കുടുംബം മറന്ന വീണ
കുടുംബം മറന്ന വീണ
ചിന്തയെ വികാരങ്ങള്‍ തട്ടിയെടുത്താല്‍ എന്താണ് സംഭവിക്കുകയെന്നത് വീണയുടെ ജീവിതം നമുക്ക് പറഞ്ഞുതരും.
വാക്കുകള്‍ എന്ന ഏറ്റവും മൂര്‍ച്ചയേറിയ ആയുധം ഏതൊരു നല്ലവനേയും, വിശ്വസ്തനേയും ക്രൂരനും ചതിയനുമാക്കുമെന്നതിന്റെ ഉദാഹരണങ്ങള്‍ ഷേക്സ്പീയറിന്റെ ബ്രൂട്ടസ് മുതല്‍ നിരവധി കഥാപാത്രങ്ങള്‍ സാഹിത്യത്തിലുണ്ട്. വിശ്വാസം അത് സാമൂഹ്യജീവിതം നയിക്കുന്ന മനുഷ്യന് അത്യാവശ്യമായ ഒരു ഘടകമാണ്. പക്ഷെ ഏറ്റവും വിപത്തുണ്ടാക്കുന്നതും അതേ വിശ്വാസം മുതലെടുത്തു നടത്തുന്ന പ്രവര്‍ത്തികളാണ്.
വീണയുടേയും ശരത്തിന്റേയും പ്രണയകാലം മനോഹരമായിരുന്നു. വീട്ടുകാരുടേയും നാട്ടുകാരുടേയും പ്രിയപ്പെട്ടവരായിരുന്നു ഇരുവരും. നാട്ടിലെ പൊതുപരിപാടികളിലും ലൈബ്രറിയിലും കായികരംഗത്തുമെല്ലാം അവര്‍ ഒരുമിച്ചായിരുന്നു. വീട്ടുകാരും അവരുടെ കുട്ടികളുടെ കാര്യത്തില്‍ അമിതനിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയില്ല. രണ്ടുപേരും ബിരുദാനന്തരബിരുദം നേടി. ശരത്തിന് ജോലി കിട്ടിയതോടെ അവരുടെ വിവാഹം ഇരുവീട്ടുകാരും ചേര്‍ന്ന് നടത്തി. സന്തോഷകരമായ കുടുംബജീവിതമായിരുന്നു അവരുടേത്. രണ്ടു കുട്ടികളും ജനിച്ചു. പ്രസവവും കുഞ്ഞുങ്ങളെ വളര്‍ത്തലുമായി തിരക്കിലായ വീണ അതിനിടയില്‍ പി.എസ്.സി പരീക്ഷകള്‍ക്ക് വേണ്ടി പഠിക്കുകയും ജോലി ലഭിക്കുകയും ചെയ്തു.
വീണയ്ക്ക് കൂടി ജോലി ആയപ്പോള്‍ അവരുടെ കുടുംബജീവിതം കൂടുതല്‍ മനോഹരമായിപ്പോകുമെന്ന് കരുതിയവരെയെല്ലാം ആശ്ചര്യപ്പെടുത്തിക്കൊണ്ടാണ് ആ വാര്‍ത്ത നാട്ടില്‍പ്പരന്നത്. വീണ ഇന്നലെ രാത്രി വീട്ടിലെത്തിയില്ല. ഫോണ്‍ ഓഫായിരിക്കുന്നു. സഹപ്രവര്‍ത്തകരോട് ചോദിച്ചപ്പോള്‍ ഓഫീസില്‍ നിന്നും കൃത്യസമയത്ത് ഇറങ്ങിയെന്നാണ് അറിഞ്ഞത്. പലയിടത്തും തിരക്കിയ ശരത്ത് അവസാനം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. കുട്ടികളാണെങ്കില്‍ അമ്മയെ കാത്തിരുന്ന് കരഞ്ഞ് കരഞ്ഞ് നേരം വെളുപ്പിച്ചു.
