രതിവൈകൃത നിര്‍ബന്ധ ചിന്തകള്‍ (obsessive compulsive sexual thoughts)
രതിവൈകൃത നിര്‍ബന്ധ ചിന്തകള്‍
അനുപ്രിയയ്ക്ക് ഓട്ടിസ്റ്റിക്ക് സ്പ്ക്ട്രം ഡിസ്ഓര്‍ഡറിന്റെ പ്രശ്നങ്ങളുണ്ട്. അവളുടെ ശാരീരികഘടനയിലും സംസാരത്തിലും ചെറിയരീതിയില്‍ അത് പ്രകടമാണെങ്കിലും അവള്‍ ചെറുക്ലാസ്സിലെല്ലാം നന്നായി പഠിച്ചു. പത്താംക്ലാസ്സില്‍ അവളുടെ വൈകല്യത്തെ മറികടന്ന് അവള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സ് ലഭിക്കുകയും ചെയ്തു.
പക്ഷെ പ്ലസ്സ് വണ്ണിലെത്തിയതോടെ ശ്രദ്ധ കുറഞ്ഞു. പെരുമാറ്റത്തിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങി. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ അനുജത്തിയുമായി കളിച്ചിരുന്ന അവള്‍ തീരെ കളിക്കാതെയായി. പഠിക്കുന്നതിനെക്കാള്‍ ഇഷ്ടം കൂട്ടുകാരുമായി ചാറ്റ് ചെയ്യാനാണ്. ഇടയ്ക്ക് ദേഷ്യം അനിയന്ത്രിതമാകും. ഉറക്കെ ഒച്ചവെക്കും. തൊണ്ടപൊട്ടുമാറ് അലറിക്കരയും. കടുത്ത ചീത്തവാക്കുകള്‍ കടന്നുവരും. അയല്‍പക്കത്തുള്ളവര്‍ കേള്‍ക്കുമെന്ന ചിന്തയൊന്നും അവള്‍ക്കില്ല. അവര്‍ പലപ്പോഴും കാര്യമെന്തെന്നറിയാതെ ഓടിവരും. സങ്കല്പിക്കാനാകാത്ത തരത്തിലുള്ള ഹീനമായ കാര്യങ്ങളാണ് പറയുന്നത്. ആ അലര്‍ച്ചക്കൊടുവില്‍ അവളുടെ ശബ്ദം തന്നെ നിന്നുപോകുകയും ചെയ്യും. മാതാപിതാക്കള്‍ക്ക് ഇതില്‍പ്പരം നാണക്കേടുണ്ടോ. മാനസീകമായി ഇരുവരും വല്ലാതെ തകര്‍ന്നു. കൊച്ചനുജത്തിയ്ക്കാണെങ്കില്‍ ചേച്ചി പറയുന്നതിന്റെ അര്‍ത്ഥമൊന്നും മനസ്സിലാകുന്നുമില്ല.
ഈ അലര്‍ച്ചയെല്ലം കഴിഞ്ഞാല്‍ പശ്ചാത്താപമായി. ചീത്തവിളിച്ചല്ലോ എന്നോര്‍ത്ത് വല്ലാതെ സങ്കടപ്പെടും. കുറ്റബോധം മൂലം നിലവിളിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അതും നിയന്ത്രിക്കാനാകാത്ത അവസ്ഥയാകും.
അപ്രതീക്ഷിതമായി സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ വിളിച്ചിട്ടാണ് അനുപ്രിയയുടെ അമ്മ സ്‌കൂളില്‍ ചെന്നത്. അയാള്‍ കോപം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. അയാള്‍ക്ക് എത്ര വഴക്കുപറഞ്ഞാലും മതിയാകാത്ത പോലെ തോന്നി. പ്രിന്‍സിപ്പാളിന്റെ കോപത്തിന്റെ കാരണമെന്തെന്ന് പിന്നീടാണവര്‍ പറഞ്ഞത്. തലേദിവസം അവള്‍ പ്രിന്‍സിപ്പാളിന് രതിവൈകൃതങ്ങള്‍ കലര്‍ന്ന മെസ്സേജയച്ചു. ഇനി സ്‌കൂളിന്റെ പടി ചവിട്ടരുത് എന്ന രീതിയിലാണ് അയാള്‍ സംസാരിച്ചത്. ജീവിതം തകര്‍ന്ന്പോയി ആ പാവം സ്ത്രീക്ക്, കുടുംബത്തിന്റെ സത്പേര് നഷ്ടപ്പെട്ടിരിക്കുന്നു. സ്‌കൂള്‍ മുഴുവന്‍ അത് പാട്ടായിട്ടുണ്ടാവും.
