പ്രതികാരദാഹിയായ കുട്ടി ( Publ. in Yukthirekha )

 പ്രതികാരദാഹിയായ കുട്ടി


വാര്‍ദ്ധക്യത്തിലോട്ടടുക്കുന്ന ഒരു ദമ്പതിമുത്തശ്ശനും, മുത്തശ്ശിയും തങ്ങളുടെ 7 വയസ്സുമാത്രം പ്രായമുള്ള ചെറുമകനുമായി എന്നെ കാണാന്‍ എത്തി.  ബാല്യത്തിന്റെ പ്രസരിപ്പ് ഉണ്ടായിരുന്നെങ്കിലും അലസവും, ഗൗരവവും ഉദ്ദീപിപ്പിക്കുന്ന മുഖഭാവവും, ചേഷ്ടകളും ആയിരുന്നു അവന്റേത്.  ചിരിക്കുവാന്‍ മറന്നുപോയ അവന്റെ ചെഞ്ചുണ്ടുകളില്‍ വിടരുന്നത് പ്രതികാരചിന്തയുടെ അഗ്നിനാളങ്ങള്‍ ആയിരുന്നു.





സുഹൃത്തുക്കള്‍ ഇല്ലാതിരുന്ന അവന്‍ ആരോടും അടുപ്പം വച്ചുപുലര്‍ത്തിയിരുന്നില്ലായിരുന്നു.  എല്ലാറ്റിനോടും, എല്ലാവരോടും ആക്രമണോത്സുകത കാണിച്ചിരുന്ന അവന്‍ പ്രത്യേകിച്ചു സ്ത്രീകളെ കഠിനമായ പകയോടെയാണ് കണ്ടിരുന്നത്.  അവന്റെ അദ്ധ്യാപികമാരോടും അവന്‍ ഈ നിലപാട് വച്ചുപുലര്‍ത്തിപ്പോന്നിരുന്നു.  അതിനാല്‍ അവര്‍ അവനെ ഒരു കുറ്റവാളിയെ പോലെ ആയിരുന്നു പരിഗണിച്ചിരുന്നതും.  അതിനാല്‍ ഏവരില്‍ നിന്നും ഒറ്റപ്പെട്ട അവന്റെ കളിക്കൂട്ടുകാര്‍ ചെറു ഉപകരണങ്ങള്‍ ആയ ബ്ലേഡ്, സ്‌ക്രൂഡ്രൈവര്‍, അതുപോലെയുള്ള മറ്റു സാധനങ്ങളും ആയിരുന്നു.  അവയെ അവന്‍ ഉപയോഗിച്ചിരുന്നത് പത്രങ്ങളിലോ, മാസികകളിലോ വരുന്ന ചിത്രങ്ങളുടെ മുഖത്ത് കോറുക എന്നതായിരുന്നു, പ്രത്രേകിച്ചു വിവാഹം കഴിഞ്ഞ ദമ്പതിമാരുടേയും, സ്ത്രീകളുടേയും ചിത്രങ്ങള്‍.  ഒരു പേനയോ, പെന്‍സിലോ അതുമല്ലെങ്കില്‍ ഒരു സ്‌കെയില്‍ പോലും അവനു ആയുധമാകാറുണ്ടായിരുന്നു.  അതിലും വിചിത്രം അവന്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ ഭീകരതയുടെ മൂടുപടം അണിഞ്ഞതും ആയിരുന്നു.

എന്തായിരുന്നു അവനില്‍ ഇത്തരമൊരു വൈകല്യം ജനിക്കാന്‍ ഇടയായത് എന്നന്വേഷിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയി.  അവനേയും അച്ഛനേയും ഉപേക്ഷിച്ചു അവന്റെ അമ്മ മറ്റൊരാളോടൊപ്പം പോയി എന്നും, അതിനുശേഷം നാണക്കേട് കാരണം അവന്റെ അച്ഛന്‍ ദൂരെയുള്ള ജോലിസ്ഥലത്തു സ്ഥിരതാമസമാണെന്നും, തന്റെ മകന്റെയും മാതാപിതാക്കളുടെയും ചെലവിനുള്ള പണം മുറതെറ്റാതെ അയച്ചുകൊടുക്കുകയും ആണ് പതിവെന്നുമാണ്.  അമ്മയുടെ ലാളനയും, അച്ഛന്റെ സാമീപ്യവും ആവോളം കിട്ടേണ്ടുന്ന പ്രായത്തില്‍ മറ്റുള്ളവരില്‍ നിന്നും പരിഹാസവും, നിന്ദയും, സഹതാപവും ആയിരുന്നു അവനു ലഭിച്ചത്.  മുത്തശ്ശനും, മുത്തശ്ശിയും അവരാല്‍ കഴിയുന്ന തരത്തില്‍ അവനു വേണ്ടുന്ന ലാളനയും, സ്‌നേഹവും എല്ലാം കൊടുത്തിട്ടും, അതുവേണ്ട പ്രായത്തില്‍ കിട്ടേണ്ടുന്ന കൈകളില്‍ നിന്നും കിട്ടാതെ പോയതിലുള്ള വേദനയും അവനെ അധോമുഖനാക്കി.  സമൂഹത്തിന്റെ വൈരൂപ്യം ബാധിച്ച മനസ്സുകളില്‍ നിന്നും ഉതിര്‍ന്ന വാക്കുകള്‍ അവനെ പ്രതികാര ചിന്തകളുള്ളവനാക്കി.  സ്വാഭാവികമായ അന്തരീക്ഷത്തില്‍ വളര്‍ന്നു പന്തലിക്കേണ്ടുന്ന ഒരു വടവൃക്ഷത്തെ ഒരു ''ബോണ്‍സായി'' ആക്കി വളര്‍ത്തുവാന്‍ നമ്മുടെ ചെയ്തികളും, വാക്കുകളും എത്രമാത്രം ഉപകരിക്കുന്നു എന്നുള്ള സത്യം എനിക്ക് ബോധ്യമാക്കി.

