stealing and lying

 കളവില്‍ നിന്നും കഥാകാരിയിലേയ്ക്ക്



സിതാര വാക്കു പാലിച്ചു.  കൈയ്യിലുണ്ടായിരുന്ന നോട്ട് ബുക്ക് എനിക്ക് നേരെ നീട്ടി.  മനോഹരമായ കൈയ്യക്ഷരത്തില്‍ ആദ്യത്തെ പേജില്‍ അവള്‍ ഒരു പെണ്‍കുട്ടിയെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്.  എന്തിനും ഏതിനും കളവ് പറയുന്ന പെണ്‍കുട്ടി. അവളുടെ കളവുകള്‍ അവള്‍ ബുക്കിലെഴുതിയപ്പോള്‍ മനോഹരമായ കഥയായി മാറിയിരിക്കുന്നു. കുറ്റവാളികളെ പിടികൂടി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്ന ഒരു പൊലീസ് ഓഫിസറിന്റെ കഥയായിരുന്നു രണ്ടാമത്തെത്. 

സിതാര നന്നായി പാടുന്ന 4ാം ക്ലാസ്സുകാരിയാണ്.  സ്ഥലത്തെ അറിയപ്പെടുന്ന നാട്ടുപ്രമാണിയുടെ കൊച്ചുമോള്‍. ജീവിതം എല്ലാംകൊണ്ടും ആഡംബരസമൃദ്ധിയിലാണ്.  ആവശ്യത്തിലേറെ സമ്മാനങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ പലരും മത്സരിക്കുന്നു.  കുഞ്ഞുസിതാരയുടെ റൂമിലെ അലമാരികളിലെല്ലാം കളിക്കോപ്പുകളും പാവകളും തിങ്ങിനിറഞ്ഞിരിക്കുന്നു. കൊച്ചുമോളെ സ്ഥലത്തെ സമ്പന്നരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളിലാണ് പഠിപ്പിക്കുന്നത്.

സിതാരയ്ക്ക് സര്‍വ്വ സൗഭാഗ്യങ്ങളുമുണ്ടായിട്ടും സ്‌കൂളില്‍ നിന്നും പലതും സിതാര എടുത്തുകൊണ്ടു വരുന്നു. സ്‌കൂളിലെ ക്ലാസ്സ് ടീച്ചര്‍ വിളിച്ച് നിരവധി തവണ പരാതി പറഞ്ഞു. ആദ്യമാദ്യ പരാതി പറഞ്ഞപ്പോള്‍ അപ്പൂപ്പനടക്കം എല്ലാവരും ടീച്ചറിനോട് കയര്‍ത്തു സംസാരിച്ചു.  പക്ഷെ ഇപ്പോഴിതാ ക്ലാസ്സിലെ മറ്റുകുട്ടികളുടെ മാതാപിതാക്കള്‍ നേരിട്ട് വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവരുടെ മക്കളുടെ പെന്‍സിലുകളും പേനയും കളര്‍ ബോക്സും ഭക്ഷണ പദാര്‍ത്ഥങ്ങളുമടക്കം കളവ് പോയിരിക്കുന്നു. അത് നിരന്തരം ആവര്‍ത്തിക്കുന്നു.   സിതാരയുടെ അപ്പൂപ്പന്റെ പേഴ്സില്‍ നിന്നും പലവട്ടം പൈസ പോയപ്പോള്‍ വീട്ടിലെ ജോലിക്കാരെയാണ് സംശയിച്ചിരുന്നത്.  സ്‌കൂളില്‍ നിന്നും പരാതികള്‍ കൂടിവന്നപ്പോഴാണ് അവള്‍ സിതാരയോട് പൈസ എങ്ങാനും സിതാര എടുത്തോ എന്ന് തിരക്കിയത്.  യാതൊന്നും അവള്‍ എടുത്തിട്ടില്ല എന്നാണ് മറുപടി.  പക്ഷെ അവളുടെ ബാഗില്‍ നിന്നും കണ്ടെടുത്ത സാധനങ്ങള്‍ പിന്നെ എങ്ങനെ അതില്‍ വന്നു എന്നതിനും മറുപടിയുണ്ടായിരുന്നു.  അത് മറ്റാരോ വച്ചതാണ് പോലും.  ചിലതെല്ലാം ഡസ്‌ക്കിന് അടിയില്‍ കിടന്നു കിട്ടുന്നതാണ് മറ്റ് ചിലത് കുട്ടികള്‍ ഗിഫ്റ്റ് കൊടുത്തതാണ്.  അങ്ങനെ അവളുടെ മറുപടി പലതാണ്.  പതിവിന് വിപരീതമായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിളിച്ച് വളരെ ഗൗരവത്തോടെ സിതാരയുടെ മോഷണത്തെ കാണണമെന്നും ഇനിയും മോഷ്ടിച്ചാല്‍ സ്‌കൂളില്‍ നിന്നും പറഞ്ഞുവിടുമെന്നും പറഞ്ഞപ്പോഴാണ് അപ്പൂപ്പന് അതിലെന്തെങ്കിലും സത്യമുണ്ടാകുമോ എന്ന് തോന്നിയത്.  അങ്ങനെയാണ് അവര്‍ അവളുടെ മുറി പരിശോധിച്ചത്. അലമാരകളുടെ പല ഭാഗത്തും, പാവകള്‍ക്കുള്ളിലുമെല്ലാം പൈസ്സയും കളര്‍ പെന്‍സിലുകളും മറ്റും വളരെ വിദഗ്ദമായി ഒളിപ്പിച്ചുവച്ചിരുന്നു. കണ്ടെത്തിയ വസ്തുക്കളുടെ എണ്ണം അവരെ ശരിക്കും ഞെട്ടിച്ചു. ഇതെല്ലാം ആരും കാണാതെ എങ്ങനെ എടുക്കുന്നു എന്നത് അവിശ്വസനീയമായി തോന്നി അവര്‍ക്ക്.  പൈസ എല്ലാം കൂടി എണ്ണിനോക്കിയപ്പോള്‍ കണ്ണുതള്ളിപ്പോയി.  ഒരു നാലാം ക്ലാസ്സുകാരി മോഷ്ടിച്ച് സൂക്ഷിച്ചുവച്ചത് ലക്ഷങ്ങളാണ്.   മോഷ്ടിച്ചത് അവള്‍ക്ക് ഇല്ലാത്ത വസ്തുക്കളായിരുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. യാഥാര്‍ത്ഥ്യം അംഗീകരിക്കാനും വേണ്ട പ്രതിവിധി തേടാനും അങ്ങനെയാണവര്‍ മനസില്ലാമനസ്സോടെ തയ്യാറായത്.


