വിവാഹാചാരത്തിന്റെ ഇര
വിവാഹാചാരത്തിന്റെ ഇര
ഗൗരിയും ഗൗരവ് രാജും കൗണ്‍സലിംഗിനെത്തിയത് തങ്ങള്‍ക്ക് തമ്മിലുള്ള സ്വരച്ചേര്‍ച്ച മാറ്റണം എന്ന ആവശ്യവുമായാണ്. വിവാഹിതരായിട്ട് കഷ്ടിച്ച് ഒരാഴ്ചയെ ആയുള്ളു. ഇതിനിടയില്‍ ഈ യുവമിഥുനങ്ങള്‍ക്കിതെന്തുപറ്റിയെന്ന ആകാംക്ഷ എന്നെ പിടികൂടി. ഗൗരിയുടേയും ഗൗരവിന്റേയും വിവാഹം പൂര്‍ണ്ണമായും ഗൗരിയുടെ മാതാപിതാക്കളുടേയും ജ്യോതിഷിയുടേയും തീരുമാനപ്രകാരമാണ് നടന്നതെന്ന് മനസ്സിലായി. ഏകദേശം 8 മാസങ്ങളോളം അവര്‍ വിവാഹനിശ്ചയശേഷം ഫോണിലൂടെ സംസാരിക്കുമായിരുന്നു.
ആദ്യം സംസാരിച്ച നിമിഷം മുതല്‍ തന്നെ സ്വരം ഒരിക്കലും ചേരുമായിരുന്നില്ല എന്നത് അവര്‍ക്ക് തന്നെ അറിയാമായിരുന്നില്ലെന്ന് തോന്നി. ഗൗരി ദേഷ്യപ്പെട്ടു സംസാരിച്ചപ്പോഴെല്ലാം അവന്‍ ചോദിച്ചു എന്നെ ഇഷ്ടമാണോ? അതോ മാതാപിതാക്കളുടെ ആഗ്രഹപ്രകാരമാണോ വിവാഹം കഴിക്കുന്നത് എന്ന്. ഒരിക്കലും അവള്‍ വ്യക്തമായ ഒരുത്തരം പറഞ്ഞില്ല. അമ്മയ്ക്ക് ഗൗരവിനെ ഇഷ്ടമാണെന്ന മറുപടി മാത്രം പലവട്ടം ആവര്‍ത്തിച്ചു.
ഗൗരിയുടെ അമ്മ ഒരു മിലിട്ടറി നേഴ്‌സായിരുന്നു. ചെറുപ്പം മുതലെ അവര്‍ പറയുന്നത് അക്ഷരം പ്രതി അനുസരിക്കണമെന്ന ചട്ടം തെറ്റിക്കുമായിരുന്നില്ല അവള്‍. അച്ഛനെ നിരീക്ഷിക്കേണ്ട ഉത്തരവാദിത്വവും വീട്ടില്‍ ഒരു പുഴുവോ പാറ്റയോ വന്നാല്‍ പോലും റിപ്പോര്‍ട്ട് ചെയ്യേണ്ട ഉത്തരവാദിത്വവും അവള്‍ക്കായിരുന്നു. ഗൗരിയുടെ അച്ഛനെ അത്ര വിശ്വാസമായിരുന്നില്ല അമ്മയ്ക്ക്. വീട്ടിലെ ഓരോ വസ്തുവിനും അതതിന്റേതായ സ്ഥാനമുണ്ട്. ജീവിതം കൃത്യമായ ഒരു ചാക്രിയ ചക്രത്തിലാണ്.
ഗൗരവിന്റെ മാതാപിതാക്കള്‍ക്ക് അത്ര ചിട്ടയൊ ചട്ടമോ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും വളരെയധികം വൈകാരികബന്ധം പരസ്പരം പുലര്‍ത്തുന്നവരാണ്. മകന്‍ അമേരിക്കയിലാണ്. അവന് പി. ആര്‍ കിട്ടിയതോടെ നല്ല ജോലി കൂടി ആയപ്പോള്‍ വിവാഹം കഴിപ്പിക്കാമെന്ന ചിന്തയിലാണ് ആലോചനകള്‍ ക്ഷണിച്ചത്. മാട്രിമോണിയല്‍ പരസ്യത്തിന് വിവാഹാലോചനയുമായി വന്നത് ഒരു ബ്രോക്കറായിരുന്നു. 24 വയസ്സുള്ള പെണ്‍കുട്ടി മെഡിക്കല്‍ കോളേജില്‍ ഫാര്‍മ്മസി വിദ്യാര്‍ത്ഥിനിയാണെന്ന് പറഞ്ഞപ്പോള്‍ ആലോചിക്കാമെന്ന് ഗൗരവിന്റെ അമ്മയ്ക്കും തോന്നി. അവര്‍ അവന്റെ അച്ഛനോടും ഗൗരവിനോടും വിവരം പറഞ്ഞു. കേട്ടിടത്തോളം നല്ല കുടുംബം.
