ക്രിസ്സിന് സംഭവിച്ച പ്രതിപ്രവര്‍ത്തനം

 ക്രിസ്സിന് സംഭവിച്ച പ്രതിപ്രവര്‍ത്തനം



(Published in Yukthirekha June 2023)

കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ ദുരാചാരങ്ങള്‍ നിലനില്ക്കുന്നത്. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ ശരീരത്തില്‍ കാട്ടിക്കൂട്ടുന്ന ഓരോ വിക്രിയകളും ആ കുഞ്ഞ് ആയുരരാരോഗ്യസൗഭാഗ്യത്തോടെ ഇരിക്കാനാണെന്നാണ് സങ്കല്പം. കണ്ണു വലുതാകാനായി വലീയ വട്ടത്തില്‍ കണ്‍മഷി എഴുതുക, പുരികരോമങ്ങള്‍ കിളിര്‍ക്കാനായും കണ്ണു കിട്ടാതെ ഇരിക്കാനായും ഒക്കെ കണ്‍മഴി ഉപയോഗിക്കുന്നവര്‍ പക്ഷെ മുടി കിളിര്‍ക്കാനായും വളരാനായും എന്തുകൊണ്ട് കണ്‍മഷി ഉപയോഗിക്കുന്നില്ല.  കഥയില്‍ ചോദ്യമില്ലാത്തപോലെ നമ്മുടെ ദുരാചാരാങ്ങളിലും ചോദ്യമില്ല.

കുഞ്ഞിനോട് കാട്ടിക്കൂട്ടുന്ന ഓരോ ആചാരവും അതിന്റെ തലച്ചോറില്‍ ആണ് നമ്മള്‍ നട്ടു വളര്‍ത്തുന്നത്. അത് നാളെ ആവര്‍ത്തിക്കുകതന്നെ ചെയ്യും. ജീവിതത്തില്‍ അരങ്ങേറുന്ന യുക്തിരഹിത കൃത്യങ്ങള്‍ക്ക് നേരെ ചോദ്യങ്ങള്‍ ഒരിക്കലും തലപൊക്കുകയില്ല.  ഈ ഭൂമിയില്‍ ജനിക്കുന്ന ഓരോ ജീവിയും അതിന്റെ മാതാപിതാക്കളില്‍ നിന്നും അഭ്യസിക്കുന്നത് അതിന് ജീവിക്കാന്‍ വേണ്ട നൈപുണ്യങ്ങളാണ്.  മനുഷ്യക്കുട്ടിയും അതിന്റെ തലച്ചോറിലെത്തുന്ന ഓരോ സന്ദേശങ്ങളും ദുരാചാരമോ, വിശ്വാസമോ അതോ ഈ ഭൂമിയില്‍ ജീവിക്കാന്‍ വേണ്ട അറിവോ എന്നൊന്നും വേര്‍തിരിക്കാനാവാതെ സന്ദേശങ്ങളായി ശേഖരിച്ചുവക്കും.   അതിന്റെ മുകളില്‍ അത്തരം എണ്ണമറ്റ മറ്റ് സന്ദേശങ്ങളും ശേഖരിക്കപ്പെടും. കാലക്രമേണ  ആ വ്യക്തിയുടെ മനസ്സില്‍ നിറയെ നിഗൂഢതകളുടെ ഒരു ഭണ്ഡാരം തന്നെയുണ്ടാവും. സത്യമേത് മിത്യയേത് എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥ. ശാസ്ത്രീയതയും അശാസ്ത്രീയതയും കൈകോര്‍ത്ത് വ്യക്തിയെ ഭീതിയുടെയും ആശങ്കകളുടേയും തടവറയിലാക്കിക്കളയും.