ആദ്യമൊക്കെ മുഖം തരാതെ അടുക്കുവാന്‍ വിമുഖതകാട്ടിയ അവനെ സ്‌നേഹപരിലാളനകളാല്‍ പൊതുഞ്ഞു അവന്റെ വിശ്വാസം നേടിയ ശേഷമായിരുന്നു ഞാന്‍ ദൗത്യം തുടങ്ങിയത്.   അവന്റെ അദ്ധ്യാപകരുടേയും, അച്ഛന്റെയും മറ്റു ചില അടുത്ത ബന്ധുജനങ്ങളുടേയും സഹായം എനിക്ക് തേടേണ്ടിവന്നു അവനെ കൂടുതല്‍ അറിയാനായി. ഏകദേശം 2 മാസകാലയളവ് വേണ്ടി വന്നു അവന്റെ കൗണ്‍സലിംഗ് വിജയകരമായി പൂര്‍ത്തിയാക്കുവാന്‍.  അവന്റെ മുഖത്ത് ഒളിഞ്ഞിരുന്ന നുണക്കുഴി അവസാനം എനിക്ക് ദര്‍ശിക്കുവാന്‍ സാധിച്ചു.  ദിവസങ്ങള്‍ കഴിഞ്ഞു പാല്‍പുഞ്ചിരി പൊഴിക്കുവാന്‍ സാധിച്ചു.  ദിവസങ്ങള്‍ കഴിഞ്ഞു പാല്‍പുഞ്ചിരി പൊഴിക്കുന്ന മുഖവുമായി പുഞ്ചുകൈകളില്‍ ഒരു പുടി മിഠായിയുമായി അവന്‍ എന്നെ കാണാനെത്തി.  ഗ്രഹണം കഴിഞ്ഞു പൂര്‍ണ്ണതേജസ്സോടെ വിടര്‍ന്ന സൂര്യന്റെ പ്രഭാവത്തെ ഓര്‍മ്മിപ്പിക്കുന്ന മുഖഭാവത്തോടെയായിരുന്നു ആ വരവ്.

അമ്മ എന്ന മഹത്തായ വാക്കിനു ഒട്ടേറെ അര്‍ത്ഥതലങ്ങളും, വ്യാപ്തിയും ഉണ്ടെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്.  ആ കര്‍മ്മത്തില്‍ ഒരല്പം ശോഷണം സംഭവിച്ചാല്‍ ഉണ്ടാകുന്ന വിപത്ത് എത്ര വലുതാണ്.  അതുപോലെതന്നെ ഒരു വിഷയം നമ്മുടെ മുന്നില്‍ കിട്ടുമ്പോള്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്ന് നാം ബോധവാന്മാരാകേണ്ടുന്ന കാലവും അതിക്രമിച്ചിരിക്കുന്നു.  നമ്മുടെ ഒരു വാക്കോ, പ്രവൃത്തിയോ മറ്റുള്ളവരുടെ മനസ്സില്‍ എത്രമാത്രം ചലനങ്ങളും, പ്രതിപ്രവര്‍ത്തനവും ഉണ്ടാക്കുന്നു എന്നുള്ളതും മനസ്സിലാക്കേണ്ടതുണ്ട്.  ഇതുപോലെ എത്രയോ കുരുന്നുകള്‍ പിടയുന്ന മനസ്സോടെ സമൂഹത്തില്‍ ജീവിക്കുന്നു.  ആരാരും അറിയാതെ. കുറ്റവാളികള്‍ സൃഷ്ടിക്കപ്പെടുന്നത് ഇങ്ങനെയാണ്.  നമ്മള്‍ കാരണം ഒരാള്‍പോലും കുറ്റവാളിയായി തീരരുത് എന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം. 

ത്രേസ്യ എൻ ജോൺ

Hypnotherapist & Consultant Psychologist

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam

#hallucinations #religionandmentalhealth #mentalhealth #sleepless #beliefandmentaldisorder

Comments

Popular posts from this blog

മനസ്സ് പ്രണയം കൈവിട്ടപ്പോള്‍

bullying

അമ്മയുടെ ആര്‍ത്തവവിരാമം