പിറ്റേന്ന് ശരത്തിനെ പോലീസ് വിളിപ്പിച്ചു. ഭാര്യയെ അവര്‍ കണ്ടെത്തിയിരിക്കുന്നു. കുട്ടികളേയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തിയ ശരത്തിന്റേയോ കുട്ടികളുടേയോ മുഖത്തു നോക്കിയില്ല വീണ. അവളുടെകൂടെ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഒരു കീഴ് ജീവനക്കാരനുമുണ്ടായിരുന്നു. ശരത്തിന്റേയും കുട്ടികളുടേയും ജീവിതത്തില്‍ ഇടിത്തീ വീണു. ലോണെടുത്ത് പണി തീര്‍ന്ന വീട് ഏറ്റവും മനോഹരമായി പെയിന്റിംഗുകളും ചിത്രപ്പണികളും കൊണ്ട് അലങ്കരിക്കണമെന്നത് വീണയുടെ ആഗ്രഹമായിരുന്നു. ആ വീട്ടിനുള്ളിലെ ഓരോ വസ്തുവും അവളുടെ ഇഷ്ടമനുസരിച്ചാണ് വാങ്ങിയത്. ശരത്തിന്റെ ചിന്തകളില്‍ ഒരിക്കലും തന്റെ ഭാര്യ തന്നേയും കുഞ്ഞുങ്ങളേയും ഉപേക്ഷിച്ചുപോകുമെന്ന് ചിന്തിക്കാനാകുമായിരുന്നില്ല. മരണം വരെ ഒന്നിച്ചുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചുവന്നത്. എന്തിനാണ് തങ്ങളുടെ അമ്മ സ്നേഹം തന്നത് എന്ന ചോദ്യമായിരുന്നു കുഞ്ഞുങ്ങള്‍ക്ക്. കൂട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും. PTI മീറ്റിംഗിന് ഇനി തങ്ങളുടെ അമ്മ വരാതെയിരിക്കുമ്പോള്‍ എന്തു പറയാനാകും. സഹപാഠികളോട് ഇനിയെന്ത് പറയും. ടീച്ചര്‍മാര്‍ ചോദിക്കില്ലെ! ആ കുഞ്ഞുമനസ്സുകള്‍ വല്ലാതെ നീറിക്കൊണ്ടിരുന്നു.
അപമാനവും അനാഥത്വവും സങ്കടവും ദേഷ്യവുമെല്ലാം വീണയുടെ മകളെ വല്ലാതെ വീര്‍പ്പുമുട്ടിച്ചു. ഉറങ്ങിയിട്ട് നാളേറെ ആയി. വീട്ടിലെ ജോലികളെല്ലാം സ്വയം ചെയ്യണം രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന അനുജനെ നോക്കണം. അവള്‍ക്ക് പാചകമൊന്നും അത്ര വശമില്ല. അച്ഛനാണെങ്കില്‍ വിഷാദരോഗം പിടിപെട്ട അവസ്ഥയാണ്. വല്ലാതെ ദേഷ്യപ്പെടുന്നു. ഇതിനിടയില്‍ പലപ്പോഴും സ്‌കൂളില്‍ പോകാന്‍ മനസ്സുവരാതെ വീട്ടിലിരുന്നു.
ജീവിച്ചിരിക്കുന്ന അമ്മ തങ്ങളെ വിട്ട് വേറൊരു പുരുഷനോടൊപ്പം ജീവിക്കുന്നു. അതും മാതൃഗുണങ്ങളെക്കുറിച്ച് വലീയ വായില്‍ സംസാരിച്ചിരുന്ന ഒരു സ്ത്രീ. തന്റെ കുഞ്ഞുങ്ങളെ അനാഥരാക്കിയിട്ട് പോകുക. മുന്നിലിരിക്കുന്ന ആ 7ാം ക്ലാസ്സുകാരിയുടെ കണ്ണുനീര് എന്റെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു. ഒരു നിമിഷം മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് അമ്മ പോകാനുണ്ടായ യഥാര്‍ത്ഥ കാരണങ്ങളെന്തായിരിക്കാം. നല്ലൊരു വീട്ടമ്മയായിരുന്ന അവരുടെ ചിന്തയെ ആര് എങ്ങനെ വിലക്കെടുത്തു. ഒരു സ്ത്രീ ചെയ്യാന്‍ ഇടയില്ലാത്ത രീതിയിലുള്ള പ്രവര്‍ത്തി അവരില്‍ നിന്നെങ്ങനെ വന്നു തുടങ്ങിയ കാര്യങ്ങള്‍ ആ കുഞ്ഞിനറിയുന്ന രീതിയില്‍ പറഞ്ഞു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടേണ്ടിവന്നു എനിക്ക്. അമ്മയുടെ അഭാവത്തില്‍ വന്നുപെട്ടേക്കാവുന്ന കുഴപ്പങ്ങള്‍ വലുതാണ്. അതൊന്നും അവള്‍ക്ക് ചിന്തിക്കാനാകുന്ന പ്രായമല്ലാത്തത് ഭാഗ്യമെന്നാണ് എനിക്ക് തോന്നിയത്.
