ചങ്ങാതി മോശമായാല്‍?
ചങ്ങാതി മോശമായാല്‍?
ഷോണിന്റെ അച്ചന്‍ സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലാണ് ജോലി ചെയ്യുന്നത്. സ്വീഡിഷ് പൗരനാണവന്‍. ഷോണിന്റെ മാതാപിതാക്കള്‍ കുഞ്ഞിന്റെ നാടുമായുള്ള ബന്ധം നിലനിര്‍ത്താനും മലയാളം പഠിക്കാനുമായാണ് അവനെ നാട്ടിലെ സ്‌കൂളില്‍ ചേര്‍ത്തത്. തുടക്കത്തില്‍ അവന്റെ ഇംഗ്ലീഷൊന്നും സഹപാഠികള്‍ക്ക് മനസ്സിലാകുമായിരുന്നില്ല. തിരിച്ച് ഷോണിനും അവന്റെ സഹപാഠികളുമായി ആശയവിനിമയം ബാലികേറാമലയായിരുന്നെങ്കിലും അവന്‍ വേഗം തന്നെ മലയാളം പഠിച്ചു. അപ്പൂപ്പനോടും അമ്മൂമ്മയോടും വളരെ സൗഹൃദത്തിലായി. അവരുടെ കൂടെ തോട്ടത്തിലും അടുക്കളയിലും സഹായിക്കാന്‍ അവന്‍ ഓടിനടന്നു. അവന്റെ ജന്മനാടായ സ്വീഡനിലെ സിലബസിനെക്കാള്‍ കട്ടിയാണ് ഇവിടുത്തെ സിലബസ് എന്നവന് തോന്നിയെങ്കിലും അവനത് ആസ്വധിച്ചു. പരീക്ഷകള്‍ക്കെല്ലാം നല്ല മാര്‍ക്ക് വാങ്ങി. രണ്ട് മാസം മുമ്പ് വരെ കാര്യങ്ങള്‍ നല്ല രീതിയില്‍ പോയി. പെട്ടെന്നാണ് അവനില്‍ മാറ്റങ്ങള്‍ വന്നത്. അമ്മയെ അനുസരിക്കുന്നില്ല. അവന്റെ കസിനെ ഉപദ്രവിക്കുന്നു. യാതൊരു കനിവുമില്ലാതെ പെരുമാറുന്നു.
ഭക്ഷണം അവന് വായില്‍ കൊടുക്കണം. ടോയ്‌ലറ്റില്‍ പോകാതെ ഇരിക്കുക അവന്റെ ശീലമായി. ഷോണ്‍ സ്വീഡനില്‍ നിന്നും വന്ന ആളല്ലാതെയായി.
വീട്ടില്‍ എന്തിനും തര്‍ക്കുത്തരം പറയുന്നതും, കസിനേയും അമ്മയേയും മര്‍ദ്ദിക്കുന്നതും ചീത്തവിളിക്കുന്നതും അവന്റെ സ്ഥിരം രീതിയായി മാറി. ഇത്തിരിപ്പോന്ന ഷോണിന്റെ പരാക്രമങ്ങള്‍ സഹിച്ച് ഇരുവര്‍ക്കും മതിയായി. ഷോണ്‍ വീട്ടിലുണ്ടെങ്കില്‍ എന്തും സംഭവിക്കും എന്ന അവസ്ഥയാണ്. സ്വീഡനില്‍ നിന്നും അച്ഛന്‍ വിളിച്ചാല്‍ അവന്‍ ഫോണ്‍ എടുക്കാറില്ല. തന്റെ മകന്റെ ക്രൂരവിനേദങ്ങളുടെ കഥകള്‍ കേട്ട് അയാള്‍ക്ക് മനഃസ്സമാധാനം നഷ്ടമായി.
സ്‌കൂളിലെ ഷോണിന്റെ ആക്രമണത്തിനിരയായ കുട്ടിയുടെ ബന്ധുജനങ്ങള്‍ അവനെ സ്‌കൂളില്‍ നിന്നും പുറത്താക്കണമെന്ന് നിര്‍ബന്ധം പിടിച്ചു. പ്രധാനാദ്ധ്യാപന്റെ നിര്‍ദ്ദേശപ്രകാരമാണ് അവന്‍ എന്റെ മുമ്പിലെത്തിയത്.
