മൈക്കിളിന്റെ PTSD - Post Traumatic Stress Disorder
മൈക്കിളിന്റെ PTSD - Post Traumatic Stress Disorder
പട്ടിയാണ് നാട്ടിലെ താരമിപ്പോള്‍. ചിലരെയെല്ലാം ക്രൗര്യം മൂത്ത പട്ടി കടിക്കുന്നു. ചിലര്‍ ജീവിക്കുന്നു. ചിലര്‍ പേവിഷബാധയേറ്റ് ദാരുണമായി മരണമടയുകയും ചെയ്യുന്നു. പട്ടികളെ സ്നേഹിക്കുന്ന ചിലരെങ്കിലും ഹൃദയം പൊട്ടി നിലവിളിക്കുന്നു. എന്റെ ക്ലിനിക്കിലെത്തിയ ഒരു കൗമാരക്കാരന്റെ കഥയാണെനിക്ക് പങ്കുവെക്കാനുള്ളത്.
മൈക്കിള്‍ എന്നാണ് അവന്റെ പേര്. മൈക്കിളിന് ആകെമൊത്തം ഭീതിയാണ്. വീടിന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടാല്‍ വാവിട്ട് നിലവിളിക്കും. കോവിഡ് കാലത്ത് സ്‌കൂളില്‍ പോകേണ്ടതില്ലാത്തതിനാല്‍ മാത്രം എങ്ങനെയൊക്കയൊ പഠിച്ചു. പക്ഷെ പരീക്ഷയ്ക്ക് കൊണ്ടുപോകാന്‍ അപ്പന്‍ നന്നെ വിഷമിച്ചു. എന്നാലും +2 ന് നല്ല മാര്‍ക്കുണ്ടായിരുന്നു മൈക്കിളിന്. പക്ഷെ എന്തു കാര്യം തുടര്‍ന്ന് പഠിക്കണമെങ്കില്‍ കോളേജില്‍ പോകണം. ഇനിയങ്ങോട്ട് ഒന്നും പഠിക്കുന്നില്ലെന്നാണ് അവന്‍ പറയുന്നത്. എങ്കില്‍ വല്ല ജോലിയുമായോലോ. അതിനും താല്പര്യമില്ല.
പേടി കൂടിക്കൂടി എങ്ങനെയെങ്കിലും മരിച്ചാല്‍ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് മൈക്കിള്‍ കാര്യമായി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. അഭിചാരിതമായാണ് അപ്പന്‍ അവന്റെ മൊബൈല്‍ പരിശോധിച്ചത്. ഗൂഗിള്‍ ചെയ്തിരിക്കുന്നതെല്ലാം മരിക്കാനുള്ള വഴികളാണ്.
മൈക്കിള്‍ നല്ലൊരു മൃഗസ്നേഹിയായിരുന്നു. അവന്റെ അപ്പന്‍ അവന് എട്ടു വയസ്സുള്ളപ്പോള്‍ ഒരു പഗ്ഗിനെ വാങ്ങിക്കൊടുത്തു. മൈക്കിളും അവന്റെ പട്ടിയും വളരെ സ്നേഹത്തോടെ കളിച്ചുതിമര്‍ത്തു വളര്‍ന്നു. മൂന്ന് വര്‍ഷം മുമ്പൊരുന്നാള്‍ അവന്റെ പഗ്ഗിനേയും കൊണ്ട് റോഡില്‍ കളിക്കുന്നതിനിടയില്‍ അയല്‍പക്കത്തെ വീട്ടിലെ റോഡ് വീലര്‍ മതിലു ചാടി വന്ന് അവനേയും അവന്റെ കുഞ്ഞന്‍ പട്ടി പഗ്ഗിനേയും ഊടുപാട് കടിച്ചു. അര്‍ത്ഥപ്രാണനായ മൈക്കിള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ രണ്ടുമാസം ആശുപത്രിയില്‍ കഴിച്ചുകൂട്ടി. മുഖത്തും കൈയ്യിലും കാലിലുമെല്ലാം ആഴത്തിലുള്ള മുറിവുകളായിരുന്നു അവന്. കുഞ്ഞന്‍ പട്ടിയായ പഗ്ഗ് കടിയേറ്റ് അവിടെതന്നെ ചത്തുവീണിരുന്നു.
