ചിരിക്കാത്തവരും കരയാത്തവരും





ജീവജാലങ്ങള്‍ക്കെല്ലാം വികാരങ്ങളും സഹാനുഭൂതിയുമുണ്ട്.  ഒട്ടുമിക്ക മൃഗങ്ങളും അവരുടെ സന്തോഷവും, സങ്കടവും, പേടിയും, ശൃംഗാരവുമെല്ലാം പ്രകടമാക്കുമ്പോള്‍ പലതരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. മറ്റ് മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ ഭാഷാസമ്പന്നത ആശയവിനിമയത്തിലെന്നപോലെ  വികാരപ്രകടനങ്ങള്‍ക്കും, ആ വികാരങ്ങളെ നീണ്ടകാലം കൊണ്ടുനടക്കുന്നതിനും അവനെ  കൂടുതല്‍ പ്രാപ്തനാക്കുന്നു. 

ഭയം. ദുഃഖം, സ്നേഹം,  അടുപ്പം, സഹാനുഭൂതി, അനുകമ്പ ഇതൊന്നും ഇല്ലാത്ത മനുഷ്യനെ നമുക്ക് സങ്ക്ല്പിക്കാന്‍ കഴിഞ്ഞുവെന്നുവരില്ല. ജീവിതചക്രം തിരിയുന്നത് തന്നെ വികാരചക്രങ്ങളില്‍ ആണെന്ന് പറയാം. താല്ക്കാലികമായ നിര്‍വീകാരാവസ്ഥ ദുരന്തങ്ങളില്‍ പെടുമ്പോള്‍ ഉണ്ടാവാറുണ്ടെങ്കിലും വികാരങ്ങളൊന്നും ഇല്ലാത്ത ഒരു മനുഷന്‍ ഭാവനാതീതമാണ്. 

മനുഷ്യനും വളര്‍ത്തുമൃഗങ്ങളും തമ്മിലുള്ള വൈകാരികബന്ധം പോലും പ്രധാനമാണെന്നിരിക്കെ പല മനുഷ്യര്‍ക്കും അവരുടെ വികാരപ്രകടനം സാദ്ധ്യമാകാറില്ല. വികാരങ്ങള്‍  ഇല്ലാത്ത അവസ്ഥയൊ, വികാരങ്ങളെ  പ്രകടിപ്പിക്കാന്‍ പറ്റാത്തതുമാകാം. ഈ നിര്‍വ്വികാരാവസ്ഥ.   ചിലര്‍ക്ക ജനിതകപരമായ കാരണങ്ങള്‍ക്കൊണ്ടാണെങ്കില്‍ മറ്റ് ചിലര്‍ക്ക് തലച്ചോറിലെ  ''ഇന്‍സൂല'' യിലെ കോശങ്ങളുടെ ക്ഷതംമൂലമാകാനും സാദ്ധ്യതയുണ്ട്. ''ഇന്‍സുല'' ആണ്  സാമൂഹികജ്ഞാനം, സഹാനുഭൂതി, വികാരങ്ങള്‍ ഒക്കെ അടങ്ങിയ (Imotional Brain)വൈകാരിക ബുദ്ധിയെ നിയന്ത്രിക്കുന്നത്. ഈ വൈകല്യം Alexithymia എന്നാണറിയപ്പെടുന്നത്. Alexithymia എന്ന വാക്ക് അര്‍ത്ഥമാക്കുന്നത് വികാരങ്ങളെ മനസ്സിലാക്കാനോ വേര്‍തിരിച്ചറിയാനോ കഴിയാത്ത അവസ്ഥ എന്നാണ്.