നിരവധിവട്ടം ഫോണ്‍ ചെയ്ത് ആവശ്യപ്പെട്ടപ്പോഴാണ് വീണ കൗണ്‍സലിംഗിന് വന്നത്. സാമാന്യം ബിദ്ധിയും തിരിച്ചറിവും ഒക്കെയുള്ള വീണയ്ക്ക് ജോലി ലഭിച്ചത് കനത്ത ശബളത്തിലാണ്. ജോലിക്ക് കയറിയ നാള്‍ മുതല്‍ കീഴ്ജീവനക്കാരനായ ലതീഷ് വീണയോട് ഒരുപാട് അടുപ്പം കാണിക്കാന്‍ തുടങ്ങി. അവിവാഹിതനായ അയാള്‍ അമ്മയെ പരിചയപ്പെടുത്തി. തന്റെ മകന് വയസ്സ് 40 കഴിഞ്ഞിട്ടും കല്യാണം കഴിക്കാന്‍ പെണ്ണു കിട്ടാതെയിരുന്നതിനാല്‍ ആകണം ആ അമ്മ വീണയോട് ഒരുപാട് അടുപ്പം കാണിച്ചു. പലവട്ടം വീട്ടിലേയ്ക്ക് വിളിക്കുകയും വീണ പോകുകയും ചെയ്തു കൊണ്ടിരുന്നു. അന്ന് വീണയോട് ലതീഷ് ആണ് പറഞ്ഞത് അമ്മയ്ക്ക് സുഖമില്ല ഒന്ന് കാണണമെന്ന്. അന്ന് വീട്ടിലെത്തിയ വീണയെ ആ സ്ത്രീ തിരികെ വീട്ടില്‍ പോകാന്‍ അനുവദിച്ചില്ല. രണ്ടു കുട്ടികളുടെ അമ്മയായിട്ടും അതൊന്നും ആ അമ്മയ്ക്ക് പ്രശ്നമല്ലായിരുന്നു. നിരന്തരം ഫോണ്‍ ചെയ്തും മസ്തിക്ക പ്രഷാളനം ചെയ്തും വീണയുടെ മനസ്സിന്റെ സന്തുലിതാവസ്ഥയും നഷ്ടപ്പെട്ടിട്ടുണ്ടാവണം. ശരത്ത് തന്നോട് വല്ലാത്ത അനീധിയാണ് ചെയ്യുന്നത് എന്ന തോന്നലും വീണക്കുണ്ടായിരുന്നു. കേവലം ഒരു പീയൂണ്‍ മാത്രമായ ലതീഷിനാണെങ്കില്‍ നല്ല ശബളമുള്ള ഒരു പെണ്ണിനെ കിട്ടിയപ്പോള്‍ അയാള്‍ അവളെ എല്ലാ വിധത്തിലും ഉപയോഗിച്ചു. ലതീഷുമൊത്തുള്ള മധുവിധുവും അമ്മയുടെ പഞ്ചാരവാക്കുകളും വീണയിലെ അമ്മയെ കൊന്നുകളഞ്ഞോ എന്ന് സംശയിക്കണം. തന്റെ കുഞ്ഞുങ്ങളെക്കുറിച്ച് വീണ ചിന്തിച്ചതേയില്ല. താന്‍ വിട്ടുപോയാല്‍ ലതീഷ് ആത്മഹത്യചെയ്യും അതുകൊണ്ട് തിരികെ കുഞ്ഞുങ്ങളുടെ അടുത്തേയ്ക്ക് പോകുന്നില്ല എന്ന കാരണമാണ് വീണ ഇപ്പോള്‍ പറയുന്നത്. തന്റെ ഭാര്യയ്ക്ക് എന്തോ ബുദ്ധിഭ്രമം സംഭവിച്ചതാണ് എന്ന ധാരണയില്‍ ശരത്ത് കേസ്സിനൊന്നും പോയതുമില്ല.
