ഡോക്ടറല്ലാതായ ഡോക്ടര്‍

 


ഡോക്ടറല്ലാതായ ഡോക്ടര്‍



ഡോ ഷെറിന്‍ ഇപ്പോള്‍ ഡോക്ടര്‍ എന്ന വാക്ക് ഉപയോഗിക്കാറില്ല. തീവ്രമായ മത്സരപരീക്ഷകള്‍ മറികടന്ന് ആരോഗ്യമേഖലയില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞ അവള്‍ മറന്നിരിക്കുന്നു അവളെത്തന്നെ. 

മാതാപിതാക്കളും കൈക്കുഞ്ഞുമായാണ് അവര്‍ കൗണ്‍സലിംഗിനെത്തിയത്.  പ്രസവാനന്തര മാനസീകപ്രശ്നങ്ങള്‍(പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍) ആകാമെന്നാണ് ഞാന്‍ കരുതിയത്.  പക്ഷെ ഷെറിന് ഡിപ്രഷന്‍ ഒന്നുമുണ്ടായിരുന്നില്ല.  അവളുടെ ചിന്തകള്‍ വളരെ പോസിറ്റീവാണ്.  പക്ഷെ അവളുടെ ചിന്തകളിലെവിടെയും അവള്‍ പഠിച്ച ആരോഗ്യശാസ്ത്രമില്ല. അതിനെക്കുറിച്ചവള്‍ സംസാരിക്കുന്നില്ല.  മാതാപിതാക്കളോട് ഷെറിന്‍ ഒച്ച വെക്കുന്നു. തീവ്രമായ ദേഷ്യമാണവള്‍ക്ക്. കുഞ്ഞിന് മൂന്നു മാസമായെങ്കിലും യാതൊന്നും അവള്‍ ചെയ്യുന്നില്ല. 

കൊല്ലത്തിനടുത്ത് ഒരു ഗ്രാമത്തിലാണ് ഷെറിന്‍ ജനിച്ചത്.  സ്‌കൂള്‍ അദ്ധ്യാപകരായ മാതാപിതാക്കളുടെ ഓരേയൊരു മകള്‍. അവള്‍ മിടുക്കിയായിരുന്നു. പഠിക്കാനും കൂട്ടുകാരെ പഠിപ്പിക്കാനും വീട്ടിലെ ജോലികള്‍ ചെയ്യാനുമെല്ലാം. മാതാപിതാക്കള്‍ പഠിപ്പിക്കുന്ന സ്‌ക്കൂളില്‍ത്തന്നെയാണ് പഠനം തുടങ്ങിയത്.  പിന്നീട് അവിടെ മറ്റ് അദ്ധ്യാപകര്‍ വല്ലാതെ തന്നെ പരിഗണിക്കുന്നു എന്ന മനസ്സിലായപ്പോള്‍ അവള്‍ യു.പി സ്‌കൂള്‍ മുതല്‍  വേറെ സ്‌കൂളിലേയ്ക്ക് മാറി. മാതാപിതാക്കളുടെ കണ്‍വെട്ടത്ത് നിന്നും മാറിയപ്പോള്‍ അവള്‍ കൂടുതല്‍ ഉത്തരവാദിത്വബോധത്തോടെ, മികവോടെയാണ് പഠിച്ചതും ജീവിച്ചതും. 

മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആദ്യ പരിശ്രമം തന്നെ വിജയിച്ചു. കേരളത്തിലെ നല്ലൊരു മെഡിക്കല്‍ കോളേജിലാണ് അവള്‍ക്ക് അഡ്മിഷന്‍ കിട്ടിയത്. ഗ്രാജ്വേഷനും പോസ്ററ് ഗ്രാജ്വേഷനും കഴിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ വിവാഹത്തിന് തിരക്കു കൂട്ടി. പഠനം പൂര്‍ത്തിയാകാതെ വിവാഹം നോക്കരുതെന്ന അവളുടെ നിബന്ധന അവര്‍ അംഗീകരിക്കുകയായിരുന്നു.  വിവാഹാലോചനകള്‍ നിരവധി വന്നെങ്ങിലും അവള്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തി അതെല്ലാം നിരസിച്ചു. ആ ഇടയ്ക്കാണ് അവള്‍ തന്റെ ബാല്യകാല സുഹൃത്തായിരുന്ന വരുണിനെ ഒരു ഷോപ്പിംഗ് മാളില്‍ വെച്ച് കണ്ടുമുട്ടിയത്. സൗഹൃദം വളര്‍ന്നു പ്രണയമായി.   ഷെറിന്‍ വീട്ടില്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ ആകെപ്പാടെ കൊടുങ്കാറ്റായി.  കടുത്ത വിശ്വാസികളായ അവര്‍ക്ക് അന്യമതവിശ്വാസിയെ തങ്ങളുടെ മകള്‍ വിവാഹം കഴിയ്ക്കുന്നത് സങ്കല്പിക്കാന്‍ പോലുമാകുമായിരുന്നില്ല.  കഷ്ടപ്പെട്ടു പഠിച്ചതിന്റേയോ മാതാപിതാക്കളുടെ വിഷമങ്ങളൊ വരുണിന്റെ വിദ്യാഭ്യാസമില്ലായ്മയൊ ഒന്നും അവള്‍ക്ക് വിഷയമല്ല.  ഒരു ഫൈനാന്‍സ് കമ്പനിയിലെ ജോലിക്കാരനെയാണ് താന്‍ വിവാഹം കഴിക്കാന്‍ പോകുന്നത്. അത് ഷെറിന്റെ എളിമയുടെ മഹത്ത്വമാണെന്നവള്‍ വിധിയെഴുതി.  വിവാഹത്തിന് വിഘ്നം നേരിട്ടാല്‍ ജീവിക്കില്ലെന്ന് അവള്‍ യുദ്ധപ്രഖ്യാപനം കൂടി നടത്തിയപ്പോള്‍ അവര്‍ക്ക് കീഴടങ്ങുകയല്ലാതെ വേറെ വഴികളില്ലെന്നായി. വിവാഹതയ്യാറെപ്പുകള്‍ തുടങ്ങിയ നാളിലൊരിക്കല്‍ വരുണിന്റെ അമ്മ ഷെറിന്റെ വീട്ടിലെത്തി. എത്രയും പെട്ടെന്ന് കുറച്ച് പൈസ വേണം അത് ഷെറിന്‍ അറിയാതെ തരണമെന്നാവശ്യപ്പെട്ടു.  ഒരപായ മണി ആണോ അതെന്നവര്‍ക്ക് സംശയം തോന്നിയെങ്കിലും ഷെറിനെ അറിയിക്കാതെ പണം കൊടുത്തു.  

വിവാഹംത്തിന് രണ്ട് നാള്‍ മുമ്പ് വരുണിന്റെ അമ്മ വീണ്ടും വിളിച്ചു.  വിവാഹദിവസത്തെ ആചാരങ്ങളെക്കുറിച്ചും വധു ധരിക്കേണ്ട ആഭരണങ്ങളെക്കുറിച്ചുമാണ് അവര്‍ സംസാരിച്ചത്.  ആഭരണങ്ങള്‍ ഒന്നും വേണ്ടെന്നും മകളെ തങ്ങളുടെ മകന് വിവാഹം കഴിച്ചാല്‍ മതിയെന്നുമുള്ള അവരുടെ മുന്‍വാക്ക് അവര്‍ വിഴുങ്ങി.  ഈ വട്ടം അവര്‍ ഷെറിനോട് വിവരം ധരിപ്പിച്ചു.  അങ്ങനെ വരുണിന്റെ അമ്മ പറയാന്‍ സാദ്ധ്യതയില്ലെന്നും വരുണ്‍ അങ്ങനെ ആവശ്യപ്പെടില്ലെന്നുമായിരുന്നു അവളുടെ വാദം. പക്ഷെ വരുണിനെ വിളിച്ച് സംസാരിച്ച അവള്‍ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കുമ്പോള്‍ നാട്ടുനടപ്പനുസരിച്ചുള്ള ആഭരണങ്ങള്‍ തനിക്കും തന്നുവിടണം എന്ന്  വളരെ ധാര്‍ഷ്ട്യത്തോടെയാണ് സംസാരിച്ചത്. ഷെറിന്റെ മാതാപിതാക്കള്‍ക്ക് അവിശ്വസനീയമായ വാക്കുകളായിരുന്നു ഷെറിനിന്‍ നിന്നും വന്നത്. അങ്ങനെ ഷെറിന്റെ സുഹൃത്തുക്കള്‍ക്കൊ, പ്രിയപ്പെട്ടവര്‍ക്കൊ, ബന്ധുജനങ്ങള്‍ക്കൊ ഒന്നും അവളുടെ തീരുമാനത്തോട് യോജിക്കാനായില്ലെങ്കിലും വിങ്ങുന്ന ഹൃദയത്തോടെ എല്ലാവരും സഹകരിച്ച് വിവാഹം നടന്നു. 

