മനസ്സ് പ്രണയം കൈവിട്ടപ്പോള്‍
കുടുംബ കലഹങ്ങളും വിവാഹമോചനകേസ്സുകളും നമുക്കിടയില്‍ കൂടിവരികയാണ്. ഒന്നിച്ചുജീവിക്കണ്ടയെന്ന് ദമ്പതികള്‍ തീരുമാനിക്കുന്നതിന് ആരോഗ്യകരവും അനാരോഗ്യകരവുമായ കാരണങ്ങള്‍ നിരവധിയാണ്. വിശ്വാസവഞ്ചന, മദ്യം, മയക്കുമരുന്ന്, സ്വഭാവവൈകൃതങ്ങള്‍, സംശയരോഗം, അടിമത്വമനോഭാവം തുടങ്ങി സാധാരണ പറയുന്ന തരത്തിലുള്ള യാതൊരു കാരണവുമായിരുന്നില്ല രാധികയ്ക്ക് പറയാനുണ്ടായിരുന്നത്.
ഫാമിലി കൗണ്‍സലിംഗിന് എത്തുന്നവര്‍ സാധാരണയായി കരഞ്ഞു കലങ്ങിയ കണ്ണും വീര്‍ത്ത മുഖവുമായാണ് എത്തുക. കൂടെ മാതാപിതാക്കളും ബന്ധുജനങ്ങളുമായി നിരവധിപേര്‍ അകമ്പടിയായും ഉണ്ടാകും. രാധികയും ഭര്‍ത്താവും പക്ഷെ ഒന്നിച്ചാണ് വന്നത്. വളരെ സൗഹൃദത്തോടെയാണ് ഇരുവരും ഇടപെടുന്നതും. സംസാരിച്ചുതുടങ്ങിയപ്പോള്‍ മാതൃകാദമ്പതികളാണെന്ന് തോന്നി്. രാധികയാണ് ആവശ്യപ്പെട്ടത് തനിച്ച് സംസാരിക്കണമെന്ന്.
എറണാകുളം പട്ടണത്തിലാണ് രാധിക ജനിച്ചുവളര്‍ന്നത്. അച്ഛനും അമ്മയും കേന്ദ്രസര്‍ക്കാര്‍ ഉദ്ദോഗസ്ഥരായിരുന്നതിനാല്‍ത്തന്നെ രാധികയ്ക്ക് ജീവിതപ്രാരാബ്ദങ്ങളൊന്നും അറിയാതെയാണ് വളര്‍ന്നത്. പഠിക്കാന്‍ നല്ല മിടുക്കിയായിരുന്ന അവള്‍ ബിടെക്കും എംടെക്കും നല്ല മാര്‍ക്കോടെയാണ് പാസ്സായത്. തുടര്‍ന്ന് അറിയപ്പെടുന്ന ഒരു കമ്പനിയില്‍ ജോലിയും ലഭിച്ചു. രാധികയുടെ വീട്ടുകാര്‍ കടുത്ത ഹിന്ദു മത വിശ്വാസികളായിരുന്നു. ജീവിതത്തില്‍ ഓരോന്നിനും സമയം കുറിക്കുന്നവര്‍ ചൂലും കറുത്ത പൂച്ചയും താഴ്ന്ന ജാതിക്കാരുമെല്ലാം ശകുനം മുടക്കികള്‍. ശനിയ്ക്കും ചൊവ്വായ്ക്കും ശുക്രനും ജീവിതത്തിന്റെ ഗതി നിയന്ത്രിക്കാന്‍ വിട്ടുകൊടുത്തവര്‍. രാഹുവിനാണെങ്കില്‍ ജോലി ഏറെയാണ്. നിത്യജിവിതചര്യകളില്‍ വളരെ വിലപ്പെട്ട സമയനിയന്ത്രണം എപ്പോഴും രാഹുവിന്റെ കൈയ്യിലാണ്. ചെറുപ്പം മുതലെ തലയില്‍ കയറിയ ഇത്തരം വിശ്വാസപ്രമാണങ്ങളാണ് രാധികയുടെയും ദിനചര്യകള്‍ നിയന്ത്രിച്ചിരുന്നത്.
