പീഡോഫീലിയ (ബാലപീഠകന്‍) (Child abuser, paedophilia)
പീഡോഫീലിയ (ബാലപീഠകന്‍)
ആതിരയ്ക്ക് വയസ്സ് 12. കുട്ടിത്തം തുളുമ്പുന്ന മുഖമെങ്കിലും സങ്കടവും, കുറ്റബോധവും, അപമാനവുമെല്ലാം ആ കുഞ്ഞുമുഖത്ത് തളം കെട്ടി നില്ക്കുന്നു. കുറച്ച് ദിവസമായിട്ട് ഉറങ്ങാനാകുന്നില്ല.
വെക്കേഷന്‍ ക്ലാസ്സുകളില്‍ ചേര്‍ന്നത് കൊണ്ട് കഴിഞ്ഞ അവധി കാലത്ത് പതിവ് പോലെ അവളെ അവളുടെ അമ്മവീട്ടിലേയ്ക്ക് വിട്ടില്ല. ക്ലാസ്സ് കഴിഞ്ഞാല്‍ അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ പോയിരിക്കുകയായിരുന്നു പതിവ്. ഒരു മാസം അങ്ങനെ കാര്യങ്ങള്‍ സുഖമമായി പോയി. ഒരുദിവസം ക്ലാസ്സ് കഴിഞ്ഞുവന്നപ്പോള്‍ ക്ഷീണമാണ് വീട്ടില്‍ പോയി കിടന്നുറങ്ങിക്കൊള്ളാം എന്ന് പറഞ്ഞപ്പോള്‍ അവളുടെ അമ്മയ്ക്ക് സംശയമൊന്നും തോന്നിയില്ല. വൈകുന്നേരം അമ്മ ജോലി കഴിഞ്ഞെത്തുമ്പോള്‍ അവള്‍ ഉറക്കത്തിലുമായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും അവള്‍ കടയില്‍ വരാതെയായി. രാത്രി വീട്ടിലെത്തുമ്പോള്‍ ഉറങ്ങുന്ന ആതിരയെയാണ് കണ്ടിരുന്നത്.
എന്തുകൊണ്ടാണിവള്‍ ഇങ്ങനെ ഉറങ്ങുന്നതെന്ന് അവളുടെ അച്ഛനോടവര്‍ പലവട്ടം ചോദിച്ചുവെങ്കിലും അയാള്‍ക്കും അതില്‍ അരുതാത്തതൊന്നും തോന്നിയില്ല. വെക്കേഷനൊടുവില്‍ അവളെ അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും അടുത്തേയ്ക്ക് വിളിച്ചപ്പോള്‍ വരുന്നില്ലെന്നവള്‍ ശാഠ്യം പിടിച്ചു. നിര്‍ബന്ധിച്ചാണവളെ കൂട്ടിക്കൊണ്ടുപോയത്. രാത്രി ഉറങ്ങാനവള്‍ അമ്മൂമ്മയോടൊപ്പമാണ് കിടന്നത്. പക്ഷെ ആതിര ഉറങ്ങിയില്ല. അമ്മൂമ്മയോടവള്‍ വഴക്കിട്ടു. അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച അമ്മൂമ്മയെ അവള്‍ ചീത്ത വിളിച്ചു. കോപം കൊണ്ട് സ്വയം മര്‍ദ്ദിക്കാന്‍ തുടങ്ങിയ അവളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാതെ അമ്മൂമ്മ കുഴങ്ങി. അമ്മൂമ്മയേയും അവള്‍ മര്‍ദ്ദിച്ചു. മുറിക്കകത്തവള്‍ വിരളിപിടിച്ചോടിനടന്നു. ഉറങ്ങാന്‍ പോയ അവളുടെ മാതാപിതാക്കളുടെ ഉറക്കം കളയണ്ട എന്ന് കരുതി നേരം വെളുക്കുവോളം അവള്‍ക്ക് കൂട്ടിരുന്നു.
ഒരുവിധം നേരം വെളുപ്പിച്ച ആ വൃദ്ധമാതാവ് ആതിരയുടെ അച്ചനമ്മമാരോട് രാത്രിയിലെ അവളുടെ പരാക്രമങ്ങളെക്കുറിച്ച് പറഞ്ഞു. ആതിരയുടെ അമ്മയ്ക്ക് എന്തോ ദുരൂഹത തോന്നി. അവളെ പിടിച്ചിരുത്തി കാര്യം തിരക്കി. മിഠായി വേണം. അതില്ലാത്തത് കൊണ്ടാണ് ഉറക്കം വരാതെയിരുന്നത് എന്നവള്‍ പറഞ്ഞപ്പോള്‍ അമ്മയുടെ സംശയം അധികരിച്ചു. എവിടെ നിന്നാണ് മിഠായി കിട്ടിയതെന്ന അവരുടെ ചോദ്യത്തിന് ആതിര പറഞ്ഞ മറുപടി ആ മാതൃഹൃദയത്തെ കൂടുതല്‍ തളര്‍ത്തി. പിന്നീട് അവള്‍ പറഞ്ഞ ഓരോ വാക്കും അവരുടെ ഹൃദയത്തില്‍ പ്രകമ്പനമായി. അവളുടെ വാക്കുകള്‍ മുഴുമിക്കും മുമ്പ് അവര്‍ ബോധരഹിതയായി വീണുപോയി.