ലോകത്തില്‍ ദുഷ്ടരും ശ്രേഷ്ഠരുമുണ്ടെന്നും, ദുഷ്ടജന സംസര്‍ഗം ശ്രേഷ്ഠരുടെ ജീവിതവും നശിപ്പിക്കുമെന്നും തത്ഫലമായി ജീവിതത്തില്‍ പല ദുരന്തങ്ങളും സംഭവിക്കുമെന്നുമാണ് വിശ്വാസസമൂഹം പൊതുവെ കരുതുക. അതിന് ഉപോത്ബലമായ കാര്യങ്ങളാണ് എല്ലാ മതഗ്രന്ഥങ്ങളിലും പ്രതിപാതിച്ചിട്ടുള്ളത്.  ബുദ്ധിയുറക്കുംമുമ്പെ തന്നെ കുഞ്ഞുമനസ്സുകളില്‍ കുടിയിരുത്തപ്പെടുന്ന ഇത്തരം ഉത്ബോധനങ്ങിലെ ശരിതെറ്റുകളെക്കുറിച്ച് മറിച്ച് ചിന്തിക്കാതെയാണ് മതവിശ്വാസികള്‍ ജീവിച്ചുതീര്‍ക്കുന്നത്.  ഒരാളും പൂര്‍ണ്ണമായും ദുഷ്ടരോ ശ്രേഷ്ഠരോ അല്ലെന്നുള്ള കാര്യം ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ചിന്താധാരയിലൊന്നും കടന്നുകൂടുകയില്ല.   മനുഷ്യരുടെ ജീവിതങ്ങള്‍ അവരുടെ ജനിതികഗുണങ്ങളും, ജീവിതസാഹചര്യവും, തലച്ചോറിലെ ഞെരമ്പുകളുടെ ബന്ധങ്ങളുമാണ് നിയന്ത്രിക്കുന്നതെന്നൊന്നും  ദുഷ്ട-ശ്രേഷ്ട വേര്‍തിരിക്കലുകാര്‍ക്ക് വിഷയമല്ല.  ഭൂമിയില്‍ ജനിച്ചുവീഴുന്ന എല്ലാ കുഞ്ഞുങ്ങളും ദുഷ്ടരായോ സ്രേഷ്ടരായോ അല്ല വെറും കുഞ്ഞുങ്ങളായാണ് ജനിക്കുന്നതെന്ന് പോലും ചിന്തിക്കുകയില്ല.  വളരെ നല്ല നല്ലവനായ ഒരാള്‍ ഒരു സുപ്രഭാതത്തില്‍ വളരെ കോപാകുലനായാല്‍ എന്തായിരിക്കും കാരണം എന്ന് തിരക്കിപ്പോകാറില്ല. തനിക്ക് മനോവിഷമം ഉണ്ടാക്കുന്ന എന്തോ ജീവിതത്തില്‍ സംഭവിക്കുമ്പോഴാണ് പൊതുവെ ഒരാള്‍ കോപം പ്രകടിപ്പിക്കുന്നത്. പ്രകൃതിയിലുള്ള ഓരോ പ്രവര്‍ത്തിക്കും സമാനമോ വിരുദ്ധമോ ആയ പ്രതിപ്രവര്‍ത്തനമുണ്ടാകും. മനുഷ്യന്റെ പ്രകൃതത്തിലും ഇത് ബാധകമാണ്.   അതിനൊരു ഉദാഹരണമാണ് ക്രിസ്സിന്റെ കഥ


