പഠിച്ചു മടുത്ത കുട്ടി (Exam Fear)


പഠിച്ചു മടുത്ത കുട്ടി (Exam Fear)

 നിത്യജീവിതത്തില്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന ഒരു ഡോക്ടറും പഠനകാലത്ത് റാങ്ക് വാങ്ങിയിരുന്നവരാണോ എന്ന് അന്വേഷിക്കാറില്ല.  ജീവിതസാഹചര്യങ്ങളില്‍ നമ്മള്‍ സമീപിക്കുന്ന ഒരാളുടേയും പഠനകാലത്തെ കഴിവുകളെക്കുറിച്ചോ മാര്‍ക്കിനെ ക്കുറിച്ചോ ആരും തിരക്കാറില്ല.  റാങ്ക് വാങ്ങുന്നവരെല്ലാം ജീവിതവിജയം നേടുന്നവരാണ് അല്ലെങ്കില്‍ അവരാണ് മിടുക്കരെന്ന അബദ്ധധാരണയിലാണ് നമ്മള്‍ കുട്ടികളെ വളര്‍ത്തിക്കൊണ്ടു വരുന്നത്. അത്തരം ചിന്തകള്‍ കൂടുകൂട്ടിയ മനസ്സുമായി സ്വയം ഇകഴ്ത്തലുകളുടെ പാതാളക്കുഴിയിലകപ്പെട്ട ഒരു കുട്ടിയാണ് എന്റെ മുമ്പിലിരുന്നു ദീനം ദീനം കരയുന്നത്. 