എന്നിട്ടും ഇത്തരം വിശ്വാസസംഹിതകളെയെല്ലാം മറികടന്നുകൊണ്ടാണ് അവള്‍ തന്റെ ഓഫീസില്‍ ജോലക്കെത്തിയ അരുണ്‍ ജോസിനെ പ്രണയിക്കാന്‍ തുടങ്ങിയത്. പലവട്ടം പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടും അരുണ്‍ വഴങ്ങുന്ന ലക്ഷണമില്ല. രാധികയാണെങ്കില്‍ അവനെക്കൊണ്ടെ പോകൂ എന്ന് ശപഥം ചെയ്തപോലെയാണ് തോന്നിയത്. സര്‍വ്വസമയവും അവനെ വിടാതെ പന്തുടര്‍ന്ന് അരുണിനെക്കൊണ്ട് പ്രണയിപ്പിച്ചെ അടങ്ങു എന്ന ശപഥം നിറവേറ്റപ്പെട്ടു ഒടുവില്‍. അവന്റെ കടുത്ത നസ്രാണിത്തരങ്ങളെ മാറ്റിവെച്ച് രാധികയുമായി ഹൃദയം പങ്കുവെച്ചുതുടങ്ങി.
പിന്നെയാണ് ഇരുവര്‍ക്കും മനസ്സിലായത് മതത്തിന്റെ വേലിക്കെട്ടുകള്‍ പിഴുതെറിഞ്ഞ് പ്രണയത്തിലായതല്ല യഥാര്‍ത്ഥ കടമ്പ എന്ന്. വളരെ യാഥാസ്ഥികരായ അവരുടെ മാതാപിതാക്കളെയും അവരുടെ എണ്ണമറ്റ ബന്ധുജനങ്ങളെയും പറഞ്ഞുമനസ്സിലാക്കാനുള്ള സാഹസകൃത്യം അവരവര്‍ സ്വയം ഏറ്റെടുത്തു. പക്ഷെ തുടക്കത്തിലെ കല്ലുകടിച്ചു. ആദ്യം വിവരം അറിഞ്ഞ രാധികയുടെ വീട്ടുകാര്‍ അവളെ വീട്ടുതടങ്കലിലാക്കി. ഒരുമാസം ജോലിക്ക് വിട്ടില്ല. മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചു. അരുണുമായി ബന്ധപ്പെടാന്‍ യാതൊരു വഴിയുമില്ല. ജോലിയും അരുണിനേയും നഷ്ടമാകുമെന്ന് മനസ്സിലായപ്പോള്‍ രാധിക അടുവുനയം മാറ്റി. ഇനി അരുണുമായിയുള്ള ബന്ധം അവസാനിപ്പിക്കാമെന്നും മാതാപിതാക്കള്‍ പറയുന്ന ആളെ വിവാഹം കഴിച്ചോളാം എന്നുമുള്ള അവളുടെ ഉറപ്പില്‍ വീട്ടുകാര്‍ അയഞ്ഞു. വീണ്ടും ജോലിക്കെത്തിയ അവളെ കണ്ടപ്പോള്‍ മാത്രമാണ് അരുണിന് സമാധാനമായത്. പക്ഷെ അവിടെ അരുണുള്ളത് കൊണ്ടുതന്നെ അവളെ നിര്‍ബന്ധിപ്പിച്ച് ജോലി രാജി വെപ്പിച്ചു. തുടര്‍ന്ന് വേറെരു കമ്പനിയിലാണ് രാധിക ജോലിയ്ക്ക് ചേര്‍ന്നത്.
വീട്ടില്‍ രാധികയുടെ നക്ഷത്രങ്ങളുടെ പൊരുത്തം നോക്കാനായി ഒരുപാട് ജാതകങ്ങള്‍ വന്നുപോയി. ജാതകദോഷത്തില്‍ കുടുങ്ങി വന്ന പുരുഷജാതകങ്ങള്‍ എല്ലാം പിന്‍വാങ്ങി. ഇതിനിടയില്‍ രാധിക അരുണുമായി കൂടുതല്‍ കൂടുതല്‍ അടുത്തു. ഒഴിവ്ദിവസങ്ങള്‍ അവര്‍ രണ്ടുപേരും പലയിടത്തും ഒത്തുകൂടി. വര്‍ഷം മൂന്ന് കഴിഞ്ഞപ്പോള്‍ രാധിക വീണ്ടും വീട്ടില്‍ അരുണിനെപ്പറ്റി പറഞ്ഞു. അവസാനം അവര്‍ അനുവാദം കൊടുത്തു. പക്ഷെ അവരാരുംതന്നെ വിവാഹത്തിന് പങ്കെടുത്തില്ല. നാട്ടുപ്രമാണിമാരുടെ ഇടയില്‍ അവര്‍ക്ക് വേറെ വഴിയില്ലായിരുന്നു എന്നതാണ് സത്യം.
യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബമായ അരുണിന്റെ വീട്ടിലെത്തിയ രാധികയ്ക്ക് മറ്റേതോ ഗ്രഹത്തിലെത്തിയ പ്രതീതിയാണുണ്ടായത്. ജീവിതചര്യകളത്രയും ഇനിയും പഠിച്ചെടുക്കണം. പ്രഭാതത്തിലെ കുളി ഒഴിവായി. രാത്രിയിലായി. നാമം ജപിക്കുന്നതിന് പകരം കൊന്ത ചൊല്ലലായി. ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതും വരെ വ്യത്യസ്തം.
അരുണിനെകിട്ടിയ സന്തോഷത്തില്‍ അവള്‍ എന്ത് ത്യാഗത്തിനും തയ്യാറായിരുന്നു. അരുണിന്റെ അമ്മ മരുമകളെ വളരെ കരുതലോടെ ഓരോന്നും പറഞ്ഞുമനസ്സിലാക്കി. തന്റെ അമ്മയെക്കാള്‍ സ്നേഹവും അടുപ്പവും സൂക്ഷിക്കുന്ന അരുണിന്റെ അമ്മയെ അവള്‍ക്ക് ഏറെ ഇഷ്ടമായി.
വിവാഹം കഴിച്ച നാള്‍ മുതല്‍ തന്നെ അവരുടെ ഇടയില്‍ എന്തോ ഒരു അകല്‍ച്ച തോന്നി രാധികയ്ക്ക്. എന്തിനും രാധിക തുടക്കമിടണം. സ്നേഹപ്രകടനങ്ങള്‍പോലും ചോദിച്ചു വാങ്ങേണ്ട അവസ്ഥ. താന്‍ വീട്ടുകാരോടും നാട്ടുകാരോടും പൊരുതി നേടിയെടുത്തതാണ് അരുണിനെ. എന്തുകൊണ്ടാണ് അരുണിന് കിടപ്പറയില്‍ ഉത്സാഹമില്ലാത്തതെന്ന് രാധികയ്ക്ക് മനസ്സിലാകുന്നില്ല. ഇനി മറ്റു വല്ല പ്രണയിനികളും ഉണ്ടാകുമോ. അതോ തന്നോട് എന്തോ വൈരാഗ്യമാണോ. അതോ എന്തെങ്കിലും അസുഖമാണോ എന്നൊക്കെ ചിന്തിച്ച് വഷളായതല്ലാതെ ഒരു നിഗമനത്തിലെത്താനാകുന്നില്ല. വിവാഹം കഴിഞ്ഞ് ഇപ്പോള്‍ വര്‍ഷം അഞ്ചായി. ആദ്യവര്‍ഷങ്ങളിലുണ്ടായിരുന്ന അത്രപോലും അടുപ്പം ഇപ്പോള്‍ കാണുന്നില്ല. മകള്‍ക്ക് ഇപ്പോള്‍ നാലു വയസ്സായി. മോള്‍ക്ക് വേണ്ടി അരുണിനോടൊപ്പം ജീവിക്കാമെന്ന് കരുതിയാലും തന്റെ ജീവിതം എന്തിനാണ് നശിപ്പിക്കുന്നതെന്ന മറുചിന്തയുമുണ്ടവള്‍ക്ക്.
അരുണ്‍ സംസാരിക്കാന്‍ വിമുഖതയൊന്നും പ്രകടിപ്പിച്ചില്ല. എന്തുകൊണ്ടാണ് കൗണ്‍സിലിംഗിന് രാധിക വിളിച്ചുകൊണ്ടുവന്നത് എന്ന് അരുണിന് അറിയുകയും ചെയ്യാം. അരുണിന് യാതൊരു ദുസ്വഭാവങ്ങളുമില്ല. വേറെ പ്രണയബന്ധമൊന്നും ഇല്ലെന്ന് മാത്രമല്ല രാധികയെ ഇഷ്ടവുമാണ്. രാധികയെയൊ കുഞ്ഞിനെയൊ നഷ്ടപ്പെടാനും തയ്യാറല്ല അയാള്‍. അവളെ പ്രണയിച്ചപ്പോഴും ജീവിതത്തിലേയ്ക്ക് കൂട്ടിയപ്പോഴും ഉണ്ടായിരുന്ന അത്രപോലും അടുപ്പം എനിക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് അയാല്‍ കുറ്റബോധത്തോടെയാണ് പറഞ്ഞത്. എന്തുകൊണ്ടാണെന്ന ചോദ്യം അയാളെ വിഷമിപ്പിക്കുംപോലെ തോന്നി.
