പരീക്ഷ തോല്പിക്കുന്ന ദുരാത്മാവ് (Pub in Yukthirekha Dec2021)

 നന്നായി തടിച്ചുവീര്‍ത്ത ശരീരംവും പ്രകാശം നഷ്ടപ്പെട്ട കണ്ണുകളും. അമ്മയോടൊപ്പമാണ് സജി എന്നെ കാണാനെത്തിയത്.  കഴിഞ്ഞ 6 മാസമായി സജി മനോരോഗവിദഗ്ദന്റെ ചികിത്സയിലാണ്.  സജിയ്ക്ക് എപ്പോഴും എല്ലാത്തിനേയും പേടിയാണ്. രാത്രിയെ പേടിയായതുകൊണ്ട് രാത്രി അച്ഛനോടൊപ്പമാണ് ഉറക്കം. 

പത്താം ക്ലാസ്സില്‍ എത്തുന്നതു വരെ എല്ലാ പരീക്ഷകള്‍ക്ക് ക്ലാസ്സില്‍ ഒന്നാമന്‍.  നല്ലൊരു മൃഗസ്‌നേഹിയായ സജിയുടെ കൂട്ടുകാരായി  വീട്ടിലേയും അയല്‍ വീടുകളിലേയും പട്ടികളും, പൂച്ചകളുമായി നിരവധിപേരുണ്ടായിരുന്നു. 

പത്താംക്ലാസ്സില്‍ എത്തിക്കഴിഞ്ഞപ്പോഴാണ് സജിയില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്.  പൊതുവെ കൂടുതല്‍ സമയം പുസ്തങ്ങളുമായിരുന്നു പഠിക്കുന്ന പ്രകൃതമായിരുന്നില്ല സജിയുടേത്.  പക്ഷെ പത്തില്‍ എത്തിക്കഴിഞ്ഞതോടെ സജി തന്റെ ഓമനകളായി മൃഗങ്ങളോട് കൂട്ടു കൂടാതെയായി.  സദാ സമയവും പഠിത്തമായി. അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്ക് വളരെ നല്ല മാര്‍ക്ക് ലഭിച്ച സജിയ്ക്ക് അവസാന പരീക്ഷയുടെ ദിനങ്ങളായപ്പോഴേയ്ക്കും തലകറക്കവും ശര്‍ദ്ദിയും കലശലായി അനുഭവപ്പെട്ടു.  ഒരു വിധത്തിലാണ് പരീക്ഷയ്ക്ക് ഹാജരായതുതന്നെ. 




സജിയുടെ മാറ്റത്തിന്റെ കാരണം എന്തെന്നറിയാന്‍  സജിയുടെ അമ്മ ഗുരുകാരണവന്മാരുടെയും അയല്‍വാസികളുടെയും അനുഗ്രാശിസുകളോടെ എത്തിയത് സര്‍വ്വജ്ഞനായ ഒരുജ്യോതിഷിയുടെ അടുക്കലാണ്.  കവടി നിരത്തി കറക്കി എടുത്ത് ജ്യോതിഷി പ്രവചിച്ചു.  കുടുംബത്തില്‍ മരണപ്പെട്ട ഒരാളുടെ ദുരാത്മാവ് സജിയില്‍ കുടിയേറിയിട്ടുണ്ട്.  മനുഷ്യരെക്കാളുപരി ദൈവങ്ങളും ഭൂതങ്ങളും കുടിയിരുത്തപ്പെട്ട സജിയുടെ അമ്മയെ ഭയം പിടികൂടി. ജ്യോതിഷിയുടെ വാക്കുകളില്‍ നിന്നും സ്വന്തം മകന്റെ ജീവിതം അപകടത്തിലാണെന്നാണ് ആ അമ്മയ്ക്ക് തോന്നിയത്.  പിന്നെ അങ്ങോട്ട് പരിഹാരക്രിയകളുടെ പരമ്പരയായി. 

ഒരു കുഞ്ഞു ജനിക്കുമ്പോള്‍ മുതല്‍ അതിന്റെ തലച്ചോറില്‍ നമ്മള്‍ നിറക്കുന്നത് ഭയമാണ്.  പ്രകൃതിയിലെ പ്രതിഭാസങ്ങളെ മനസ്സിലാകാത്ത കുഞ്ഞുമനസ്സ് ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങുമ്പോള്‍ ഭയം നിറഞ്ഞ മാതാപിതാക്കളും സമൂഹവും കുഞ്ഞിന് മനസ്സിലാകാത്ത കാരണങ്ങള്‍ ആയിരിക്കും പറഞ്ഞുകൊടുക്കുക. അത്തരം ഉത്തരങ്ങളൊന്നും യുക്തിസഹമായി ചിന്തിക്കാനോ മനസ്സിലാക്കാനോ,  പാകമാകാത്ത കുഞ്ഞുമനസ്സിന് അംഗീകരിക്കേണ്ടി വരും. 


മനസ്സ് നിറയെ ജീവിതത്തെക്കുറിച്ചും, മരണത്തെക്കുറിച്ചും, രോഗങ്ങളെക്കുറിച്ചുമെല്ലാം ഭീതിയുമായി ജീവിക്കുന്ന മുതിര്‍ന്നവര്‍ അവരുടെ ഭയം മാറ്റാനായി ആശ്രയിക്കുന്ന ദൈവങ്ങളേയും, വേദപുസ്തകങ്ങളേയും, ദൈവങ്ങളെ പ്രസാദിപ്പിക്കാനായി അവലംബിക്കുന്ന പൂജാവിധികളെയുമെല്ലാം ഇളം തലമുറയ്ക്ക് പറഞ്ഞുകൊടുക്കുകയും ഇത്തരം കാര്യങ്ങളിലൊന്നും ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് അനുശാസിക്കുകയും ചെയ്യും.  ചോദ്യങ്ങള്‍ക്ക് പകരം അനുസരണയുടെ വിത്ത് പാകിയ കുഞ്ഞുമനസ്സുകളില്‍ ആചാരങ്ങള്‍ക്കനുസരിച്ച് മാത്രം ജീവിക്കുക എന്ന ഒരു വഴിയെ ഉള്ളു എന്ന മിഥ്യാധാരണ ജന്മമെടുക്കും.  സഹജീവികളില്‍ ഭീതിയുടെ വിത്തുപാകുന്നതിലൂടെ  അനുസരണയും അതുവഴി അധികാരിവര്‍ഗ്ഗത്തെ ചോദ്യം ചെയ്യാന്‍ പാടില്ലയെന്നുമുള്ള ബോധ്യവും അനുയായികള്‍ക്ക് അധികാരവും, പ്രബോധനവും വഴി നല്കിക്കൊണ്ടെയിരിക്കും.  അധികാരം ലഭിക്കാനും, സംരക്ഷിക്കാനുമൊക്കെ ഭീതിപരത്തുക എന്ന ഒരു വഴിയാണ് മറ്റെന്ത് മാര്‍ഗ്ഗത്തെക്കാള്‍ ഫലപ്രദമെന്ന് തിരിച്ചറിവ് അവര്‍ക്ക് നല്ലതുപോലെയുണ്ടാവും.  മനുഷ്യ മനസ്സുകളെ കീഴടക്കാനും അടക്കി ഭരിക്കാനും ഭീതിയോളം വിജയകരമായ മറ്റൊരു മാര്‍ഗ്ഗമില്ല. 

അനുസരണ ചിന്താശക്തിയെ നഷ്ടപ്പെടുത്തുന്നു. ഭയഗ്രസ്തമായ ഒരു മനസ്സ് യാന്ത്രികമായി മാറുന്നു. അധികാരിവര്‍ഗ്ഗം പറയുന്നതെന്തും അനുസരിക്കല്‍ മാത്രമായി മാറും ശീലം.  ആ ശീലം മരണം വരെയുണ്ടാവുകയും ചെയ്യും. ഭീതി നിറഞ്ഞ മനസ്സുകള്‍ക്ക്  പുതിയ അറിവുകള്‍ തേടിപോകാനാകില്ല.   പുസ്തകത്തിലുള്ളത് മനഃപാഠമാക്കി പരീക്ഷ എഴുതുക എന്നത് മാത്രമാണ് വിദ്യാഭ്യാസം കൊണ്ട് ഇന്ന് ഒട്ടുമിക്കവരും അര്‍ത്ഥമാക്കുന്നത്.  പരീക്ഷാപേടിയും മറ്റും വരുന്നത് അനുസരണയോടെ മനഃപാഠമാക്കുന്നത് മൂലമാണ്.  ചോദ്യങ്ങളും ഉത്തരങ്ങളും മാത്രം പഠിക്കുന്നു.  അവിടെ സ്വബുദ്ധിയ്ക്ക്, ചിന്താശക്തിയ്ക്ക് വലിയ സ്ഥാനമൊന്നുമില്ല. ഇങ്ങനെ അനുസരണയോടെയുള്ള പഠനം ശരിയായ വിഷയങ്ങളെ അറിയാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കും.  ചോദ്യങ്ങള്‍ ചോദിക്കാതെ, അനുസരിക്കുന്ന ഒരു കുട്ടി എങ്ങനെ ഒരു നല്ല വിദ്യാര്‍ത്ഥിയാകാനാകും.  അക്ഷരം പഠിക്കുന്നത് പുസ്തകത്തിലുള്ളത് (മാത്രം) പഠിക്കാനാണെന്നും, പഠിക്കുന്നത് പരീക്ഷ എഴുതാനാണെന്നും, പരീക്ഷ എഴുതുന്നത് ജോലി കിട്ടാനാണെന്നും ധരിച്ചുവശായ ഒരു ജനതയാണ് നമ്മുടേത്.  അനുസരിക്കാന്‍ പഠിച്ച ജനത മറ്റെന്ത് ചെയ്യാന്‍. 