മാര്‍ക്ക് വാങ്ങാനാകാത്തവരെല്ലാം മണ്ടന്മാരാണ്. താനും അത്തരം ഒരു മണ്ടനാണ്. തന്റെ തലച്ചോറില്‍ ഒന്നും permanent memory യിലേയക്ക് ശേഖരിക്കപ്പെടുന്നില്ല.  പഠിച്ചിട്ട് ഇനി കാര്യമൊന്നുമില്ല എന്നു തുടങ്ങി ആദവിന് പറയാനും സങ്കടപ്പെടാനും നൂറു കാരണങ്ങളുണ്ട്.  താന്‍ ജീവീതം നശിപ്പിക്കുകയാണ്.  പരീക്ഷ ഇങ്ങ് അടുത്തെത്തി. ഇനി പഠിക്കാനൊന്നും സമയമില്ല.  അതുകൊണ്ട് കൗണ്‍സലിംഗിനും തനിക്ക് സമയമില്ല.  ആദവിന് കഠിനമായ ഭയവും നൈരാശ്യവും ഉറക്കമില്ലായ്മയും പിടികൂടിയിരിക്കുന്നു.  രാത്രിയില്‍ കിടന്നുറങ്ങിയാല്‍ പിന്നെ എപ്പോഴാ ഇനി പഠിക്കുക എന്ന് തുടങ്ങി ആളുടെ മനസ്സില്‍ പ്രതീക്ഷയ്ക്ക് അശേഷം സാദ്ധ്യതയില്ല. ആകപ്പാടെ നീറിയമരുന്ന മനസ്സ്. പത്താംക്ലാസ്സ് പരീക്ഷ തന്നെ തനിക്ക് പാസ്സാകാനാകില്ല പിന്നെങ്ങനെ എന്‍ട്രന്‍സ് എഴുതും. ആദവ് പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ഡോക്ടറാകണം എന്നത് കുഞ്ഞുനാള്‍ മുതലുള്ള ആഗ്രഹമാണ്. 
ആദവ് പഠിക്കുന്നത് നഗരത്തിലെ ഒരു പ്രൈവറ്റ് സ്‌കൂളിലാണ്.  പഠിക്കുക, മാര്‍ഗ്ഗ് വാങ്ങുക എന്നതിനപ്പുറം സ്‌കൂള്‍ മാനേജ്‌മെന്റിന് കുട്ടികളോട് പറയാന്‍ മറ്റൊന്നുമില്ല. 
മാത്സര്യത്തിന്റെ പാതയില്‍ ജനിക്കുംമുമ്പെ തുടങ്ങുന്ന ഓട്ടമാണ്.  cutest baby contest മുതല്‍ തുടങ്ങുന്ന മത്സരമാണ്.  അവസാനിക്കുക മിക്കവാറും ഒരു പ്രഫഷണല്‍ കോളേജ് എട്രന്‍സ് ടെസ്‌റ്റോടെ ആയിരിക്കുകയും ചെയ്യും.  എന്‍ട്രന്‍സില്‍ റാങ്ക് വാങ്ങിയവരില്‍ ത്തന്നെ എത്രപേര്‍ പിന്നിടങ്ങോട്ട് നന്നായി ആത്മാര്‍ത്ഥതയോടെ പഠിക്കുന്നു? ജോലി ചെയ്യുന്നു? ഓര്‍മ്മവക്കുംമുമ്പെ തലച്ചോറിന്റെ ഭാഗമായ മത്സരം പിന്നീട് ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതെല്ലാം നമുക്ക് ചിന്താവിഷയമെ അല്ല.  
ഇവിടെ പരീക്ഷയുടെ പടിവാതിലില്‍ മുഖമടച്ചു ഏങ്ങിക്കരയുന്ന ആദവിന്റെ മനസ്സിനെ ആരാണ് മത്സരത്തിന്റെ ചുഴികളിലേയ്ക്ക് എറിഞ്ഞതെന്ന്  എന്റെ ചോദ്യങ്ങള്‍ക്കൊടുവില്‍ ആദവ് പറഞ്ഞു ക്ലാസ്സില്‍ അധിമിടുക്കരുണ്ട്.  അവര്‍ക്ക് നല്ല മാര്‍ക്ക് കിട്ടുന്നുണ്ട്. അവരെപ്പോലെ തന്നെ തനിക്കും പഠിക്കണം. അവരെപ്പോലെ മാര്‍ക്ക് വാങ്ങണം.  ആദവ് മാര്‍ക്കിന് വേണ്ടി പഠിക്കാന്‍ തുടങ്ങിയത് 8ാം ക്ലാസ്സുമുതലാണ്. ഹൈസ്‌ക്കൂളില്‍ എത്തിയത് മുതല്‍ ക്ലാസ്സിലെ അദ്ധ്യാപകരെല്ലാം മാര്‍ക്കിനെക്കുറിച്ചാണ് പറയുന്നത്.  നിരന്തരം മാര്‍ക്ക് മാര്‍ക്ക് എന്ന കേട്ട ആദവിനും തോന്നി മാര്‍ക്കാണ് പ്രധാനം.  മാര്‍ക്ക് വാങ്ങാനാകാത്തവരെല്ലാം മഠയരാണ്.  