കനം തൂങ്ങിയ മുഖവുമായാണ് ക്രിസ്സ് ഇരിക്കുന്നത്.  ഒന്നും സംസാരിക്കാനോ ചിരിക്കാനോ പറ്റാത്ത അവസ്ഥ. ഇടയ്ക്ക് എന്തോ ഓര്‍മ്മ വരുമ്പോള്‍ നഖം കടിക്കുന്നുണ്ട്.  അവനെ കൗണ്‍സലിംഗിന് കൊണ്ടുവന്നത് അമ്മൂമ്മയ്ക്കാണെങ്കില്‍ കരച്ചിലടക്കാന്‍ കഴിയുന്നുമില്ല.  ഒരേയൊരു മകന്റെ സന്താനമാണ് ക്രിസ്സ്.  ചെറുപ്പം മുതലെ ആസ്മയുള്ളതിനാല്‍ അവന്റെ മാതാപിതാക്കള്‍ ജോലിചെയ്യുന്ന രാജ്യത്തേയ്ക്ക് വിടാനാകുന്നില്ല. ഇടയ്ക്ക് പോയാലും അവിടുത്തെ തണുപ്പില്‍ ആസ്മ കടുത്ത വെല്ലുവിളിയുണ്ടാക്കുകയും തിരികെ നാട്ടിലേയ്ക്ക് തന്നെ കൊണ്ടുവരുകയും ചെയ്യും.  അങ്ങനെയാണ് അവന്‍ അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും കൂടെ താമസിക്കാന്‍ തുടങ്ങിയത്.  അപാരമായ ബുദ്ധിശക്തിയും ഓര്‍മ്മശക്തിയുമുള്ളതിനാല്‍ത്തന്നെ അവന്റെ അപ്പൂപ്പന് അവനെ വളരെ കാര്യമായിരുന്നു.  അവരിരുവരും പലതിനെക്കുറിച്ചും സംസാരിക്കും. എന്തിലും സ്വന്തമായ അഭിപ്രായവും ചിന്താരീതിയും അവന്റെ പ്രത്യേകതയായിരുന്നു.  നല്ല വായനാശീലമുള്ള അവന്‍ സ്‌കൂളിലാണെങ്കിലും വളരെ അനായാസമായി കാര്യങ്ങള്‍ നല്ലവിധം ചെയ്തിരുന്നു.  


അവന്റെ അച്ഛനും അമ്മയും അടുത്തില്ലെങ്കിലും ക്രിസ്സിന്റെ ജീവിതം മനോഹരമായി മുന്നോട്ട് പോയി.  അവധിക്കാലം ആഘോഷിക്കാനെത്തുമ്പോള്‍ അവനാണ് മാതാപിതാക്കളെ പലയിടത്തും കൊണ്ടുകാണിക്കുന്നത്. ബന്ധുവീടുകളിലെല്ലാം ക്രിസ്സ് താരമാണ്. അപ്പൂപ്പന്റേയും കൊച്ചുമോന്റേയും ജീവിതം അവന്റെ അമ്മൂമ്മയില്‍ പോലും ഇത്തിരി അസൂയ ജനിപ്പിച്ചിരുന്നു എന്ന് വേണം കരുതാന്‍. 


ക്രിസ്സിന്റെ ആ മനോഹരലോകം ഇടിഞ്ഞുപൊളിഞ്ഞു വീണത് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.  കോവിഡ് കാലത്ത് സ്‌കൂളുകള്‍ എല്ലാം അടക്കുകയും യാത്രാസ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തപ്പോള്‍ പാറിപ്പറന്നു നടന്നിരുന്ന ക്രിസ്സിനും വിലങ്ങു വീണു.  വീടിന് പുറത്തു പോകാന്‍ വയ്യ. അപ്പൂപ്പനുമൊത്തുള്ള പ്രഭാതസവാരി നിന്നു.  ക്രിസ്സിന്റെ എല്ലാമെല്ലാമായിരുന്ന അപ്പൂപ്പനെ കോവിഡ് തട്ടിയെടുക്കുകകൂടി ചെയ്തപ്പോള്‍ ക്രിസ്സിന് തന്റെ ലോകം അവസാനിച്ചപോലെയാണ് തോന്നിയത്.  കടുത്ത ദൈവവിശ്വാസിയായിരുന്ന ക്രിസ്സിന് ദൈവത്തിനോട് കടുത്ത ദേഷ്യവും വെറുപ്പുമാണ് തോന്നിയത്. 


