ഷനീജയെ പേടിപ്പിച്ച ബുര്‍ക്ക -Published on Yukthirekha April 2022
ഷനീജയ്ക്ക് IT പാര്‍ക്കിലാണ് ജോലി. നാട്ടിലെ ഒരു അറിയപ്പെടുന്ന ബിസിനസ്സ് കുടുംബമാണ് ഷനീജയുടേത്. മോളെ കൗണ്‍സലിംഗ് ചെയ്ത് കല്യാണം കഴിപ്പിക്കണമെന്നതാണ് ഉമ്മയുടെ ആവശ്യം. ഡിഗ്രി പാസ്സാവട്ടെ, ജോലി ആവട്ടെ എന്നൊക്കെ പറഞ്ഞൊഴിഞ്ഞ ഷനീജ, ഇപ്പോഴിപ്പോള്‍ വരുന്ന ആലോചനകള്‍ എല്ലാം ഓരോ കാരണങ്ങള്‍ കണ്ടെത്തി നിരസിക്കുന്നു.
ഷനീജയുടെ അമ്മ ബിരുദധാരിയായിട്ടും ജോലി ലഭിച്ചിട്ടും ഭര്‍ത്താവ് ജോലിയ്ക്ക് പറഞ്ഞയച്ചില്ല. തങ്ങള്‍ക്ക് ആവശ്യത്തിന് പണമുണ്ട് എന്നും സ്ത്രീകള്‍ ജോലി ചെയ്യേണ്ടതില്ലെന്നും ആയിരുന്നു ഷനീജയുടെ ഉപ്പയുടെ നിലപാട്.
നന്നായി ചിത്രം വരക്കാന്‍ കഴിവുണ്ടായിരുന്ന ഉമ്മ നല്ലൊരും മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു. ഉമ്മയുടെ കലാപ്രകടനങ്ങല്‍ സ്വന്തം ശരീരത്തിലും ഷനീജയുടെ ശരീരത്തിലും പലപ്പോഴും പരീക്ഷണങ്ങള്‍ നടത്തി. നിലക്കണ്ണാടിയില്‍ വീഴുന്ന സ്വന്തം രൂപം ഷനീജയെ അത്ഭുതപ്പെടുത്തിയിരുന്നു. പക്ഷെ അവളുടെ ചുറ്റിലുമുളള സാമുദായിക വേലിക്കെട്ടുകള്‍ എത്രമാത്രം ദൃഢമാണെന്ന തിരിച്ചറിവ് തന്റെ ജീവിതവും ഇങ്ങനെതന്നെ ഹോമിക്കപ്പെടും എന്ന ഭീതി ഷനീജയില്‍ വളര്‍ത്തിക്കൊണ്ടേയിരുന്നു. കുഞ്ഞുകവിതകളും കഥകളും എല്ലാം എഴുതുന്ന തന്റെ ഉമ്മയുടെ ലോകം സ്വാതന്ത്ര്യത്തിന്റേതായിരുന്നുവെങ്കില്‍ ഉമ്മയുടെ സര്‍ഗ്ഗവാസനകള്‍ ലോകം അറിയുമായിരുന്നുവെന്ന് ഷനീജയ്ക്ക് നല്ല ബോധ്യമുണ്ട്. ഇത്രയൊക്കെ കഴിവുകളുള്ള തന്റെ ഉമ്മ വീടിന്റെ, ഉപ്പയുടെ, ബന്ധുജനങ്ങളുടെ, സമൂദായത്തിന്റെ നിയന്ത്രിതരേഖയ്ക്കുള്ളില്‍ വിമ്മിഷ്ടപ്പെടുന്നു എന്ന തിരിച്ചറിവ് വന്ന നാള്‍ മുതല്‍ ഷനീജ അന്വേഷിക്കുകയായിരുന്നു എന്താണ് ഒരു വഴി. ഒരു സ്ത്രീയാണെന്നും ഒരു സ്ത്രീയക്ക് താന്‍ ജനിച്ച സമുദായത്തില്‍ സ്വതന്ത്രജീവിതമില്ലെന്നുമുള്ള തിരിച്ചറിവ് അവളെ വേട്ടയാടാന്‍ തുടങ്ങി. കുഞ്ഞായിരിക്കുമ്പോള്‍ വലുതാകാന്‍ മോഹിച്ചു. പക്ഷെ വലുതായപ്പോള്‍ ഓരോ ജന്മദിനങ്ങളോടും ഷനീജ കലഹിച്ചു. വിവാഹപ്രായം ആവാതെയിരിക്കട്ടെ എന്ന് ഷനീജ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. വിവാഹം കഴിക്കുന്നതോടുകൂടി തന്റെ ഉമ്മയേപോലെ താനും ഇല്ലാതായാലോ എന്ന പേടി ഉറക്കം കെടുത്തി.