പ്രായത്തിന്റെതായ ശരീരിക വളര്‍ച്ചയില്ലാത്തവനാണവന്‍. ഒരു രാജ്യത്തിലെ ജനങ്ങളുടെ ചിന്താരീതിയും ജീവിതരീതിയും നിയന്ത്രിക്കപ്പെടുന്നത് അന്നാട്ടിലെ സാമൂഹ്യബോധവും, ശാസ്ത്രചിന്തയും, കലയും സാഹിത്യവും അന്നാട്ടിലെ ഭരണനേതൃത്വത്തിന്റെ സ്വാധീനവും കൊണ്ടൊക്കെയാണ്. ഈ ഒരു പ്രക്രിയയെ സാമൂഹ്യസൃഷ്ടി(Social Engineering) എന്നാണ് പറയുക. ഇവിടെ ഇത് ഓരോ തല്‍പ്പരസംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും കലാസാംസ്‌കാരികരംഗത്ത് പ്രവര്‍ത്തിക്കുന്നവരും അവരുടേതായ ആവശ്യത്തിനനുസരിച്ച് നടത്തുന്നുണ്ട്. Negative Social Engineering നാണ് സമൂഹം അനായാസം വശപ്പെടുക എന്നത് നമ്മള്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയുമാണ്.
സ്വീഡനില്‍ ജനിച്ച് 8 വയസ്സുവരെ അവന്‍ നന്മയുടെ പ്രതീകമായിരുന്നു. വീട്ടുജോലികളില്‍ അവനാല്‍ ആവത് അവന്‍ സഹായിച്ചുകൊണ്ടിരുന്നവനാണ് ഇങ്ങനെ ഭാവപകര്‍ച്ചവന്നത് എന്ന് മാതാപിതാക്കള്‍ക്ക് വിശ്വസിക്കാനാകുന്നില്ല.
ഷോണിനോട് സംസാരിച്ചപ്പോള്‍ അവന്റെ കുട്ടിമനസ്സ് പരാതി പറയുന്നത് മുഴുവന്‍ അമ്മയെക്കുറിച്ചാണ്. തീവ്രമായ വിരോധം അവന്റെ മനസ്സിനെ കീഴടക്കിയിരിക്കുന്നു. ദേഷ്യമാണ്, വിഷമമാണ്, അവന്റെ ദേഷ്യത്തെ നിയന്ത്രിക്കാനാകുന്നില്ല എന്നതെല്ലാമാണ് അവന്റെ മാനസീകാവസ്ഥ. അവന്റെ സംസാരിത്തിലുടനീളം അവനിലെ കുട്ടിമനസ്സും പ്രായത്തെ മറികടന്ന ഒരു ഗൗരവക്കാരനായ യുവാവിനെപ്പോലൊരു വ്യക്തിത്വപ്പകര്‍ച്ചയും കാണാനായി. ഈ രണ്ടു വ്യക്തിത്വങ്ങളുടെ ഒളിച്ചുകളിക്കൊടുവില്‍ അവനെ സ്വാധീനിച്ച ഒരു കുട്ടിയെക്കുറിച്ചവന്‍ അവ്യക്തമായി പറഞ്ഞുപോയി. പിന്നെ വളരെ സൗഹാര്‍ദ്ദപരമായ ചോദിച്ചപ്പോള്‍ ആ കുട്ടിയുടെ പേരിലെ ചില അക്ഷരങ്ങള്‍ പറഞ്ഞുതന്നു. തന്ന സൂചനകള്‍ ഒന്നും എനിക്ക് ആ കുട്ടിയുടെ പേരിലേയ്‌ക്കെത്താന്‍ സഹായിച്ചില്ല. പിന്നവന്‍ ആ അക്ഷരങ്ങള്‍ക്കിടയിലെ vowels ഏതെന്ന് കൂടി സൂചന തന്നു. അവനെ അവനല്ലാതാക്കിയ ആ കുട്ടി വേറൊരു സ്‌കൂളില്‍ നിന്നും വന്നവനാണ്. അവനാണ് ഷോണിന് അറിവില്ലാതെയിരുന്ന പല കാര്യങ്ങളും പറഞ്ഞുകൊടുത്തത്. വീഡീയോ ഗെയിമും ഹൊറര്‍ സിമിമകളുടേയും പോണിന്റേയും അടിമയാണവന്‍. ഷോണിന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് മറ്റൊരു റോളുണ്ടെന്ന് അംഗീകരിക്കാനായില്ല. ആ പുതിയ കുട്ടി പറഞ്ഞുകൊടുത്ത സകല മോശം വാക്കുകളും ഉപയോഗിച്ച് അമ്മയെ വിളിക്കാന്‍ തുടങ്ങി. ദുഷ്ടചിന്തകള്‍ മനസ്സില്‍ കൂടുവെച്ചു താമസിച്ചു. സദാ അവന്റെ കുഞ്ഞുമനസ്സില്‍ അസുഖകരമായ ചിന്തകള്‍ കുത്തിമറിഞ്ഞു. അമ്മ വേദനിക്കുന്നവിധത്തിലുള്ള പ്രവര്‍ത്തികളിലേര്‍പ്പെടുന്നത് അവന്റെ വിനോദമായി മാറി.
ഈ സ്വഭാവത്തില്‍ അവനെ സ്വീഡനിലേയ്ക്ക് തിരികെ കൊണ്ടുപോയാല്‍ പ്രശ്‌നങ്ങളിലകപ്പെടുമെന്ന ഭീതിയാണ് ഷോണിനെ കൗണ്‍സലിംഗിന് കൊണ്ടുവരാന്‍ പ്രേരണയായത്.
കുഞ്ഞുഷോണ്‍ എന്നോട് പതുക്കെ കൂട്ടുകൂടാന്‍ തയ്യാറായി. പിന്നെ അവന്റെ ചിന്തകളെ സ്വാധീനിച്ച കുട്ടിയെക്കുറിച്ച് ഏറെ നേരം സംസാരിച്ചു. കുഞ്ഞുഷോണിന് വല്ലാത്ത കുറ്റബോധമാണ്. ഇപ്പോള്‍ അവന്‍ ചീത്ത വിളിക്കുന്നതെല്ലാം ആ മോശം കുട്ടിയോട് കൂട്ടുകൂടിയ ബുദ്ധിമോശം ഓര്‍ത്താണ്. സ്വയം മോശമായതോര്‍ത്ത് അവന് അവനോട് തന്നെ ക്ഷമിക്കാനാകുമായിരുന്നില്ല. കോപം കടിച്ചമര്‍ത്തി കനത്ത മുഖത്തോടെ വന്ന അവന്‍ ക്ഷമചോദിക്കാന്‍ തയ്യാറായി. ഷോണ്‍ എന്ന എല്ലാവരുടേയും അരുമയായ പുഞ്ചിരിക്കുന്ന കുട്ടിയായി മാറാന്‍ പിന്നെ ബുദ്ധിമുട്ടേണ്ടി വന്നില്ല. ഓമനത്തം തുളുമ്പുന്ന തങ്ങളുടെ പൊന്നുമോനെ തിരികെ ലഭിച്ചപ്പോള്‍ ആ യുവമാതാപിതാക്കളുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. പക്ഷെ അവനെ മാറ്റിമറിച്ച ആ പുതിയ കുട്ടിയെക്കുറിച്ചായി എന്റെ ചിന്ത!
(Published in Yukthirekha April 2025)
tessionline@yahoo.com
'Sahaya's Therapeutic Counselling Centre, Kollam/ -8547243223
#learningissues, #tempertantrum, #childcounselling, #addictionsofchildren, #slealingofchildren, #depression, #anxiety, #suicidethoughts, #psychologist, #psychotherapist, #hypnotherapist
#depressiontherapy,#traumatherapy,#familycounselling,
Comments
Post a Comment