അപ്പൂപ്പന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞു. വീട്ടില്‍ തങ്ങിയ ബന്ധുജനങ്ങള്‍ പിറ്റേന്ന് പള്ളിയില്‍ പോകാന്‍ നേരം ക്രിസ്സ് മാത്രം കിടക്കയില്‍ നിന്ന് പോലും എഴുന്നേറ്റില്ല.  കടുത്ത വിശ്വാസിയായ ക്രിസ്സിന്റെ പപ്പായ്ക്ക് ദേഷ്യം വന്നു. വര്‍ഷങ്ങളായി യൂറോപ്പില്‍ കഴിയുന്ന അയാള്‍ ഇപ്പോഴും ഒരു പ്രാകൃതനെപ്പോലെ അവന്റെ മേല്‍ വെള്ളം കോരിയൊഴിച്ചു.  തന്റെ കുഞ്ഞു കസിന്‍സിന്റെയും ബന്ധുക്കളുടേയും മുമ്പില്‍ അവന്‍ അപമാനിതനായി.   പള്ളിയില്‍ പോകാനായി ധരിച്ച വേഷവും അയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല.  ഫുള്‍സ്ലീവ് ഷര്‍ട്ടും പാന്‍സും ധരിക്കാത്തതിന് അവനെ വീണ്ടും അപമാനിച്ചു.  അവന്റെ അപ്പൂപ്പന്‍ അവനെ ഇതുവരെ സംരക്ഷിച്ചു. ആ മനുഷ്യന്‍ ജീവിച്ചിരിക്കുമ്പോള്‍ ആരും അവനോട് ഒരിക്കലും ഇങ്ങനെ പെരുമാറിയിരുന്നില്ല.  ഈ ലോകത്തില്‍ താന്‍ ഒറ്റപ്പെട്ടു എന്ന തോന്നല്‍ അവനെ പിടികൂടി. മാത്രമല്ല താന്‍ വളരെ ദുര്‍ബലനാണെന്നും ഇങ്ങനെ ദുര്‍ബലനായിരുന്നാല്‍ താന്‍ ഇനിയും അപമാനിതനാകുംമെന്ന തോന്നല്‍ അവന്റെ ചിന്തകളെ ആകെ മാറ്റിമറിച്ചു. 