വളരെ പ്രതീക്ഷയോടെയാണ് വിജി കേന്ദ്രസര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥനായ സജിനെ വിവാഹം കഴിച്ചത്. വിജിക്ക് സ്വപ്നം കാണാന്‍ കഴിയാത്തവിധം സാമ്പത്തീകശേഷിയുള്ള കുടുംബം. സുമുഖന്‍, സുന്ദരന്‍. പക്ഷെ ആദ്യനാളുകളില്‍ തന്നെ സജിന്റെ സൗന്ദര്യത്തില്‍ വൈരൂപ്യം കണ്ടുതുടങ്ങി.  താന്‍ സജിനുമായി കൂടുതല്‍ അടുക്കാത്തത്കൊണ്ടാവാം എന്നാണ് ആദ്യം കരുതിയിരുന്നത്.  ഒരു കുഞ്ഞുമായി. പക്ഷെ കുഞ്ഞിനോടും ഒന്നു ചിരിച്ചുകൊണ്ട് ഇയാള്‍ ഇടപെടുന്നില്ല.  മദ്യത്തിനോ, മയക്കുമരുന്നിനോ ഒന്നും അടിമയല്ലാത്ത ഇയാളെ എന്താണ് ചിരിക്കാതിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഏതെങ്കിലും ഞെരമ്പുകള്‍ക്ക് വല്ല തകരാറും ആയതാണോ എന്ന് പോലും സംശയിച്ചു. അതിനായി നാട്ടിലെ അറിയപ്പെട്ട  വൈദ്യശാസ്ത്ര വിദഗ്ദരുടേയും സഹായം തേടി.   അവരുടെ നിര്‍ദ്ദേശപ്രകാരമാണ്  എന്റെ ക്ലിനിക്കിലെത്തിയത്. 

സജിന്‍ ചിരിക്കുകയില്ല എന്ന് മാത്രമല്ല തനിക്ക് സന്തോഷമുള്ള എന്തെങ്കിലും അയാളോട് പറഞ്ഞാന്‍ യാതൊരു പ്രതികരണവും ഉണ്ടാവുകയുമില്ല.  വിഷമങ്ങള്‍ പറഞ്ഞാലും ഇത് തന്നെ അവസ്ഥ. 'പോട്ടെ വിട്'', 'സാരമില്ല'' എന്നൊക്കെ കേള്‍ക്കാന്‍ താന്‍ വല്ലാതെ കൊതിക്കും. ചിലപ്പോഴൊക്കെ അരിശം മൂത്ത് വഴക്കടിക്കും. പക്ഷെ ഒരു ഫലവുമില്ല. യാതൊരു പ്രതികരണവുമില്ല. ദേഷ്യം മാത്രം സദാ സമയവും. നല്ലത് പറഞ്ഞാലും ചീത്ത പറഞ്ഞാലും കലഹവും വഴക്കും മാത്രം.  അപ്പനും അമ്മക്കും കാര്യങ്ങള്‍ എത്ര പറഞ്ഞിട്ടും മനസ്സിലാവുന്നില്ല. തങ്ങളുടെ മകന് ഒരു കുഴപ്പവും ഇല്ല എന്നാണ് അവരുടെ നിലപാട്. 

വിജി എന്നോട് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ സജിന്‍ നിര്‍വ്വികാരനായി കേട്ടുകൊണ്ടേയിരുന്നു.  വിജിയുടെ പരാതികളുടെ ഗൗരവം അയാള്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ലെങ്കിലും സംസാരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു എന്നത് ആശ്വാസമായി.  സജിന്റെ ജീവിതപാതയിലൂടെ, ഓര്‍മ്മകളുടെ ഏടുകളിലൂടെ സൂദീര്‍ഘമായി പലവട്ടം സഞ്ചരിക്കേണ്ടിവന്നു എനിക്ക്.   രണ്ടുവട്ടം സജിന്റെ മാതാപിതാക്കളോടും അയാളുടെ ഓര്‍മ്മയില്‍ പെടാത്ത എന്തെങ്കിലും പ്രധാനപ്പെട്ട സംഭവങ്ങള്‍ നടന്നുവോ എന്ന അന്യേഷണവും വിഫലമായി.  

ഒരാഴ്ചത്തെ  റിലാക്സേഷന്‍ പ്രാക്ടീസിനൊടുവില്‍  സജിന്‍ വീണ്ടും  വന്നു.  ഈ വട്ടവും കുട്ടിക്കാലത്തെക്കുറിച്ചുതന്നെ ഞാന്‍  കൂടുതല്‍ സംസാരിക്കാന്‍ പ്രേരിപ്പിച്ചു.  സജിന്റെ നിര്‍വ്വികാരഭാവത്തില്‍ ത്തന്നെ ഓര്‍മ്മകളുടെ പേജുകള്‍ മറിച്ചുനോക്കാന്‍ താല്പര്യം കാണിച്ചു. 

