ശിവലോകത്തെ അബി, Published on Yukthirekha Jan 2022

 


കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് അബിയേയും കെണ്ട് ഭാര്യ  ക്ലിനിക്കിലെത്തിയത്. സുമുഖനായ ചെറുപ്പക്കാരന്‍. മുഖത്ത് സദാ പുഞ്ചിരി. ആ പുഞ്ചിരിയിലെവിടെയോ എന്തോ മറഞ്ഞിരിക്കുംപോലെ തോന്നി.  

സംസാരിച്ചു തുടങ്ങിയപ്പോള്‍ ഏതോ അമാനുഷിക കഴിവുകള്‍ ഒക്കെ തനിക്ക് ഉണ്ടെന്ന രീതിയില്‍ എന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങി.


അബിയുടെ ജീവിതം കടന്നുവന്ന വഴികള്‍ ഓര്‍ത്തെടുക്കാന്‍ കുറച്ച് വിഷമിക്കേണ്ടിവന്നു.  അബിയുടെ മനോവ്യാപാരം നിഗൂഢതകള്‍ നിറഞ്ഞതാണ്. യാഥാര്‍ത്ഥ്യവുമായി തീരെ ബന്ധമില്ലാത്ത ഒരു മനസ്സിന്റെ ഉന്മാദാവസ്ഥ.  ഈ അവസ്ഥ യാഥാര്‍ത്ഥ്യമല്ലെന്ന് അബിക്ക് തന്നെ അറിയാമെന്നുറപ്പാണ്.  അതുകൊണ്ട് തനിക്ക് യാതൊരു പ്രശ്നവുമില്ലായെന്ന് സ്ഥാപിക്കാനായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്അബി.  


അബിയുടെ അഞ്ചാം വയസ്സിലാണ് അച്ഛന്‍ അപകടത്തില്‍പ്പെട്ടു മരിക്കുന്നത്.   കടുത്ത വിശ്വാസിയായ അബിയുടെ അമ്മ അച്ഛന്റെ ആകാലത്തിലുള്ള വേര്‍പാടില്‍ ആകെ തകര്‍ന്നിരുന്ന സമയത്താണ് ഒരു ബന്ധു ആ അമ്മയെ പറയിക്കടവിലമ്മയുടെ അടുത്തേയ്ക്ക് വിളിച്ചുകൊണ്ടുപോയത്.  അന്ന് കൂടെ വിളിച്ചുകൊണ്ടുപോയ ആളുടെ വീട് മുമ്പ് പറയില്‍ക്കടവിലായതുകൊണ്ട് ഇപ്പോള്‍ അത് അമൃതപുരിയായി രൂപവും ഭാവവും മാറിയിട്ടും പറയില്‍ക്കടവ് എന്ന് തന്നെയാണ് അവര്‍ ഇപ്പോഴും ഉപയോഗിക്കുന്നത്. 


ഇന്നും അബിയക്ക് ഓര്‍മ്മയില്‍ മായാതെ നില്ക്കുന്നത് അന്ന് പറയില്‍ക്കടവിലമ്മ പറഞ്ഞ വാക്കുകളാണ്. ''അമ്മയുണ്ട്''. അത് ആശ്വാസത്തിന്റെ വാക്കുകളായിരുന്നു. തങ്ങള്‍ക്ക് ആരൊക്കെയോ ഉണ്ടെന്ന ഒരു തോന്നല്‍ ആ വാക്കുകള്‍ അവര്‍ക്ക് നല്കി. അന്ന് മുതല്‍ അവരോട് ആശ്രമത്തില്‍ വന്നു താമസിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു പറയില്‍ക്കടവിലമ്മ. 


