ജീവിതത്തില്‍ കയ്പ്പുകലര്‍ത്തുന്ന ഭയം
ജീവിതത്തില്‍ കയ്പ്പുകലര്‍ത്തുന്ന ഭയം
നമ്മുടെ നിഘണ്ടുവില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് മന്ത്രവാദം, കണ്‍കെട്ട്, ദിവ്യാത്ഭുതം, മാന്ത്രീകശക്തി, മാന്ത്രികശ്ലോകം, ദുരാത്മാവ്, ദോഷം (പലവിധം) ദശ, രാശിചക്രം തുടങ്ങിയ നിരവധി വാക്കുകള്‍ക്കുള്ളത്.
സാമാന്യബുദ്ധിക്ക് മനസ്സിലാകാത്ത പലതും ലോകത്ത് നടക്കുന്നു എന്നും അതെല്ലാം അത്ഭുതകരമായി പരിഹരിക്കാമെന്നും, മൊക്കെയുള്ള വിശ്വാസം ഭൂരിപക്ഷത്തിനും ഉണ്ട്. അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നത് നിരക്ഷരര്‍ മാത്രമല്ല എന്നതാണ് സത്യം. നമ്മള്‍ ചുറ്റുമൊന്നും കണ്ണോടിച്ചാല്‍ത്തന്നെ കാണാനാകും നമ്മുടെ ചുറ്റുമുള്ളവരുടെ കൈയ്യിലും, കഴുത്തിലും അരയിലുമായി എത്രമാത്രം ചരടുകളും, ഏലസ്സുകളും, ഉറുക്കുകളും, രുദ്രാക്ഷങ്ങളുമെല്ലാം ഓരോരുത്തരേയും സംരക്ഷിക്കാനായി ചുമതല ഏറ്റെടുത്ത് ജാഗരൂഗരാണെന്ന്.
എന്തുകൊണ്ടാണ് നമ്മള്‍ ഇങ്ങനെ അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നത്. ഇത്തരം വിശ്വാസികളോട് സംസാരിക്കുമ്പോള്‍ മനസിലാകും അവര്‍ എത്രമാത്രം ഭയത്തിന്റെ ഇരകളാണെന്ന്. ദൈവകോപത്തിനേയും, ദുരാത്മാക്കളേയും, പലതരം ദോഷങ്ങളേയും, ശത്രുക്കളേയും, സമയത്തേയും, അയല്‍ക്കാരേയും എന്തിനേറെ ഉയര്‍ന്നജാതിക്കാരെ പോലും അവര്‍ പേടിക്കുന്നു.
ഈ ഭൂമിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഇതേപോലുള്ള ഭയമൊന്നുമുണ്ടാവുകയില്ല. തനിച്ചുറങ്ങാനോ രാത്രിയെയൊ അത് ഭയക്കുകയില്ല. ഓര്‍മ്മകള്‍ മുളപൊട്ടുന്നതിന്മുമ്പെ ചുറ്റുവട്ടങ്ങളിലുള്ള മനുഷ്യരല്ലെ കുഞ്ഞിനെ പേടിപ്പിക്കുന്നത്. മുതിര്‍ന്നവരില്‍നിന്നും ലഭിക്കുന്ന ഈ ഭയം പലപ്പോഴും അവരുടെ സാധാരണ ജീവിതത്തെ വല്ലാതെ പ്രതികൂലമായി സ്വാധീനിക്കും. സദാ തനിക്കെന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന ഉല്‍കണ്ഠ അതിരുവിട്ടു ഉത്കണ്ഠാരോഗമായി മാറിയെന്നും വരാം. ബാല്യകാലത്തിലെ നമ്മുടെ തലച്ചോറില്‍ ഇടം പിടിക്കുന്ന ഇത്തരം ഭയത്തില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ യുക്തിപൂര്‍വ്വം ചിന്തിക്കണം. സദാ ചോദ്യങ്ങള്‍ ചോദിക്കണം. ഉത്തരം കണ്ടെത്തണം. അല്ലാതെ ഇത്തരം ഭയം മാറാനായി നമ്മള്‍ അത്ഭുതസിദ്ധികള്‍ ഉണ്ടെന്ന ധാരണയില്‍ ചരടുകളും ഏലസുകളും രാശിപത്രങ്ങളും, കൃപാസനം പത്രവും, വിലകൂടിയ നക്ഷത്രക്കല്ലുകളും, സംഖ്യാജ്യോതിഷക്കല്ലുകളും വരെ ഉപയോഗിച്ചാലും മാറുകയില്ല എന്ന് മാത്രമല്ല പ്രശ്നം കൂടിക്കൂടി അവസാനം മനോരോഗത്തിലെത്തുകയും ചെയ്യും. അതുകൊണ്ട് ഭയത്തെ മാറ്റണമെങ്കില്‍ യുക്തിപൂര്‍വ്വം ചിന്തിക്കണം, ജീവിക്കണം. അതൊരു സ്വാതന്ത്ര്യമാണ്. ഭയമില്ലാത്ത ജീവിതത്തിന്റെ മനോഹാരിത അതില്‍ നിന്നും പുറത്ത് വന്നവര്‍ക്കെ അറിയൂ. ബുദ്ധിയും ചിന്തയും പരിധികളില്ലാതെ വളരണമെങ്കില്‍ ഒരാള്‍ ഭയമുക്തനായിരിക്കണം.
ഭയം അതികരിച്ച്, അസുഖകരമായ നിലയിലേയ്ക്ക് എത്തിച്ചേരും മുമ്പെ ഭയമില്ലാത്തൊരു സൈക്കോളജിസ്റ്റിന്റെ സഹായം തേടുന്നതും ഉചിതമായിരിക്കും.
Thressia N John
Hypnotherapist & Counselling Psychologist
tessionline@yahoo.com
8547243223
'Sahaya's Therapeutic Counselling Centre
Kollam/ Kayamkulam -8547243223
Comments
Post a Comment