സ്ത്രീപുരുഷ ബന്ധത്തിന്റെ ആഴവും പരപ്പും ദൃഢതയും ഒക്കെ നിയന്ത്രിക്കുന്നത് സ്ത്രീ-പുരുഷ ഹോര്‍മ്മോണുകളാണ്. ജീവിതചക്രത്തില്‍ പലപ്പോഴും ഇതിന്റെ അനുപാതം മാറ്റി മറിയും. നല്ല സ്ത്രൈണതയുള്ള ഒരു പെണ്‍കുട്ടി കുറെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പരുഷമായി പെരുമാറുകയും പുരുഷവിരേധികളായും മാറിയെന്നിരിക്കും. ചില പുരുഷന്മാര്‍ ശാരീരികബന്ധത്തിനോ സ്ത്രീശരീരത്തിനോടൊ താല്പര്യമില്ലാതെയാകുന്നതും സാധാരണമാണ്. ഇവിടെ അരുണിന് ആദ്യകാലത്തുണ്ടായിരുന്ന താല്പര്യംപോലും പിന്നെ നശിച്ചു. രാധിക ശരീരത്തില്‍ തൊടുന്നതുപോലും അയാളെ അലോസരപ്പെടുത്തി. പുരുഷന്മാരോടൊ സ്ത്രീകളോടൊ അയാള്‍ക്ക് രതിവികാരം ഇല്ലാത്ത അവസ്ഥയാണ്. രാധികെ നഷ്ടപ്പെടുത്താന്‍ താല്പര്യമില്ലാത്തത്കൊണ്ട് നല്ലൊരു സെക്സോളജിസ്റ്റിനെ കാണാന്‍ നിര്‍ദ്ദേശിക്കുകയെ എനിക്ക് വഴിയുണ്ടായിരുന്നുള്ള. രാധികയാണെങ്കില്‍ തന്റെ ഭര്‍ത്താവിന്റെത് Asexuality ആണെന്ന് മനസ്സിലാക്കിയപ്പോള്‍ എന്തുകൊണ്ട് അരുണ്‍ അത് തുറന്നു സംസാരിച്ചില്ല എന്ന പരിഭവം ആണ് പ്രകടിപ്പിച്ചത്. തന്നോട് ഈ അവസ്ഥയിലും സ്നേഹമാണെന്നത് അവള്‍ ആശ്വാസമായിരുന്നു. ജീവനെപ്പോലെ സ്നേഹിച്ച അയാളെ വിട്ടുപോകുന്നില്ല എന്ന അവളുടെ തീരുമാനം അരുണിനെ കരയിപ്പിച്ചു. തുറന്നു സംസാരിച്ചാല്‍ തന്നെ രാധിക വിട്ടുപോകുമെന്നാണ് അയാള്‍ കരുതിയത്. നല്ല സുഹൃത്തുകളായി തുടരാം എന്ന അവരുടെ തീരുമാനം ഏറെ സന്തോഷിപ്പിച്ചിട്ടുണ്ടാകുക അവരുടെ കുഞ്ഞിനെയും മാതാപിതാക്കളെയുമായിരിക്കും എന്നതാണ് സത്യം. നല്ല ബന്ധങ്ങളുടെ ആധാരം മനസ്സ് തുറന്ന സംസാരമാണ്. പക്ഷെ താന്‍ ഇകഴ്ത്തപ്പെടുമൊ എന്ന ഭയമാണ് പലരേയും അതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.(Published in Yukthirekha Sep, 2023)
Thressia N John
Hypnotherapist & Counselling Psychologist
tessionline@yahoo.com
8547243223
'Sahaya's Therapeutic Counselling Centre
Kollam/ Kayamkulam -8547243223
Comments
Post a Comment