ഡെന്നിസിന്റെ കൂട്ടുകാര്‍
കേരളീയര്‍ വിദ്യാഭ്യാസത്തിനും, ജീവിതാവസ്ഥയ്ക്കും വളരെ വലിയ പ്രാധാന്യം കൊടുക്കുന്ന ഒരു ജനസമൂഹമാണ്. പുറമേനിന്നും ലഭിക്കുന്ന എന്തിനെയും സ്വീകരിക്കുവാനും, അത് ജീവിതത്തില്‍ പകര്‍ത്തുവാനും ഉള്ള താല്പര്യം മറ്റാരേക്കാളും മലയാളികള്‍ക്കാണ് കൂടുതല്‍ ഉള്ളതും. അതുകൊണ്ടുതന്നെ പലപ്പോഴും നമുക്ക് നമ്മളെ സ്വയം മനസ്സിലാക്കുവാനും, വിലയിരുത്തുവാനും കഴിയാറുമില്ല. അതിനാല്‍ത്തന്നെ നമ്മളില്‍ അന്തര്‍ലീനമായിരിക്കുന്ന ആന്തരിക ജ്ഞാനാം , ബാഹ്യമായി ലഭിക്കുന്ന അറിവുകള്‍ കൊണ്ട് മറയപ്പെടുകയും, തന്മൂലം നമ്മള്‍ നമ്മളിലേക്ക് [ ഞാന്‍ എന്ന സ്വാര്‍ത്ഥമായ ചിന്തകളിലേക്ക്] ചുരുങ്ങുകയും, നമ്മള്‍ സൃഷ്ടിച്ച ഒരു ഇരുമ്പുമറയ്ക്കുള്ളില്‍ നമ്മളുടെ പ്രിയപ്പെട്ടവരെകൂടി തളച്ചിടുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ആര്‍ജ്ജിതമായ ഇത്തരം ചിന്തകള്‍ നമ്മുടെയും, നമ്മുടെ കുഞ്ഞുങ്ങളുടെയും സ്മൃതികളില്‍ വിള്ളലുകള്‍ വീഴ്ത്തുകയും, അവരുടെ ജനിതികത്തില്‍ അതിശക്തമായ വിസ്‌ഫോടനങ്ങള്‍ സൃഷ്ട്ടിക്കുകയും ചെയ്യുന്നു. ആ വിസ്‌ഫോടനങ്ങള്‍ പലപ്പോഴും നമ്മുടെ കുഞ്ഞുങ്ങളെ അവരുടെ സ്വത്വബോധത്തില്‍ നിന്നും അകറ്റുകയും, അവരുടെ പ്രതിഭ അല്ലെങ്കില്‍ ധിക്ഷണാപാടവം തിരിച്ചറിയുവാന്‍ കഴിയാതെ പോകുകയും, അവര്‍ സമൂഹത്തിന്റെ മൂല്യച്യുതികള്‍ നിറഞ്ഞ പൊതുധാരയുടെ കുത്തൊഴുക്കില്‍ അമരുകയും ചെയ്യും. അങ്ങനെ തന്റെ സ്വത്വത്തെ തിരിച്ചറിയുവാനുള്ള വ്യഗ്രത തന്നില്‍ അവശേഷിച്ചിട്ടില്ല എന്ന് തിരിച്ചറിഞ്ഞ ഒരു ബാലന്റെ അനുഭവം ഞാന്‍ ഇവിടെ വിവരിക്കാം.
ഉയര്‍ന്ന വിദ്യാഭ്യാസവും, സമ്പത്തും, ജോലിയും , സമൂഹത്തില്‍ മാന്യമായ സ്ഥാനവും ഉള്ള ഒരു ദമ്പതി കുടുംബം അവരുടെ ഇളയപുത്രനെയും കൊണ്ട് എന്നെ കാണുവാന്‍ വന്നു. മൂന്നാം തരത്തില്‍ പഠിക്കുന്ന ആ ചാരുത്വം നിറഞ്ഞ
കുട്ടിയെ നമുക്ക് ഡെന്നിസ് എന്ന് വിളിക്കാം. നല്ല പ്രസരിപ്പുള്ള കുട്ടി ആയിരുന്നു ഡെന്നിസ്. അവന്റെ പെരുമാറ്റരീതികളില്‍ എനിക്ക് പ്രത്യേകതകള്‍ ഒന്നും ദര്‍ശിക്കുവാന്‍ കഴിഞ്ഞുമില്ല. എന്നാല്‍ ഡെന്നീസിന്റെ മാതാപിതാക്കളില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞതു അടുക്കും ചിട്ടയും, പഠനകാര്യങ്ങളില്‍ തല്‍പരനും ആയിരുന്ന അവന്‍ ഇപ്പോള്‍ അതിനൊക്കെ മുഖം തിരിഞ്ഞു നില്‍ക്കുന്നു എന്നുള്ളതാണ്. ഞാന്‍ ഡെന്നിസുമായി സംസാരിക്കുവാന്‍ തീരുമാനിച്ചു.