വളരെ ലാഘവത്തോടെ  സിതാരയുടെ ഇഷ്ടങ്ങളെ കുറിച്ചു സംസാരിച്ചുതുടങ്ങി ഞാന്‍. ഇഷ്ടമുള്ള നിറങ്ങള്‍ നീലയും ചുവപ്പുമാണ്. ചിത്രം വരക്കാനും പാട്ടുപാടാനും ഇഷ്ടമാണ്.  മൃഗങ്ങളെ ജീവനാണ്. സിതാരയുടെ അനിഷ്ടങ്ങളെക്കുറിച്ചു സംസാരിച്ചപ്പോള്‍ ആള്‍ക്ക് സങ്കടം വന്നു കരയാന്‍ തുടങ്ങി. മാതാപിതാക്കളും സ്‌കൂളിലെ ടീച്ചേഴ്സുമൊക്കെ നിരന്തരം കുറ്റപ്പെടുത്തുന്നു.  കൂട്ടുകാര്‍ കൂട്ടുകൂടുന്നില്ല. ദിനംപ്രതി അവരെല്ലാം ഒറ്റപ്പെടുത്തുന്നത് സിതാരയ്ക്ക് സഹിക്കുന്നില്ല.  സിതാരയുടെ ഇഷ്ടത്തില്‍ത്തന്നെ അനിഷ്ടത്തിന്റെ കാരണങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ സിതാരയുടെ പതിവ് ശൈലിയില്‍ അല്ലെന്ന മറുപടിയാണ് ആദ്യം വന്നത്.   പക്ഷെ വീണ്ടും ചോദിച്ചപ്പോള്‍ സിതാര പതിവ് മാറ്റി കാരണം സ്വയം കണ്ടുപിടിച്ചു.  


