ആര്‍ട്ടിയേലിന്റെ വിഷമങ്ങള്‍




 ആര്‍ട്ടിയേലിന്റെ വിഷമങ്ങള്‍
(PUBLISHED IN YUKTHIREGHA MAGACINE NOV2021)


ആര്‍ട്ടിയേല്‍ എന്ന മാലാഖയുടെ പേര് അവനിട്ടത് അവന്റെ അമ്മയും അച്ഛനും ചേര്‍ന്നാണ്. മനുഷ്യന്റെ സങ്കടങ്ങളില്‍ നിന്നും മോചിപ്പിക്കുന്ന മാലാഖയായി അവന്‍ അവരുടെ ജീവിതത്തിന്റെ ഭാഗമായിട്ട് ഇപ്പോള്‍ 19 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. 
പക്ഷെ ഇപ്പോള്‍ ആര്‍ട്ടിയേലിനെ ക്ലിനിക്കില്‍ കൊണ്ടുവന്നിരിക്കുന്നത് ഇവന്‍ വരുത്തിവെക്കുന്ന സങ്കടങ്ങളും കഷ്ടപ്പാടുകളും കുഴപ്പങ്ങളും പരിഹരിക്കുന്നതിനായി 'ആര്‍ട്ടിയേല്‍' മാലാഖയുടെ ജോലി എന്നെ ഏല്‍പ്പിക്കാനായിയാണെന്നതാണ് വിരോദാഭാസം.

ആര്‍ട്ടിയേലിന്റെ അച്ഛന്‍ ചെറുപ്പനാളില്‍ പഠിക്കാന്‍ മിടുക്കനായിരുന്നില്ല. പത്താംക്ലാസ്സുപോലും പാസ്സാകാതെയായപ്പോഴാണ് മദ്രസയില്‍ ചേരാം എന്ന ആശയം വന്നത്. അത്യാവശ്യം ബഹുമാനവും വിലയും കിട്ടും എന്ന ധാരണയാണ് അതിന് അയാളെ പ്രേരിപ്പിച്ചത്. നീണ്ടനാളത്തെ മദ്രസാ പഠനത്തിനൊടുവില്‍ വെള്ളവസ്ത്രത്തില്‍ നാട്ടില്‍ തിരിച്ചെത്തിയ ആളെ ആ രൂപത്തില്‍ അംഗീകരിക്കാനോ ബഹുമാനിക്കാനോ ഒന്നും കുഞ്ഞുനാളിലെ  കൂട്ടുകാര്‍ക്ക് പറ്റുമായിരുന്നില്ല.  മണ്ടശിരോമണിയായ അവരുടെ കൂട്ടുകാരനെ ഒളിഞ്ഞും തെളിഞ്ഞും അവര്‍ പരിഹസിച്ചു. പരിഹാസം സഹനത്തിന്റെ സീമകള്‍ കടക്കുകയും ചങ്ങാതിമാരുടെ ചോദ്യങ്ങളില്‍ വല്ല കഴമ്പുമുണ്ടാകുമോ എന്ന ചിന്തയും കൂടി ആയപ്പോള്‍ ആള്‍ വീണ്ടും നാട് വിട്ടു.  ഈ വട്ടം പോയത് അയല്‍ സംസ്ഥാനത്തിലെ  ഒരു ത്തിലേയ്ക്കായിരുന്നു
 തന്റെ മൗലവി വേഷമെല്ലാം അഴിച്ചുവെച്ച് ജോലിതേടിയെത്തിയ ആ യുവാവ്  താമസിക്കാതെ തന്നെ അവിടെയുണ്ടായിരുന്ന ജോലിക്കാരോടൊക്കെ അടുക്കുകയും  ഒടുവില്‍ ഒരു സഹജോലിക്കാരന്റെ മകളെ വിവാഹം കഴിക്കുകയും ചെയ്തു.  അവര്‍ക്ക് ഒരു കുഞ്ഞു ജനിച്ചപ്പോള്‍ ഭക്തയായ ആ മാതാവ് കുഞ്ഞിന് കണ്ടുപിടിച്ച പേരാണ് ആര്‍ട്ടിയേല്‍.  താമസിക്കാതെ അവര്‍ തിരികെ കേരളത്തില്‍ എത്തി സമ്പാദ്യമെല്ലാം കൂട്ടി വെച്ച് ഒരു വീട് വാങ്ങി. ബിസിനസ്സ് തുടങ്ങി.  ആര്‍ട്ടിയേലിന്റെ പേരുപോലെ അവരുടെ സങ്കടങ്ങളെല്ലാം സന്തോഷങ്ങളായി മാറി. 
ആര്‍ട്ടിയേല്‍ പഠിക്കാന്‍ ബഹുമിടുക്കനായിരുന്നു.  വളരെ സൗമ്യസ്വഭാവം. സത്ഗുണസമ്പന്നന്‍. പക്ഷെ ആര്‍ട്ടിയേല്‍ വളര്‍ന്ന് ഹൈസ്‌ക്കൂളില്‍ എത്തിയപ്പോള്‍ കഥ മാറി.  ഇടയ്ക്കിടയ്ക്ക് സ്‌കൂളില്‍ നിന്നും വിളി വന്നു തുടങ്ങി.  സിഗരറ്റ് വലി, അടിപിടി, കളിയാക്കലുകള്‍, തെറി വിളി അങ്ങനെ ആര്‍ട്ടിയേല്‍ പല പുതിയ കലാപരിപാടികളും അഭ്യസിച്ചു തുടങ്ങി. അവിടുന്നിങ്ങോട്ട് പരീക്ഷയ്ക്ക് മാര്‍ക്ക് വാങ്ങുമെങ്കിലും  അവന്റെ മാതാപിതാക്കളുടെ ഉറക്കം നഷ്ടപ്പെട്ടു.  പേലീസ് സ്റ്റേഷനില്‍ നിന്നോ, സ്‌കൂളില്‍ നിന്നോ ഏതു സമയത്തും ഒരു ഫോണ്‍ പ്രതീക്ഷിക്കാമെന്ന അവസ്ഥയായി.  ഇപ്പോഴാണെങ്കില്‍ അവന്റെ അച്ഛന് വയ്യാതെ കിടപ്പിലുമായി.  എന്തെങ്കിലും ആവശ്യത്തിന് പുറത്ത് വിട്ടാല്‍ ആള് തിരിച്ചെത്തുന്നത് മദ്യപിച്ചിട്ടോ  ആരോടെങ്കിലും വഴക്കിട്ടിട്ടോ ആയിരിക്കും.  ഒരു പോലീസ് ഓഫീസറിന്റെ ഉപദേശപ്രകാരമാണ് ആര്‍ട്ടിയേലിനെ അമ്മ എന്റെ അടുത്തു കൊണ്ടു വന്നത്. 

