക്കം ഉണരുന്നതുമൂലം സ്വാഭാവികമായും അമ്മയുടെ ഉറക്കം തടസ്സപ്പെട്ടു. പക്ഷെ 3 മാസമാകുമ്പോഴേയ്ക്കും സാധാരണഗതിയില്‍ കുഞ്ഞു കൂടുതല്‍ സമയം രാത്രി ഉറങ്ങേണ്ടതാണ്. പ്രസവശേഷം സ്ത്രീശരീരത്തിലുണ്ടാകുന്ന ഹോര്‍മ്മോണുകളുടെ പുനഃക്രമീകരണം മൂലം പല സ്ത്രീകള്‍ക്കും പലവിധ മാനസീകവിഭ്രാന്തി ഉണ്ടാവാറുണ്ട്. അതിന് മറ്റൊരു കാരണം തുടര്‍ച്ചയായ ഉറക്ക നഷ്ടവും കൂടിയാണ്. പക്ഷെ ഇവിടെ സുമിത്രയുടെ കുഞ്ഞിന് ഇപ്പോള്‍ 6 മാസമായിയെങ്കിലും രാത്രി ഉറക്കത്തിന്റെ ക്രമം ശരിയായിട്ടില്ല എന്നതാണ്.. കുഞ്ഞ് രാത്രി ഉറങ്ങാത്തതുകൊണ്ട് അമ്മയായ സുമിത്രയ്ക്കും ഉറക്കം നഷ്ടപ്പെട്ടു. രാവിലെ 3നും 4നും ഒക്കെയാണ് കുഞ്ഞ് ഉറക്കം പിടിക്കുക. അത്രയും സമയം സുമിത്ര ആശ്രയിക്കുന്നത് മൊബൈല്‍ ഫോണിനെയാണ്. കുഞ്ഞിന്റെ സ്വാഭാവികമായുള്ള ര്രാതികാല ഉറക്കത്തിന്റെ ക്രമം മൂന്ന് മാസം കൊണ്ട് രൂപപ്പെടുന്ന സമയത്ത് ഈ മാതാപിതാക്കള്‍ കുഞ്ഞിന്റെ സാന്നിദ്ധ്യത്തില്‍ മൊബൈല്‍ ഉപയോഗിച്ചതായിരിക്കുകയില്ലെ കുഞ്ഞ് ഉറങ്ങാതെയിരിക്കാനുള്ള കാരണം. അതെ. അതാണ് സംഭവിച്ചത്. കുഞ്ഞു ഇടയ്ക്കിടയ്ക്ക് ഉണരുന്ന അവസരത്തിലെല്ലാം അവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടേയിരുന്നു എന്നതാണ് വാസ്തവം. തുടര്‍ച്ചയായി നീണ്ട മണിക്കൂറുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഏതൊതു വ്യക്തിയ്ക്കും ഇത്തരം കുഴപ്പങ്ങള്‍ നേരിടാറുണ്ട്. ഇവിടെ അമ്മയുടെ മൊബൈല്‍ ഫോണിന്റെ രശ്മികളാവാം കുഞ്ഞിന്റെ ഉറക്കക്രമം ശരിയാവാതെയിരിക്കുന്നതിനുള്ള ഒരു കാരണം. തുടര്‍ച്ചയായുള്ള മൊബൈല്‍ ഫോണിന്റെ ഉപയോഗം മാനസീകവിഭ്രാന്തിയിലേയ്ക്ക് കൊണ്ടുപോകുമെന്നത് ഓരോ ക്ലിനിക്കിലേയും ക്ലൈന്‍സിന്റെ ജീവിതക്രമം നിരീക്ഷിച്ചാല്‍ മനസ്സിലാവും. ഗെയിമും പോണ്‍ വിഡീയോയും ഉപഭോക്താവില്‍ ഉണ്ടാക്കുന്ന സ്വഭാവ-മാനസീക വ്യതിയാനങ്ങള്‍പോലെ തന്നെയാണ് നിരന്തരം ഫോണ്‍ ഉപയോഗിക്കുന്ന ഏതൊരു വ്യക്തിയിലും വന്നുചേരുക എന്നത് ശാസ്ത്രത്തിന്റെ ഈ ഉത്പന്നം ഉണ്ടാക്കുന്ന വിപത്ത് തന്നെയാണ്. ശാസ്ത്രത്തിനെ ആരോഗ്യകരമായി ഉപയോഗിക്കുന്നതിന് പകരം നമ്മില്‍ മിക്കവരും അതിനെ ദുരുപയോഗം