വിവാഹാലോചന വന്നത് മുതല്‍ ഗൗരിയുടെ അമ്മ പലവട്ടം വീട്ടില്‍ വന്നു. ഇടക്കിടെ ഗൗരവിനെ വിളിക്കുകയും ചെയ്തു. സദാ തന്റെ മോളുടെ വാതായനങ്ങള്‍ പാടിപുകഴ്ത്തിക്കൊണ്ടിരുന്നു.
വിവാഹ നിശ്ചയം വീട്ടുകാര്‍ ആലോചിച്ച് വരന്റെ അഭാവത്തില്‍ത്തന്നെ നടത്തി. ഇടയ്‌ക്കെല്ലാം ഓണ്‍ലൈന്‍ ചാറ്റ് ചെയ്യാനും ആരംഭിച്ചു. ദിനരാത്രികളുടെ സമയക്രമത്തിലെ വ്യത്യാസമുള്ളതിനാല്‍ പലപ്പോഴും ഗൗരവ് വിളിക്കുമ്പോള്‍ ഗൗരി ഉറങ്ങുകയാണെന്നോ മറ്റോ പറഞ്ഞ് സംസാരിക്കാന്‍ കൂട്ടാക്കാറില്ല. മെസ്സേജുകള്‍ക്ക് ഒന്നും രണ്ടും ദിവസം കഴിയുമ്പോഴാണ് മറുപടി അയച്ചിരുന്നത്. അപ്പോഴൊക്കെ ഗൗരവ് വീണ്ടും ആവര്‍ത്തിച്ചു ചോദിച്ചു അവനെ ഇഷ്ടമല്ലെയെന്ന്. ഉത്തരം 'കുഴപ്പമില്ല' എന്ന മറുപടി വീണ്ടും വന്നുകൊണ്ടേയിരുന്നു.
വിവാഹത്തിന് ഒരാഴ്ച മുമ്പാണ് ഗൗരവ് നാട്ടിലെത്തിയത്. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കായി വസ്ത്രം വാങ്ങാനും മറ്റും പോയപ്പോഴും അടുത്തിടപഴകിയില്ല അവള്‍. Pre-wedding photo shoot ന് അനിഷ്ടമൊന്നും പ്രകടിപ്പിക്കാതെ ക്വാമറാമാന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അവള്‍ പോസ്സ് ചെയ്‌തെങ്കിലും ചുംബനരംഗം അരുതെന്ന് കാര്‍ക്കശ്യത്തോടെ പറഞ്ഞു.
വിവാഹതലേന്ന് അവന്റെ മെസ്സേജുകള്‍ക്കൊന്നും മറുപടിയുണ്ടായില്ല. രാത്രിയില്‍ കൂട്ടുകാരുമൊത്ത് വധുവിന്റെ വീട്ടിലെത്തിയ ഗൗരവിന് അവള്‍ മുഖം കാണിച്ചതുമില്ല.
വിവാഹം കഴിഞ്ഞ് എല്ലാം മാറുമായിരിക്കുമെന്ന് അവന്‍ പ്രതീക്ഷിച്ചു. വളരെ സന്തോഷത്തോടെ, പുഞ്ചിരിയോടെയാണ് അവള്‍ വിവാഹത്തിന് കതിര്‍മണ്ഠപത്തിലെത്തിയത്. സിന്ദൂരം ചാര്‍ത്തിയ ശേഷം ചുംബിക്കാന്‍ നിര്‍ദ്ദേശം വന്നപ്പോള്‍ അരുതെന്ന് വീണ്ടും വിലക്കി. ചിലപ്പോള്‍ നാണം കൊണ്ടായിരിക്കാമെന്നവന്റെ മനസ്സ് പിറുപിറുത്തു.