തന്റെ മകള്‍ വളരെ മോശം പ്രവര്‍ത്തികളാണ് ചെയ്തുകൂട്ടുന്നത്. നാണക്കേടുകൊണ്ട് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. അതിനിടയില്‍ പലവട്ടം വസ്ത്രം മാറുമ്പോള്‍ അവളുടെ മുറിയുടെ ജനല്‍പ്പാളികള്‍ തുറന്നിടുന്നു എന്ന് അനുപ്രിയയുടെ അനുജത്തി അമ്മയുടെ ചെവിയില്‍ പറയുക കൂടി ചെയ്തതോടെ ആ സ്ത്രീയുടെ മനസ്സ് കൈവിട്ടുപോയി.
പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അച്ഛനും വളരെ സാധുവായ അമ്മയ്ക്കും അവരോട് തന്നെ വെറുപ്പുതോന്നുന്ന അവസ്ഥയായിരുന്നു. അനുപ്രിയയുടെ ചെയ്തികള്‍ പറയാന്‍ അവര്‍ നന്നെ ബുദ്ധിമുട്ടുന്നത് പോലെ തോന്നി എനിക്ക്. അപമാനഭാരം കൊണ്ട് ശബ്ദം നഷ്ടപ്പെട്ടപോലൊരവസ്ഥ.
പ്ലസ്സ് വണ്‍ ക്ലാസ്സിലെത്തിയതോടെ അനുപ്രിയയ്ക്ക് അന്നുവരെയുണ്ടായിരുന്ന ക്ലാസ്സ് മുറിക്കപ്പുറം മറ്റൊരു ലോകമാണ് തുറക്കപ്പെട്ടത്. സാമ്പത്തീകസ്ഥിതിയില്‍ പല തട്ടിലുളളവര്‍. നല്ല നടപ്പുകാരും, പഠിപ്പിസ്റ്റുകളും, സര്‍വ്വ വിധ അലമ്പിലും പ്രാവിണ്യം തെളിയിക്കാന്‍ വെപ്രാളപ്പടുന്നവരുമെല്ലാം ചേര്‍ന്നതായിരുന്നു അവളുടെ സഹപാഠികള്‍.
പുതിയ സ്‌കൂളില്‍ തന്നോട് ആദ്യം സംസാരിച്ചുതുടങ്ങിയ ഷീനയ്ക്ക് എന്തൊക്കെയോ പ്രത്യേകതകള്‍ ഉണ്ടെന്ന് അനുപ്രിയയ്ക്ക് തോന്നി. ശാരീരികവൈകല്യങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ അനുപ്രിയ ഒതുങ്ങിക്കൂടാനാണിഷ്ടപ്പെട്ടിരുന്നതെങ്കില്‍ ഷീന നേരെ വിപരീതപ്രകൃതമായിരുന്നു. ഒരാളേയും അവള്‍ക്ക് പേടിയില്ലായിരുന്നു. ആരോടും തര്‍ക്കുത്തരം പറയും. ക്ലാസ്സില്‍ ഏതെങ്കിലും അദ്ധ്യാപകര്‍ വന്നാല്‍ അവരെക്കുറിച്ച് രതിരസത്തോടെ ഇകഴ്ത്തി സംസാരിക്കുക, ശരീരഭാഗങ്ങളെ ക്കുറിച്ച് വര്‍ണ്ണിക്കുക, കഞ്ചാവടിക്കുക പുരുഷസുഹൃത്തുകളുടെ കൂടെ അടിയുണ്ടാക്കുക, അവരോട് യാതൊരു പരിധിയുമില്ലാതെ ഇടപഴകുക അങ്ങനെ അനുപ്രിയയ്ക്ക് സങ്കല്പിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള പെരുമാറ്റരീതികളുടെ ഒരു ഭണ്ഡാരമാണ് അവള്‍ എന്ന് അനുപ്രിയയ്ക്ക് തോന്നി.
