Dissociative Identity Disorder

സുന്ദരന്റെ Dissociative Identity Disorder 

ഒരാള്‍ക്ക് സമാധാനക്കേടും അസ്വസ്ഥതയും ഒരു പരുധിവരെയല്ലെ താങ്ങാന്‍ പറ്റു. എന്നാല്‍ ഞാനിപ്പോള്‍ സഹനത്തിന്റെ സീമകളൊക്കെ കടന്നിരിക്കുന്നു. ഇനിയും പറ്റില്ല. എന്റെ അച്ഛനെനിക്ക്  ഉപദ്രവം ഉണ്ടാക്കിക്കൊണ്ടേ യിരിക്കുന്നു.  എങ്ങനെങ്കിലും ആളുടെ മനസ്സിലുള്ളത് അറിഞ്ഞേ പറ്റു. സുന്ദരന്‍ എന്ന സുമുഖനായ മദ്ധ്യവയസ്‌ക്കന്റെ അസ്വസ്ഥത മുഴുവന്‍ അയാളുടെ ശരീരഭാഷയിലും വാക്കുകളിലും പ്രകടമായിരുന്നു. അച്ഛനെ ഹിപ്പ്നോടൈസ് ചെയ്ത് മനസ്സിലുള്ളത് പുറത്തെടുക്കണമെന്നാണ് അയാളുടെ ആവശ്യം.


സുന്ദരന്‍ പഠിച്ചത് Aironeutical Engineering ആണ്. പഠനം കഴിഞ്ഞ ഉടനെതന്നെ സൗദി അറേബ്യയില്‍ ജോലിയും കിട്ടി. താമസിക്കാതെ വിവാഹവും കഴിച്ചു.  ഭാര്യ സുന്ദരന്റെ ജീവിതത്തിലേയ്ക്ക് എത്തിയപ്പോള്‍ സുന്ദരന് ജീവിതം വളരെ മനോഹരമായിരുന്നു.  മധുവിധുവിന് പല ലോകരാഷ്ട്രങ്ങളിലും കറങ്ങാന്‍ പോയി തിരിച്ചെത്തിയ അയാള്‍ക്ക് എന്തോ പന്തികേട് തോന്നിത്തുടങ്ങി. അതി സുന്ദരിയായ തന്റെ ഭാര്യയെ ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ഭയമായിരുന്നു ആദ്യം. പിന്നെ മറ്റു പല ഭയങ്ങളും അയാളെ ഗ്രസിക്കാന്‍ തുടങ്ങി. ഓഫീസിലുള്ള ആരെയും വിശ്വാസമില്ലാതെയായി. മേലുദ്യോഗസ്ഥരോട് അപമര്യാദയോടെ പെരു മാറാന്‍ തുടങ്ങി.  തനിക്ക് കിട്ടുന്ന ഭീമമായ സാലറി ഫൈന്‍ അടക്കാന്‍ മതിയാകാതെയുമായി. 