കാത്തുകാത്തിരുന്ന ആദ്യരാത്രി വന്നു. ആചാരമനുസരിച്ച് പാലുമായെത്തിയ അവളുടെ കൈയ്യില്‍ തൊട്ടതെ ഷോക്കേറ്റപോലെ അവളുടെ കൈ പിന്‍വലിച്ചു. 'എന്താ ഈ ചെയ്യുന്നെ' എന്ന ചോദ്യത്തോടെ 'എന്നെ ഉപദ്രവിക്കരുത്, എനിക്കുറങ്ങണം.' എന്ന് പറഞ്ഞ് അവള്‍ ഉറങ്ങാന്‍ കിടന്നു. അവളുടെ രീതികള്‍ കണ്ട് ഷോക്കേറ്റ ഗൗരവ് തരിച്ചിരുന്നു. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. അവസാനം ഷീറ്റ് വിരിച്ച് തറയില്‍ കിടന്നു. ഇത് തന്നെ കഴിഞ്ഞ ഒരാഴ്ചയായി ആവര്‍ത്തിക്കുന്നു. ഒരക്ഷരവും സ്‌നേഹത്തോടെ സംസാരിക്കുന്നില്ല. ഇടയ്ക്ക് അവളുടെ തലയിണയ്ക്കടിയിലൊരു മൂര്‍ച്ചയുള്ള ആയുധംകൂടി കണ്ടപ്പോള്‍ സംഭവം പന്തിയല്ലെന്ന് കണ്ടാണ് കൗണ്‍സലിംഗിന് പോകാം എന്ന് തീരിമാനിച്ചത്.
ക്ലിനിക്കിലെത്തിയ ഇരുവരേയും കണ്ടപ്പോള്‍ത്തന്നെ ഗൗരിയുടെ ശരീരഭാഷയിലെ പൗരുഷലക്ഷണങ്ങള്‍ ശ്രദ്ധിച്ചു. ചോദിച്ചുവന്നപ്പോള്‍ പറഞ്ഞത് അവള്‍ക്ക് വിവാഹം കഴിക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല അമ്മയും അമ്മാവനും അച്ഛനുംകൂടി ചേര്‍ന്നാണ് ഈ വിവാഹം നടത്തിയത് എന്നാണ്. വിവാഹത്തിന്റെ പിറ്റേന്ന് തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നും ഗൗരവ് അവളെ യു. എസ്സിലേയ്ക്ക് കൊണ്ടുപോകണമെന്നും അവര്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. ഗൗരവിന് എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. അവന്റെ മാതാപിതാക്കളും കുഞ്ഞനുജത്തിയും ഗൗരിയെ എത്ര ചേര്‍ത്തുപിടിക്കാന്‍ ശ്രമിച്ചിട്ടും നടക്കുന്നില്ല. അവള്‍ തനിച്ചിരിക്കാന്‍ ഇഷ്ടപ്പെട്ടു. ഭക്ഷണം കഴിക്കാന്‍ മാത്രം റൂമിന് പുറത്തിറങ്ങി. പിന്നെ വിരുന്നുപോകാനും. തലേന്ന് ചായകൈമാറിയപ്പോള്‍ ഗൗരവിന്റെ വിരലുകള്‍ മുട്ടിയതെ കൈ പിന്‍വലിച്ചു. ചായക്കപ്പ് വീണുടഞ്ഞു.
പിന്നീട് ഇരുവരുടേയും വീട്ടുകാരുമായും സംസാരിച്ചപ്പോള്‍ ഗൗരിയുടെ മാതാപിതാക്കള്‍ നിസ്സാരങ്ങളായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അതുകൊണ്ടാണ് തങ്ങളുടെ മകള്‍ക്ക് ഭര്‍ത്താവിനോടടുക്കാന്‍ കഴിയാത്തതെന്ന് കാരണം കണ്ടെത്തിക്കൊണ്ടിരുന്നു. ഗൗരിയും ഗൗരവു പരിപൂര്‍ണ്ണ പൊരുത്തമെന്ന് വിധിച്ച ജോതിഷിയെയും കുറ്റം പറഞ്ഞു. കവടിപ്പലകയിലെ കക്കാ കഷണങ്ങള്‍ കൈകാര്യം ചെയ്യുന്ന ആള്‍ക്ക് ഊഹിക്കാനാകുമോ വിവാഹിതാകുന്നവരുടെ ആണത്തവും പെണ്ണത്തവും!