വളരെ ബുദ്ധിശാലിയും, നിരീക്ഷണപാടവും ഉള്ള ഒരു കുട്ടിയായിരുന്നു ഡെന്നിസ്. അവനില്‍ പ്രത്യേകിച്ചു ഒന്നും കണ്ടെത്തുവാന്‍ ആദ്യ ഘട്ടത്തില്‍ എനിക്ക് സാധിച്ചില്ല. ഡെന്നിസുമായി കൂടുതല്‍ അടുക്കുവാന്‍ ഞാന്‍ തീരുമാനിച്ചു. അവന്റെ താല്പര്യങ്ങള്‍ ഞാന്‍ ചോദിച്ചു മനസ്സിലാക്കി. വായനയിലും, ചരിത്രത്തിലും, വാദ്യ കലകളിലും, പ്രകൃതിയിലും , സംഗീതത്തിലും അവന്റെ താല്‍പര്യങ്ങള്‍ പടര്‍ന്നു കിടന്നിരുന്നു. ചരിത്ര പുരുഷന്മാര്‍ അവന്റെ സ്മൃതികളില്‍ നിറം മങ്ങാതെ പുത്തന്‍ കഥകള്‍ രചിച്ചുകൊണ്ടിരുന്നു. മേവോറിലെ റാണാപ്രതാപനും, തുക്കാറാമും, ബീഥോവനും, പിക്കാസോയും, മോസ്സാര്‍ട്ടും, എബ്രഹാം ലിങ്കണും, ചാണക്യനും, വേര്‍ഡ്‌സ് വര്‍ത്തും, ഷേക്ക്സ്പിയറും, ബെഞ്ചമിന്‍ ഫ്രാങ്കിളിനും, വാലന്റിന തെരഷ്‌കോവയും എല്ലാം എന്റെ മുന്നില്‍ കഥാപാത്രങ്ങളായി അവനിലൂടെ പുനര്‍ജ്ജനിച്ചു. ഈ ചെറിയ കാലയളവില്‍ ലോകത്തെ അറിയാനും, തന്റെ ജ്ഞാനത്തിനു മുതല്‍ക്കൂട്ടാക്കുവാനും ഉള്ള അവന്റെ അടങ്ങാത്ത വ്യഗ്രത ഞാന്‍ തിരിച്ചറിഞ്ഞു. അതിനു എവിടെയോ ഒരു മുറിപ്പാട് സംഭവിച്ചിരിക്കുന്നു. ആ മുറിപ്പാട് അവനില്‍ ഏല്‍പ്പിച്ച ആഘാതത്തിന്റെ പരിണിതഫലമായിരുന്നു അവനിലെ മാറ്റത്തിനു കാരണം എന്നും എനിക്ക് മനസ്സിലാക്കുവാന്‍ സാധിച്ചു. എവിടെയോ ആ ചങ്ങലക്കണ്ണികള്‍ മുറിഞ്ഞിരിക്കുന്നു. ആ ചങ്ങലക്കണ്ണികളെ ഓരോന്നായി പുറകിലോട്ടു എണ്ണുവാന്‍ ഞാന്‍ അവനോടു ആവശ്യപ്പെട്ടു. ഞങ്ങള്‍ ഒന്നിച്ചു ഡെന്നിസിന്റെ പോയകാലങ്ങളിലേക്ക് ഒരു യാത്ര ആരംഭിച്ചു.
അപ്പനും, അമ്മയും,വല്യപ്പച്ചനും, വല്യമ്മച്ചിയും, ഇച്ചാച്ചന്മാരും ഒക്കെയായി ഒന്നിച്ചു കഴിഞ്ഞിരുന്ന ഒരു ബാല്യം അവനുണ്ടായിരുന്നു. അവനു പ്രകൃതിയില്‍ കാണുന്നതെല്ലാം കൌതുകം ജനിപ്പിക്കുന്ന കാര്യങ്ങള്‍ ആയിരുന്നു. അവന്റെ സംശയങ്ങള്‍ക്ക് ക്ഷമയോടെ മറുപടി നല്‍കുവാന്‍ മുതിര്‍ന്നവര്‍ എല്ലാവരും മത്സരിച്ചിരുന്നു എന്ന് വേണം കരുതാന്‍. വൈകിട്ട് ഓഫീസ് വിട്ടുവരുന്ന അപ്പന്‍ അവനുവേണ്ടി ബാലകഥാപുസ്തകങ്ങളും, പൊതുവിജ്ഞാനം പകരുന്ന പുസ്തകങ്ങളും കൊണ്ടുവരാരുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവന്റെ പ്രായത്തില്‍ ഉള്ള മറ്റു കുട്ടികള്‍ അക്ഷരം പഠിക്കുന്നതിനു മുന്‍പുതന്നെ അവന്‍ അക്ഷരങ്ങളോട് സല്ലപിച്ചു തുടങ്ങി. തങ്ങളുടെ മകനുവേണ്ടി ആ മാതാപിതാക്കള്‍ അറിവിന്റെ ഉറവിടങ്ങള്‍ തേടി സഞ്ചരിച്ചു തുടങ്ങി.