കുടുംബം ഒന്നടക്കം മരിക്കാമെന്നാണവര്‍ ആദ്യം ചിന്തിച്ചത്. അമ്മൂമ്മയ്ക്ക് എന്തോ സംശയം തോന്നിത് നന്നായി. അവര്‍ ആതിരയേയും മാതാപിതാക്കളേയും പിടിച്ചിരുത്തി ഏറെ നേരം സംസാരിച്ചു. അവരാണ് കൗണ്‍സലിംഗിന് പറഞ്ഞയച്ചത്.
അമ്മയുടെ ബിസിനസ്സ് സ്ഥാപനത്തിലിരിക്കുമ്പോഴാണ് അവള്‍ ആഥിലിനെ പരിചയപ്പെടുന്നത്. സംസാരിക്കുന്നതിനിടയില്‍ ഇന്‍സ്റ്റാ അക്കൗണ്ട് ചോദിച്ചു. അന്നുതന്നെ അവന്റെ മെസ്സേജ് വന്നു. വളരെ ഇഷ്ടമാണ് അടുത്തു കാണണം എന്ന് വാശിപിടിച്ചു. പിറ്റേന്ന് അവളോട് കടയില്‍ പോകാതെ വീട്ടില്‍ ഇരുന്നാല്‍ മതി അവന്‍ വന്നു കണ്ടോളാമെന്ന് പറഞ്ഞപ്പോള്‍ അവള്‍ ഉമ്മയോട് കരാട്ടെ ക്ലാസ്സില്‍ പോയത് കൊണ്ട് വല്ലാതെ ക്ഷീണിച്ചു, ഉറക്കം വരുന്നു വീട്ടില്‍ പോയ്ക്കോട്ടെ എന്ന് അനുവാദം വാങ്ങി വീട്ടിലേയ്ക്ക് പോയി. അവളെ കാത്ത് ആഥില്‍ പുറത്ത് നിന്നിരുന്നു. കൈവശം കുറെ മിഠായികളുമായാണവന്‍ എത്തിയത്. അവളുടെ ഇഷ്ടപ്പെട്ട സ്നിക്കേഴ്സ്. ഒന്നു കഴിച്ചപ്പോള്‍ അടുത്തതും കഴിക്കണമെന്ന് തോന്നി. മൂന്നെണ്ണം കഴിച്ച് കഴിഞ്ഞ് അവിടെ എന്തൊക്കെയൊ സംഭവിച്ചു. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് പോകുമ്പോള്‍ അവന്‍ കടുത്തസ്വരത്തില്‍ പറഞ്ഞത്, നാളയും വരും, കടയില്‍ പോകരുത് എന്ന് താക്കീത് ചെയ്യും വിധമായിരുന്നു. അതിനോടകം അവളുടെ നഗ്‌നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചക്കാലം അവന്‍ ദിവസവും മിഠായികളുമായി വന്നു. ആ കുഞ്ഞിനെ പിച്ചിചീന്താനവന് ആവേശമായിരുന്നു. അവന്‍ പോകുന്നതോടെ തളര്‍ന്നുറങ്ങുന്ന ആതിരയ്ക്ക് എന്താണ് നടക്കുന്നതെന്നതിന്റെ ഗൗരവം മനസ്സിലാകുന്നുണ്ടായിരുന്നില്ല. 12 വയസ്സ് മാത്രമായ ആ കുഞ്ഞിന് ഇപ്പോള്‍ ആഥിലിനെ കാണണം. മിഠായി കഴിക്കണം എന്ന് മാത്രമെ തോന്നുന്നുള്ളു. പഠിക്കാനോ ഉറങ്ങാനോ കഴിയുന്നില്ല. വിശപ്പും ദാഹവും നഷ്ടപ്പെട്ടിരിക്കുന്നു. കരച്ചിലടക്കാന്‍ കഴിയുന്നില്ല. ചിലപ്പോള്‍ വല്ലാതെ ദേഷ്യം വരും. തലച്ചോറില്‍ നിരവധിയായ ചിന്തകള്‍ അലതല്ലുന്നു. ചിലപ്പോഴൊക്കെ വായുവില്‍ നിലയില്ലാതെ പറന്നുപോകുംപോലെ തോന്നും. മനോവിഭ്രാന്തിയിലേയ്ക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു ഈ കൊച്ചുബാലിക.