സിതാരയ്ക്ക് എല്ലാവരുടേയും സ്നേഹം വേണം. നല്ല ആളായി അറിയപ്പെടണം. കൂട്ടുകാരെ വേണം. പക്ഷെ നിരന്തരം ഇല്ലാത്ത കാര്യങ്ങള്‍ വായില്‍ വരും.  അതിനര്‍ത്ഥം എന്താണ്.  നിരന്തരം ഇല്ലാത്ത കാര്യങ്ങള്‍ പറയുന്നവരെ നമ്മള്‍ എന്താണ് വിളിക്കുക എന്ന എന്റെ ചോദ്യത്തിന് സിതാര മടിച്ചു മടിച്ച് മറുപടി പറഞ്ഞു. 'കള്ളി'.

സിതാര കുറച്ചൊക്കെ കഥാപുസ്തകങ്ങള്‍ വായിക്കുന്ന ആളാണ്. വീട്ടില്‍ അമ്മുമ്മയ്ക്ക് ദിവസവും രാമായണം വായിക്കുന്ന ശീലവുമുണ്ട്.  ഈ കഥകള്‍ എന്ന് പറഞ്ഞാലെന്തായിരിക്കും.  സിതാരയുടെ മുഖം മാറി. കണ്ണുകള്‍ തിളങ്ങി. എന്തോ ഒരു പുതിയ കാര്യം കണ്ടു കിട്ടിയപോലെ തോന്നി. 

കഥകളെല്ലാം ഇല്ലാത്ത കാര്യങ്ങളാണ്. അത് എഴുതിവച്ചാലോ? കഥയായി.  സിതാരയുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. പറഞ്ഞാല്‍ കളവും. എഴുതിയാല്‍ കഥയും.  അപ്പോള്‍ കള്ളത്തരം പറയുന്ന സിതാരയുടെ മുമ്പിലെ വഴിയെന്ത്?  അവള്‍ മടിച്ചു മടിച്ച് പറഞ്ഞു. 

കഥാഎഴുതുക.

അങ്ങനെ കഥ എഴുതിയാല്‍ സിതാര ആരാകും? 

കഥാകാരി. അത് പറയുമ്പോള്‍ അവളുടെ മുഖം വീണ്ടും  വിടര്‍ന്നു.

സംശയം മാറ്റാനായി വീണ്ടും ചോദിച്ചു  ഉണ്ടാക്കികഥകള്‍ എഴുതിയാല്‍ ഞാന്‍ കഥാകാരിയാവുമോ?  

അതെ...  അവള്‍ ഞാന്‍ ഉദ്ദേശിച്ച വഴിയ്ക്ക് തന്നെ വന്നു

കഥാകാരികളെ ടീച്ചര്‍മാരും, മാതാപിതാക്കളുമൊക്കെ എങ്ങനെയാ കാണുക എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവളുടെ മറുപടി 'അവരെല്ലാം വലീയ ആളുകളാ' എന്നായിരുന്നു.  

ഇല്ലാത്തകാര്യങ്ങള്‍ അല്ലെ നമ്മള്‍ വായിക്കുന്ന കഥാപുസ്തകങ്ങളിലെല്ലാം ഉള്ളത്.  സിതാരയും അങ്ങനെ എഴുതാന്‍ തുടങ്ങിയാല്‍ വലീയ ആളാവില്ലെ.  എല്ലാവരും ബഹുമാനിക്കുന്ന ഒരു വലീയ എഴുത്തുകാരി.  

അതവള്‍ക്ക് ഏറെ ഇഷ്ടമായെന്ന് തോന്നുന്നു.  നന്നായി തലയാട്ടിയിട്ട് 'എന്നാ ഞാന്‍ കഥ എഴുതിക്കൊണ്ടുവരാം'. എന്ന് അവള്‍ ഉത്സാഹത്തോടെ പറഞ്ഞിട്ടാണ് അന്ന് കൗണ്‍സലിംഗ് അവസാനിപ്പിച്ചത്. 