ഉദ്യോഗാര്‍ത്ഥം ഡെന്നിസിന്റെ പിതാവിന് അകലെയുള്ള പട്ടണത്തിലേക്ക് പോകേണ്ടതായി വരുകയും, അവര്‍ നാട്ടില്‍നിന്നും പറിച്ചുനടപ്പെടുകയും ചെയ്തു. പുത്തന്‍ സാഹചര്യങ്ങളിലും ഡെന്നിസിന്റെ അപ്പന്‍ തന്റെ മകന്റെ അറിവിന്റെ വികാസത്തിനുവേണ്ട എല്ലാകാര്യങ്ങളും ചെയ്തുകൊണ്ടേയിരുന്നു. ദിവസങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു. ഡെന്നിസ് ഒന്നാംതരവും പിന്നിട്ടു രണ്ടാംതരത്തില്‍ എത്തി. പരമ്പരാഗതമായ നാട്ടറിവുകള്‍, മുത്തശ്ശിക്കഥകള്‍ , വീര പുരുഷന്മാരെകുറിച്ച് പൊടിപ്പും തൊങ്ങലും വച്ചു അമ്മാവന്മാര്‍ പറഞ്ഞുതന്നിരുന്ന കഥകള്‍, മുത്തശ്ശന്‍ പഠിപ്പിച്ച ബൈബിള്‍ പുരാണ കഥകള്‍ എന്നിവയെല്ലാം അവനു അന്യമായി തീര്‍ന്നു. മാര്‍ക്കുകള്‍ വാങ്ങിക്കൂട്ടുവാന്‍ വേണ്ടുന്ന പുസ്തകങ്ങള്‍ അവനെ നോക്കി പല്ലിളിച്ചു കാണിച്ചു. ഗണിതവും, അന്യഭാക്ഷയും, ഭൗതികശാസ്ത്രവുമെല്ലാം അവന്‍ ഇഷ്ടപ്പെട്ടിരുന്ന ചരിത്രകഥകളിലെ ദുഷ്ടകഥാപാത്രങ്ങളായി അവന്റെ മുന്നില്‍ വന്നു ഗോഗ്വാ വിളിച്ചു. അവന്റെ അച്ഛന് പുത്തന്‍ സുഹൃത്ത്വലയം ഉണ്ടായി. അവരെല്ലാംതന്നെ ആന്തരികജ്ഞാനത്തിനെ പരിപോക്ഷിപ്പിക്കുവാന്‍ തയ്യാറുള്ളവര്‍ ആയിരുന്നില്ല. അവര്‍ അക്കാഡമിക് ബുക്കുകളുടെ പ്രചാരകന്മാര്‍ ആയിരുന്നു. ടാന്‍സനും, താന്ത്യാതോപ്പയും, കാരമസോവ് സഹോദരന്മാരും, ചുക്കും ഗെക്കും, പ്ലേറ്റോയും, ഡാവിഞ്ചിയും എല്ലാം ചില്ലലമാരികളില്‍ ബന്ധിതരായി കണ്ണീര്‍തൂകി അവനെ നോക്കി നിന്നു. മാതാപിതാക്കള്‍ അവനു വേണ്ടുന്നതെന്ന് ധരിച്ചു വിലകൂടിയ ഭക്ഷണവും, വസ്ത്രങ്ങളും നല്‍കി , മുന്തിയ ആളുകള്‍ പങ്കെടുക്കുന്ന സദസ്സുകളിലും, ആര്‍പ്പുവിളികളിലും അവനെ കൂടെചേര്‍ത്തു. അവന്റെ സംശയങ്ങള്‍ അവനില്‍ പൊടിപിടിച്ചു കിടക്കുവാന്‍ തുടങ്ങി. അവനില്‍ ഒരു ആത്മസംഘര്‍ഷം മുളപൊട്ടിതുടങ്ങിയത് അവിടെ നിന്നായിരുന്നു. അതുവരെ അവനില്‍ ഉണ്ടായിരുന്ന അടുക്കും ചിട്ടയും, പഠിക്കുവാനുള്ള കൌതുകവും നശിച്ചു. കൂടുതല്‍ ഊര്‍ജ്ജസ്വലാത്ത കായികമായി പ്രകടിപ്പിച്ചു തുടങ്ങി. അവന്റെ സ്വത്വവും, ജനിതികവും വഴിയില്‍ എവിടെയോ ഉപേക്ഷിക്കപ്പെട്ടു. ഇതാ ഞാന്‍ അവനെ തിരിച്ചറിഞ്ഞിരിക്കുന്നു, ഒപ്പം അവനു വഴിയില്‍ കൈമോശം വന്ന അവന്റെ സ്വത്വവും, സ്മൃതികളും, പാരമ്പര്യജനിതികവും വീണ്ടെടുത്തു കൊടുക്കുകയും ചെയ്തു.