താമസിക്കാതെ, അച്ഛന്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ അമ്മ ജോലിക്ക് പോകാന്‍ തുടങ്ങി. അബിയെ ഒരു ആശ്രമംവക സ്‌ക്ൂളിലാണ് വിട്ടു പഠിപ്പിച്ചത്. ഇതിനിടയില്‍ പറ്റുമ്പോഴെല്ലാം പറയില്‍ക്കടവില്‍ പോകുകയും  അവിടെ നടക്കുന്ന ''സ്ത്സഘി''ല്‍ പങ്കെടുക്കുകയും  ചെയ്യും. അവിടുത്തെ അനുഭവങ്ങള്‍ അബിയിലും അമ്മയിലും മാറ്റങ്ങളുണ്ടാക്കി. അമ്മയുടെ വസ്ത്രധാരണരീതിമാറി.  അയഞ്ഞ ബ്ലൗസും വെള്ളസാരിയും കളര്‍ വസ്ത്രങ്ങള്‍ക്ക് വഴിമാറി. അബിയാണെങ്കില്‍ സ്‌കൂളില്‍ നിന്നും കേള്‍ക്കുന്ന ഭജനകള്‍ സദാ പാടിക്കൊണ്ട് നടക്കുന്നത് ശീലമാക്കി.   ജീവിതം എല്ലാ അര്‍ത്ഥത്തിലും അമൃതപുരിയ്ക്ക് ചുറ്റും കറങ്ങാന്‍ തുടങ്ങി. രുദ്രാക്ഷമാലകളും ചരടുകളും അമ്മക്കുറിയും ഭസ്മവും രഹസ്യമായി കിട്ടിയ; പരമരഹസ്യമാക്കിവെക്കേണ്ട മന്ത്രങ്ങളും നമശിവായഃ എന്ന അഭിസംബോധനയും എല്ലാം ചേര്‍ന്ന് തങ്ങള്‍ പറയില്‍ കടവിലമ്മയുടെ ഒരു ഭാഗമായിത്തന്നെ മാറിയ അനുഭൂതി. വിശേഷദിവസവങ്ങളില്‍ ആശ്രമത്തിലെ താമസക്കാരായി അവര്‍.


ഇതിനിടയില്‍ പഠനം പൂര്‍ത്തിയാക്കിയ അബി ആശ്രമം വക ഹോസ്പിറ്റലില്‍ ജാലിയ്ക്ക് കയറി. താമസിക്കാതെ വിവാഹിതനാകുകയും ചെയ്തു. ഇപ്പോള്‍ വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. വിവാഹം കഴിഞ്ഞ ആദ്യരാത്രിയില്‍ കുട്ടികള്‍ കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞുമതിയെന്ന് പറഞ്ഞപ്പോള്‍ അബി അത് സന്തോഷത്തോടെ സമ്മതിച്ച് തിരിഞ്ഞ് കിടന്ന് നന്നായി ഉറങ്ങുകയും ചെയ്തു. മറ്റുള്ളവരുടെ മുന്നില്‍ അബിയും ഭാര്യയും നല്ല ദമ്പതിമാരാണ്. പക്ഷെ വിവാഹം കഴിഞ്ഞ്് രണ്ടു വര്‍ഷമായിട്ടും അബിയും ഭാര്യയും തമ്മിലുള്ള ബന്ധം അതേപടി നീങ്ങുകയാണ്. അബിയുടെ മാനസീകാവസ്ഥയില്‍ എന്തൊ തകരാറുണ്ടെന്ന് തോന്നിയതിനാലാണ് ഭാര്യ അബിയെ വിളിച്ചുകൊണ്ടുവന്നത്. 


അബിയുടെ ചിന്തകളുടെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കുക പ്രയാസമുള്ള കാര്യമായിരുന്നു. കാരണം അബിയ്ക്ക് സത്യവും മിത്യയും വേര്‍തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്. കാല്പനികവും നിഗൂഢതകള്‍ നിറഞ്ഞതുമായ മാനസീകാവസ്ഥ.  എലിപ്പെട്ടിയില്‍ കുടുങ്ങിയ എലിയെപ്പോലെ അടിമവത്ക്കരിക്കപ്പെട്ട മനുഷ്യന്‍.  ഒരു മനുഷ്യനെ ചങ്ങലകളില്ലാതെ എന്തെല്ലാം കുരങ്ങുകളിപ്പിക്കാന്‍ പറ്റുമെന്നതിന്റെ ഉത്തമ ഉദാഹരണം.  തലച്ചോറിലെ മിറര്‍ ന്യൂറോണുകളുടെ പ്രവര്‍ത്തനം മൂലം  ചിന്താശക്തിയില്ലാത്ത, വിവേചനശേഷിയില്ലാത്ത ഏതൊരാളേയും ഇങ്ങനെ അടിമയാക്കിമാറ്റാം. 

ഇവിടെ അബി അഞ്ചാം വയസ്സില്‍ അമ്മയോടൊപ്പം ആശ്രമത്തിലെത്തിയപ്പോള്‍ പങ്കെടുത്ത ഭജനയും പിന്നെ പലപ്പോഴായി പങ്കെടുത്ത ഭജനകളും സത് സഘും എല്ലാമാണ് ഈ അടിമവത്ക്കരണത്തിന്റെ വഴികള്‍ എളുപ്പമാക്കുന്നത്. 