അടുത്തകാലത്തായി ഉമ്മയും വല്ലാതെ മാറിപ്പോയെന്ന് ഷനീജ സംശയിക്കുന്നു. വീട്ടില്‍ നിരന്തരം വിവാഹ ഇടനിലക്കാരും ഉസ്ദാതുമാരും കയറി ഇറങ്ങുന്നു. പെണ്ണിനെ നിക്കാഹ് കഴിച്ചയച്ചില്ലെങ്കില്‍ നാണക്കേടാണ്, തന്റെ മകളുടെ പ്രായമുള്ള പെണ്‍കുട്ടികളെല്ലാം വിവാഹം കഴിച്ച് ഒന്നും രണ്ടും കുട്ടികളായി എന്നൊക്കെയാണ് ഇപ്പോഴിപ്പോള്‍ ഉമ്മയുടെ വാദം. ഉമ്മയ്ക്ക് വന്നുപെട്ട മാറ്റം ഷനീജയുടെ ഉറക്കം കെടുത്തി. എന്തിനും ഏതിനും സപ്പോര്‍ട്ട് ചെയ്തിരുന്ന ഉമ്മ കൂടി തനിക്ക് നഷ്ടപ്പെടുന്നുവെന്ന തിരിച്ചറിവ് ഷനീജയെ തളര്‍ത്തി.
തൂക്കുകയര്‍ വിധിക്കപ്പെട്ട കുറ്റവാളിയുടെ മനോനിലപോലെ സര്‍വ്വ പ്രതീക്ഷകളും നഷ്ടപ്പെട്ട് ജീവിതം അവസാനിക്കാന്‍ പോകുന്നപോലെയുള്ള ഭാവങ്ങളോടും ചേഷ്ടകളോടും കൂടി എന്റെ മുന്നിലിരിക്കുന്ന ഷനീജയെ യഥാര്‍ത്ഥത്തില്‍ എന്താണ് പേടിപ്പിക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടി സ്വയം അടിമയാകാന്‍ താല്പര്യമില്ലാത്ത ഒരു സ്ത്രീമനസ്സിന്റേതായിരുന്നു. തന്നെ നിക്കാഹ് കഴിക്കുന്നവന്‍ തനിക്ക് യാതൊരു സ്വാതന്ത്ര്യവും തരില്ലെന്നും തന്നെ ബുര്‍ക്ക ധരിപ്പിക്കുമെന്നും ഷനീജ ഭയപ്പെടുന്നു. തനിക്ക് ആ വേഷം ധരിക്കാന്‍ ആവില്ല. താന്‍ വായിച്ചിട്ടുള്ള നോവലുകളിലെ സ്ത്രീകഥാപാത്രമായി സര്‍വ്വതന്ത്രസ്വതന്ത്രയായി, തന്നെ ബഹുമാനിക്കുന്ന, തന്റെ അഭിരുചികളെ അംഗീകരിക്കുന്ന, തന്നെ ഒരു വ്യക്തിയായി പരിഹണിക്കുന്ന ഒരു ജീവിതപങ്കാളിയേയാണ് ഷനീജയ്ക്ക് ആവശ്യം. തന്റെ സമുദായത്തിലുള്ളവര്‍ അത്രമാത്രം സ്വാതന്ത്ര്യം തനിക്ക് നല്കുമെന്ന പ്രതീക്ഷ തീരെ ഇല്ല. ചിന്തകളുടെ ചക്രവ്യൂഹത്തിലകപ്പെട്ട ഷനീജ ഒരു തീരുമാനത്തില്ലെത്തി. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി നിക്കാഹ് ചെയ്യുന്നതിലും ഭേദം മരണമാണ്. ഷനീജ വിവാഹം കഴിച്ചിട്ടില്ലെങ്കില്‍ മരിക്കുമെന്ന് ഉമ്മയും തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചാല്‍ മരിക്കുമെന്ന് ഷനീജയും നിലപാട് വ്യക്തിമാക്കി.