സാമൂഹ്യജീവിയായ മനുഷ്യന്റെ ആരോഗ്യകരമായ നിലനില്പിന് ആ സമൂഹത്തിലെ ഓരോ വ്യക്തിയ്ക്കും പൗരബോധമുണ്ടായെ പറ്റു. സ്വന്തം ശരീരത്തില്‍ ആര് കൈവെച്ചാലും അതെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടണമെന്ന് പറയുമ്പോള്‍ ത്തന്നെ മനുഷ്യന്റെ ജിജ്ഞാസ റിപ്പോര്‍ട്ട് ചെയ്യാതെ ഇരിക്കാനും പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് സ്വയം വിട്ടുകൊടുക്കാനും കൂടി പ്രേരണയാകുന്നത് മനുഷ്യമസ്തിഷ്‌ക്കത്തിന്റെ വലിപ്പം കൊണ്ട് കൂടിയായിരിക്കാം. ഇവിടെ പ്രായപൂര്‍ത്തിയായവര്‍ കുഞ്ഞുങ്ങളെ യാതൊരു തരത്തിലും പീഠനത്തിനിരയാക്കരുതെന്ന പൗരബോധം എന്നാണ് നമ്മുടെ പൗരന്മാര്‍ക്കുണ്ടാകുക? കുഞ്ഞുങ്ങളെ പീഠിപ്പിക്കുന്നതില്‍ അഭിരമിക്കുന്നവരാണിവര്‍. കൂടെ ഉത്തേജനവസ്തുക്കളുടെ ഉപയോഗവും. ആഥില്‍ ആതിരയ്ക്ക് നല്കിയ മിഠായികളില്‍ രാസലഹരി ഇന്‍ജക്ട് ചെയ്തിരുന്നത് കൊണ്ടാണ് ആതിരയെ അവന് എതിര്‍പ്പൊന്നും കൂടാതെ ദുരപയോഗം ചെയ്യാനായത്. ഒരിക്കല്‍ ഉപയോഗിച്ചാല്‍ തന്നെ അടിമപ്പെടുന്ന രാസലഹരിയാണ് ആഥില്‍ ഉപയോഗിച്ചതും ആതിരയ്ക്ക് മിഠായികളിലൂടെ നല്കിയതും. ആതിഥിന്റെ പ്രവര്‍ത്തികള്‍ ആ കുഞ്ഞിനോടുള്ള ഇഷ്ടം കൊണ്ടല്ല എന്ന് അവള്‍ക്ക് മനസ്സിലാകുമായിരുന്നില്ല. ആതിരയെ രാസലഹരിയുടെ സ്വാധീനത്തില്‍ നിന്നും ആഥിലില്‍ നിന്നും രക്ഷപ്പെടുത്താനായി നിരവധി സെഷനുകളാവശ്യമായി വന്നു. പതുക്കെ അവളുടെ പ്രസരിപ്പ് വീണ്ടെടുത്ത് പഠനത്തിലേയ്ക്ക് ശ്രദ്ധിക്കാനുള്ള മാനസീകാവസ്ഥ കൈവരിച്ചു. കുഞ്ഞുജീവിതങ്ങള്‍ മുതിര്‍ന്നവരാല്‍ പിച്ചിചീന്തപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും മുതിര്‍ന്നവര്‍ക്കാണെന്ന അവളുടെ തിരിച്ചറിവ് അവളെ സ്വയം ക്ഷമിക്കാന്‍ പ്രാപ്തയാക്കി.
കുഞ്ഞുങ്ങളെ പീഠനത്തിനിരയാക്കുന്നത് അത്ര കുഴപ്പമല്ല എന്ന് മാത്രമല്ല അത് വീരകൃത്യമാണെന്നാണ് ഇക്കൂട്ടരുടെ ഗ്യാങ്ങുകളിലെ സംസാരം. ഓരോ കുഞ്ഞുങ്ങളെയും ബോധവത്ക്കരിക്കുകയും മാതാപിതാക്കള്‍ കൂടുതല്‍ ജാഗരൂകരാകുകയും ചെയ്തെ പറ്റു.
(Published in Yukthirekha Sep 2025 )
#ptsd, #pocsocounselling, #counsellingpsychologist, #behaviourcorrectiontherapy, #ocd, #ocdcounselling, #ocdtherapy,
#learningissues, #tempertantrum, #childcounselling, #addictionsofchildren, #slealingofchildren, #depression, #anxiety, #suicidethoughts, #psychologist, #psychotherapist, #hypnotherapist
#depressiontherapy,#traumatherapy,#familycounselling
Comments
Post a Comment