അനുസരണ പഠിക്കുന്നതിലൂടെ നമ്മള്‍ അച്ഛനമ്മമാരെ പേടിക്കുന്നു, അദ്ധ്യാപകരെ പേടിക്കുന്നു, സുഹൃത്തുക്കളെ പേടിക്കുന്നു, സമൂഹത്തെ പേടിക്കുന്നു. മറ്റുള്ളവര്‍ എന്തു കരുതും എന്ന് നിരന്തരം ചിന്തിക്കും. ആ ചിന്തയില്‍ കൂടുതല്‍ കൂടുതല്‍ അനുകരിക്കാനും, അനുസരിക്കാനും, മറ്റുള്ളവരെപോലെ തന്നെയാകാനും ശ്രമിച്ചുകൊണ്ടെയിരിക്കും.  അതുകൊണ്ട് തലമുറകളിലൂടെ പകര്‍ന്ന കിട്ടിയ ജനിതികപരമായ ആത്മജ്ഞാനം എന്തെന്നും, തനിക്കുള്ള ബുദ്ധിവൈഭവം എന്തിലെന്നു പോലും തിരിച്ചറിയാത്ത ഒരു മനുഷ്യജന്മമായി ജീവിച്ചുതീര്‍ക്കാനാണ് പലര്‍ക്കും യോഗം. 

ഇവിടെ ഭയഗ്രസ്ഥമായ മനസ്സുമായി ജീവിക്കുന്ന സജിയോട് ദുരാത്മാവ് കുടിയേറിയിട്ടുണ്ടെന്ന് അമ്മ പറഞ്ഞ നിമിഷം തന്റെ മനസ്സിന്റ നിയന്ത്രണം കൈവിട്ടു. താന്‍ പഠിക്കുന്ന പാഠപുസ്തകങ്ങളില്‍ ഇല്ലാത്ത ദുരാത്മാവ് എന്ന വാക്ക് 'ആവാഹിക്കപ്പെട്ട' സജിയുടെ മനസ്സില്‍ താന്‍ വളരെയധികം പഠിച്ചാലെ ഇനി പരീക്ഷ പാസ്സാകു. കാരണം പരീക്ഷ പാസാകാന്‍ ഈ ദുരാത്മാവ് സമ്മതിക്കില്ല എന്നൊക്കെയാണ് തോന്നിയത്.  കുഞ്ഞുനാള്‍ മുതല്‍ അനുസരണ മാത്രം ശീലമാക്കിയ സജിയക്ക് യുക്തിബോധത്തിന്റെ കണികയെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ അമ്മയേയും പ്രവചനം നടത്തിയ കവടിക്കാരനേയും ചോദ്യം ചെയ്യുമായിരുന്നു.  നമ്മുടെ പ്രബുദ്ധ കേരളത്തില്‍ സജിയെപ്പോലെ ജീവിതം നഷ്ടമാകുന്നവരുടെ കണക്ക് ആര്‍ക്കും അറിയില്ല. ഇതെല്ലാം മാറുമോ എന്നത് നമ്മെ തുറിച്ചുനോക്കുന്ന വലിയ ഒരു ചോദ്യം തന്നെയാണ്. 

ത്രേസ്യ എൻ ജോൺ

കൗൺസലിങ് സൈകോളജിസ്ട്

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam 

Comments

Popular posts from this blog

റയാനയുടെ ദുഃഖം

Depression

Affective Realism