വളരെ നല്ലരീതിയില്‍ വിമാനങ്ങളുടെ സാങ്കേതികവിദ്യ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുന്ന അയാള്‍ ചിന്താശക്തി ലവലേശം ഉപയോഗിക്കാതെ തന്റെ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ എന്തോ കുഴപ്പമുണ്ടെന്നും അത് മറ്റാരോ തനിക്കെതിരെ നിഗൂഢപ്രവര്‍ത്തികള്‍ ചെയ്യുന്നതു കൊണ്ടാണെന്നുമുള്ള ധാരണയില്‍ പലവട്ടം നാട്ടിലെത്തി പല മന്ത്രവാദികളേയും കണ്ടു. കൂട്ടത്തിലൊരു 'സിദ്ധനാണ്'  അയാളുടെ  തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാന്‍ കാരണം തന്റെ സഹോദരനാണെന്ന് പ്രവചിച്ചത്.  കുടുംബത്തില്‍ നിന്നും തനിക്കു കിട്ടേണ്ട സ്വത്തുവിഹിതം കൂടി തട്ടിയെടുക്കാനായാണ് സഹോദരന്‍ തനിക്കെതിരെ ആഭിചാരക്രിയകള്‍ ചെയ്യുന്നത് എന്നുകൂടി സുന്ദരനെ പറഞ്ഞു ഫലിപ്പിക്കുകയും ചെയ്തു ആ ദ്രോഹി.  സുന്ദരന് ചെറുപ്പം മുതല്‍തന്നെ പഠിക്കാന്‍ സാമര്‍ത്ഥ്യം ഉണ്ടായിരുന്നുവെങ്കിലും ആചാരങ്ങളിലും ആഭിചാരങ്ങളിലും വലീയ വിശ്വാസമായിരുന്നു.  വീട്ടിലെ പൂജാവിധികള്‍ യഥാവിധി നടത്തണമെന്ന കീഴ് വഴക്കങ്ങള്‍ അയാല്‍ പാലിച്ചുപോന്നിരുന്നു.  Aironeutical Engineering ന് പഠിക്കുമ്പോഴും നെറ്റിയില്‍ വലിയ കുറിയുമായാണ് അയാള്‍ ക്ലാസ്സിലെത്തിയിരുന്നത്.  എല്ലാ വിശ്വാസികളേയും പോലെ പഠിക്കുന്നകാര്യങ്ങളും നിത്യജീവിതവും തമ്മില്‍ അയാള്‍ ഒരിക്കലും കൂട്ടികുഴച്ചിരുന്നില്ല. സഹപാഠികള്‍ പലപ്പോഴും കളിയാക്കിയിരുന്നെങ്കിലും  അവര്‍ക്കൊന്നും മനസ്സിലാകാത്ത പലതും ലോകത്ത് നടക്കുന്നുണ്ടെന്നും അത് ചില സിദ്ധര്‍ക്ക് മനസ്സിലാവുമെന്നും ഈ അതിബുദ്ധിമാന്‍ ധരിച്ചിരുന്നു.  അന്നുമുതലെ ശരീരത്തില്‍ സംരക്ഷണയന്ത്രങ്ങള്‍ പലതും സ്ഥാനം പിടിച്ചു. 


സുന്ദരന്‍ സമീപിച്ച മന്ത്രവാദികളുടെയും പ്രശ്നം വെപ്പുകാരുടേയും പേരുവിവരങ്ങള്‍ കേട്ടു ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ അന്താളിച്ചുപോയി.  സ്ത്രീകളും പുരുഷന്മാരുമായി നിരവധിപേരാണ് ഈ കഴിഞ്ഞ രണ്ടു വര്‍ഷമായിട്ട് സുന്ദരന്റെ തലച്ചോറിന്റെ പ്രശ്നം തീര്‍ക്കാനായി പൂജയും മന്ത്രവാദവും ചെയ്യതത്.  ശരീരത്തിന്റെ രോഗങ്ങള്‍ ചികിത്സിക്കാനായി ഡോക്ടറിനെ കാണുണമെന്ന പൊതുബോധം നമുക്ക് വന്നെങ്കിലും മനോ രോഗങ്ങളെ ഇന്നും അസുഖമായിട്ട് കാണാന്‍ നമ്മള്‍ തയ്യാറല്ല. അത് ആ വ്യക്തിയുടെ തലച്ചോറിന്റെയും ചിന്തകളുടേയും അതില്‍ കുടിയിരുത്തിയിട്ടുള്ള വിശ്വാസത്തിന്റേയും പ്രശ്നമായിട്ടല്ല കരുതുക. മറിച്ച് അത് മറ്റാരുടേയൊ പ്രശ്നമാണ്.  അത് കണ്ടെത്തേണ്ടത് ഇത്തരം സാമൂഹ്യ വിരുദ്ധരുടെ കഴിവാണ് എന്ന് കരുതുന്ന ഒരു സമൂഹത്തിന്റെ നേര്‍രേഖയാണ് സുന്ദരന്‍. 


