സംശയരോഗം
സംശയരോഗം കുടുംബബന്ധങ്ങളെ തകര്‍ക്കുന്ന ഒരു മാരകമനോരോഗമാണ്. യാതൊരു ആധാരവുമില്ലാതെയുള്ള സംശയം എപ്പോഴും പങ്കാളിയെക്കുറിച്ചായതിനാല്‍ പ്രശ്‌നപരിഹാരം നടക്കാനും സാദ്ധ്യത കുറവാണ്. പങ്കാളിയുടെ പക്ഷം ആരെങ്കിലും പറയുന്നുവെങ്കില്‍ ആ വ്യക്തിയേയും സംശയിക്കുന്നതിനാല്‍ ആരും അത്തരക്കാരെ ഉപദേശിക്കാനോ സഹായിക്കാനോ തയ്യാറായിയെന്നു വരില്ല.
ദമ്പതികള്‍ക്കിടയിലുള്ള സംശയരോഗം പലപ്പോഴും ഉടലെടുക്കുന്നത് നിസ്സാരകാരണങ്ങളിലായിരിക്കാം. കുടുംബകലഹം വേണ്ടന്ന് കരുതി പങ്കാളിയുടെ സംശയം ശരിയല്ലായെന്ന് സമര്‍ത്ഥിക്കാനായി ഒതുങ്ങിക്കൂടാന്‍ നോക്കും. എത്ര ഒതുങ്ങിക്കൂടിയാലും; ഒരാളുടേയും മുഖത്തുപോലും നോക്കാതെ ഇരുന്നാലും കലഹങ്ങള്‍ക്ക് എന്തെങ്കിലും കാരണം കണ്ടുപിടിക്കപ്പെടും. അയല്‍വക്കക്കാരോടും സുഹൃത്തുക്കളോടും ബന്ധുജനങ്ങളോടും പോലും ബന്ധം വിഛേദിക്കേണ്ടിവരും. സ്വന്തം കുഞ്ഞുങ്ങളോട് പോലും അടുത്തിടപഴകുന്നത് കുഴപ്പമാകും. പിന്നീടങ്ങോട്ട് സംശയത്തിന്റെ ആക്കം നാള്‍ക്കുനാള്‍ കൂടുകയും ചെറുകലഹങ്ങളില്‍ നിന്നും ഇനിയങ്ങോട്ട് ഒന്നിച്ച് ഒരു നിമിഷം പോലും പോകാനാകാത്ത അവസ്ഥ സംജാതമാകുകയും ചെയ്യും.
സംശയം തോന്നിത്തുടങ്ങുക ചില കേസ്സുകളിലെങ്കിലും വിശ്വാസം നഷ്ടപ്പെടുമ്പോഴായിരിക്കാം. പങ്കാളി മറ്റാരോടെങ്കിലും ശാരീരബന്ധത്തിലേര്‍പ്പെട്ടു എന്നറിയുന്നത് സഹിക്കാനായി എന്ന് വരില്ല. മറ്റ് ചിലര്‍ക്ക് അങ്ങനെ ഒരു സംശയം തോന്നല്‍ മാത്രവുമായിരിക്കാം. വിവാഹബന്ധത്തില്‍ വിശ്വാസ്യതയ്ക്ക് വളരെയേറെ പ്രാധാന്യം കൊടുക്കുന്നവരാണ് കേരളസമൂഹം. അതുകൊണ്ട് തന്നെ വിവാഹേതരബന്ധത്തിലേര്‍പ്പെടുന്നത് പങ്കാളിയ്ക്ക് സ്വീകാര്യമായിരിക്കുകയില്ലെന്ന് മാത്രമല്ല, ആഘാതവുമായിരിക്കും.
മറ്റൊരു കാരണം മദ്യത്തിന്റേയോ മയക്കുമരുന്നിന്റേയോ ഉപയോഗം മൂലം വന്നു ഭവിക്കുന്ന ഹോര്‍മ്മോണ്‍ വ്യതിയാനങ്ങളാണ്.
തന്റേതന്നെ വിവാഹപൂര്‍വ്വ ബന്ധങ്ങളാണ് മറ്റൊരു കാരണം. തന്റെ പങ്കാളി തന്നെ വിട്ടുപോകുമെന്നും അവള്‍(ന്)ക്ക് ധാരാളം മറ്റ് ബന്ധങ്ങളുണ്ടെന്നും ആണ് ഇക്കൂട്ടര്‍ ധരിക്കുക.
സ്ഥിരമായി Porn വീഡിയോകളുടെ ഉപയോഗം ഇണയെ സംശയിക്കാനൊരു കാരണമാണ്. തലച്ചോറിലേയ്ക്ക് നിരന്തരം അത്തരം ചിത്രങ്ങള്‍ വീഴുമ്പോള്‍ ലോകത്തിലുള്ള ഒരാളേയും വിശ്വസിക്കരുത് എന്ന് പോലും തോന്നിയെന്ന് വരും.
ചിലര്‍ക്കെങ്കിലും ന്യൂറോളജിക്കലോ ബയോളജിക്കലോ ആയ കാരണം മൂലമായിരിക്കും സംശയരോഗം തലപൊക്കുക.
സംശയരോഗം ഒരു സൈക്കോളജിസ്റ്റിനെ സംബന്ധിച്ചിടത്തോളം കീറാമുട്ടിയാകുന്നത് രോഗിയ്ക്ക് രോഗമാണെന്ന് മനസ്സിലാകുന്നില്ല എന്നതുകൊണ്ടാണ്. പക്ഷെ ചിലരെങ്കിലും തന്റെ തലച്ചോറിന്റെ സന്ദേശങ്ങള്‍ തെറ്റാണെന്ന് തിരിച്ചറിയുകയും ചികിത്സിക്ക് വിധേയമാകാന്‍ തയ്യാറാകുകയും ചെയ്യും. സംശയത്തിന്റെ മുളപൊട്ടുമ്പോഴെ കൗണ്‍സലിംഗിന് വിധേയമായാല്‍ സന്തോഷകരമായ കുടുംബജീവിതത്തിന്റെ മാധുര്യം വീണ്ടും ആസ്വദിക്കാവുന്നതാണ്.
ത്രേസ്യ എൻ ജോൺ
Hypnotherapist & Counselling Psychologist
tessionline@yahoo.com
8547243223
'Sahaya's Therapeutic Counselling Centre
Kollam/ Kayamkulam
Comments
Post a Comment