വൃദ്ധിയാകാത്ത മനസ്സ് OCD
OCD( Obsessive Compulsive Disorder) നെ ക്കുറിച്ച് മുമ്പും പല കൗണ്‍സലിംഗ് ഡയറികളിലും പരാമര്‍ശിച്ചിട്ടുള്ളതാണ്. സ്വയം നിബന്ധനകള്‍ക്ക് (Conditions) വിധേയമായി ജീവിക്കുന്ന അവസ്ഥയാണിത്. അത്തരം നിബന്ധനകള്‍ക്ക് അണുവിട മാറ്റമുണ്ടാകാനോ അപൂര്‍ണ്ണമാകാനോ പാടില്ല എന്നതാണ് OCD ഉള്ളവരില്‍ മിക്കവരുടേയും പ്രശ്നം. അനിയന്ത്രിതമായ നിര്‍ബന്ധചിന്തകളുടെ പ്രേരണയില്‍ പ്രിയപ്പെട്ടവരെ ചീത്തവിളിക്കുകയൊ അപമാനിക്കുകയൊ ചെയ്യുക, കടുത്തവിശ്വാസിയായിരുന്നിട്ടും ദൈവനിന്ദാപരമായി ചിന്തിക്കുക, പ്രകൃതിവിരുദ്ധ ലൈംഗീകചിന്തകള്‍ മനസ്സിനെ വേട്ടയാടുക, രോഗബാധയുണ്ടാകുമെന്ന പേടിയില്‍ നിരന്തരം ശരീരഭാഗങ്ങള്‍ ശുദ്ധീകരിക്കുക, ചെയ്യുന്ന പ്രവര്‍ത്തികള്‍ ചെയ്തില്ല എന്ന ചിന്തയില്‍ ആവര്‍ത്തിച്ച് പരിശോധിച്ചുകൊണ്ടേയിരിക്കുക, നിഗൂഢമായ കാര്യങ്ങള്‍ ചെയ്യുക, സാമൂഹ്യവിരുദ്ധമായ കാര്യങ്ങള്‍ ചിന്തിക്കുന്നതിലുള്ള കുറ്റബോധത്താല്‍ വല്ലാതെ വിഷമാവസ്ഥയിലാകുക, പ്രകൃതിവിരുദ്ധമായെതൊ കുടുംബാംഗങ്ങളുമായൊ രതിവൈകൃതചിന്തകള്‍ വിഭ്രാന്തിയിലാക്കുകയൊക്കെയാണ് OCD യുള്ളവരുടെ സാധാരണ ലക്ഷണങ്ങള്‍. മാനസീകവ്യഥയുടെ ഉച്ചകോടിയിലാണ് പല OCD ഉള്ള വ്യക്തിയും കടന്നുപോകുക. യുക്തിചിന്തയുടെ കണികപോലുമില്ലാത്ത കാര്യങ്ങള്‍ എന്തിനിങ്ങനെ ചിന്തിച്ചുപുണ്ണാക്കണം എന്ന് ഇവര്‍തന്നെ പലവട്ടം ചിന്തിക്കുമ്പോഴും എങ്ങാനും സംഭവിച്ചാലോ എന്ന ഉത്ക്കണ്ട
വേട്ടയാടിക്കൊണ്ടേയിരിക്കും. കുറ്റബോധവും നാണക്കേടും കുത്തിനിറച്ച ഒരു നെരിപ്പേട് ആണ് ഇവരുടെ മനസ്സ് പലപ്പോഴും.
ജനിതകപരമായ കാരണങ്ങളൊ, ഹോര്‍മോണുകളുടെ ഏറ്റകുറച്ചിലുകളൊ, ജീവിതസാഹചര്യങ്ങളൊ ആണ് സാധാരണയായി OCD യ്ക്ക് കാരണമാകുന്നത്.
15 നീണ്ടവര്‍ഷങ്ങള്‍ നിരവധിയായ കൗണ്‍സലിംഗും മെഡിക്കേഷനും. അവസാനം Vertigo (തലകറക്കം) വന്നതുമുലം മരുന്നു കഴിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ വീണ്ടും മനോരോഗം മൂര്‍ച്ചിച്ചാണ് സോമനാഥന്‍ ക്ലിനിക്കിലെത്തിയത്. സോമനാഥന്റെ സഹോദരിയും അമ്മയും അക്ഷരാര്‍ത്ഥത്തില്‍ വിഷമവൃത്തത്തിലായ സ്ഥിതിയിലാണിന്ന് ജീവിക്കുന്നത്. എപ്പോഴും ഒരായിരം ചോദ്യശരങ്ങള്‍ വന്നുകെണ്ടേയിരിക്കും. ഇരുവരും അവന്റെ ജോലിക്കാരായാണ് ഇപ്പോള്‍ ജീവിക്കുന്നത്. എത്ര കഴുകിയാലും എത്ര തുടച്ചാലും അവന്റെ പരാതി തീരില്ല. എപ്പോഴാണ് അവന്റെ ശബ്ദം ഉയരുന്നതെന്ന് പ്രവചിക്കാനാവില്ല. പലപ്പോഴും കലഹം അടിപിടിയിലായിരിക്കും അവസാനിക്കുക. ജീവിതം മുഴുവന്‍ നരകമാണവര്‍ക്ക്.