ഇവിടെ സുന്ദരന്റെ പരാതികള്‍ രസകരമാണ്.  തന്റെ സഹോദരന്‍ വീട് വേറെവെച്ചു മാറിയതോടെ സഹോദരനെ സംശയത്തിന്റെ കൂടാരത്തില്‍ നിന്നും ഇറക്കിവിട്ടു.  പിന്നെ കയറിപ്പിടിച്ചത് അച്ഛനെയാണ്.  കുടുംബത്തില്‍ തനിക്ക് ആവത്തുവരുത്തണമെന്ന് അച്ഛന്‍ ആഗ്രഹിക്കുന്നു അതിനായി ദുഷ്‌ക്കര്‍മ്മങ്ങള്‍ ചെയ്യുന്നു, തന്റെ വസ്തുക്കള്‍ നശിപ്പിക്കുന്നു, തന്റെ ഭക്ഷണത്തില്‍ മണ്ണു വാരിയിടുന്നു, വസ്ത്രങ്ങള്‍ നശിപ്പിക്കുന്നു. പാത്രങ്ങളും ടി.വി.യും പൊട്ടിക്കുന്നു അങ്ങനെ അങ്ങനെ ഒരു നൂറുകാര്യങ്ങളിലാണ് സുന്ദരന്‍ തന്റെ പിതാവിനെ പ്രതിചേര്‍ത്തിരിക്കുന്നത്. സുന്ദരന്റെ വിവരണങ്ങള്‍ കേട്ടപ്പോള്‍ മണിചിത്രത്താഴ് എന്ന സിനിമയിലെ നായികയുടെ ഒരു അപരരൂപമായിരിക്കാം സുന്ദരന്റെ അച്ഛന്‍ എന്ന നിഗമനത്തിലെ എത്താനാകൂ. 

തന്റെ അച്ഛന്റെ പ്രവര്‍ത്തനങ്ങളുടെ ഒരേകദേശരൂപം രണ്ട് മണിക്കൂറെടുത്ത് എന്റെ മുമ്പിലവതരിപ്പിച്ച് സുന്ദരന്‍ പിറ്റെന്ന് തന്നെ അച്ഛനേയും കൂട്ടി വീണ്ടും വന്നു. 

വളരെ ശോഷിച്ച ഒരു വദ്ധന്‍. മകനെ വല്ലാതെ ഭയപ്പെടുന്നു എന്ന് അയാളുടെ ശരീരഭാഷ വിളിച്ചുപറയുന്നുണ്ട്. ആ മനുഷ്യനെ കണ്ടെതെ കാര്യങ്ങളുടെ നിജസ്ഥിതി അറിയാല്‍ കൂടുതല്‍ കഷ്ടപ്പെടേണ്ടിവന്നില്ല. പ്രശ്നങ്ങള്‍ മുഴുവന്‍ സുന്ദരന്റേത് തന്നെ. 