ക്ലാസ്സുകള്‍ ഓണ്‍ലൈനായപ്പോള്‍ അതുവരെ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്കാതിരുന്ന മാതാപിതാക്കള്‍ക്കെല്ലാം നിയന്ത്രണങ്ങള്‍ മാറ്റേണ്ടിവന്നു.  ക്ലാസ്സിന് വേണ്ടി അനുവദിക്കപ്പെട്ട ആ കുഞ്ഞു യന്ത്രത്തിന്റെ വാതായനങ്ങളിലൂടെ നിഗൂഢതകള്‍ തിരഞ്ഞു അവന്‍ സഞ്ചരിച്ചുകൊണ്ടിരുന്നു.  എല്ലാവിധ നിയമരാഹിത്യത്തിന്റേയും പൈശാശിക പ്രവര്‍ത്തികളുടേയും മയക്കുമരുന്നിന്റേയും മായാലോകത്തേക്ക് ഇന്റര്‍ നെറ്റിലൂടെ  ഊളിയിട്ട ക്രിസ്സ് പിന്നെ അവനെത്തന്നെ മറന്നു. അവന്റെ അപ്പൂപ്പനെ മറന്നു.  ആന്റി ക്രൈസ്റ്റ് വര്‍ഷിപ്പേഴ്സിന്റേയും, ബ്ലാക്ക് മാസ്സിന്റേയും ആരാധകരായ ഒരു കൂട്ടം കുട്ടികള്‍ ക്രിസ്സിനെ പുതിയൊരു മായാലോകത്തേക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടുപോയി.  അതുവരെ പരീക്ഷകളില്‍ ഒരു മാര്‍ക്ക് പോലും നഷ്ടമാകുന്നത് വിഷമയായിരുന്ന ക്രിസ്സ് പാഠപുസ്തകങ്ങള്‍ മറിച്ചുപോലും നോക്കാതെയായി. ഹാക്കിങ്ങിന്റെ താക്കോലുകള്‍ കണ്ടുപിടിക്കുന്നതില്‍ ആനന്ദം കണ്ടെത്തി. അവന്റെ വീട്ടിലെ അവന്റെ കുഞ്ഞു കസിന്‍സിനോട് അലറി വിളിച്ചു. അവനെ പൊന്നുപോലെ നോക്കി വളര്‍ത്തിയിരുന്ന അമ്മൂമ്മയെ ചീത്ത വിളിച്ചു.   അപ്പൂപ്പന്റെ മരണശേഷം മടങ്ങിപ്പോയ മാതാപിതാക്കള്‍ മടങ്ങിവന്നു.  ഉപദേശിക്കാന്‍ അടുത്തുകൂടിയ അമ്മയുടെ കൈ അവന്‍ അടിച്ചൊടിച്ചു. അവനെ പിടിക്കാനെത്തിയ അപ്പനും അടി വാങ്ങി. മുത്തശിയുടെ ചെടിച്ചട്ടികള്‍ നിരവധി നശിപ്പിക്കപ്പെട്ടു. ചെകുത്താനും കടലിനും ഇടയില്‍ പെട്ടപോലെയായി അവര്‍. കാടുപോലെ വളര്‍ന്ന അവന്റെ തലമുടിയും കുളിക്കാന്‍ കൂട്ടാക്കാതെ ദുര്‍ഗ്ഗന്ധം വമിക്കുന്ന അവന്റെ പ്രകൃതവും അവരെ ആകെ വിഷമവൃത്തത്തിലാക്കി.  അവന്റെ കടുത്ത ആസ്മാരോഗം കാരണം യൂറോപ്പിലേയ്ക്ക് കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥ.  ആര്‍ക്കം അവനെ മനസ്സിലാകുന്നില്ല. അവന് ശരിക്കും ഭ്രാന്താണെന്ന് അവര്‍ ഉറപ്പിച്ചു.  സൈക്കാട്രിസ്റ്റിന്റെ അടുത്തെത്തിച്ചെ പറ്റു എന്നവര്‍ ഉറപ്പിച്ചു.  അവന്റെ അമ്മയാണ് ഒരു സൈക്കോളജിസ്റ്റിനെ കണ്ടിട്ടാകാം ബാക്കി നടപടികള്‍ എന്ന് നിര്‍ദ്ദേശിച്ചത്.


എന്റെ മുമ്പിലിരുന്ന അവന്‍ സംസാരിച്ചു തുടങ്ങാന്‍ കുറച്ചു സമയമെടുത്തു.  അവന് അവന്റെ അപ്പൂപ്പനെ നഷ്ടമായി എന്ന് ഇപ്പോഴും സമ്മതിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ആ സങ്കടം മറികടക്കാനാണ് അവന്റെ പുതിയ ആശ്വാസസങ്കേതങ്ങള്‍ തിരഞ്ഞുപോയത്.  ആദ്യം അവന്‍ തുടക്കമിട്ടത് war game കളായിരുന്നു.  അവിടെയുണ്ടായിരുന്ന സഹ കളിക്കാരാണ് അവനെ സാത്താനിക് വര്‍ഷിപ്പേഴ്സിന്റെ സൗഹൃദം നേടിത്തന്നത്.  തികച്ചു ക്രൂരമായ കാര്യങ്ങളില്‍ മാത്രം ആനന്ദം കണ്ടെത്തുന്നവര്‍. അത്തരം കാര്യങ്ങള്‍ മാത്രം സംസാരിക്കുന്നവര്‍. അവന്റെ മാനുഷീകഗുണങ്ങള്‍ അവന് നഷ്ടമായി. മലയാളം സംസാരിക്കുന്ന കുറച്ചു പുതീയ ചങ്ങാതിമാരെക്കൂടി അവിടെ അവന്‍ നേടിയെടുത്തതോടെ അവന്റെ അവസ്ഥ വളരെ മോശമായി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നിയന്ത്രണം ആകെ വിട്ടു. ഉറക്കം നഷ്ടപ്പെട്ടു.  