വളരെ ഊര്‍ജ്ജ്വസ്വലനായ കുട്ടിയായിരുന്നു സജിന്‍. കൂട്ടുകാരുമൊത്ത് നന്നായി കളിച്ചു തിമര്‍ക്കുന്ന സ്വഭാവം. പക്ഷെ കളികള്‍ക്കിടയില്‍ കൊച്ചു കൊച്ചു പ്രശ്നങ്ങള്‍ക്ക് സജിന്‍ വാവിട്ട് നിലവിളിക്കുമായിരുന്നു.  സദാ കളികളും ചിരിയും കരച്ചിലുമായി ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.  നാലാം ക്ലാസ്സിലൊരുനാള്‍ ഇന്റര്‍വെല്‍ സമയത്ത്  അങ്ങോട്ടും ഇങ്ങോട്ടും തല്ലു കൂടി സജിന്‍ വീണ് മുട്ടുപൊട്ടി രക്തം വന്നു. അടുത്ത പിരീഡിന് ടീച്ചര്‍ ക്ലാസ്സിലെത്തിയപ്പോള്‍ ഏങ്ങി ഏങ്ങിക്കരയുന്ന സജിനെയാണ് കണ്ടത്.  കരച്ചിലടക്കാന്‍ പറഞ്ഞപ്പോള്‍ ശബ്ദം കൂടുകയാണുണ്ടായത്. 

അന്ന് ആ ക്ലാസ്സില്‍ ചങ്ങാതിമാരുടെ മുമ്പില്‍ വെച്ച് സജിനെ ആ അദ്ധ്യാപിക  ആ നാലാംക്ലാസ്സുകാരന് താങ്ങാന്‍ കഴിയാത്ത വിധത്തില്‍ നിര്‍ദ്ദയം പരിഹസിച്ചു. ശരീരവേദനയുടെ പുറകെ സജിന്റെ കൊച്ചുഹൃദയവും മുറിവേറ്റു.  'ആണ്‍ുട്ടികള്‍'' കരയുകയോ!? നീയെന്താ പെണ്‍കുട്ടിയാണോ ഇങ്ങനെ തേജോവധം തുടങ്ങി അങ്ങോട്ട് അവരുടെ നിഘണ്ടുവിലുള്ള വാക്കുകള്‍ കൊണ്ട് സജിനെന്ന ബാലനെ ഇട്ട് താണ്ടവമാടി.  ആ താണ്ടവത്തിനൊടുവില്‍ തളര്‍ന്ന് ഡെസ്‌ക്കില്‍ വീണ അവന്റെ തലച്ചോറ് പിന്നെ പ്രവര്‍ത്തിച്ചത് ആ അദ്ധ്യാപകയുടെ വാക്ക്ശരങ്ങളുടെ ശക്തിയിലായി. 

സജിന്‍ പിന്നെ കരഞ്ഞതേയില്ല. ക്ലാസ്സില്‍ ഇങ്ങനെയൊരു സംഭവം നടന്നുവെന്ന് ആ പിഞ്ചുബാലന്‍ ആരോടും പറഞ്ഞതുമില്ല.   പിന്നിട് എപ്പോഴൊക്കെ കരച്ചില്‍ വന്നാലും, സങ്കടം വന്നാലും, വേദനിച്ചാലും ഒക്കെ ദേഷ്യമാണ് തോന്നുക. സങ്കടപ്പെടാന്‍ അറിയാതെയായ അവന്‍  പിന്നെ ചിരിക്കാതെയുമായി.   സങ്കടങ്ങളും സന്തോഷങ്ങളും ഇല്ലെങ്കില്‍ ജീവിതത്തിന് നിറമെവിടെ. സഹപ്രവര്‍ത്തകര്‍ക്കും സ്വഗൃഹവാസികള്‍ക്കും ഹൃദയബന്ധം സൂക്ഷിക്കണമെങ്കില്‍ വികാരങ്ങള്‍ പ്രകടിപ്പിക്കേണ്ടേ?