സദാ അമ്മയെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി. അമ്മ തന്നെ ശ്രദ്ധിക്കുന്നില്ല. പഠിക്കാന്‍ സഹായിക്കുന്നില്ല എന്ന് തുടങ്ങി നിരന്തരം കുറ്റപ്പെടുത്തലുകള്‍.  ആ അമ്മ ആണെങ്കില്‍ ആദവിന് സമാധാനിപ്പിക്കാനായി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പരാതികള്‍ക്ക് ഒരു കുറവുമില്ലതാനും. ആദവിന്റെ കരച്ചിലും പരാതിപറയലും വീട്ടിലെ അന്തരീക്ഷം കലുഷിതമാക്കി.  എന്തു ചെയ്താലാണ് ആദവിന് സമാധാനമാകുക. എങ്ങനെയാണ് പരാതികള്‍ നില്ക്കുക. ആദവിന്റെ പെങ്ങള്‍ക്ക് വേണ്ടി ഒരു ശബ്ദം ഉരുവിടാനോ എന്തെങ്കിലും ചെറിയ രീതിയില്‍ സഹായിക്കാനോ പറ്റില്ല. ആദവിന് അതൊന്നും സഹിക്കുന്ന കാര്യമല്ല. 
ആദവിന്റെ സങ്കടങ്ങളെല്ലാം ഒരുവിധം പറഞ്ഞു കഴിഞ്ഞു കുറച്ച് ശാന്തനായപ്പോള്‍ അവന്റെ ഇഷ്ടങ്ങളെക്കുറിച്ച്, അവന്റെ സ്വപ്‌നങ്ങളെക്കുറിച്ച്, അവന്റെ ആദ്യത്തെ ഓര്‍മ്മകളെക്കുറിച്ച്, സംസാരിക്കാന്‍ ഞാന്‍ വീണ്ടും പ്രേരിപ്പിച്ചു. 
ആദവ് വീണ്ടും വീണ്ടും ആവര്‍ത്തിച്ചു അവന് ഡോക്ടറാകണം. അതും കുഞ്ഞുങ്ങളുടെ ഡോക്ടര്‍. വളരെ മെലിഞ്ഞ കൈവിരലുകളുള്ള ആദവിന്‍ അതെത്ര മനോഹരമായായിരിക്കും ചെയ്യാനാകുക. കുഞ്ഞുശരീരങ്ങളെ അരുമയായി സ്പര്‍ശിക്കാന്‍ മെലിഞ്ഞ കൈവിരലുകള്‍ എന്തുകൊണ്ടും നല്ലതാണ്.   അങ്ങനെയെങ്കില്‍ അത്തരമൊരു ഡോക്ടറിന് മറ്റെന്തെല്ലാം പ്രത്യേകതകളുണ്ടാവണം.  ജേലിയുമായി ബന്ധപ്പെട്ട അറിവുകള്‍ എത്രമാത്രം പ്രധാനമാണ്.  മാര്‍ക്കിന് വേണ്ടി മാത്രം പഠിക്കുന്ന ഇപ്പോഴത്തെ രീതിയില്‍ പഠിച്ചാല്‍ ജോലി ചെയ്യുമ്പോള്‍ വന്നുഭവിച്ചേക്കാവുന്ന കുഴപ്പങ്ങളെന്തായിരിക്കും?  എന്റെ കൊച്ചു കൊച്ചു ചോദ്യങ്ങള്‍ക്ക് ആദവിന് ഉത്തരം കണ്ടുപിടിക്കാന്‍ പിന്നെ ബുദ്ധിമുട്ടേണ്ടി വന്നില്ല. മാത്സര്യത്തിന്റെ ലോകത്തുനിന്നും ആസ്വദിച്ചു പഠിക്കുക എന്ന പാദയിലേയ്ക്ക് വഴിമാറിയ ആദവിന്റെ മുഖത്ത് ശാന്തതപടരുന്നത് ഞാന്‍ ശ്രദ്ധിച്ചു. 
കുഞ്ഞുങ്ങളുടെ ലോകത്തെ നല്ലൊരു ഡോക്ടറാകാനുള്ള അവന്റെ ആഗ്രഹം നേടിയെടുക്കണമെങ്കില്‍ മനസ്സ് ശാന്തമായിരിക്കണമെന്നും പഠിക്കുന്നത് ആസ്വദിച്ച് പഠിക്കണമെന്നും അവന്‍ തിരിച്ചറിഞ്ഞു. രണ്ടു ദിവസത്തെ സജഷന്‍ തെറാപ്പികൂടി ആയപ്പോള്‍ അവന്റെ മുഖത്ത് പൂര്‍ണ്ണചന്ദ്രനുദിച്ച മനോഹാരിത നിറഞ്ഞു.  ആദവ് നാളെ നല്ലൊരു ഡോക്ടറാവട്ടെ എന്നാശംസിച്ചു അവനെ യാത്രയാക്കി. 

Thressia N John

Hypnotherapist & Counselling Psychologist

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam  -8547243223

Comments

Popular posts from this blog

റയാനയുടെ ദുഃഖം

Depression

Affective Realism