Dissociative Identity Disorder  എന്ന മനോരോഗത്തിന്റെ  പിടിയിലമര്‍ന്നവരാണ് ഈ വിധം പെരുമാറുക. ഇവിടെ സുന്ദരന്‍ ചെയ്തു വയ്ക്കുന്നതൊന്നും സുന്ദരന് ഓര്‍മ്മയില്ല.  പകരം അതെല്ലാം അച്ഛനാണ് ചെയ്യുന്നതെന്ന് ആരോപിക്കുകയും ചെയ്യും.  താന്‍ ഓമനിച്ചുവളര്‍ത്തിയ തന്റെ പൊന്നുമോന്‍ ഇന്ന് തനിക്ക് നേരെ തൊടുത്തുവിടുന്ന ആരോപണങ്ങള്‍ ആ സാധു മനുഷ്യന് താങ്ങാന്‍ പറ്റുന്നതിനും അപ്പുറമാണ്.  അച്ഛന്‍ തന്റെ വസ്ത്രങ്ങള്‍ നശിപ്പിക്കാതെ യിരിക്കാന്‍ കഴുകിയിട്ട വസ്ത്രങ്ങള്‍ക്ക് കാവലിരിക്കും.  സുന്ദരന്റെ വസ്തുക്കളെല്ലാം ഒരു മുറിയിലാക്കി അത് പൂട്ടി തക്കോല്‍ കൊണ്ടു നടക്കും.  സുന്ദരന്റെ അച്ഛനെ കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് തമിഴ്നാട്ടിലുള്ള തലൈക്കുത്തല്‍ എന്ന ആചാരത്തിനിരയാക്കി കൊല്ലപ്പെടുന്ന വൃദ്ധജനങ്ങളുടെ മനോനിലയാണ്.   പാവം താന്‍ ഏത് നിമിഷവും ചെയ്യാത്ത കുറ്റത്തിന് കൊല്ലപ്പെടാം എന്ന അവസ്ഥ.   ആഭിചാരക്കാരുടെ ഒരു ഇര.  കുറ്റമെല്ലാം അപരനില്‍ ആരോപിക്കപ്പെടുന്ന ഇത്തരം കേസ്സുകളില്‍ തെറാപ്പിസ്റ്റ് വല്ലാതെ വിഷമവൃദ്ധത്തിലാകും.  കുഴപ്പം അപരനല്ല എന്ന് ഇത്തരക്കാര്‍ വിശ്വസിക്കുകയേ ഇല്ല.  പിന്നെ ആകെയുള്ള ഒരു വഴി സൈക്ക്യാട്രിസ്റ്റിന്റെ സഹായത്തോടെ  ചികിത്സിക്കുകയെന്നതാണ്.  അച്ഛന് placebo മരുന്നും സുന്ദരന് മനോരോഗത്തിനുള്ള ചികിത്സയും  കൊടുക്കേണ്ടി വന്നു.  സാധാരണ മനോരോഗികള്‍ ചെയ്യുന്ന ഒരു തന്ത്രമാണ് പ്രശ്നങ്ങള്‍ മറ്റുള്ളവര്‍ക്കാണെന്ന് വരുത്തിത്തീര്‍ക്കുന്നത്.  ഇവിടെ മനോരോഗ ത്തോടൊപ്പം അന്തവിശ്വാസവും കൂട്ടുകൂടിയതുകൊണ്ട് കാര്യങ്ങള്‍ വല്ലാതെ കുഴഞ്ഞുമറിഞ്ഞു.  നിരന്തരം കൗണ്‍സലിംഗ് നടത്തിയുതുമൂലം സുന്ദരനില്‍ കുടിയേറിയ ആഭിചാരചിന്തകള്‍ മാറ്റിയെടുക്കാനായി. ഇപ്പോള്‍ സുന്ദരന് മനസ്സിലാകുന്നുണ്ട് പ്രശ്നം തനിക്കുതന്നെയാണെന്ന്.  അച്ഛന്റെ ജീവിനുള്ള ഭീഷണി ഒഴിയുകയും ചെയ്തു.  അങ്ങനെ മറ്റൊരു കൊലപാതകം ഒഴിവായി എന്നുവേണം കരുതാന്‍. 

കേരളം ഇന്ന് ലോകത്തിന്റെ മുന്നില്‍ തലകുനിച്ചുനില്കേണ്ടിവന്നത് ആഭിചാരത്തിലും ഇല്ലാക്കഥകളിലുമുള്ള വിശ്വാസംകൊണ്ടു മാത്രമാണ്.  കാല്പനികകഥകളില്‍ ശാസ്ത്രം തിരയുന്ന ഒരു ഭരണാധികാരി നമുക്കുള്ള പ്പോള്‍ ശാസ്ത്രപ്രചാരകരുടെ ഉത്തരവാദിത്വം കൂടുന്നു. 

Thressia N John

Hypnotherapist & Counselling Psychologist

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam  -8547243223

 

Comments

Popular posts from this blog

റയാനയുടെ ദുഃഖം

Depression

Affective Realism