Dissociative Identity Disorder(DID) അല്ലെങ്കില്‍ Split Personality Disorder എന്നറിയപ്പെടുന്ന ഒരവസ്ഥയുണ്ട് ചിലര്‍ക്ക് അതായത് രണ്ടോ അതിലധികമോ വ്യക്തിത്വങ്ങളായി ജീവിക്കുക. DID ബോധപൂര്‍വ്വം നടക്കുന്നതല്ല. ഇവിടെ വീണ ലതീഷിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു നവവധുവിനെപ്പോലെയാണ് ഭാവങ്ങള്‍, ലതീഷിന് താന്‍ ഇല്ലെങ്കില്‍ ജീവിക്കാനാകില്ല. ലതീഷിന്റെ അമ്മയ്ക്ക് തന്നെ ജീവനാണ് എന്നെല്ലാം പറയുന്ന വീണ കുഞ്ഞുങ്ങളെക്കുറിച്ചു മറന്നപോലെയാണ് സംസാരിക്കുന്നത്. കാര്യമായ സങ്കടങ്ങളൊന്നുമില്ലാതെയിരുന്ന വീണ ഇപ്പോള്‍ മനോവിഭ്രാന്തിയിലാണെന്ന് വ്യക്തം. ലതീഷിനോടൊപ്പം ജീവിതം സുഖകരം എന്ന് പറയുന്ന വീണ കുട്ടികളെക്കുറിച്ച് സംസാരിക്കുമ്പോള്‍ തനിക്ക് അവരെ വേണം എന്നും പറയുന്നു.
പറക്കമുറ്റാത്ത കുട്ടികളെ വിട്ട് കാമുകനൊപ്പം പൊയ്ക്കളയുന്ന കേസ്സുകളും കുഞ്ഞുങ്ങളെ കൊന്നിട്ട് പോകുന്ന കേസ്സുകളും നമ്മള്‍ ഒരു തുടര്‍ക്കഥപോലെ കേട്ടുകൊണ്ടേയിരിക്കുന്നു. വീണയുടെ കാര്യത്തില്‍ ജോലിക്ക് ചേര്‍ന്നപ്പോള്‍ മുതല്‍ ലതീഷ് വളരെ ബുദ്ധിപൂര്‍വ്വമാണ് ഇടപെട്ടത്. നിരന്തരം ഇടപഴകി ഒന്നിച്ചു ഭക്ഷണം കഴിച്ചു. വീണയില്‍ തന്റെ ഭര്‍ത്താവ് വളരെ മോശപ്പെട്ട വ്യക്തിയാണ് എന്ന ചിത്രമുണ്ടാക്കി ആദ്യം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലും മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടേയിരുന്നു. ലതീഷില്‍ അടിമപ്പെട്ട വീണയ്ക്ക് ശരിയേത് തെറ്റേത് എന്ന് പോലും ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടപോലെയായി.
നീണ്ട നാലാഴ്ചക്കാലത്തെ തീവ്രപരിശ്രമത്തിനൊടുവില്‍ വീണയില്‍ മാറ്റങ്ങള്‍ വന്നു. പശ്ചാത്താപത്താല്‍ അവള്‍ എന്റെ മുന്നിലിരുന്ന് ദീര്‍ഘനേരം കരഞ്ഞു. ലതീഷിന്റെയും അവരുടെ അമ്മയുടെയും മാന്ത്രികവലയത്തില്‍ നിന്നും അവള്‍ പുറത്തുകടക്കാന്‍ തയ്യാറായി. താന്‍ ഇത്രയൊക്കെ തെറ്റായി സഞ്ചരിച്ചിട്ടും തന്നെ ജീവനെപ്പോലെ സ്‌നേഹിക്കുന്ന തന്റെ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം പോകാന്‍ അവള്‍ തയ്യാറായി. ആ കുഞ്ഞുങ്ങള്‍ രണ്ടുപേരും അവരുടെ അച്ഛന്‍ ശരത്തും വീണയെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു നിലവിളിക്കുന്നത് കണ്ട് കണ്ണു നിറയാതെയിരിക്കാന്‍ ബുദ്ധിമുട്ടി ഞാന്‍.
Thressia N John
Hypnotherapist & Counselling Psychologist
tessionline@yahoo.com
8547243223
'Sahaya's Therapeutic Counselling Centre
Kollam/ Kayamkulam -8547243223
Comments
Post a Comment