വിവാഹശേഷം  വരുണിന്റെ അമ്മ വളരെ സ്നേഹത്തോടെയാണ് അവളോട് ഇടപെട്ടത്. രണ്ടുനാള്‍കഴിഞ്ഞ് അവര്‍ സംസാരിത്തിനിടയില്‍ വളരെ ലാഘവത്തോടെ പറഞ്ഞു. 'മോളെ രണ്ടു വള ഊരിത്തരണെ, കല്യാണമായപ്പോള്‍ വരുണിന് ഇത്തിരി കടം വന്നു, അത് തീര്‍ക്കാനാണ്'.

തന്റെ മാതാപിതാക്കളുടെ അദ്ധ്വാനഫലമാണ് തന്റെ ആഭരണങ്ങള്‍. അത് രണ്ടു ദിവസത്തിനകത്ത് തന്നെ  വരുണിന്റെ അമ്മ വളരെ നിസ്സാരമായാണല്ലൊ ആവശ്യപ്പെടുന്നത്. എന്തു ചെയ്യണമെന്ന് അവള്‍ ആകുലപ്പെട്ടു.  വീട്ടില്‍ പറയാന്‍ തോന്നിയില്ല. തന്റെ മാത്രം തീരുമാനമാണ് എങ്ങനെയും പിടിച്ചു നില്ക്കണം. സ്വര്‍ണ്ണമൊന്നും വിവാഹത്തിന് വേണ്ട എന്ന നിലപാടില്‍ നിന്നും മാറാന്‍ പാടില്ലായിരുന്നുവെന്നവള്‍ക്ക് തോന്നി. വിവാഹശേഷം ജേലിയില്‍ പ്രവേശിച്ച അവളോട് വീട്ടുജോലികള്‍ ചെയ്യാത്തതെന്തെന്ന് വരുണിന്റെ അമ്മ നിരന്തരം പരാതി പറയാനും അവളുടെ തെറ്റുകുറ്റങ്ങള്‍ കണ്ടുപിടിക്കാനും തുടങ്ങിയതോടെ  അവള്‍ കൂട്ടിലകപ്പെട്ട എലിയുടെ അവസ്ഥയിലായി.  മാസാവസാനം കിട്ടിയ ശമ്പളം വരുണിനെ ഏല്പിക്കണെ എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടി ആയപ്പോള്‍ എലിപ്പെട്ടിയ്ക്ക് എത്ര കാഠിന്യമുണ്ടെന്ന്  അവള്‍ തിരിച്ചറിയുകയായിരുന്നു. ഒരു ഡോക്ടറെന്താണെന്നൊ അവരുടെ ജോലി എങ്ങനെ എന്നൊ വരുണിന്റെ അമ്മ പരിഗണിച്ചതെയില്ല. അവസരം കിട്ടുമ്പോഴെല്ലാം ഓര്‍മ്മിപ്പിച്ചു.  അവന്‍ ആണാണ്. അവനെ ദേഷ്യം പിടിപ്പിക്കരുത്.  സ്ത്രീകള്‍ താഴ്ന്ന് നില്ക്കണം. മറുത്ത് പറയരുത്.  അങ്ങനെ നൂറു നിബന്ധനകള്‍. തന്റെ മുകളില്‍ പൂര്‍ണ്ണമായും അവര്‍ക്ക് അധികാരവും നിയന്ത്രണവുമുണ്ടെന്ന രീതിയാണവര്‍ക്ക്. 