ചെയ്യുകയാണ്. കുഞ്ഞ് ഉറങ്ങാത്തത്കൊണ്ട് മെല്‍ബിനാണ് കൂടുതല്‍ നിരാശനായത്. ആള്‍ നന്നായി സെക്സ് ആസ്വദിക്കുന്ന കൂട്ടത്തിലായിരുന്നു. പക്ഷെ ഇപ്പോള്‍ രാത്രി മുഴുവന്‍ ഉറങ്ങാതെയിരിക്കുന്ന കുഞ്ഞ് അവരെ ലൈംഗിക കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതിന് തടസ്സമാകുന്നു. മെല്‍ബിന്റെ നിരാശമുഴുവന്‍ സുമിത്രയോടാണ് ആള്‍ പ്രകടമാക്കുന്നത്. സ്വാഭാവികമായും ഇതിന്റെയെല്ലാം ഭവിഷ്യത്ത് പ്രത്യക്ഷമാകുന്നത് സുമിത്രയുടെ അസുഖമായിട്ടാണ്. എല്ലാവര്‍ക്കും ആദ്യം ആവശ്യമായിട്ടുള്ളത് ഉറക്കമാണ്. കുഞ്ഞുങ്ങളെ നമ്മുടെ നാട്ടില്‍ അച്ഛനമ്മമാരോടൊപ്പമാണ് ഉറക്കുന്നത്. കുഞ്ഞ് വളര്‍ന്ന് കൗമാരപ്രായമായാലും ഒട്ടുമിക്ക വീടുകളിലും ഇത് തന്നെയാണ് അവസ്ഥ. ഇത് യുവമിഥുനങ്ങളായ അച്ഛനമ്മമാരുടെ ഇടയില്‍ വലിയ കുഴപ്പങ്ങളുണ്ടാക്കും. അതില്‍ ആദ്യത്തേത്. ഉറക്കമാണ്. കുഞ്ഞും ഉറങ്ങുകയില്ല. അച്ഛനമ്മമാരും ഉറങ്ങുകയില്ല. അങ്ങനെ കുടുംബത്തിന്റെ ആരോഗ്യം മൊത്തം തകരാറിലാവും. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിന് ശക്തമായ നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റ് തലത്തിലുണ്ട്. അവിടെയെല്ലാം കുഞ്ഞിനെ 4 മാസം മുതല്‍ 1 വയസ്സിനുള്ളില്‍ വേറെ മുറിയില്‍ ആണ് ഉറക്കുന്നത്. ഇങ്ങനെ ഒരു പ്രശ്നം നമ്മള്‍ ഇവിടാരോടെങ്കിലും പറഞ്ഞാല്‍ രണ്ട് പ്രശ്നങ്ങളാണ് ഉന്നയിക്കപ്പെടുക. അതില്‍ ഒന്ന് വിശപ്പ് ആണ്. കുഞ്ഞിന് വിശക്കുകയില്ലെ എന്ന ചോദ്യം. ശരിയാണ് കുഞ്ഞിന് വിശക്കും. പക്ഷെ കുഞ്ഞിന്റെ രാത്രികാലങ്ങളിലെ ഭക്ഷണം കഴിക്കുന്ന ശീലം കുറച്ചു ദിവസങ്ങള്‍ക്കൊണ്ട് തന്നെ മാറ്റാവുന്നതെയുള്ളു. ആദ്യദിവസങ്ങളില്‍ കുഞ്ഞു കരയുമ്പോള്‍ അമ്മ കുഞ്ഞിന് പാലു കൊടുക്കണം. പക്ഷെ കുഞ്ഞിനെ എടുത്തുകൊണ്ട് വരികയോ അച്ഛനമ്മമാരോടൊപ്പം ഉറക്കുകയോ ചെയ്യരുത്. ആദ്യമൊക്കെ പലവട്ടം കരയുന്ന കുഞ്ഞ് പിന്നെ പിന്നെ രാത്രി ശാന്തമായി ഉറങ്ങിക്കൊള്ളും. രാത്രി ഉറങ്ങാനുള്ളതാണെന്ന് കുഞ്ഞ് തിരിച്ചറിയും. ഈ ഒരു സമ്പ്രദായം നമ്മളും അനുകരിച്ചാല്‍ കുടുംബത്തിന് മൊത്തം നല്ല ഉറക്കം കിട്ടുകയും പ്രത്യേകിച്ചും അമ്മയുടെ ഹോര്‍മോണ്‍ വ്യതിയാനത്തില്‍ നിന്നും കരകയറാനും പറ്റും. കുഞ്ഞിനെ മാറ്റിക്കിടത്തുക എന്ന പ്രശ്നം നമ്മുടെ നാട്ടില്‍ പ്രായോഗികമാക്കാതെയിരിക്കുന്നത് പേടി നിറഞ്ഞ മാതാപിതാക്കളും ബന്ധുജനങ്ങളുമാണ്. വളരെ പിഞ്ച് കുഞ്ഞിന്റെ മനസ്സില്‍ മുതിര്‍ന്നവര്‍ക്കുള്ളപേലെ പ്രകൃത്യാധീത ശക്തികളോ, ആത്മാക്കളോ, അപസര്‍പ്പകകഥളോ ഒന്നും ഉണ്ടാകുകയില്ലെങ്കിലും മുതിര്‍ന്നവര്‍ ഭയക്കുന്നത് കുഞ്ഞിന് ഭയമാകും എന്നായിരിക്കും. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം കുഞ്ഞിനെ മാറ്റി കിടത്തി ഉറക്കണമെങ്കില്‍ യാതൊരു കാരണവശാലും അപസര്‍പ്പക കഥകളും ഭൂതപ്രേതകഥകളും കുഞ്ഞിനോട് പറഞ്ഞ് കൊടുക്കരുത് എന്നാണ്. അങ്ങനെ പറഞ്ഞുകൊടുക്കുന്ന പക്ഷം കുഞ്ഞിന് പേടിയുണ്ടാവുകയും കുഞ്ഞിനെ മാറ്റിക്കിടത്താന്‍ കഴിയാതെ പോകുകയും ചെയ്യും. കുഞ്ഞുങ്ങള്‍ക്ക് നല്ല മാനസീക-ശാരീരിക ആരോഗ്യം ആവശ്യമാണെങ്കില്‍ കുഞ്ഞിലേയ്ക്ക് ഇത്തരം യാതൊരു പേടിയും കുത്തിവെക്കാതെയിരിക്കുകയാണെങ്കില്‍ കുഞ്ഞിനും അവരുടെ അച്ഛനമ്മമാര്‍ക്കും കൂടുതല്‍ ആരോഗ്യകരമായ ജീവിതം നയിക്കാനാവും. സുമിത്രയും മെല്‍ബിനും 15 ദിവസം കൊണ്ട് തന്നെ കുഞ്ഞിനെ വേറെ റൂമില്‍ കിടന്നുറങ്ങാന്‍ പരിശീലിപ്പിച്ചു. ഇരുവര്‍ക്കും നല്ല ഉറക്കവും രതിസുഖവും ലഭിക്കുകയും ചെയ്തതോടെ മെല്‍ബിന്‍ സുമിത്രയോട് ശാന്തമായി ഇടപെടാന്‍ തുടങ്ങി. അതോടെ സുമിത്രയുടെ അസുഖവും ഇല്ലാതെയായി. അതെ ആരോഗ്യകരമായ കുടുംബജീവിതത്തിന് നല്ല ഉറക്കവും രതിയും ആവശ്യമാണ്. സുമിത്രയുടെ അസുഖത്തിന്റെ കാരണം മെല്‍ബിനോടൊപ്പം ഇറങ്ങിപ്പുറപ്പെട്ടതുകൊണ്ടാണെന്നും, ആരുടെയൊക്കെയോ ശാപം തന്നെ പിന്‍തുടരുന്നുണ്ടെന്നും, അസുഖകരമായി പെരുമാറുന്ന മെല്‍ബിന്‍ തന്നെ ഉപേക്ഷിക്കുമെന്നും ഒക്കെയായിരുന്നു ആദ്യദിവസത്തെ സുമിത്രയുടെ പരാതികള്‍. മാനസീകമായും ശാരീരികമായും ആരോഗ്യംവീണ്ടെടുത്ത ആ കുടുംബം വളരെ സന്തോഷത്തോടെയാണ് അവസാനദിവസത്തെ കൗണ്‍സലിംഗ് കഴിഞ്ഞ് യാത്രയായത്.


ത്രേസ്യ എൻ ജോൺ

കൗൺസലിങ് സൈകോളജിസ്ട്

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam 

Comments

Popular posts from this blog

റയാനയുടെ ദുഃഖം

Depression

Affective Realism