നല്ല ഊര്‍ജ്ജ്വസ്വലനായ മിടുക്കന്‍ കുട്ടിയായിരുന്ന മൈക്കിളും അവന്റെ പ്രിയപ്പെട്ട പഗ്ഗും അയല്‍വാസികളുടെയെല്ലാം ഓമനകളായിരുന്നു. രണ്ടുപേര്‍ക്കും മുതിര്‍ന്നവരും കുട്ടികളുമായ നിറയെ കൂട്ടുകാരുമുണ്ടായിരുന്നു. റോഡ് വീലറിന്റെ ആക്രമണം മൈക്കിളിനെ ഇന്റെന്‍സീവ് കെയര്‍ യൂണിറ്റിലാക്കിയെങ്കില്‍ അയല്‍ വീടുകളിലെ കുട്ടികളെല്ലാം പിന്നെ റോഡിലിറങ്ങാതെയുമായി. മൈക്കിളിനും അവന്റെ പട്ടിക്കും വന്ന ദുര്യോഗം മറ്റാര്‍ക്കും വരരുതെന്ന് അവര്‍ കരുതിയിട്ടുണ്ടാവും.
മൈക്കിള്‍ ആ സംഭവത്തിനു ശേഷം അവന്‍ ആരോടും സംസാരിക്കാത്ത, വെളിച്ചം പേടിക്കുന്ന മൈക്കിളായി മാറി. ഒരുപാട് പുസ്തകങ്ങള്‍ വായിച്ചിരുന്ന മൈക്കിള്‍ പാഠപുസ്തകം ഒഴികെ യാതൊന്നും വായിക്കാതെയായി. വീടിന് പുറത്തിറങ്ങാന്‍ പേടിയായി. സദാ റോഡ് വീലര്‍ തന്നെ കടിക്കാന്‍ മതില്‍ച്ചാടി വരുമെന്ന ചിന്തയായി. ഉറക്കം തീരെ ഇല്ലാതെയായി. അഥവാ പതുക്കെ മയങ്ങിയാലും ഞെട്ടിയുണരും. വീടിന് ചുറ്റുമതിലുണ്ടെങ്കിലും ആ മതിലും ചാടിക്കടന്ന് ആ റോഡ് വീലര്‍ എന്ന ഭീമന്‍പട്ടി വീണ്ടും ആക്രമിക്കുമെന്ന ഭയമാണ് അവന്.
മൈക്കിളിനെ പലവട്ടം സൈക്കോതെറാപ്പിക്കും ഹിപ്നോതെറാപ്പിക്കും വിധേയനാക്കി. അവന്റെ നഷ്ടപ്പെട്ട ഊര്‍ജ്ജ്വസ്വലതയും പ്രസരിപ്പും വീണ്ടെടുക്കാനായി എന്നത് മറ്റൊരു നല്ല അനുഭവമായിരുന്നു എനിക്ക്.
ഇത്തരം ദുരനുഭവങ്ങള്‍ മൂലമുണ്ടാകുന്ന മാനസീകാഘാതമുണ്ടായാല്‍ എന്താണ് സംഭവിക്കുക.
PTSD - Post Traumatic Stress Disorder (മാനസീക ആഘാതമുണ്ടാക്കും വിധമുള്ള ജീവിതാനുഭവങ്ങള്‍ക്കൊണ്ടോ ശാരീരികമായ കാരണങ്ങള്‍ക്കൊണ്ടോ ഉണ്ടാകുന്ന മനോരോഗം.) ജീവിതത്തില്‍ അഭിചാരിതമായി വന്നുപെടുന്ന ആഘാതങ്ങളുടെ വേദനകള്‍ അതിന്റെ ഇരകളെ ഭയങ്കരമായ വൈകാരിക സംഘട്ടനത്തിലൂടെയായിരിക്കും പിന്നിട് കൊണ്ടുപോകുക. ഭീകരമായ കൊലപാതകം കാണേണ്ടിവരുകയോ ആക്രമണത്തിന് ദൃക്സാക്ഷിയാകുകയോ, പാത്രമാകുകയോ ചെയ്യുക. രതിവൈകൃതത്തിന് ഇരയാകുക ഒക്കെ പ്രവചനാധീതമായ മനസംഘര്‍ഷത്തിലേയ്ക്കും ഹോര്‍മ്മോണുകളുടെ വ്യതിയാനത്തിലേയ്ക്കും നയിക്കും. പലര്‍ക്കും സ്വാഭാവികജീവിതം കൈമോശം വരും. നിരന്തരം ഭീതിയുടെ നിഴലില്‍ ജീവിക്കേണ്ടിവരുന്ന അവസ്ഥ ഉടലെടുക്കും. താന്‍ ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം. അതിനാല്‍ ജാഗരൂകത വേണം എന്ന് തലച്ചേറ് നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനാല്‍ Amygdola നിതാന്ത ജാഗ്രതയില്‍ fight or flight ന് തയ്യാറായിരിക്കും. തലച്ചോറിലെ Endocrine glands വന്നുപെട്ടേക്കാവുന്ന അപകടത്തെ അഭിമുഖീകരിക്കാനുതകും വിധം ന്യൂറോകെമിക്കല്‍സിനെ ഉത്പാദിപ്പിക്കുകയും ചെയ്യും. ഒരു ദുരന്തത്തിന്റെ മുദ്രകള്‍ ശരീരത്തെ നിരന്തരം ജാഗ്രതാവസ്ഥയില്‍ നിലനിര്‍ത്തിക്കൊണ്ടേയിരിക്കും.