50 പവനും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഓരോന്നായി അവര്‍ കൈവശപ്പെടുത്തി. ഇപ്പോള്‍ ആകെ ബാക്കിയായ 10 സെന്റ് സ്ഥലമാണ്.  അത് വില്ക്കണം എന്ന ആവശ്യവുമായെത്തിയപ്പോഴാണ് അവള്‍ കൗണ്‍സലിംഗിനെത്തിയത്. തനിക്ക് എന്തോ മാറ്റം വന്നിരിക്കുന്നു എന്നവള്‍ തിരിച്ചറിഞ്ഞിരുന്നു. പക്ഷെ എന്തുകൊണ്ടോ കരയാനല്ലാതെ മറ്റൊന്നിനും കഴിയുന്നില്ല. 

അവളുടെ മാതാപിതാക്കള്‍ കൊടുത്ത സമ്പത്ത് നഷ്ടപ്പെട്ടതല്ല എന്നെ ആശ്ചര്യപ്പെടുത്തിയത്. അവള്‍ താന്‍ ഡോക്ടറാണെന്ന കാര്യം മറച്ചുവെക്കുന്നു എന്നതാണ്.  വരുണിന്റെ വീട്ടിലെ സാഹചര്യത്തിനനുസരിച്ച് അവള്‍ സ്വയം മാറുകയായിരുന്നു.  അവര്‍ക്ക് വീട്ടിലെ ജോലി ഒക്കെ ചെയ്ത് അമ്മായി അമ്മയുടെ കാലു തടവുന്ന ഒരു മരുമകളെ ആയിരുന്നു ആവശ്യം.  അവര്‍ക്കുതകുന്ന മരുമകളാകാന്‍ അവള്‍ അറിയാതെതന്നെ മാറുകയായിരുന്നു എന്ന് വേണം കരുതാന്‍. ഓരോ പ്രശ്നങ്ങള്‍ മുമ്പിലെത്തിയപ്പോഴും താനെടുത്ത തീരുമാനമാണ്. അതില്‍ ഉറച്ചു നില്ക്കണം എന്നവള്‍ക്ക് തോന്നി. 

കുഞ്ഞു ജനിച്ചപ്പോള്‍ അവള്‍ കൂടുതല്‍ ആശങ്കയിലായി.  കടുത്ത തീരുമാനമെടുത്താല്‍ കുഞ്ഞിന് അവളുടെ അച്ഛന്റെയും കുടുംബത്തിന്റെയും സ്നേഹം ലഭിക്കാതെ പോയാലൊ, അവരോടൊപ്പം കഴിഞ്ഞാല്‍ അവരുടെ അതെ ജീവിതരീതികളും ആശയങ്ങളും തന്റെ കുഞ്ഞില്‍ അവര്‍ അടിച്ചേല്പിക്കുകയും ചെയ്യും.