നീണ്ട മണിക്കൂറുകള്‍ ഓരോ സിറ്റിംഗിനും ചെലവഴിക്കേണ്ടിവന്നു എനിക്ക്. പലപ്പോഴും തെറാപ്പിയിലുടനീളം അവന്‍ കരഞ്ഞു.  വളരെയധികം ക്ഷമയും മനസ്സാന്നിദ്ധ്യവും കൊണ്ടുമാത്രം അവനില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കാനായി.  അവന്റെ ഉറക്കം തിരികെകിട്ടിതുടങ്ങി.                                                                                                                                                                                ചിരിമാഞ്ഞ അവന്റെ മുഖത്തെപേശികളില്‍ വീണ്ടും സന്തോഷം പ്രകടമായിത്തുടങ്ങി. ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി വന്നു. അവന്റെ കുഞ്ഞു കസിന്‍സിനോടൊപ്പം ചെറുകളികളില്‍ ഏര്‍പ്പെട്ടു. പുസ്തകം വീണ്ടും അവന്റെ കൂട്ടുകാരായി മാറി.  പതുക്കെ പതുക്കെ  അവനിലെ നഷ്ടപ്പെട്ട വ്യക്തിത്വം വീണ്ടെടുക്കാനും വികാരങ്ങള്‍ നിയന്ത്രിക്കാനും സാദ്ധ്യമായിത്തുടങ്ങി.  ഒടുവില്‍ അവന്റെ മരിച്ചുപോയ പ്രിയപ്പെട്ട അപ്പൂപ്പനുമായുള്ള തെറാപ്പോട്ടിക് സെഷനോടുകൂടി ക്രിസ്സ് വീണ്ടു തന്റെ വ്യക്തിത്വം പൂര്‍ണ്ണമായും തിരികെ നേടിയെടുത്ത അവന്‍ അവന്റെ മാതാപിതാക്കളോടും അമ്മൂമ്മയോടും സോറി പറഞ്ഞപ്പോള്‍  ആ മാതാപിതാക്കള്‍ തരിച്ചിരുന്നുപോയി.  അപ്പൂപ്പന്റെ ശവസംസ്‌കാരപിറ്റേന്ന് ഉറങ്ങിക്കിടന്ന മകന്റെ മുകളില്‍ വെളളം കോരിയൊഴിച്ചപ്പോഴുണ്ടായ അവന്റെ അപമാനഭാരമാണ് ഇത്ര വലിയ ദുരന്തത്തിലേയ്ക്ക് ക്രിസ്സിനെ കൂട്ടിക്കൊണ്ടു പോകാനുണ്ടായ മുഖ്യകാരണമെന്ന് ആ പിതാവിന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. അത് തന്റെ മകന്‍ തന്നെ പറയുന്നത് വരെ അംഗീകരിച്ചുമില്ല. ഓരോ പ്രവര്‍ത്തിക്കും സമാനമോ വിരുദ്ധമോ ആയ പ്രതിപ്രവര്‍ത്തനമുണ്ടാകുമെന്ന തിരിച്ചറിവ് ആ പിതാവില്‍ വളരെ വൈകിമാത്രമാണുണ്ടായത്. പരസ്പരം സോറി പറഞ്ഞപ്പോള്‍ കണ്ണുനീരിനിടയിലൂടെ അവരുടെ മുഖപേശികളില്‍ വിടര്‍ന്ന പുഞ്ചിരി എന്റെ മനസ്സിനെ കുളിര്‍പ്പിച്ചു.  (Published in Yukthirekha June 2023)

Thressia N John

Hypnotherapist & Counselling Psychologist

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam  -8547243223


Comments

Popular posts from this blog

റയാനയുടെ ദുഃഖം

Depression

Affective Realism