ജീവിതത്തില്‍ ഒരിക്കല്‍ വളരെ ഹീനമായ ഭീകര ആക്രമണത്തിനിരയാക്കപ്പെട്ട വ്യക്തിക്ക്് പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും അതില്‍ നിന്നും മുക്തി കിട്ടിയെന്നുവരില്ല. നാസി തടവറയില്‍ കഴിഞ്ഞ പലര്‍ക്കും മരണം വരെ ആ കൂട്ടക്കൊലകളുടെ ഭീതിയില്‍ നിന്നും പുറത്തുകടക്കാനായില്ലയെന്നത് ഓര്‍ക്കണം.
ആക്രമണത്തിന് യാതൊരു സാദ്ധ്യതയുമില്ലാത്ത സാഹചര്യത്തിലാണെങ്കില്‍പോലും സദാ ജാഗരൂകാവസ്ഥയില്‍ Limbic System ആ വ്യക്തിയെ നിലനിര്‍ത്തും. അതിനാല്‍ത്തന്നെ ഭീതിയും, ഉത്കണ്ഠയും നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും. അതിനുതകും വിധം Catecholamine (Adrenaline and noradrenaline) ന്റെ ഉത്പാദനം യാതൊരു നിയന്ത്രണവുമില്ലാതെ നടന്നുകൊണ്ടേയിരിക്കുകയും ചെയ്യും. അതിനൊപ്പം Pituitary gland CRF സ്ട്രസ്സ് ഹോര്‍മ്മോണ്‍ കൂടുതല്‍ ഉത്പാദിപ്പിക്കുകയും വന്നുപെട്ടേക്കാവുന്ന ഒരു അടിയന്തിര സാഹചര്യത്തിനെ അഭിമുഖീകരിക്കുന്ന വിധത്തില്‍ ആ വ്യക്തിയെ സദാ ജാഗരൂകരായി നിലനിര്‍ത്തുകയും ചെയ്യും. എത്രമാത്രം സുരക്ഷിതമായ സാഹചര്യമാണെങ്കില്‍പ്പോലും ഇര സന്തോഷം അനുഭവിക്കാന്‍ കഴിയാത്ത അവസ്ഥയിലായിപ്പോകും. ഉത്ക്കണ്ഠയും അസുഖകരമായ നിരവധി negative ചിന്തകളുമായി നീണ്ടകാലം ജീവിക്കേണ്ടിവരുന്ന അവസ്ഥ.
വളരെ ചെറിയ പ്രായത്തില്‍ രതിവൈകൃതത്തിനോ മറ്റ് അതിക്രമത്തിനോ ഇരയായ ഒരു കുട്ടിക്ക് ആക്രമിക്കപ്പെട്ട തരത്തില്‍ പെട്ടവരെ കണ്ടാലുണ്ടാകുന്ന അസുഖകരമായ വൈകാരിക സംഘട്ടനം പ്രവചനാധീതമായിരിക്കും. ആ കുട്ടിക്ക് ജീവിതം മുഴുവന്‍ ആരെയും വിശ്വസിക്കാനായി എന്ന് വരില്ല. താന്‍ എത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം എന്ന ചിന്ത വേട്ടയാടിക്കൊണ്ടേയിരിക്കും. കാലമെത്ര കഴിഞ്ഞാലും മാഞ്ഞുപോകാത്ത, നീറുന്ന വടുക്കളായി സദാ വേട്ടയാടുന്ന ഓര്‍മ്മകള്‍ ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കും. കുഞ്ഞുനാളില്‍ സംഭവിച്ചിട്ടുള്ള ദുരനുഭവങ്ങളെ നമ്മുടെ സമൂഹം വളരെ ലാഘവത്തോടെയാണ് കാണുന്നത്. കുട്ടികളുടെ വേദനകള്‍ നമ്മള്‍ അവഗണിക്കും. അല്ലെങ്കില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയില്ല. പലപ്പോഴും താന്‍ അനീതിയുടെ ഇരയാണ്, തനിക്കാരും വേണ്ടവിധം സപ്പോര്‍ട്ട് തരുന്നില്ല എന്ന തോന്നല്‍ അവരെ ക്രൂരമായി പെരുമാറാന്‍ പ്രേരിപ്പിച്ചുവെന്നുവരാം. താന്‍ കണ്ട കാര്‍ട്ടൂണിലെ, അല്ലെങ്കില്‍ സിനിമയിലെ ഏറ്റവും കരുത്തനായ കാഥാപാത്രമായി സ്വയം മാറുന്ന ഒരു രീതി കുട്ടികളില്‍ കണ്ടുവരാറുണ്ട്. ഒരുതരം പരഗായ പ്രവേശം പോലെ. അതിന് തലച്ചോറില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഏറ്റവും അപകടം പിടിച്ച ഒരു മാനസീകാവസ്ഥയിലേയ്ക്ക് ഇത് ആ വ്യക്തിയെ കൊണ്ടുചെന്നെത്തിക്കും.