സ്‌ത്രൈണലക്ഷണങ്ങളെക്കാള്‍ തന്റെ മകള്‍ക്ക് പൗരഷലക്ഷണങ്ങളും ആഗ്രഹങ്ങളുമാണെന്ന് മനസ്സിലാകാതല്ല ഗൗരിയുടെ അമ്മ ഈ വിവാഹത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. നാട്ടിലെ ആചാരങ്ങള്‍ പാലിക്കപ്പെടാനായി മാത്രമാണ്. ചതിക്കപ്പെട്ടത് നിരപരാധിയായ ഗൗരവും കുടുംബവും.
ഒന്നിച്ചു ജീവിക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കാന്‍ ഗൗരവ് നന്നേ കഷ്ടപ്പെട്ടു. സ്‌നഹപൂര്‍വ്വം ഒരു വാക്കുപോലും ഉണ്ടായില്ലെങ്കിലും അയാള്‍ അവളുടെ കൂടെ ജീവിക്കാന്‍ തയ്യാറായിരുന്നു. യാതൊരു കണ്ടീഷനും ഇല്ലാതെ കൂടെ ജീവിക്കാമെന്നായാള്‍ കടുംപിടുത്തം പിടിച്ചു. സമയം ഏറെ ചിലവഴിക്കേണ്ടിവന്നു വെങ്കിലും ആ യുവാവിനും കുടുംബത്തിനും നടന്നത് ഒരു ചതിയാണെന്നും നാട്ടിലെ വിവാഹമെന്ന ആചാരത്തിന്റെ ഇരയാണെന്നും ബോധ്യം മുണ്ടായി. വിവാഹമോചനം നേടാനുള്ള നടപടികള്‍എടുക്കാനും അവര്‍ തയ്യാറായി.
മക്കള്‍ക്ക് യാതൊരു ചിന്താശക്തിയും ഇല്ലായെന്നും ഓരോ കാര്യങ്ങളും പറഞ്ഞുകൊടുക്കുന്നത് പോലെ തന്നെ ചെയ്യണമെന്നും പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലായിരിക്കണമെന്നുമാണ് ഭൂരിഭാഗം മാതാപിതാക്കളുംചിന്തിക്കുന്നത്. വളര്‍ന്ന് ഒരു സ്വതന്ത്രവ്യക്തിയായി തന്റെ കുഞ്ഞ് മാറേണമെന്ന ചിന്തയാലല്ല അവര്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. തങ്ങളുടെ നിയന്ത്രണത്തിലായിരിക്കണം അവര്‍ ജീവിക്കേണ്ടതെന്നും തങ്ങള്‍ക്ക് വേണ്ടി കുഞ്ഞുങ്ങള്‍ ജീവിക്കേണമെന്നുമുള്ള ചിന്തയാണ് കുട്ടികളെ വളര്‍ത്തുന്നതില്‍ പലരുടേയും മാര്‍ഗ്ഗരേഖ. ഇത്തരം പ്രവണതകളെ ചോദ്യം ചെയ്യേണ്ടത് സര്‍ക്കാരാണ്. വീട്ടിലെ പ്രസവം പോലെതന്നെ ഇത് തങ്ങളുടെ ഇഷ്ടമാണ് ചോദ്യം ചെയ്യപ്പെടാന്‍ പാടുള്ളതല്ലെന്നത് രോഗാതുരമായ ചിന്തയാണ് അവരെ നയിക്കുന്നത്. വിവാഹിതരാകുമ്പോള്‍ അവരുടെ ഹോര്‍മോണ്‍ ടെസ്റ്റ് ചെയ്യാനുള്ള നിബന്ധന എന്ന് വരുമോ ആവോ? സ്ത്രീശരീരത്തോടെ ജനിക്കുന്നവരെല്ലാം സ്ത്രീകളല്ലെന്നും. പുരുഷ ശരീരത്തോടെ ജനിക്കുന്നവരെല്ലാം പുരുഷന്മാരല്ലെന്നും. സ്‌ത്രൈണതയും പൗരുഷവും ജനനശേഷവും പല അളവില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാമെന്നും നമ്മള്‍ എന്ന് തിരിച്ചറിയും.
tessionline@yahoo.com
'Sahaya's Therapeutic Counselling Centre, Kollam/ -8547243223
#learningissues, #tempertantrum, #childcounselling, #addictionsofchildren, #slealingofchildren, #depression, #anxiety, #suicidethoughts, #psychologist, #psychotherapist, #hypnotherapist
#depressiontherapy,#traumatherapy,#familycounselling
Comments
Post a Comment