യഥാര്‍ത്ഥ ജീവിതവും സങ്കല്പ ലോകവും അതിന്റെ വ്യത്യാസമെന്ത്? ആ കുഞ്ഞുതലച്ചോറ് അത് തിരിച്ചറിഞ്ഞിരിക്കുന്നു.  ക്ലാസ്സിലെ കുട്ടികളുടെ ബാഗിലെ സാധനങ്ങള്‍ തട്ടിയെടുക്കുന്നതിലുള്ള ശ്രദ്ധമൂലം പഠനത്തില്‍ മോശമായിരുന്നു അവള്‍.  സാധനങ്ങള്‍ എല്ലാം സിതാരയോടൊപ്പം പോരും. മോഷ്ടിക്കാതെ ഇരിക്കാനെ പറ്റുമായിരുന്നില്ല അവള്‍ക്ക്.  സ്വന്തം വീട്ടിലെ അപ്പൂപ്പന്റെ പേഴ്സിലെ പൈസ അടിച്ചുമാറ്റുന്നത് അത് കൊണ്ട്  എന്തെങ്കിലും വാങ്ങിക്കാനല്ല.  സിതാരയുടെ കൈവിരലുകളാണ് പ്രശ്നം. (വാസ്തവത്തില്‍ കൈവിരലുകളല്ല. ഇത് സിതാരയുടെ ചിന്തയാണ്. തലച്ചോറുതന്നെയാണ് ഒരാളെക്കൊണ്ട് ഏതൊരു പ്രവര്‍ത്തിയും ചെയ്യിക്കുന്നത്.) അവയാണ് ഇതെല്ലാം തട്ടിയെടുക്കുന്നത്. കഥാകാരിയായി മാറാനുള്ള  തീവ്രമായ ആഗ്രഹം ഉടലെടുത്ത സിതാര അടുത്ത സെഷന് എഴുതിക്കൊണ്ടുവന്ന കഥയിലെ കഥാപാത്രങ്ങള്‍ സിതാരയെ കുഴപ്പത്തിലാക്കുന്ന കൈവിരലുകളായിരുന്നു.  കഥയെഴുതുന്ന അതേ കൈവിരലുകളോട് ഇനി മോഷ്ടിക്കരുതെന്നും അങ്ങനെ ചെയ്താല്‍ കഥയെഴുതാന്‍ പറ്റില്ലെന്നുമുള്ള സന്ദേശങ്ങളാണുണ്ടായിരുന്നത്.  പിന്നെ സിതാര എഴുതിയ കഥകളിലെല്ലാം നെഗറ്റീവ് കഥാപാത്രങ്ങള്‍ പോസിറ്റാവായി മാറുന്ന  വിഷയങ്ങളാണുണ്ടായിരുന്നത്.  

അവസാന സെഷന് വന്നപ്പോള്‍ സിതാരയുടെ കഥയിലെ വിഷയം സാമൂഹിക വിഷയമായിരുന്നു. മുതിര്‍ന്നവര്‍ എല്ലാവരും അറിവുള്ളവരാണെന്നും അവരെല്ലാം ഉത്തമരാണെന്നുമുള്ള രീതിയിലാണ് നമ്മള്‍ കുഞ്ഞുങ്ങളോട് ഇടപഴകുക.  അവരുടെ കുഞ്ഞു തെറ്റുകള്‍ക്ക് പോലും ക്രൂരമായി ശാരീരകവും മാനസീകവുമായ പീഡനം കൊടുക്കാനാണ് പലപ്പോഴും അദ്ധ്യാപകരും മാതാപിതാക്കളുമടക്കം ശ്രമിക്കുക.  കുഞ്ഞുങ്ങള്‍ കുരുത്തക്കേടോ കളവൊ പറയുമ്പോള്‍ അവരെ അടിക്കുകയോ വഴക്കു പറയുകയോ ചെയ്യുന്നതിന് പകരം അവരുടെ കഴിവുകള്‍ കണ്ടെത്തി പോസിറ്റീവായി മാറ്റിയെടുക്കാന്‍ സഹായിച്ചാല്‍ നമ്മുടെ നാട് സുന്ദരമായിരിക്കുമെന്ന് ആ കൊച്ചു മിടുക്കിയുടെ കഥാപാത്രം വിളിച്ചുപറയുന്നു.  അവളിപ്പോള്‍ മുഖത്ത് നോക്കി ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു.  എപ്പോഴും എന്തോ മറച്ചുവയ്ക്കുന്ന മുഖഭാവവും ശരീരഭാഷയും മാറി ഊര്‍ജ്ജസ്വലയായി. സന്തോഷവും പ്രസരിപ്പും അവളുടെ ഇടപെടലുകളില്‍ പ്രകടമായി. അഭിമാനം തോന്നി എനിക്ക്. നാളെ സിതാരയും അവളുടെ  കഥകളും ലോകമെങ്ങും അറിയപ്പെടട്ടെ.  

Thressia N John

Hypnotherapist & Counselling Psychologist

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam  -8547243223

Comments

Popular posts from this blog

മനസ്സ് പ്രണയം കൈവിട്ടപ്പോള്‍

bullying

അമ്മയുടെ ആര്‍ത്തവവിരാമം