അന്നുവരെ കേള്‍ക്കാത്ത ചീത്തവാക്കുകളാണ് പലരും ഉപയോഗിക്കുന്നത്. അത്തരം വാക്കുകളൊക്കെ ഉപയോഗിക്കുന്നവര്‍ക്ക് വീരപരിവേഷമാവിടെ ലഭിക്കുന്നത്. അവരെ മറ്റ് കുട്ടികള്‍ പേടിക്കുന്നു. തിരികെ ഒന്നും സംസാരിക്കുന്നില്ല. അവരോട് ആരാധന തോന്നിയ അനുപ്രിയയുടെ ചെയ്തികളില്‍ മാറ്റം വന്നു. ഓട്ടിസമുള്ളതുകൊണ്ടുതന്നെ സഹപാഠികള്‍ അവളെ മനപ്പൂര്‍വ്വം കരുവാക്കിയതുമാകാം. അതിനും പറമെ അവളുടെ അമ്മയുടെ വാട്സ് ആപ്പിലേയ്ക്ക് പോണ്‍വീഡിയോ അയച്ചുകൊടുക്കുന്നതും പിറ്റേന്ന് സ്‌കൂളിലെത്തിയാല്‍ അത്തരം വീഡിയോകളെ ആസ്പദമാക്കിയുള്ള സംസാരവും അവളെ വല്ലാതെ സ്വാധീനിച്ചു. ഇതിനൊക്കെ നേതൃത്വം കൊടുക്കുന്ന ഷീനയും. അന്നൊന്നും അനുപ്രിയ മൊബൈല്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് സംശയിച്ചതേയില്ല. ദിവസങ്ങള്‍ കൊഴിയവെ തീവ്രമായ രതിചിന്തകള്‍ അവളെ അലട്ടാന്‍ തുടങ്ങി. അത് വല്ലാതെ ഒബ്സ്സസ്സീവായി. ആ ചിന്തകള്‍ അവളെക്കൊണ്ട് പലതും ചെയ്യാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഓട്ടിസം സ്പെക്ട്രെം ഡിസ്ഓര്‍ഡര്‍ ഉള്ളവരില്‍ പല ലൈംഗീകവൈകൃതങ്ങളും കണ്ടുവരാറുണ്ട്. അവരെ അത്തരം കാര്യങ്ങളെ കുറിച്ച് ബോധവത്ക്കരണം നടത്തേണ്ടതിന്റെ ആവശ്യകത ചുരുങ്ങിയപക്ഷം അത്തരം ആളുകളുമായി ഇടപെടുന്നവര്‍ക്കെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്.
ഇവിടെ അനുപ്രിയയേയും അമ്മയേയും വഴക്കുപറഞ്ഞ പ്രിന്‍സിപ്പാളും സൈക്കോളജി ഒരു പേപ്പര്‍ പഠിച്ച ആളാണെങ്കിലും ഇത്തരം പ്രവര്‍ത്തികളുടെ കാരണം എന്ത് എന്നന്വേഷിച്ചില്ല. ശരിയായ ബോധവത്ക്കരണവും, കൗണ്‍സലിംഗും ഒപ്പം ഒരു മനോരോഗവിദഗ്ദന്റെ സഹായത്തോടെ മരുന്നു കൂടി ആയപ്പോള്‍ അവളില്‍ മാറ്റം കണ്ടുതുടങ്ങി. സാവധാനം അനുപ്രിയയ്ക്ക് തലച്ചോറിന്റെ നിര്‍ബന്ധചിന്തകളില്‍ നിന്നും പുറത്തുകടക്കാനായി. കുഞ്ഞുകഥകളെഴുതാന്‍ വളരെ മിടുക്കിയാണവള്‍. തന്റെ ജീവിതം കഥകളായി എഴുതാമെന്ന് ഉറപ്പുനല്കിയിട്ടാണവള്‍ യാത്ര പറഞ്ഞത്. (Published in Yukthirekha Aug 2025 )
#ocd, #ocdcounselling, #ocdtherapy,
#learningissues, #tempertantrum, #childcounselling, #addictionsofchildren, #slealingofchildren, #depression, #anxiety, #suicidethoughts, #psychologist, #psychotherapist, #hypnotherapist
#depressiontherapy,#traumatherapy,#familycounselling
Comments
Post a Comment