ഭക്തരെ കണ്ണടച്ചിരുത്തി കൊടുക്കന്ന നിര്‍ദ്ദേശങ്ങളില്‍ ചിലത് ഇവിടെ സൂചിപ്പിക്കുന്നു.


''നിങ്ങള്‍ക്ക് സ്വന്തമോ ബന്ധമോ ഇല്ല. അമ്മ മാത്രമെയുള്ള''.

''നിങ്ങളുടെ സര്‍വ്വസവും അമ്മയാണ്''

''നിങ്ങള്‍ അമ്മയെ വാരിപ്പുണരുക'', മൂര്‍ദ്ദാവില്‍ ചുംബിക്കുക, കണ്ണുകളില്‍ ചുംബിക്കുക, ചുണ്ടുകളില്‍, മാറിടത്തില്‍, നാബിയില്‍...... 

ഇത്തരം നിര്‍ദ്ദേശങ്ങള്‍ രതിപരമായ ഉന്മാദാവസ്ഥയിലേയ്ക്ക് ഭക്തരെ കൊണ്ടുപോകുമ്പോള്‍ ഭക്തര്‍ അറിയാതെതന്നെ എല്ലാ മാനുഷികബന്ധങ്ങളില്‍നിന്നും ജീവിതപങ്കാളിയില്‍ നിന്നും വിട്ടുമാറും. ജീവിതപങ്കാളിയുമായുള്ള ശാരീരിബന്ധം നടത്താന്‍ പറ്റാതെയും വരും. 

ഇവിടെ അബിയുടെ അമ്മ പറയില്‍ക്കടവിലമ്മയുടെ ഭക്തയായ ശേഷം തന്റെ യുവത്വത്തെ മറക്കുന്ന വിധത്തിലുള്ള വേഷഭൂഷാധികള്‍ തിരഞ്ഞെടുത്തത് ആശ്രമത്തിന്റെ നിബന്ധനകള്‍ക്കൊണ്ട് മാത്രം അല്ല. തന്നില്‍ മറ്റാരും ആക്ൃഷ്ടരാകാതെയിരിക്കാനുള്ള പരോക്ഷ പ്രവൃത്തികൂടിയായിരുന്നു. 

അബിയ്ക്കാണെങ്കില്‍ വിവാഹശേഷം തന്റെ ഭാര്യയുമായി ശാരീരകബന്ധം സാധ്യമല്ലാതെയായി.  തന്റെ ജീവിതത്തിന്റെ എല്ലാ ഭാവങ്ങളും രുചികളും പറയില്‍ക്കടവിലമ്മയാണെന്ന തരത്തില്‍ മാറിപ്പോയിരുന്നു അബിയുടെ മനസ്സും ചിന്തകളും പ്രവര്‍ത്തിയും. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് ഭാര്യക്കും മനസ്സിലാവുന്നുണ്ടായിരുന്നില്ല. ആശ്രമത്തിലെ സത്സഘിലെ നിര്‍ദ്ദേശങ്ങള്‍ ''നിങ്ങള്‍ക്ക് സ്വന്തമോ ബന്ധമോ ഇല്ല'', ''അമ്മയാണ് എല്ലാം'' തുടങ്ങി അമ്മയുമായി ഇഴുകിചേരാനായുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാം അബിയില്‍ രതിയ്ക്കായി തന്റെ ഭാര്യയെ ഉപയോഗിക്കുന്നതില്‍ നിന്നും തടഞ്ഞു.  ഭാര്യയുമായി ശാരീരബന്ധത്തിന് അബിക്ക് പറ്റുമായിരുന്നില്ല.  അത് ശാരീരവൈകല്യമായിരുന്നില്ല. മനസ്സിന്റെ ആഴത്തില്‍ വീണ നിര്‍ദ്ദേശങ്ങള്‍ മാറ്റി എഴുതാന്‍ അബിക്ക് ആകുമായിരുന്നില്ല.  അങ്ങനെ ആരെങ്കിലും പ്രേരിപ്പിച്ചാല്‍ അവരെ അബിയ്ക്ക് സ്വീകാര്യമാവുകയില്ല. അവര്‍ അബിയുടെ ശത്രുവായിരിക്കും. അത്തരം ആളുകള്‍ നിചരാണ്. 


ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ വെമ്പിയിരുന്ന അബി എത്തിപ്പെട്ട ലോകമാണ്. ശിവലോകം. താന്‍ പതിവായി ശിവലോകത്ത് പോകാറുണ്ടെന്നും അത് മറ്റാര്‍ക്കും അറിയില്ലായെന്നും പറയുമ്പോള്‍ വിശ്വാസമെന്ന ''Hallucinations'' ന്റെ മറ്റൊരു പടികൂടി കടന്ന് അടിയന്തരമായി ചികിത്സിക്കപ്പെടേണ്ട ഘട്ടത്തിലെത്തിയിരിക്കുന്നു എന്ന് വ്യക്തമാണ്. 

ഒരു മനുഷന്‍ രാവിലെ കണ്ണുതുറക്കുന്നത് മുതല്‍ രാത്രി ഉറങ്ങും വരെയും നിരന്തരം നിരവധി മതപരമായ കൃത്യങ്ങളിലൂടെ നാമജപത്തിലൂടെയെല്ലാം കടന്നുപോയാല്‍ ്അത്തരം ഒരു വ്യക്തി ഒരിക്കലും അവനിലെ നിരീക്ഷണ ബുദ്ധി ഉപയോഗിക്കുകയില്ല.  അഥവാ ഇതിന് എന്തെങ്കിലും ഒരു വിടവുണ്ടായാല്‍ പിന്നെ ഈ തടവറയില്‍ നിന്നും രക്ഷപ്പെട്ടുകളയുമെന്നറിയുന്ന ഭക്തി വ്യാപാരികള്‍ നിരന്തരം പ്രാര്‍ത്ഥനകളും, നാമജപവും, മെഡിറ്റേഷനും, പുസ്തകപാരായണവും സഹസ്രനാമജപവും എല്ലാം എല്ലാം നടത്തിക്കൊണ്ടിരിക്കും. ഇത്തരം കൃത്യങ്ങള്‍ക്ക് വിടവ് വരുകയെന്ന് പറഞ്ഞാല്‍ എലിക്കൂടിന്റെ കമ്പികള്‍ ഊരിമാറ്റുന്നുത് പോലെയായിരിക്കും. മനുഷ്യന്‍ സ്വബുദ്ധി ഉപയോഗിക്കുകയും രക്ഷപ്പെടുകയും ചെയ്യും.  ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന തോന്നല്‍  മാനസികരോഗത്തിന്റെ ലക്ഷണമാണ്. മതം ചെയ്യുന്നത് മനുഷ്യനെ സ്വതന്ത്രമായി ചിന്തിക്കാന്‍ അനുവദിക്കാതെ എലിക്കൂട്ടില്‍ തളച്ചിടുന്ന ജോലിയാണ്. 

അബിയുടെ ചികിത്സക്കായി ഒരു മനോരോഗവിദഗ്ദന്റെ സഹായം തേടാന്‍ ഉപദേശിച്ചു യാത്രയാക്കേണ്ടിവന്നു എനിക്ക്. 

ബുദ്ധിയുടെ പ്രവര്‍ത്തനം ഇന്ദ്രീയങ്ങളുടെ സംവേദനവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.  പുറം ലോകവുമായി തലച്ചോറും ബുദ്ധിയും നേരിട്ടല്ല പ്രവര്‍ത്തിക്കുന്നത്. അത് ഉത്തേജിക്കപ്പെടുന്നത് ഇന്ദ്രീയങ്ങളുടെ സംവേദനവുമായി ബന്ധപ്പെട്ടാണ്.  ഭക്തിയും ആചാരങ്ങളും നിറഞ്ഞ അന്തരീക്ഷത്തില്‍ ജീവിക്കുന്ന ഏതൊരു വ്യക്തിയ്ക്കും വന്നുഭവിച്ചേക്കാവുന്ന ദുരവസ്ഥതന്നെയാണ് ഇവിടെ അബിയ്ക്കും സംഭവിച്ചത്. 


ത്രേസ്യ എൻ ജോൺ

Hypnotherapist & Consultant Psychologist

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam

#hallucinations #religionandmentalhealth #mentalhealth #sleepless


Comments

Popular posts from this blog

മനസ്സ് പ്രണയം കൈവിട്ടപ്പോള്‍

bullying

അമ്മയുടെ ആര്‍ത്തവവിരാമം