പ്രായപൂര്‍ത്തിയായ ഒരു വ്യക്തി തനിക്കുതകുമെന്ന് തോന്നുന്ന ഒരു ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്ന ഒരു സമ്പ്രദായം നമ്മുടെ നാട്ടില്‍ എന്നു വരും. അതിനിടയില്‍ വിവാഹം കഴിപ്പിക്കല്‍ എന്ന നാട്ടുനടപ്പില്‍പ്പെട്ട് ബഹുഭൂരിപക്ഷം പേരുടേയും ജീവിത ഹോമിക്കപ്പെടും. ഉസ്താദുമാരുടെയും മൗലവിമാരുടേയും ഉപദേശങ്ങള്‍ ഉമ്മയുടെ ചിന്തകളെ തടങ്കലിലാക്കിയിരുന്നു.
അത്യാവശ്യം പഠിപ്പും ഭാവനയും ഒക്കെയുള്ള അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ വളരെയധികം കഷ്ടപ്പെട്ടു അതിന് അവരുടെതന്നെ ജീവിതത്തെക്കുറിച്ച് കൂലംങ്കുഷമായി സംസാരിക്കേണ്ടിവന്നു. അവര്‍ വരക്കാതെപോയ ചിത്രങ്ങളെക്കുറിച്ചു എഴുതാതെ പോയെ കവിതകളെക്കുറിച്ചും ജീവന്‍ വെക്കാത്ത കഥാപാത്രങ്ങളെക്കുറിച്ചും ഏറെ നേരം സംസാരിച്ചു. ഒരുപാട് ജനിതികഗുണങ്ങളുമായി പിറന്ന അവരുടെ മകളെക്കുറിച്ചും. അവരുടെ ഭാവി ജീവിതം ദുരന്തമായേക്കാമെന്ന് പേടിക്കുന്ന മനോവ്യാപരങ്ങളെക്കുറിച്ചും സംസാരിച്ചപ്പോള്‍ അവര്‍തന്നെ ഷനീജയെ അവള്‍ക്കിഷ്ടമുള്ളതുപോലെ സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം നല്കുന്ന രാഷ്ട്രമായ സൗത്ത് കൊറിയയില്‍ അയക്കാമെന്നും അവളുടെ ജീവിതപങ്കാളിയെ അവള്‍തന്നെ തിരഞ്ഞെടുത്തുകൊള്ളട്ടെ എന്നുമുള്ള തീരുമാനത്തിലെത്തി. പിടിവാശിക്കും മതപാരമ്പര്യങ്ങള്‍ക്കും പിന്നാലെ പോയാല്‍ ഒരുപക്ഷെ തന്റെ മകളുടെ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടേക്കാമെന്നും. ഒരാള്‍ക്ക് ആവശ്യമില്ലാത്ത ജീവിതം അയാളില്‍ ബലമായി അടിച്ചേല്പിക്കാന്‍ പാടുള്ളതല്ലെന്നും ആ മാതാവ് സ്വയം വെളിപ്പെടുത്തിയപ്പോള്‍ എനിക്ക് ആശ്വാസമായി. നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം സ്ത്രീകളും വിവാഹമെന്ന ആചാരത്തില്‍ സ്വയം കുരുതികഴിക്കുന്നവരാണ്. നാട്ടുകാരെന്ത് പറയും, വീട്ടുകാരെന്ത് പറയുമെന്നതാണ് പ്രധാനപ്പെട്ട നിയന്ത്രിത ചരടുകള്‍. ഇത്തരം ചരടുകള്‍ പെട്ടിച്ചെറിഞ്ഞെ മതിയാകൂ.
ത്രേസ്യ എൻ ജോൺ
Hypnotherapist & Counselling Psychologist
tessionline@yahoo.com
8547243223
'Sahaya's Therapeutic Counselling Centre
Kollam/ Kayamkulam
Comments
Post a Comment