മാനസീകാഘാതം ജീവിതത്തിലുണ്ടായാല്‍ സഹജീവികള്‍ എത്രയും വേഗം നല്ലൊരു തെറാപ്പിസ്റ്റിന്റെ സഹായം തേടേണ്ടതാണ്. ഇവിടെ തെറാപ്പിസ്റ്റ് വളരെ ശ്രദ്ധയോടെ വേണം ഇടപെടാന്‍. അല്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി മാറാനും സാദ്ധ്യതയുണ്ട്. തനിക്ക് മനോവിഷമമുണ്ടാക്കിയ സംഭവത്തെക്കുറിച്ച് വീണ്ടും വിവരിക്കുമ്പോള്‍ വീണ്ടും അനിയന്ത്രിതമായ വികാരവിക്ഷോപത്തിന് അടിമയാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. വളരെ സപ്പോര്‍ട്ടീവാണ് താനെന്ന് സ്ഥാപിച്ചതിന് ശേഷം ആ വ്യക്തിയെക്കൊണ്ടുതന്നെ തന്റെ ദുരനുഭവങ്ങള്‍ വിവരിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടത്. ചിന്താശക്തിയെ ഉണര്‍ത്തുംവിധം വളരെ ശ്രദ്ധയോടെ വേണം ഇത് കൈകാര്യം ചെയ്യാന്‍.
ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയ്ക്ക് തന്റെ ദുരനുഭവം അതികഠിനമായി തോന്നാനുള്ള ഒരു കാരണം ആ ആക്രമിയെ നമ്മുടെ സ്വഭാവരീതികള്‍ വച്ച് അളക്കുന്നു എന്നത്കൊണ്ടാണ്. ആക്രമണം നടന്നത് ഒരിക്കലാണെങ്കില്‍പ്പോലും തനിക്ക് ഇങ്ങനെ സംഭവിക്കാന്‍ പാടില്ല. എന്തുകൊണ്ട് എനിക്കിങ്ങനെ എന്നൊക്കെയുള്ള ചിന്തകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുക സാധാരണമാണ്.
എന്തുതരം ആക്രമണമാണെങ്കിലും കാലം എല്ലാ ദുഖവും മായ്ച്ചുകളയുമെന്ന പഴഞ്ചൊല്ല് ഇവിടെ പ്രാവര്‍ത്തീകമായെന്ന് വരില്ല. കാലം കഴിയും തോറും മനസ്സിലെ മുറിവുകള്‍ പൊട്ടിയൊഴുകിക്കൊണ്ടേയിരിക്കും. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞാലും ഇന്നലെ നടന്നപോലെ അനുഭവപ്പെടുകയും ചെയ്യും. പല കേസ്സുകളിലും ആക്രമണത്തിന് ഇരയായ വ്യക്തിയെ തിരികെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരുണമെങ്കില്‍ ഒരു തെറാപ്പിസ്റ്റിന് തന്റെ കഠിനപരിശ്രമത്തോടൊപ്പം മരുന്നിന്റെ സഹായംകൂടി വേണ്ടി വന്നേക്കാം.
(Published in Yukthirekha Oct, 2022)
Thressia N John
Hypnotherapist & Counselling Psychologist
tessionline@yahoo.com
8547243223
'Sahaya's Therapeutic Counselling Centre
Kollam/ Kayamkulam -8547243223
Comments
Post a Comment