അമ്മയുടെ പരാതി പറച്ചിലുകള്‍ സത്യം മറച്ചുവെക്കാന്‍ വ്യഗ്രത കാട്ടുംവിധമായിരുന്നു.  മുമ്പില്‍ നിന്നും നോക്കുന്ന ഒരാള്‍ക്ക് ആര്‍ട്ടിയേല്‍ ആണ്‍കുട്ടിയാണോ എന്ന് സംശയം തോന്നുമെങ്കിലും പിന്നില്‍ നിന്നും ആര്‍ട്ടിയേലിനെ വീക്ഷിക്കുന്നവര്‍ക്ക് ആര്‍ട്ടിയേലിലെ പെണ്‍ശരീരംമാണ് കാണാനാവുക.   ആര്‍ട്ടിയേലിന്റെ പെണ്ണത്തത്തെ അംഗീകരിക്കാന്‍ അവന്റെ അച്ഛനമ്മമാര്‍ തയ്യാറല്ലായിരുന്നു.  ആര്‍ട്ടിയേലിന്റെ ആക്രമണസ്വഭാവത്തിന്റെ തുടക്കം അവന്റെ കൗമാരാംഭത്തിലാണെന്നതും ഗൗരവമായെടുക്കേണ്ടിയിരിക്കുന്നു. ഒരു വ്യക്തിയുടെ രൂപഭാവങ്ങള്‍ മാറുന്ന സമയം, ശരീരത്തിലെ ജനനേന്ദ്രീയങ്ങളും രോമവളര്‍ച്ചയും നടക്കുന്നതോടൊപ്പം തന്നെ തലച്ചോറിന്റെ ലൈംഗികാഭിമുഖ്യവും പ്രകടമാകുന്നു. 
ഹൈസ്‌ക്കൂളിലെത്തിയപ്പോള്‍ മുതല്‍ അതിക്രൂരമായി ആര്‍ട്ടിയേലിന്റെ ചങ്ങാതിമാര്‍ കളിയാക്കുന്നത് പതിവായി.  പെണ്ണെന്ന വിളികേട്ട് അതുവരെ തീര്‍ത്തും സാധു സ്വഭാവിയായ ആര്‍ട്ടിയേല്‍ പ്രതികരിച്ചത് ആക്രമത്തിലൂടെയാണ്. സഹപാഠികളും, സ്‌കൂളിലെ ഗേറ്റ്മാനും നാട്ടുകാരുമെല്ലാം ആര്‍ട്ടിയേലിന്റെ അടിയുടെ ചൂടറിഞ്ഞു. കഞ്ചാവും മദ്യവും സ്ഥിരം ഉപയോഗിക്കാന്‍ തുടങ്ങി. നാട്ടില്‍ പുരുഷന് ചെയ്യാമെന്ന് കരുതുന്ന ഒട്ടുമിക്ക കാര്യങ്ങളും അവന്‍ ചെയ്യാന്‍ വെമ്പല്‍ക്കൊണ്ടു.  സ്ത്രീയുടെ ശരീരഭാഷയും പുരുഷന്റെ തലച്ചോറുമായ ആര്‍ട്ടിയേലിന് ലോകത്തില്‍ എല്ലാവരോടും ദേഷ്യമായിരുന്നു. തന്നെ അംഗീകരിക്കുന്ന ഒരാളെപ്പോലും അവന്‍ കണ്ടില്ല.   തീര്‍ത്തും മതമനസ്സുകളായ ആ മാതാപിതാക്കളെയും ആര്‍ട്ടിയേലിനേയും കാര്യങ്ങളുടെ നിജസ്ഥിതി പറഞ്ഞു പഠിപ്പിക്കാന്‍ ഏറെ സമയം ചെലവഴിക്കേണ്ടിവന്നു.  