തന്റെ മാതാപിതാക്കള്‍ക്ക് നാണക്കേടാകാതെയിരിക്കാന്‍ പിടിച്ചു നില്ക്കണമെന്ന അവളുടെ ചിന്ത ആദ്യത്തെ ദിവസത്തെ സെഷനുശേഷം തന്നെ അവള്‍ തിരുത്തി. പിറ്റേന്ന് വരുണ്‍ ഫോണ്‍ ചെയ്തപ്പോള്‍ത്തന്നെ അവള്‍ പതിവിന് വിപരീതമായി കുറച്ചുനേരം സംസാരിക്കണം എന്നാവശ്യപ്പെട്ടു. ആ സ്വരം അവന് പരിചിതമായിരുന്നില്ല.  ഒരുതരം ഫെമിനിസ്റ്റ് രീതിയെന്താ എന്നവന്‍ ചോദിച്ചു.  വിവാഹം കഴിക്കാം എന്ന് തീരുമാനിച്ചത് മുതല്‍ നാളിതുവരെയുള്ള സര്‍വ്വതും അവള്‍ അക്ഷരം പ്രതി അവനോട് ചോദിച്ചു. തനിക്ക് തന്ന വാഗ്ദാനങ്ങള്‍ തെറ്റിയത്. തന്റെ പ്രഫഷനെ മാനിക്കാത്ത തീരികള്‍. സ്വത്തുക്കള്‍ അടിച്ചുമാറ്റാന്‍ കാണിച്ച മിടുക്ക്. തന്നെ വേലക്കാരിയെപ്പോലെ കണ്ടത്. നിസ്സാരകാര്യത്തിന് വരുണിന്റെ അച്ഛന്റെ ചീത്തവിളി, എല്ലാം അവള്‍ ഒന്നൊന്നായി അവന്റെ മുമ്പിലെടുത്തിട്ടു.  അതുകൊണ്ട് ഇനി കുഞ്ഞിന്റെ അച്ഛന്‍ എന്ന  നിലക്കല്ലാതെ യാതൊരു ബന്ധവും ഷെറിനും വരുണും തമ്മിലുണ്ടാവില്ല എന്നവള്‍ തീര്‍ത്തു പറഞ്ഞു.  താനൊരു ഡോക്ടാണെന്ന് അവനോട് ഷെറിന്‍ ആദ്യമായി ഉറക്കെ പറഞ്ഞു.  അവളുടെ നഷ്ടപ്പെട്ട വ്യക്തിത്വം തിരിച്ചു ലഭിച്ചിരിക്കുന്നു. അടുത്ത സെഷനെത്തിയത് തന്നെ വ്യക്തമായ തീരുമാനങ്ങളുമായാണ്. തന്റേത് അപക്വമായ തീരുമാനമായിരുന്നു എന്നവള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇനിയും തുടര്‍ന്നാല്‍ ഡോ. ഷെറിനെ എന്നന്നേയ്ക്കുമായി നഷ്ടപ്പെടുമെന്നവള്‍ തിരിച്ചറിഞ്ഞു. ചില ബന്ധങ്ങള്‍ വെറും ബന്ധനങ്ങളായിരിക്കും. അവിടെ വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്ക് യാതൊരു വിലയും കല്പിക്കുകയില്ല എന്ന് മാത്രമല്ല ഒരു വ്യക്തിയായിട്ട് പോലും പരിഗണിച്ചെന്ന് വരില്ല. ഷെറിന്‍ അത് തിരിച്ചറിയാന്‍ വൈകി. 

നമ്മുടെ നാട്ടിലെ സ്ത്രീ-പുരുഷ ബന്ധങ്ങളുടെ രീതികളില്‍  സ്ത്രീയെ തന്നെക്കാള്‍ താഴ്ന്നവളായോ  തന്റെ സേവകയായോ ആണ് കാണേണ്ടതെന്നതാണ് ഈ നിര്‍മ്മിതബുദ്ധിക്കാലത്തും സമൂഹ്യവ്യവസ്ഥ. ഒരു സ്ത്രിയെ വ്യക്തിയായും അവര്‍ക്ക് രുചികളും രുചികേടുകളുമുണ്ടെന്നും എന്നാണ് നമ്മള്‍ മനസ്സിലാക്കുക.  വിവാഹമോചനകേസുകളില്‍ നല്ലൊരു ശതമാനവും ഈ കാരണം കൊണ്ടുകൂടിയാണ് നടക്കുന്നത്. 

#thressianjohn,

#ptsd, #pocsocounselling, #counsellingpsychologist, #behaviourcorrecti
ontherapy, #ocd, #ocdcounselling, #ocdtherapy,

#learningissues, #tempertantrum, #childcounselling, #addictionsofchildren, #slealingofchildren, #depression, #anxiety, #suicidethoughts, #psychologist, #psychotherapist, #hypnotherapist

#depressiontherapy,#traumatherapy,#familycounselling

 


Comments

Popular posts from this blog

ജാതീയതയുടെ വികൃതമുഖം (The ugly face of casteism)

ദുരന്തസ്മരണകള്‍ളോട് വിട

ഹണി ട്രാപ്പ്