അത് തിരിച്ചറിഞ്ഞ അവന്‍ എന്റെ മുന്നില്‍ ഇരുന്നു വാവിട്ടു നിലവിളിച്ചു. ആ കവിളില്‍ കൂടി അത്രയും കാലം അവന്‍ അടക്കിപ്പിടിച്ചിരുന്ന ആത്മസംഘര്‍ഷം ഒഴുകിയിറങ്ങി. അവന്റെ ഓരോ അശ്രുകണത്തിലും ഞാന്‍ നല്ലശമര്യക്കാരനെ, ഷെല്ലിയെ, കീറ്റ്‌സിനെ, നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനെ, സോക്രട്ടിസിനെ, ക്രിസ്തുവിനെ, ഗാന്ധിജിയെ, ബുദ്ധനെ അങ്ങനെ ചരിത്രത്തില്‍ തങ്ങളുടെ സ്ഥാനം കോറിയിട്ട വ്യക്തികളെയും, കഥാപാത്രങ്ങളെയും ദര്‍ശിച്ചു.
അവന്റെ മാതാപിതാക്കളോട് ഞാന്‍ വിസ്തരിച്ചു കാര്യങ്ങള്‍ അവതരിപ്പിച്ചു. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടത് എന്താണെന്നു നമ്മള്‍ ആയിരിക്കരുത് തീരുമാനിക്കുന്നത്. അവരുടെ താല്പര്യങ്ങള്‍ കണ്ടറിഞ്ഞു, നമ്മുടെ താല്‍ക്കാലികമായുള്ള ലൌകിക സുഖങ്ങള്‍ പോലും ചില നേരങ്ങളില്‍ അവഗണിച്ചു അവര്‍ക്കുവേണ്ടി അല്‍പസമയം കണ്ടെത്തുക. നമ്മള്‍ നേടുന്ന സൌഹൃദങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളുടെ വ്യക്തിവികാസത്തിന് ഉതകുന്നവയും ആയിരിക്കണം എന്നും ഞാന്‍ അവരെ ഓര്‍മ്മിപ്പിച്ചു. ഡെന്നിസ് എന്ന കുറ്റവാളിയെ എന്റെ മുന്‍പില്‍ കൊണ്ടുവന്നപ്പോള്‍ ഉള്ള അഹന്ത നിറഞ്ഞ മുഖം അവരില്‍ നിന്നും മാഞ്ഞുപോയിരിക്കുന്നു. ഇപ്പോള്‍ കുറ്റവാളികളെപോലെ അവര്‍ എന്റെ മുന്നില്‍ തലയും താഴ്ത്തിയിരിക്കുന്നു. ഇതൊന്നും അറിയാതെ ഡെന്നിസ് എന്റെ പുസ്തകഷെല്‍ഫില്‍ അവന്‍ കേട്ടറിയാത്ത ചരിത്രപുരുഷന്മാരെ തിരയുകയായിരുന്നു. ഇനിയും എത്രയോ ഡെന്നിസുമാര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നു. എത്രയോപേര്‍ ഈ ചക്രവ്യൂഹത്തില്‍പെട്ട് വഴിയറിയാതെ നശിച്ചുപോയിരിക്കുന്നു. നമുക്ക് ഇനിയെങ്കിലും കരുതലോടെ ചിന്തിക്കാം, പ്രവൃത്തിക്കാം...
ത്രേസ്യ എൻ ജോൺ
Hypnotherapist & Counselling Psychologist
tessionline@yahoo.com
8547243223
'Sahaya's Therapeutic Counselling Centre
Kollam/ Kayamkulam
Comments
Post a Comment