അവന്റെ  ആക്രമണസ്വഭാവത്തിന് താനടക്കമുള്ള സമൂഹം പ്രതിസ്ഥാനത്താണെന്ന ഏറ്റുപറച്ചില്‍ ആര്‍ട്ടിയേലില്‍ ചലനങ്ങളുണ്ടാക്കി.  സൗമ്യസ്വഭാവക്കാരനായ ആര്‍ട്ടിയേലിനെ വീണ്ടടുത്ത് അവന്റെ മാതാവിനെ തിരിച്ചേല്പിക്കുമ്പോള്‍  ആര്‍ട്ടിയേലിലെ പെണ്ണത്തത്തേയും ആണത്തത്തേയും യാതൊരു നിബന്ധനകളുമില്ലാതെ അംഗീകരിക്കുന്ന വിധത്തില്‍ ആ മാതാവിന്റെ ചിന്താഗതിയില്‍ മാറ്റം വന്നിരുന്നു.  നമ്മുടെ ഇടയിലുള്ള ഇത്തരം നിരവധി ആര്‍ട്ടിയേലുമാരുടെ നിലവിള നമ്മള്‍ കേള്‍ക്കാതിരുന്നുകൂടാ.  മനുഷ്യശരീരത്തിലെ ഈസ്ട്രജന്‍- ടെസ്റ്ററോണ്‍ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകളും തലച്ചോറിന്റെ അവസ്ഥയും ചേര്‍ന്നാണ് ഒരു വ്യക്തിയുടെ ലൈംഗികആഭിമുഖ്യം നിയന്ത്രിക്കുന്നത്.  ലോകത്തില്‍ ഒരാളും പൂര്‍ണ്ണമായി ആണോ പെണ്ണോ അല്ലെന്നത് ഇന്നും വിദ്യാസമ്പന്നര്‍ എന്ന് നടിക്കുന്നവര്‍ക്ക് പോലും അറിയാത്ത കാര്യമാണ്. സ്‌കൂളില്‍ സെക്‌സ് എഡുക്കേഷന്‍ ഒന്നോ രണ്ടോ ക്ലാസ്സില്‍ ഒതുക്കാതെ ഒരു പാഠ്യവിഷയമായിത്തന്നെ നടപ്പിലാക്കേണ്ടിയിരിക്കുന്നു. 

ത്രേസ്യ എൻ ജോൺ

കൗൺസലിങ് സൈകോളജിസ്ട്

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam 

Comments

Popular posts from this blog

മനസ്സ് പ്രണയം കൈവിട്ടപ്പോള്‍

bullying

അമ്മയുടെ ആര്‍ത്തവവിരാമം