സജിന്റെത്  ഇന്‍സുലയിലെ തകരാറോ ജന്മനാ ഉണ്ടാകുന്ന  വൈകല്യമോ അല്ല എന്ന് കണ്ടെത്തിയത് വലീയ ആശ്വാസമായി.Alexithymia അല്ലാത്തത് കൊണ്ട് തന്നെ സജിനില്‍ തന്റെ നഷ്ടപ്പെട്ട വികാരപ്രകടനങ്ങളിലേയ്ക്ക് തിരികെ എത്തിക്കാനാകുമെന്ന വിശ്വാസമാണ് ആദ്യം ജനിപ്പിക്കാനായത്.  പിന്നീടങ്ങോട്ട് സൈക്കോതെറാപ്പിയും ഹിപ്നോതെറാപ്പിയുമായി രണ്ടു മാസങ്ങള്‍ക്കൊണ്ട് സജിനും വിജിയും ജീവിതത്തിന്റെ രസങ്ങള്‍ ആസ്വദിച്ചുതുടങ്ങി. തന്റെ പിതാവിന്റെ പുഞ്ചിരിയുടെ മനോഹാരിത ആദ്യമായി കണ്ട അവരുടെ കുഞ്ഞ് അയാളുടെ മുഖത്തടിച്ചു രസിച്ചു.  വിജിയ്ക്ക് തന്റെ ഭര്‍ത്താവില്‍ വന്ന മാറ്റം അവിശ്വസനീയമായിരുന്നു. സന്തോഷാശ്രുക്കള്‍ നിറഞ്ഞ അവളുടെ കണ്ണു തുടച്ചുകൊടുത്തിട്ട്  ''ഞാന്‍ ശരിയായില്ലെ പിന്നെന്തിനാ നീ കരയുന്നത്'' എന്ന് പുഞ്ചിരിച്ചുകൊണ്ട് ചോദിക്കുന്നത് കണ്ടപ്പോള്‍ എ്ന്റെ മനസ്സും നിറഞ്ഞു. 

സജിനില്‍ വന്നപോലെ വളരെ  ആഴത്തിലുള്ള സ്വാധീനമാണ് നമ്മളില്‍ വാക്കുകള്‍ വരുത്തിവെക്കുക.  അതും അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ.  അവര്‍ പറയുന്നത് അപ്രമാദിത്യമാണ്, പരമമായ സത്യമാണ്, അങ്ങനെയാണ് ജീവിക്കേണ്ടത് എന്നൊക്കെ ചിന്തിച്ചുപോകും. അതനുസരിച്ച് നമ്മടെ ഞെരമ്പുകള്‍ സന്ദേശം കൊടുക്കും. അതനുസരിച്ച്  തലച്ചോര്‍ പ്രവര്‍ത്തിക്കും. ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല എന്നത് നമ്മുടെ നാട്ടിലെ ഒരു സ്ഥിരം പല്ലവിയാണ്.  സങ്കടങ്ങള്‍ കടിച്ചമര്‍ച്ചി ജീവിക്കുന്ന പുരുഷന്മാര്‍ക്ക് അവസാനം വേദന സഹിക്കാനാവാതെ ഹൃദയാഘാതം ഉണ്ടാകാതെയിരിക്കുമോ.  ആണ്‍കുട്ടികളും പെണ്‍കുട്ടികളും കരയേണ്ടപ്പോള്‍ കരയുകയും ചിരിക്കേണ്ടപ്പോള്‍ ചിരിക്കുകയും തന്നെ വേണം.  (Published in Yukthirekha June 2022)

 

Thressia N John

Hypnotherapist & Counselling Psychologist

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam  -8547243223

Comments

Popular posts from this blog

മനസ്സ് പ്രണയം കൈവിട്ടപ്പോള്‍

bullying

അമ്മയുടെ ആര്‍ത്തവവിരാമം