സോമനാഥന്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയം, അച്ഛന് പതിവുപോലെ ഗാസിന്റെ പ്രശ്നം കൂടി രാത്രി ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയായി. നെഞ്ചെരിയുന്നു എന്ന അച്ഛന്റെ സ്ഥിരം പല്ലവി ആകുമെന്ന് കരുതി അമ്മയ്ക്കറിയുന്ന പൊടിക്കൈകളൊക്കെ പ്രയോഗിച്ചു. ഇതിനിടയില്‍ പലവട്ടം ആശുപത്രിയില്‍ പോകാമെന്ന് അവന്‍ പറഞ്ഞുനോക്കി. അപ്പോഴെല്ലാം കുഴപ്പമില്ല ഉറങ്ങിയാല്‍ മാറുമെന്ന് പറഞ്ഞ് രാത്രി കിടന്നതാണ്.
നേരം വെളുത്തപ്പോള്‍ അച്ഛന്‍ ജീവനോടെ ഉണ്ടായിരുന്നില്ല. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളായിരുന്നു തലെരാത്രിയിലേതെന്ന് സോമനാഥനോ അമ്മയ്ക്കോ നേരീയ സംശയം പോലുമുണ്ടായിരുന്നില്ല. 7ാം ക്ലാസ്സില്‍ പഠിക്കുന്ന സഹോദരിയുടെ സങ്കടം അവനെ കൂടുതല്‍ തളര്‍ത്തി. അമ്മയുടെ സാന്ത്വനവാക്കുകള്‍ക്ക് ആവനെ ആശ്വസിപ്പിക്കാനായില്ല. നാളുകള്‍ കൊഴിയുന്നതനുസരിച്ച് അവന്‍ കണ്ടുപിടിച്ചു അച്ഛന്റെ മരണത്തിനുത്തരവാദി അവനാണെന്ന്. തക്കസമയത്ത് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നുവെങ്കില്‍ അച്ഛനെ രക്ഷിക്കാമായിരുന്നു. നിരന്തരം അവന്‍ സ്വയം കുറ്റപ്പെടുത്താന്‍ ആരംഭിച്ചും. കഴിഞ്ഞുപോയ ദുരന്തത്തെ അവന്‍ പുനരാവിഷ്‌ക്കരിച്ചുകൊണ്ടെയിരുന്നു. സ്വയം കുറ്റപ്പെടുത്തലുകള്‍ അവന്റെ സമനില തെറ്റിച്ചു. കുറ്റബോധത്തിന്റെ തടവറയില്‍ സ്വയം അടയ്ക്കപ്പെടാനിഷ്ടപ്പെട്ട സോമനാഥന്‍ തന്റെ മനസ്സിനെ ശുദ്ധീകരിക്കാനായി വഴികള്‍ കണ്ടുപിടിച്ചു. നിരന്തരം കൈ കഴുകുക. നിരന്തരം കുളിക്കുക. എത്ര കഴുകിയിട്ടും കുറ്റബോധം വീണ്ടും വീണ്ടു കഠിനമായ പീഡനങ്ങള്‍ സ്വയം വിധിച്ചുകൊണ്ടേയിരുന്നു.
ഇതിനിടയില്‍ നിരവധിയായ കൗണ്‍സലിംഗ് സെഷനുകളില്‍ പോയെങ്കിലും ഒരാളും അവന്റെ OCD യുടെ തുടക്കം എവിടെ ആയിരുന്നുവെന്ന് ചോദിച്ചില്ല. പകരം ഓരോരുത്തരും പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉപദേശിച്ചു. OCD വര്‍ദ്ധിച്ചുവന്നാല്‍ പിന്നെ അവര്‍ക്ക് ഒരാളെയും അനുസരിക്കാന്‍ പറ്റാതെ വരും. അത് കൗണ്‍സിലര്‍ ആയാലും ഡോക്ടര്‍ ആയാലും. മരുന്നു കഴിക്കാനും പലര്‍ക്കും പറ്റാതെ വരുകയും ചെയ്യും. വളരെയധികം പരിഗണന ആവശ്യമുള്ളവരാണ് OCD അനുഭവിക്കുന്നവര്‍. മനസ്സിന്റെ പിരിമുറുക്കം മറ്റുള്ളവര്‍ക്ക് മനസ്സിലായെന്ന് വരില്ല. വളരെ അനുതാപത്തോടെ ഇടപെടുന്നതിന് പകരം ഇത്തരം പ്രശ്നമുള്ളവരുടെ വീടുകളില്‍ മിക്കപ്പോഴും വഴക്കൊഴിഞ്ഞ സമയം കാണില്ല. രോഗിയുടെ സഹജീവികള്‍ക്കാണ് കൂടുതല്‍ കൗണ്‍സലിംഗ് ആവശ്യമായി വരുന്നത്. എന്തുകൊണ്ടെന്ന ചോദ്യം വിലപ്പോകാത്ത മാനാസീകാവസ്ഥയാണ് OCD. അയുക്തികരമായ കാര്യങ്ങളാണ് തങ്ങള്‍ ചെയ്യുന്നതെന്ന് അവര്‍ക്ക് നന്നായറിയാം. പക്ഷെ അവരുടെ പ്രവര്‍ത്തികളേയൊ ചിന്തകളെയൊ നിയന്ത്രിക്കാനാവില്ല.
രോഗങ്ങള്‍ വരുമോ എന്ന പോടികൊണ്ടല്ല മറിച്ച് സോമനാഥന്റെ കുറ്റബോധമാണ് കഴുകി ശുദ്ധീകരിക്കാന്‍ ശ്രമിക്കുന്നത്. ഓരോ വട്ടവും ശുദ്ധീകരണക്രിയ നിരവധിവട്ടം ആവര്‍ത്തിക്കും. എത്ര കഴുകിയാലും മനസ്സ് പറയില്ല വൃത്തിയായി എന്ന്. നീണ്ട വൃദ്ധിയാക്കലുകള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന ആള്‍ക്ക് വീണ്ടും അഴുക്കാകുമൊ എന്ന ആശങ്കയായിരിക്കും. ഇടയ്ക്കെങ്കിലും മനസ്സിനല്ലെ കുഴപ്പം, പിന്നെന്തിനിങ്ങനെ ഞാന്‍ എന്റെ ശരീരത്തെ ശുദ്ധീകരിക്കണം എന്നും അവന്‍ ചിന്തിക്കാറുണ്ട്. അത്തരം യുക്തിചിന്തകളെ വീണ്ടും ഉത്ക്കണ്ടയും അയുക്തിചിന്തകളും കൈയ്യടക്കും.
സോമനാഥന് മരുന്നിന്റെ സഹായം ആവശ്യമാണ്. സ്വയം ശരിയാക്കാമെന്ന അവന്റെ ചിന്തകളെ മാറ്റിയെടുക്കാന്‍ തന്നെ നിരവധി സെഷനുകള്‍ വേണ്ടിവന്നു. നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നവന്‍ വീണ്ടും എഴുതി. അവന്റെ സുന്ദരമായ ബാല്യകാലത്തെക്കുറിച്ച്, അവന്റെ പ്രിയപ്പെട്ട അച്ഛനെക്കുറിച്ച്. ഈ അവസ്ഥയില്‍ തന്റെ പൊന്നുമോനെ അച്ഛന് ഇഷ്ടമാകില്ല എന്നതിനെക്കുറിച്ച്, സ്വയം കുറ്റവിചാരണ ചെയ്യുന്ന ബുദ്ധിമോശത്തെക്കുറിച്ച്. സ്വയം മറന്നുപോയ അവന്റെ ബാല്യകാലസ്മരണകള്‍ അവന്റെ കണ്ണുകളില്‍ പ്രതീക്ഷയുടെ പ്രസരിപ്പ് നിറച്ചിരുന്നു. അവന് ചിരിക്കാന്‍ പറ്റുന്നുണ്ട്. കുറച്ചുകൂടി നല്ല ജീവിതം അവന് പതുക്കെ വീണ്ടെടുക്കാന്‍ പറ്റുമെന്ന പ്രതീക്ഷ അവന്റെ അമ്മയ്ക്കും സഹോദരിയ്ക്കും ആശ്വാസമായി. അവന്റെ കലഹത്തിന്റെയും ശൂദ്ധീകരണപ്രക്രിയകളുടെയും തീവ്രത കുറഞ്ഞു. പല കേസ്സുകളിലും അറിവില്ലായ്മകൊണ്ട് രോഗിയും സഹവാസികളും വല്ലാതെ ബുദ്ധിമുട്ടാറുണ്ട്. വളരെ വൈകിയാണ് പലര്‍ക്കും പ്രശ്നങ്ങളുടെ കാരണം OCD ആണെന്ന് തിരിച്ചറിയുക. OCD യെക്കുറിച്ച് സമൂഹത്തില്‍ ബോധവത്ക്കരണം നടത്തേണ്ടത് അനിവാര്യമാണ്. (Published in Yukthirekha March 2025 )
#learningissues, #tempertantrum, #childcounselling, #addictionsofchildren, #slealingofchildren, #depression, #anxiety, #suicidethoughts, #psychologist, #psychotherapist, #hypnotherapist
#depressiontherapy,#traumatherapy,#familycounselling
Comments
Post a Comment